ഓംനി വാന്‍ കണ്ടാല്‍ പേടി, ഒറ്റ മൈനയെ കണ്ടാല്‍ സങ്കടം, സത്യപ്പുല്ലു കൊണ്ട് അടി തടുക്കും!
കുട്ടിക്കാലത്തു കേട്ട കഥകളും കവിതകളും ഉപദേശങ്ങളും വഴക്കുകളും ഒരു കുഞ്ഞിന്റെ വളര്‍ച്ചാഘട്ടങ്ങളെ സ്വാധീനിക്കുന്നതാണല്ലോ.
സ്‌കൂള്‍ വിട്ട് വരുന്ന സമയത്തു കാണുന്ന ഓംനിയും ഭക്ഷണം കഴിച്ചില്ലെങ്കില്‍ വരുമായിരുന്ന കോക്കാച്ചിയും രാവിലെ കാണുന്ന ഒറ്റമൈനയും നമ്മുടെ കുട്ടിക്കാലം ഭയാനകമാക്കി
അന്നു നമ്മളെ അടക്കിയിരുത്താനായി മുതിര്‍ന്നവര്‍ പല നുണകളും പറഞ്ഞു തന്നിട്ടുണ്ടാവും. ചിലപ്പോള്‍ മറ്റു കൂട്ടുകാരിലൂടെ കേട്ടു പഠിച്ച വ്യാജ അറിവുകളും (fake or pseudo ) നമ്മുടെ കുട്ടിക്കാലത്തെ നിയന്ത്രിച്ചിട്ടുണ്ടാവും. അവയില്‍ ചിലത് നോക്കാം ..
undefined
അന്ന് ടീച്ചര്‍മാരുടെ കയ്യില്‍ മാത്രം ഉണ്ടായിരുന്ന രണ്ടു നിറമുള്ള റബറിന്റെ നീല ഭാഗത്തിന് പേന കൊണ്ടെഴുതിയത് മായ്ച്ചു കളയാന്‍ കഴിവുണ്ടെന്നാണ് വിശ്വസിച്ചത്.
സിനിമകളിലെ സ്ഥിരമായി ഓംനി വാന്‍ വില്ലനായിരുന്നത് കൊണ്ട്, ഓംനി വാന്‍ കാണുമ്പോഴേക്കും പേടിയായിരുന്നു.
മദ്രസയിലും സ്‌കൂളിലും ഉസ്താദും ടീച്ചറുമൊക്കെ ചോദ്യം ചോദിച്ചാല്‍ തല്ലാതിരിക്കാനും പഠിച്ചത് മറക്കാതിരിക്കാനും സത്യപ്പുല്ല് (അത് ആരോ ഇട്ട പേരാണ് ) ആരും കാണാതെ വായിലോ മുടിയിലോ ഒളിപ്പിച്ചു വെച്ചാല്‍ മതിയെന്നായിരുന്നു വിശ്വാസം. എന്തോ ഭാഗ്യത്തിന് തല്ലുകിട്ടാതെ പോന്നത് സത്യപ്പുല്ലിന്റെ കഴിവാണെന്ന് വിശ്വസിച്ചു.
തണ്ണിമത്തന്റെ കുരു വയറ്റില്‍ പോയാല്‍ വള്ളി പടര്‍ന്ന് വായിലൂടെ മുളച്ചുപൊങ്ങും എന്നു കേട്ട് എത്ര പേടിച്ചു!
മയില്‍പീലിയെ ആകാശം കാണിക്കാതെ പൗഡറിട്ട് വെച്ചാല്‍ മയില്‍പ്പീലിക്ക് കുഞ്ഞുങ്ങളുണ്ടാവുമെന്ന് പറഞ്ഞുകേട്ട കാരണം അങ്ങനെ വെക്കുകയും അടര്‍ന്നു വീണ മയില്‍പീലികള്‍ കുഞ്ഞുങ്ങളെ പ്രസവിച്ചതാണെന്നു ധരക്കുകയും ചെയ്തു.
അമ്മിയില്‍ അരക്കുമ്പോ തേങ്ങ എടുത്ത് കഴിച്ചാല്‍ കല്യാണത്തിന് മഴ പെയ്യുമെന്ന് പറഞ്ഞു ..(തേങ്ങ മിച്ചം പിടിച്ചതാവും )
നഖത്തില്‍ വെള്ളപ്പുള്ളികള്‍ വന്നാല്‍ എണ്ണി നോക്കി പെരുന്നാളിനും ഓണത്തിനും എത്ര കോടി കിട്ടുമെന്ന് കണക്കാക്കി!
കാക്ക കരഞ്ഞാല്‍ വിരുന്നുകാര്‍ വരുമെന്ന് പറഞ്ഞു.
ഒരു മൈനയെ കണ്ടാല്‍ സങ്കടവും രണ്ടെണ്ണം കണ്ടാല്‍ സന്തോഷവുമാണെന്ന് പറഞ്ഞ കാരണം , ഒറ്റ മൈനയെ കാണുന്നതേ ദേഷ്യമായിരുന്നു.
നിലത്തുകിടക്കുന്ന ഒരാളുടെ കുറുകെ വേറൊരാള്‍ ചാടിയാല്‍ കിടക്കുന്ന ആള്‍ പിന്നെ ഉയരം വെക്കില്ലത്രേ.
പഞ്ഞിമിട്ടായി ഉണ്ടാക്കിയത് ആരുടെയൊക്കെയോ മുടി കൊണ്ടാണെന്ന് പറഞ്ഞിട്ട് കഴിക്കാന്‍ മടിച്ചു -(വാങ്ങിത്തരാന്‍ പറഞ്ഞു കറയാതിരിക്കാനുള്ള അടവ്.)
പല്ല് പറിച്ചത് ഓട്ടിന്‍ പുറത്തേക്കെറിഞ്ഞില്ലെങ്കില്‍ പിന്നെ വരുന്നത് കോന്ത്രപ്പല്ലാവുമായിരുന്നു!
തലയില്‍ ഇരട്ടച്ചുഴി ഉണ്ടെങ്കില്‍ രണ്ടു തവണ കല്യാണം കഴിക്കേണ്ടിവരും!
നമ്മുടെയൊക്കെ കുട്ടിക്കാലം നുണകള്‍ കൊണ്ട് നിറഞ്ഞതായിരുന്നോ? നമ്മുടെ നിഷ്‌കളങ്കമായ ബാല്യംഈ നുണകള്‍ തകര്‍ത്തോ?
അതോ ഈ നുണകള്‍ ആ കാലത്ത് അനിവാര്യമായിരുന്നോ?