അങ്ങനെയൊക്കെയുള്ള പഴമ്പൊരിയെയാണ് മണ്ണും ചാരി നിന്ന ബീഫ് അടിച്ചോണ്ടുപോയത്. ശരിക്കും 'ദില്‍വാലേ ദുല്‍ഹനിയ ലേ ജായേംഗെ.- ആശ രാജനാരായണന്‍ എഴുതുന്നു
എന്നും പൊറോട്ടയോട് കൂടെ മാത്രം നിന്നിരുന്ന ബീഫ് ആണോ ഒറ്റയടിക്ക് ഇങ്ങനെ മറുകണ്ടം ചാടിയത് എന്നൊന്നും ആലോചിക്കാതെയാണ്, കേരളക്കര മുഴുവന്‍ പഴംപൊരിയെയും ബീഫിനെയും ഏറ്റെടുത്തു കഴിഞ്ഞത്.
undefined
പ്രണയം അതെന്നും സന്തോഷം തരുന്ന വാക്കാണ്. മനുഷ്യനും മൃഗങ്ങളും പ്രകൃതിയും വരെ പ്രണയിക്കും. എന്നാല്‍ എന്നും പ്രണയിച്ചാല്‍ കുറച്ചുകാലം കഴിയുമ്പോള്‍ സ്‌നേഹം കുറയും. ചുമ്മാ പറയുന്നതല്ല, നാട്ടുനടപ്പ് ഏതാണ്ട് അങ്ങനെയാണ്.
എന്നാല്‍, ഇങ്ങനെയൊന്നുമല്ലാത്ത പ്രേമങ്ങളും നാട്ടിലുണ്ട്. വര്‍ഷങ്ങളോളം ഒരേ പോലെ പ്രണയിക്കുന്നവര്‍. ഒറ്റനോട്ടത്തില്‍ ഒരിക്കലും ചേരാത്തവരാണ്. പ്രേമിക്കാന്‍ ഒരു സാധ്യതയുമില്ലാത്ത രണ്ട് ടീമുകള്‍ എന്നാരും പറയുന്ന രണ്ടുപേര്‍.
സസ്‌പെന്‍സ് കൂട്ടുന്നില്ല. സംഗതി അമേരിക്കയിലോ യൂറോപ്പിലോ ഒന്നുമല്ല. നമ്മുടെ കേരളത്തിലാണ്. രണ്ടുപേരെയും വെവ്വേറെ തലങ്ങളില്‍ നിങ്ങള്‍ അറിയും. എന്നാല്‍, ഇവര്‍ തമ്മിലുള്ള സവിശേഷമായ പ്രണയത്തെക്കുറിച്ച് എല്ലാവര്‍ക്കും വലിയ ഐഡിയ ഉണ്ടാവില്ലെന്നേ ഉള്ളൂ.
ആദ്യം അവളെക്കുറിച്ച് പറയാം, പഴമ്പൊരി! അവനോ, ബീഫ്!
ഞെട്ടിയോ? എങ്കില്‍, കാര്യം കാര്യമായിത്തന്നെ പറയാം. നമ്മളീ പറയുന്ന പ്രണയം ഈ രണ്ട് വിഭവങ്ങള്‍ തമ്മിലാണ്.
സ്വര്‍ണ വര്‍ണത്തില്‍ നല്ല കൊതിപ്പിക്കുന്ന മണത്തോടെ, വറുത്തു കോരി എടുക്കുന്ന പഴം പൊരി, അവള്‍ ഒരു മൊഞ്ചത്തി തന്നെ ആണ് അല്ലെ. അതെ ഓര്‍ക്കുമ്പോഴേ ഒരു കൊതി വരും. എഴുതുമ്പോള്‍ തന്നെ കൊതിയാവുന്നു, അതാണ് നമ്മുടെ ഈ മാജിക്കല്‍ പലഹാരത്തിന്റെ ഗുണം.
നാലുമണി പലഹാരം എന്നാണ് പറയ്യുന്നതെങ്കിലും എപ്പോള്‍ കിട്ടിയാലും എന്നാല്‍ ഒരെണ്ണം കഴിച്ചേക്കാം എന്ന് പറയുന്ന ഒന്നാണ് പഴം പൊരി.
നന്നായി വിളഞ്ഞു പഴുത്ത നേന്ത്ര പഴമാണ് പഴംപൊരിക്ക് ഉപയോഗിക്കുന്നത്. മധുരമാണ് മൊഞ്ചത്തിയുടെ മെയിന്‍. മൈദ മാവില്‍, മഞ്ഞള്‍ പൊടിയും പഞ്ചസാരയും ചേര്‍ത്ത് കുഴച്ച മാവിലേക്ക് നേന്ത്ര പഴം രണ്ടായി മുറിച്ചു മുക്കി എടുത്തു തിളച്ച എണ്ണയിലേക്ക് ഇട്ടു കൊടുത്തു നന്നായി വറുത്തു എടുക്കുന്നതാണ് നമ്മുടെ പഴംപൊരി. സ്വര്‍ണ നിറത്തില്‍ കുളിച്ചു വന്ന പഴം പൊരി എണ്ണയില്‍ നിന്നു എടുക്കുമ്പോള്‍ തന്നെ വായില്‍ വെള്ളം വരും.
ചായയുടെ കൂടെ ആണ് സദാ സമയവും കാണാറുള്ളത്. എപ്പോഴും ഉരുമ്മി ജീവിക്കുന്ന രണ്ടു പേരായത് കൊണ്ടാവും ചായയുമായാണ് പഴമ്പൊരിക്ക് ഒരിത് എന്നാണ് സാധാരണ പറഞ്ഞുവരാറുള്ളത്. കാണുന്നവര്‍ക്ക് എന്തും പറയാമല്ലൊ. പഴംപൊരിയുടെ പുറകെ നടന്നാണ് ചായയ്ക്ക് ഈ ചീത്തപ്പേര് ഉണ്ടായതെന്നും മോറല്‍ പൊലീസുകാര്‍ പറയാറുണ്ട്. എന്നാല്‍, സത്യം അതായിരുന്നില്ല എന്ന് പിന്നെയാണ് മനസ്സിലായത്. അസ്സല്‍ കാമുകന്‍ ബീഫാണ്. ചായ ഇവരുടെ പ്രണയത്തിനു കൂട്ടു നില്‍ക്കാന്‍ വന്ന പാവം ചെറുപ്പക്കാരന്‍! എന്നാലും ആളുകള്‍ ബീഫുമായുള്ള ഈ ചുറ്റിക്കളിയെക്കുറിച്ച് അറിയാതെ ചായയെ തന്നെ കണ്ണുരുട്ടി നോക്കാറാണ് പതിവ്!
അങ്ങനെയൊക്കെയുള്ള പഴമ്പൊരിയെയാണ് മണ്ണും ചാരി നിന്ന ബീഫ് അടിച്ചോണ്ടുപോയത്. ശരിക്കും 'ദില്‍വാലേ ദുല്‍ഹനിയ ലേ ജായേംഗെ.'
ബീഫിന് എങ്ങനെ ഈ പഴംപൊരിയോട് പ്രണയം വന്നു? അല്ലെങ്കില്‍ ഇത്രയും മധുരമുള്ള പഴം പൊരി ഈ എരിപൊരി സുന്ദരനെ എങ്ങനെ സ്‌നേഹിച്ചു? ഈ കഥയാണ് സുഹൃത്തുക്കളേ കഥ!
പൊറോട്ട, പത്തിരി, ചപ്പാത്തി, അപ്പം എന്നു വേണ്ട ദോശയ്‌ക്കൊപ്പം വരെ കൂളായി കഴിക്കാനാവുന്ന ബീഫിന് മധുരമുള്ള കാമുകിമാര്‍ മുമ്പും ഉണ്ടായിട്ടും. പണ്ടേയ്ക്ക് പണ്ടേ നെയ്യപ്പവുമായി പുള്ളിക്ക് ഒരു ചുറ്റിക്കളി ഉണ്ടായിരുന്നത്രെ. വയനാട്ടിലെ മാനന്തവാടി സൈഡിലെ ചില ഭാഗങ്ങളിലൊക്കെ പുതിയാപ്പിളമാര്‍ക്ക് വിശേഷ ഇനമായി നെയ്യപ്പവും ബീഫും നല്‍കാറുണ്ടായിരുന്നു എന്നാണ് പാണന്‍മാര്‍ പാടുന്നത്.
ഇതിപ്പോള്‍ പഴംപൊരിയും ബീഫും!
അയ്യേ ഒരു മാച്ചും ഇല്ല എന്ന് വരെ പറഞ്ഞ പലരും ഇപ്പോള്‍ ഇവരെ ഒന്നായി കാണാന്‍ ഓരോ നിമിഷവും കാത്തിരിക്കുകയാണ്.
എന്നും പൊറോട്ടയോട് കൂടെ മാത്രം നിന്നിരുന്ന ബീഫ് ആണോ ഒറ്റയടിക്ക് ഇങ്ങനെ മറുകണ്ടം ചാടിയത് എന്നൊന്നും ആലോചിക്കാതെയാണ്, കേരളക്കര മുഴുവന്‍ പഴംപൊരിയെയും ബീഫിനെയും ഏറ്റെടുത്തു കഴിഞ്ഞത്.
സെലിബ്രിറ്റിസ് ഉള്‍പ്പെടെ എല്ലാരും ഒരേപോലെ പറഞ്ഞു കഴിഞ്ഞു, ഈ കപ്പിള്‍സ് സൂപ്പര്‍ ആണെന്ന്. തിളച്ചു മറിഞ്ഞു വേകുന്ന ബീഫും എണ്ണയില്‍ മുങ്ങിക്കുളിച്ചു സുന്ദരി ആയി വരുന്ന പഴംപൊരിയും ഒന്നിച്ച് ഒരു പ്ലേറ്റ് കണ്ടാല്‍ പിന്നെ വായില്‍ കപ്പല്‍ ഓടിക്കാനുള്ള വെള്ളം വരുമെന്നാണ് ചിലരൊക്കെ പറയുന്നത്. അവശകാമുകനാണെങ്കിലും നിവൃത്തിയില്ലാതെ നമ്മുടെ ചായയുും പതഞ്ഞു പൊങ്ങി ഇവര്‍ക്ക് കൂട്ടു പോവാറുമുണ്ട്.
ഏത്തയ്ക്കാപ്പം, വാഴയ്ക്കാപ്പം, പഴം ബോളി എന്നൊക്കെ പേരുകളില്‍ വിളിച്ചു കൊഞ്ചിച്ചു നടന്ന നമ്മുടെ പഴം പൊരിയുടെ സെലക്ഷന്‍ മോശം ആയില്ല എന്നാണ് നോണ്‍ വെജ് പ്രിയര്‍ ഇപ്പോള്‍ പറയുന്നത്.
കാലം എത്ര കടന്നു പോയാലും പഴംപൊരിയുടെ ഫാന്‍സ് കൂടി വരികയല്ലാതെ കുറയാനിടയില്ല. രാഷ്ട്രീയം ഇങ്ങനെയൊക്കെ പോയാല്‍ ചിലപ്പോള്‍ ബീഫിന് കഷ്ടകാലം വന്നേക്കാമെന്നൊക്കെ കേള്‍ക്കുന്നുണ്ട്. എന്നാലും അവരുടെ പ്രണയം ഇനിയും കാലങ്ങളോളം നീണ്ടു നില്‍ക്കട്ടെ എന്ന് ആശംസിക്കാം. വേണ്ടവര്‍ക്ക് ഒരു പ്ലേറ്റ് പോത്തെറച്ചിയും പഴംപൊരിയുമാവാം!