ചെത്തുകാരന്‍റെ മകൻ വിഷവൈദ്യനായി, വിഷമനസുകള്‍ ചതിച്ചുകൊന്നപ്പോള്‍ തെയ്യവും!

By Prashobh Prasannan  |  First Published Nov 22, 2022, 1:09 PM IST

കാലില്‍ തളപ്പും കയ്യില്‍ ഏറ്റുകത്തിയും മാത്രമേ ചെത്തുകാരൻ തീയ്യന് വിധിച്ചിട്ടുള്ളൂ എന്ന് മകനോടയാള്‍ പറയാൻ ശ്രമിച്ചു. പക്ഷേ കണ്ടന്‍റെ കണ്ണുകളിലെ തിളക്കം കണ്ടപ്പോള്‍ അയാളുടെ നെഞ്ചുലഞ്ഞു. 


"എയിത്തും പൊയിത്തും പഠിക്കണമെനക്ക്..
അക്കവും പക്കവും പഠിക്കണമെനക്ക്.."

മകന്‍റെ ആവശ്യം കേട്ട് ചിറക്കുനിയില്‍ കുഞ്ഞമ്പു എന്ന പിതാവ് അരുതാത്തതെന്തോ കേട്ടെന്നപോലെ ഞെട്ടി. ചിറയോരത്തെ ആ കൊച്ചുകൂര അടുത്തനിമിഷം ഇടിഞ്ഞ് വെള്ളത്തില്‍ പതിച്ചേക്കുമെന്ന പോലെ അയാള്‍ ഭയന്നുപോയി. കാലില്‍ തളപ്പും കയ്യില്‍ കത്തിയും മാത്രമേ ചെത്തുകാരൻ തീയ്യന് വിധിച്ചിട്ടുള്ളൂ എന്ന് മകനോടയാള്‍ പറയാൻ ശ്രമിച്ചു. പക്ഷേ കണ്ടന്‍റെ കണ്ണുകളിലെ തിളക്കം കണ്ടപ്പോള്‍ അയാളുടെ നെഞ്ചുലഞ്ഞു. 

Latest Videos

undefined

"എന്നെ പഠിപ്പിക്കാമോ അച്ഛാ..?"

പ്രതീക്ഷയോടെ നോക്കുകയാണ് കുഞ്ഞു കണ്ടൻ. അറിവു നേടാനുള്ള ആര്‍ത്തി അവന്‍റെ കണ്ണുകളില്‍ തിളങ്ങി നില്‍ക്കുന്നു. കുഞ്ഞമ്പുവിന്‍റെ കണ്ണില്‍ നിന്നും ഒരിറ്റ് കണ്ണീരടര്‍ന്ന് ചിറയിലെ വെള്ളത്തിലേക്ക് വീണു. അന്നുരാത്രി കിടന്നിട്ടുറക്കം വന്നില്ല കുഞ്ഞമ്പുവിന്. മെയ്യൂക്കൊന്നു മാത്രം മതി കുഞ്ഞേ ചെത്തുകാരൻ തീയ്യന് അന്നം നേടാൻ എന്ന് കണ്ടനെ പറഞ്ഞ് പഠിപ്പിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ അവന്‍റെ മുഖത്തേക്ക് നോക്കാൻ വയ്യ. ആ കണ്ണുകളില്‍ ജ്വലിക്കുന്നത് അറിവ് നേടണമെന്ന അടങ്ങാത്ത ആര്‍ത്തിയാണ്. കാണുമ്പോള്‍ നെഞ്ചു കിടുക്കും. കുട്ടിക്കളികള്‍ ഒട്ടുമില്ലാത്തൊരു കാര്യക്കാരനാണവൻ. അധികം സംസാരമില്ല. ഗൌരവസ്വഭാവം. ആറും നാലും തികഞ്ഞ പൊതക്കാരനാണവൻ. ഏഴാലക്കാലികളെ മേച്ച് പള്ളനിറയ്ക്കുന്നതില്‍ ബഹുകേമൻ. ഓരോന്നാലോചിച്ച് തിരിഞ്ഞും മറിഞ്ഞും കിടന്ന് ഒരുവിധം നേരം വെളുപ്പിച്ചു കുഞ്ഞമ്പു. 

പുലരി വെട്ടം വീഴും മുമ്പേ ചൂട്ടും വീശി അയാള്‍ നടന്നു. കൊളച്ചേരിയിലെ രാമൻ എഴുത്തച്ഛന്‍റെ നിലത്തെഴുത്ത് കളരിയായിരുന്നു ലക്ഷ്യം. കാര്യമറിഞ്ഞപ്പോള്‍ എഴുത്തച്ഛൻ അമ്പരന്നു. പിന്നെ കൈമലര്‍ത്തി. നിന്ന നില്‍പ്പില്‍ ആ കാല്‍ക്കലേക്ക് വീണു കുഞ്ഞമ്പു. 

"കണ്ടനെ കളരിയുടെ പുറത്തു നിര്‍ത്തിയാല്‍ മതി കുരിക്കളേ.. കുട്ടികള്‍ ചൊല്ലിപ്പഠിക്കുന്നത് തെറം ചെവിയാലേ കേട്ടു പഠിച്ചോളും അവൻ.."

ചിറവെള്ളം കുതിര്‍ക്കുന്ന കുഞ്ഞമ്പുവിന്‍റെ പാടവരമ്പിലെ കൂരയുടെ മണ്‍ചുവര്‍പോലെ എഴുത്തച്ഛന്‍റെ കാലുകളും കണ്ണീരില്‍ കുതിര്‍ന്നു. ആ ചുവരിലെ മണ്ണലിയുമ്പോലെ എഴുത്തച്ഛന്‍റെ മനസും അലിഞ്ഞു. അങ്ങനെ എഴുത്തച്ഛന്‍റെ കളരിയുടെ പുറത്തു ചെവിയോര്‍ത്തു നിന്നു കുഞ്ഞു കണ്ടൻ. ആ നില്‍പ്പില്‍ അവന്‍റെ കൈവളര്‍ന്നു. കാല്‍ വളര്‍ന്നു. നാലുവേദങ്ങളും വേദാന്തവും ആറു ശാസ്ത്രവും ആ നില്‍പ്പില്‍ സ്വന്തമാക്കി കണ്ടൻ. വിദ്യകള്‍ അറുപത്തിയെട്ടും കലകള്‍ അറുപത്തിനാലും ഹൃദിസ്ഥമാക്കി കണ്ടൻ. ഇതൊക്കെ കഴിഞ്ഞപ്പോഴേക്കും കണ്ടാലൊത്തൊരു യുവാവായി വളര്‍ന്നു കണ്ടൻ. 

പിന്നെ വിഷവൈദ്യം പഠിക്കണമെന്ന് മോഹമുദിച്ചു. ചിണ്ടൻ നമ്പ്യാര്‍ എന്ന പേരുകേട്ട ഭിഷഗ്വരന്‍റെ അടുത്തേക്ക് അവനെ നയിച്ചത് മറ്റാരുമല്ല സാക്ഷാല്‍ രാമൻ എഴുത്തച്ഛൻ തന്നെയായിരുന്നു. കളരിയുടെ പുറത്തായിരുന്നു ശരീരത്തിന്‍റെ സ്ഥാനമെങ്കിലും എഴുത്തച്ഛന്‍റെ ഹൃദയത്തില്‍ ഇടം നേടിയിരുന്നു അപ്പോഴേക്കും പ്രിയ ശിഷ്യൻ. ബുദ്ധിയും ഉത്സാഹവും കൊണ്ട് ചിണ്ടൻ നമ്പ്യാരുടെ മനസും ചിറവെള്ളം മണ്ണലിയിക്കുമ്പോലെ അലിയിച്ചെടുത്തു കണ്ടൻ. ആദ്യം വിഷവൈദ്യം പഠിച്ചു കണ്ടൻ. പിന്നെ ഇന്ദ്രജാലവും മഹേന്ദ്രജാലവും വശത്താക്കി.   ഒപ്പം കോടിക്കരുത്ത്, കോഴിക്കരുത്ത്, കൊടിക്കരുത്ത്, കൊലക്കരുത്ത് ഉള്‍പ്പെടെ പലകരുത്തുകളും സ്വന്തമാക്കി നാട്ടില്‍ തിരിച്ചെത്തി കണ്ടൻ. പിന്നെ കുലത്തൊഴിലായ കള്ളു ചെത്തും തുടങ്ങി.  

അങ്ങനൊരു തുലാമംസം പിറന്നു. ഒരുദിവസം അന്തിക്കള്ളെടുക്കാൻ കണ്ടൻ വെങ്ങാപ്പറ്റ കുളക്കരയിലെ തെങ്ങിലേറിയ നേരത്താണ് ചാത്തോത്ത് തറവാട്ടില്‍ നിന്നും കൂട്ടനിലവിളി ഉയരുന്നത്. തറവാട്ടിലെ പത്തുംതികഞ്ഞ പെണ്‍തരിയായ നാണിയെ പാമ്പ് കടിച്ചിരിക്കുന്നു. തറവാട്ടിലെ പതിനൊന്നാങ്ങളമാര്‍ക്ക് ഒരേയൊരു കുഞ്ഞിപ്പെങ്ങളാണ് പൊന്നുനാണി. പൂര്‍ണ ഗര്‍ഭിണി. കരിനീല നിറത്തില്‍ മുങ്ങിയ നാണിയുടെ ശരീരം കണ്ട് കടിച്ചത് കരിമൂര്‍ഖനെന്ന് ജനം കട്ടായം പറഞ്ഞു. മരവിച്ച ആ ശരീരവുമായി പൊന്നാങ്ങളമാരും വാല്യക്കാരും നേരെ തൊട്ടുടത്ത ഇല്ലത്തേക്ക് ഓടി. പരദേശങ്ങളില്‍പ്പോലും വിഷ ചികിത്സയ്ക്ക് പ്രസിദ്ധമായിരുന്നു കൊളച്ചേരിയിലെ ആ ബ്രാഹ്മണകുടുംബം. നാടാകെ പേരുകേട്ട വിഷ വൈദ്യനാണ് ഇല്ലത്തെ മൂത്ത നമ്പൂതിരി. നാണിയെ രക്ഷിക്കാൻ അദ്ദേഹത്തിന് തീര്‍ച്ചയായും സാധിക്കുമെന്ന് ചാത്തോത്തുകാര്‍ക്കും നാട്ടുകാര്‍ക്കും ഉറപ്പായിരുന്നു. 

പടിപ്പുര തുറന്നെത്തിയ വല്യമ്പ്രാനു മുന്നില്‍ വാവിട്ടുകരഞ്ഞു പൊന്നാങ്ങളമാരും വാല്യക്കാരും. എന്നാല്‍ ആ മഞ്ചലിലേക്ക് വല്യമ്പ്രാൻ ഒന്നേ നോക്കിയുള്ളൂ. കരിമൂര്‍ഖൻ തീണ്ടി കരിനീലനിറത്തിലായ പെണ്ണ്. അതും പത്തു തികഞ്ഞ പെണ്ണ്. താനായിട്ട് ഇനി എന്തു ചെയ്യാനാണ്?! തിരിഞ്ഞ് നടന്ന് പടിപ്പുരയടയ്ക്കും മുമ്പ് ഇത്രമാത്രം പറഞ്ഞു തമ്പ്രാൻ:

"തീര്‍ന്നിരിക്കണു.. കൊണ്ടോയി കുഴിച്ചിട്വ.."

തലയില്‍ ഇടിത്തീവീണ പോലെ ചാത്തോത്തെ പൊന്നാങ്ങളമാര്‍ നടുങ്ങി. അവര്‍ക്ക് മുന്നില്‍ ഇല്ലത്തിന്‍റെ പടിപ്പുരവാതില്‍ വലിയ ശബ്‍ദത്തില്‍ അടഞ്ഞു. തേങ്ങിക്കരഞ്ഞു കൊണ്ട് മഞ്ചലുമായി ചാത്തോത്തേക്ക് തിരികെ നടന്നു അവര്‍. വയലും തോടും കടന്ന് ആ വിലാപയാത്ര വെങ്ങാപ്പറ്റ കുളത്തിന്‍റെ കരയിലെത്തി. ഈ സമയം തെങ്ങിന്മണ്ടയിലിരുന്ന ഏറ്റുകാരൻ കണ്ടൻ കാര്യമെന്തെന്ന് വിളിച്ചുചോദിച്ചു. വാല്യക്കാരിലാരോ തേങ്ങിക്കൊണ്ട് കാര്യം പറഞ്ഞു. 

"ശരീരം ഇത്തിരി നേരം ഈ കുളത്തിലേക്കിടൂ.. പോളം പൊന്തിയാല്‍ പുറത്തെടുക്കൂ.."

തെങ്ങിന്മുകളില്‍ നിന്നും കണ്ടൻ വിളിച്ചു പറഞ്ഞതുകേട്ട് വാല്യക്കാര്‍ അമ്പരന്നു. എന്നാല്‍ പൊന്നാങ്ങളമാരുടെ ഹൃദയത്തില്‍ പ്രതീക്ഷയുടെ ഒരു പുല്‍നാമ്പ് കിളിര്‍ത്തു. നാണിപ്പെങ്ങളുടെ നീല ശരീരം അവര്‍ കുളത്തിലേക്ക് താഴ്‍ത്തി. ഈ സമയം തെങ്ങിന്‍മുകളിലിരുന്ന് 'കൊലക്കരുത്ത്' എന്ന മന്ത്രപ്രയോഗത്തിലായിരുന്നു കണ്ടൻ. കുളത്തിലേക്ക് താഴുന്ന കുഞ്ഞിപ്പെങ്ങളെ നോക്കി കണ്ണീരടക്കി നിന്ന പൊന്നാങ്ങളമാര്‍ ഞെട്ടി. അതാ അവളുടെ മുഖത്ത് നിന്നും പൊന്തുന്നു നിലയ്ക്കാത്ത കുമിളകള്‍!

"പോളം പൊന്തുന്നൂൂ.."

അലറിക്കരഞ്ഞു കൊണ്ടവര്‍ അവളുടെ ശരീരം പുറത്തേക്ക് വലിച്ചു. കല്‍പ്പടവിലേക്കവളെ എടുത്തുകിടത്തി. ഈ സമയം തെങ്ങിന്മുകളില്‍ നിന്നും താഴെ എത്തിയിരുന്നു കണ്ടൻ. പൊന്തക്കാട്ടില്‍ നിന്നും ചില പച്ചിലകള്‍ നുള്ളിയെടുത്തു. നൂറുരു മന്ത്രിച്ചോതി. നൂറ്റൊന്നുകുടം നീര്‍ ജപിച്ചൊഴുക്കി. അതാ, ഉറക്കപ്പായില്‍ നിന്നെന്നപോലെ എഴുന്നേറ്റു വരുന്നു പത്തുംതികഞ്ഞ നാണിപ്പെണ്ണ്! പൊന്നാങ്ങളമാരുടെ കണ്ണീര് വീണ് കണ്ടന്‍റെ കാല് നനഞ്ഞു. ചിറക്കരമേലെ ഓന്‍റെ വീട് നനയുമ്പോലെ.

നാണിയെ പിടിച്ചെഴുന്നേല്‍പ്പിച്ചു കണ്ടൻ. എന്നിട്ട് ഇങ്ങനെ പറഞ്ഞു:

"നാലാം നാള്‍ നീ പ്രസവിക്കും.. കുഞ്ഞി ആണായിരിക്കും.. അവന്‍റെ വലം തുടയില്‍ ഒരു നീല മറുകുണ്ടായിരിക്കും.."

ഇത്രയും പറഞ്ഞ് തളപ്പും ചെത്തുകത്തിയുമായി അടുത്ത തെങ്ങിലേക്ക് ഏറി കണ്ടൻ. 

കഥ നാടുമുഴുവൻ പാട്ടായി. ഏറ്റുകാരന്‍റെ മകൻ പേരുകേട്ട വിഷ വൈദ്യനായിരിക്കുന്നു. കാളകൂടം ഉള്ളില്‍ച്ചന്നതുപോലെ നടുങ്ങി  നമ്പൂതിരിയും കുടുംബവും. പടിപ്പുരയ്ക്ക് മുകളില്‍ അഷ്‍ടനാഗങ്ങള്‍ നൃത്തം ചവിട്ടി പരിഹസിക്കുന്നതു പോലെ തോന്നി അവര്‍ക്ക്. നാലാം നാള്‍ തുടയില്‍ നീലനിറവുമായി ചാത്തോത്തെ നാണിക്ക് ആണ്‍കുഞ്ഞൊന്നു കരഞ്ഞുവീണ നേരത്തും സ്വയം തീര്‍ത്ത ദുരഭിമാനത്തിന്‍റെ പുതപ്പിനകത്ത് ഒളിച്ചിരിക്കുകയായിരുന്നു ഇല്ലക്കാര്‍.

ചാത്തോത്തെ സ്‍നേഹം കണ്ടനു ചുറ്റും പരന്നൊഴുകി. പൊന്‍നാണയങ്ങള്‍ ഉള്‍പ്പെടെ സമ്മാനമായി എത്തി. പക്ഷേ ഒന്നും സ്വീകരിക്കാതെ എല്ലാം മടക്കി കണ്ടൻ വൈദ്യര്‍. ഒടുവില്‍ വെങ്ങാപ്പറ്റ കുളക്കരയില്‍ ഓടിട്ടൊരു വീടൊരുക്കി ചാത്തോത്തെ കാരണവര്‍. കരിങ്കല്ലുകൊണ്ട് തറ. ചെങ്കല്ലുകൊണ്ടു ചുമരും. ചിറവെള്ളം മുക്കാനൊരുങ്ങുന്ന പാടവരമ്പത്തെ കൂരയില്‍ നിന്നും ഈ വീട്ടിലേക്ക് താമസം മാറ്റാൻ കണ്ടൻ വൈദ്യരോട് അപേക്ഷിച്ചു ചാത്തോത്തുകാര്‍. കണ്ണിലും മനസിലും നനവ് പടര്‍ന്നെങ്കിലും അതും നിരസിച്ചു കണ്ടൻ. ഒടുവില്‍ രാമനെഴുത്തച്ഛനെയും ചിണ്ടൻ നമ്പ്യാരെയും കണ്ട് കാര്യം പറഞ്ഞു ചാത്തോത്തുകാര്‍. ഗുരുക്കന്മാരും കൂടി പറഞ്ഞതോടെ പാതി മനസോടെയാണെങ്കിലും കണ്ടൻ അനുസരിച്ചു. 

പുത്തൻ വീട്ടില്‍ താമസം തുടങ്ങി മൂന്നുനാള്‍ തികഞ്ഞതേയുള്ളൂ. നാലാം നാള്‍ രാത്രിയില്‍ വാതിലിലൊരു മുട്ടുകേട്ടു. തുറന്നപ്പോള്‍ പെരുമഴയത്ത് മൂന്നുപേര്‍. പെണ്ണൊരുത്തിയെ വിഷം തീണ്ടിയിരിക്കുന്നു. കരുവാളിച്ച ശരീരവുമായി അവള്‍ മരണത്തോട് മല്ലിടുന്നു. പോകാനിറങ്ങിയ കണ്ടനെ പെട്ടെന്ന് മറുപാതി തടഞ്ഞു. 

"എന്തോ ചതിമണക്കുന്നു, ഞാൻ കണ്ട പേക്കിനാവിലും ഇതേ മൂന്നുപേരെ കണ്ടു.." അവള്‍ പതം പറഞ്ഞു. 

മനുഷ്യൻ മരണത്തോട് മല്ലടിക്കുമ്പോള്‍ വേണ്ടാതീനം പറയരുതെന്ന് പറഞ്ഞ് അവളെ ശാസിച്ചു കണ്ടൻ വൈദ്യര്‍. എന്നിട്ട് ഉറിക്കലത്തില്‍ നിന്നും ഉണക്കലരി വാരി മടിയിലിട്ടു. ഭസ്‍മക്കൊട്ടയില്‍ നിന്നും ഒരുപിടി ഭസ്‍മവും വാരി കാത്തുനിന്ന മൂവര്‍ സംഘത്തിനൊപ്പം ആ തുലാം ഒമ്പതിന് രാത്രിയില്‍ തെങ്ങിന്‍തോപ്പിലേക്കിറങ്ങി കണ്ടൻ. രണ്ടടി നടന്നിട്ട് തിരിഞ്ഞ് നിന്ന് വൈദ്യര്‍ ഭാര്യയോട് പറഞ്ഞു:

"പടിഞ്ഞാറ്റയില്‍ കെടാവിളക്ക് കാത്തോളൂ, ഞാൻ വരുംവരെ.."

രാത്രിയുടെ ഏതോ യാമം കഴിഞ്ഞു. കാലൻ കോഴി കൂവന്ന ശബ്‍ദം കേട്ട് കണ്ടൻ വൈദ്യരുടെ ഭാര്യ ഉറക്കം ഞെട്ടി. പടിഞ്ഞാറ്റയിലെ കെടാവിളക്ക് കരിന്തിരി കത്തുന്നത് അവള്‍ നടുക്കത്തോടെ കണ്ടു.

പിറ്റേന്ന് തുലാപ്പത്തിന് പുലര്‍ച്ചെ തെങ്ങിൻ തോപ്പിന്‍റെ ഒഴിഞ്ഞകോണിലൊരിടത്ത് കണ്ടൻ വൈദ്യരുടെ ശരീരം ഉറുമ്പരിക്കുന്നത് നാട്ടുകാര്‍ കണ്ടു. തലയും ഉടലും വേര്‍പ്പെട്ട ജഡം മണ്ണില്‍ അലിയും മുമ്പേ ഇല്ലത്തിന്‍റെ അഭിമാനം കാളിയനെപ്പോലെ പത്തിവിടര്‍ത്തുന്നതും കണ്ടു നാട്ടുകാര്‍. പക്ഷേ വെറും നാല്‍പ്പത് നാള്‍ മാത്രമേ കൊടുംവിഷം ഊറിക്കൂടിയ ആ മനസുകളുടെ ദുരഭിമാനത്തിന് ആയുസുള്ളൂ എന്ന് അന്നേരം ആരും അറിഞ്ഞില്ല. കണ്ടൻ വൈദ്യര്‍ വിഷകണ്ടനെന്ന തെയ്യമായി പുനര്‍ജ്ജനിക്കുന്നത് വരെ മാത്രം!

എല്ലാ തുലാപ്പത്ത് നാളിലും പലര്‍ച്ചെ കൊളച്ചേരിയിലെ ചാത്തമ്പള്ളിക്കാവില്‍ വിഷകണ്ടൻ തെയ്യം ഉറഞ്ഞാടും. അതോടെ അത്യുത്തരകേരളത്തിലെ തെയ്യക്കാലത്തിന് തുടക്കവുമാകും. വിഷം ഊറിക്കൂടിയ മനസുകള്‍ക്കെതിരെ പോരാടാൻ ഒന്നല്ല ഒരായിരം വിഷഹാരികള്‍ പലപേരുകളില്‍ നാട്ടകങ്ങളിലെ മണ്ണിലിറങ്ങും. കണ്ടൻ കൊളുത്തിയ അഗ്നിയുമായി അവര്‍ ഇന്നും പലയിടങ്ങളിലും ഉറഞ്ഞാടുന്നു. ഏറ്റുകാരൻ ചിറക്കുനിയില്‍ കുഞ്ഞമ്പുവിനും പുത്രനും അഭിമാനിക്കാൻ ഇതില്‍ക്കൂടുതല്‍ എന്താണ് വേണ്ടത്?!

ചാത്തമ്പള്ളി വിഷകണ്ടൻ വീഡിയോ കാണാം

മറ്റ് തെയ്യം കഥകള്‍ കേള്‍ക്കണോ? ലിങ്കില്‍ ക്ലിക്ക് ചെയ്യുക

 തുലാപ്പത്ത് പിറന്നു, ദൈവങ്ങള്‍ മണ്ണിലേക്ക്; വടക്കൻ കേരളത്തില്‍ ഇനി തെയ്യക്കാലം!

നോക്കിനില്‍ക്കെ മുതലയായി മാറിയ കന്യക, അപൂര്‍വ്വകാഴ്‍ചയായി മുതലത്തെയ്യം!

കൂട്ടുകാരനെ തേടി തോണിയേറി, പുഴ കടക്കും തെയ്യങ്ങള്‍!

ചെമ്പടിച്ച ശ്രീകോവിലു വേണ്ട, പണം കിലുങ്ങും നേര്‍ച്ചപ്പെട്ടി വേണ്ടേവേണ്ട; ഇതാ ഒരു അമ്മത്തെയ്യം!

തെയ്യലോകത്തെ ഭൂതസാന്നിധ്യം; ഭക്തരെ ചിരിപ്പിച്ചും രസിപ്പിച്ചും ശ്രീഭൂതം!

 ഇതാ അപൂര്‍വ്വമായൊരു മുത്തപ്പൻ, ഇത് കരിമ്പാലരുടെ സ്വന്തം വെള്ളമുത്തപ്പൻ!

നടവഴി പലവഴി താണ്ടി റെയില്‍പ്പാളം കടന്ന് കുന്നുകയറി ഒരു തെയ്യം, ലക്ഷ്യം ഇതാണ്!

കെട്ടുപൊട്ടിച്ചോടി, പിന്നെ പുരപ്പുറത്ത് ചാടിക്കയറി ഒരു ഭൂതം!

നെഞ്ചുപൊള്ളുന്നൊരു കഥയുണ്ട് പറയാൻ കനല്‍ക്കുന്നില്‍ ആറാടുന്ന തീച്ചാമുണ്ഡിക്ക്!

തീരത്തൊരു കപ്പലുകണ്ടു, കനല്‍ക്കുന്നില്‍ നിന്നിറങ്ങി കടലിലേക്ക് ഓടി തെയ്യം!

മൂന്നാള്‍ കുഴിയില്‍ നിന്നും ഉയിര്‍ത്ത പെണ്‍കരുത്ത്, ചെമ്പും തന്ത്രിമാരെയും കണ്ടാല്‍ അടിയുറപ്പ്!


 

click me!