അരക്കാതം അകലെ ഇല്ലത്തിന്‍റെ തെക്കു കിഴക്കു ഭാഗത്തേക്ക് ആന്തലോടെ നോക്കി എടമന. ആ കാട്ടില്‍ നിന്നും തന്നെയല്ലേ ആ ശബ്‍ദം? കാതോര്‍ക്കുന്നതിനിടെ അതേഭാഗത്തു നിന്നും മിന്നല്‍പ്പിണരുകള്‍ക്കൂടി കണ്ടു തന്ത്രി. ദേഹം വെട്ടിവിയര്‍ത്തു. മൂന്നാള്‍ താഴ്‍ചയിലാണ് കുഴിച്ചിട്ടത്. അതും കടുപ്പമേറിയൊരു ചെമ്പുകുടത്തില്‍.
ഭൂമി പൊട്ടിപ്പിളരുന്ന ശബ്‍ദം. ഞെട്ടിവിറച്ചുപോയി എടമനതന്ത്രി. എവിടെ നിന്നാണത്? ഇല്ലത്തിന്‍റെ തെക്കു കിഴക്കു ഭാഗത്തേക്ക് ആന്തലോടെ നോക്കി എടമന. അരക്കാതം അകലെയുള്ള ആ കാട്ടില്‍ നിന്നും തന്നെയല്ലേ ആ ശബ്‍ദം? കാതോര്‍ക്കുന്നതിനിടെ അതേഭാഗത്തു നിന്നും ചില മിന്നല്‍പ്പിണരുകള്‍ക്കൂടി കണ്ടു തന്ത്രി. ദേഹം വെട്ടിവിയര്‍ത്തു. മൂന്നാള്‍ താഴ്‍ചയിലാണ് കുഴിച്ചിട്ടത്. അതും കടുപ്പമേറിയൊരു ചെമ്പുകുടത്തില്‍. കുഴിയും മൂടി കാര്യസ്ഥാരായ മട്ടെ കോലനും കീക്കാനത്ത് അടിയോടിയും തിരിച്ചെത്തിയിട്ട് മൂന്നേമുക്കാല്‍ നാഴിക തികയാറാകുന്നു. കാര്യം ബോധിപ്പിച്ച് വീടുകളിലേക്ക് മടങ്ങും മുമ്പ് അവര്‍ പറഞ്ഞിരുന്നു.
"അവസാനത്തെ മണ്‍തരിയും വെട്ടിയിട്ടുകഴിഞ്ഞപ്പോള്‍ മുതല്‍ മണ്ണ് ചെറുതായി വിറയ്ക്കുന്നതുപോലെ തോന്നിയിട്ടുണ്ട് തിരുമേനീ.. വെറും തോന്നലാണോ എന്നറിയില്ല.. ശ്രദ്ധിക്കണം.."
undefined
അപ്പോള്‍ത്തൊട്ട് നെഞ്ചില്‍ തീയാണ്. ഇക്കാലമത്രയും പരസ്‍പരം ദ്രോഹിക്കാൻ എന്തൊക്കെയാണ് താനും ഉളിയത്ത് തന്ത്രിയും ചെയ്‍തുകൂട്ടിയത്?! തലമുറകളായി എടമനക്കാരും ഉളിയത്തുകാരും പരസ്‍പരം പങ്കുവച്ചത് പകയുടെ ദുഷ്‍ടമന്ത്രങ്ങള്‍ മാത്രം. തുളുനാടിന്‍റെ ഉറക്കം കെടുത്തിയ പൂര്‍വ്വികരുടെ പക തങ്ങളായിട്ടും ഒട്ടും കുറച്ചില്ലല്ലോ ന്‍റെ തൃക്കണ്ണാടപ്പാ..
എടമന തന്ത്രിയുടെ മനസ് പിന്നോട്ട് പാഞ്ഞു.
പണ്ട് അരവത്തു എടമനക്കാരനായ തന്‍റെ പൂര്‍വ്വികരില്‍ ഒരാള്‍ മധൂരെ ഉളിയത്തില്ലം സന്ദർശിക്കാനിടയായതാണല്ലോ ഈ പ്രശ്‍നങ്ങളുടെയെല്ലാം തുടക്കം. മുത്തച്ഛൻ ചെല്ലുന്ന നേരത്ത് ഉളിയത്തെ നമ്പൂതിരി അവിടെ ഉണ്ടായിരുന്നില്ല. അന്തർജനം തന്നെ വേണ്ടവിധത്തിൽ ഉപചരില്ലെന്ന് തോന്നി തന്‍റെ മുത്തച്ഛന്. പ്രകോപിതനായ അദ്ദേഹം ചില പൊടിക്കൈകള്‍ പ്രയോഗിച്ച ശേഷമാണ് ഉളിയത്ത് നിന്നും മടങ്ങിയത്. അതായിരുന്നു എല്ലാത്തിനും തുടക്കം. ഇപ്പോഴത്തെ ഈ ദുര്‍ഗ്ഗതിയുടെ മൂലകാരണവും ആ സംഭവം തന്നെയാണല്ലോ ന്‍റെ തൃക്കണ്ണാടപ്പാ..
ഇല്ലത്ത് തിരിച്ചെത്തിയ ഉളിയത്തെ നമ്പൂതിരിക്ക് കാര്യം മനസിലായി. മന്ത്രത്തിലൂടെ തന്നെയായിരുന്നല്ലോ അങ്ങേരുടെ തിരിച്ചടിയും. അതോടെ പകരത്തിനു പകരമെന്ന നിലയില്‍ ദുര്‍മന്ത്രവാദത്തിന്‍റെ ആറാട്ട് തുടങ്ങി ഇരുകുടുംബങ്ങളും. ഉറഞ്ഞാടുന്ന പലതരം മന്ത്രമൂർത്തികളെ ഉപയോഗിച്ചുള്ള ഏറ്റുമുട്ടലുകള്‍ തലമുറകളായി ഇപ്പോഴും തുടരുന്നു. എത്രയെത്ര മന്ത്രമൂര്‍ത്തികളാണ് ഈ പോരാട്ടത്തിന്‍റെ ഫലമായി പിറന്നത്. അവരില്‍ ചിലര്‍ ഇപ്പോള്‍ പല സ്ഥാനങ്ങളിലായി കുടിയിരിക്കുന്നു. ചിലരാകട്ടെ പൂവും നീരും നിവേദ്യവുമില്ലാതെ ഗതിയില്ലാതെ അലഞ്ഞു തിരിയുന്നു. തുളുനാടിനെ കലുഷിതമാക്കുന്ന ഈ പോരാട്ടം തുടങ്ങിയിട്ട് എത്രകാലമായിക്കാണും? ഒരെത്തുംപിടിയും കിട്ടുന്നില്ലല്ലോ ന്‍റെ തൃക്കണ്ണാടപ്പാ..
എടമനയിലെയും ഉളിയത്ത് മനയിലെയും ഇപ്പോഴത്തെ തലമുറക്കാരായ താനും ഉളിയത്തും തമ്മില്‍ നടത്തിയ പോരാട്ടങ്ങള്‍ക്കുതന്നെ കണക്കുംകയ്യുമില്ല. പിന്നെങ്ങനെ മുൻതലമുറകളുടെ കണക്കെടുക്കും?! ഉളിയത്തിനെ നശിപ്പിക്കാൻ താൻ തൊടുന്തട്ട ചാമുണ്ഡിയെ അങ്ങോട്ടയച്ചു. എന്നാല്‍ അരക്കല്ലിലേക്ക് ചാമുണ്ഡിയെ ആവാഹിച്ചിരുത്തി ഉളിയത്ത്. പിന്നെ പൂവും നീരും കൊടുത്തു പൂജിച്ച് പ്രീതി നേടി ഇല്ലത്തിന് മുന്നിലെ ഇത്തിത്തറയില്‍ പ്രതിഷ്‍ഠിച്ച് തൊടുന്തട്ട ചാമുണ്ഡിയെ ഇത്തിത്തറ ചാമുണ്ഡിയാക്കി മാറ്റിക്കളഞ്ഞു അവൻ. എന്നിട്ട് പകരംവീട്ടാൻ അവൻ ഇങ്ങോട്ടയച്ചതാണ് ഈ ശക്തിയെ. എന്നാല്‍ സ്വമൂലാധാരസ്ഥിതയായ വീര്‍ണാളു എന്ന പരാശക്തിയാണ് തന്‍റെ പടിപ്പുര കടന്നു വന്നതെന്നോ ഇതിത്ര കടുപ്പമായിത്തീരുമെന്നോ താൻ സ്വപ്‍നത്തില്‍പ്പോലും കരുതിയില്ലല്ലോ ന്‍റെ തൃക്കണ്ണാടപ്പാ.. ആത്മസ്വരൂപിണിയാണ് അതെന്ന് അറിഞ്ഞിരുന്നെങ്കില്‍ താൻ പൂവും നീരും നിവേദിച്ച് പരാശക്തിയെ പൂജിച്ചിരുത്തുമായിരുന്നല്ലോ ന്‍റെ തൃക്കണ്ണാടപ്പാ..
പെട്ടെന്നുള്ള അരിശത്തിന് താൻ എന്തൊക്കെയാണ് ചെയ്‍തത്? പരാശക്തിയെ പിടിച്ച് കയ്യില്‍ കിട്ടിയ ഇളനീര്‍ത്തൊണ്ടില്‍ അടച്ചു ആദ്യം. മൂലമന്ത്രം കൊണ്ട് ആവാഹിച്ചാണ് വീര്യമേറിയ ശക്തിയെ തൊണ്ടിലാക്കി ചാമുണ്ഡിക്കുതിറില്‍ കുഴിച്ചിട്ടത്. പക്ഷേ നിമിഷനേരങ്ങള്‍ക്കകം ഇളനീര്‍ തൊണ്ട് പൊളിച്ചു പുറത്തെത്തി പരാശക്തി. എന്നിട്ട് വീണ്ടും തന്നോടടുത്തു. പിന്നെയാണ് ചെമ്പുകുടത്തില്‍ അടച്ചതും ഇല്ലത്തിനു അരക്കാതം അകലെ തെക്കുകിഴക്കായുള്ള കാട്ടില്‍ മൂന്നാള്‍ പ്രമാണം കുഴിച്ചിട്ടതും. മട്ടെ കോലാനും കീക്കാനത്ത് അടിയോടിയുമായിരുന്നു കുഴിവെട്ടിയതും ചെമ്പുകുടം അതിലിട്ട് മൂടിയതും. ഇപ്പോഴിതാ, എല്ലാം തകര്‍ത്തെറിഞ്ഞ് പാതാളക്കുഴിയില്‍ നിന്നും ആ ഘോരശക്തി പുറത്തെത്തിയിരിക്കുന്നു. ഇനി തന്‍റെ കയ്യില്‍ മന്ത്രവും തന്ത്രവുമൊന്നും ബാക്കിയില്ലല്ലോ ന്‍റെ തൃക്കണ്ണാടപ്പാ..
ഏതു നിമിഷവും പടിപ്പുര കടന്ന് ആ രൂപം ഇങ്ങെത്തും. തന്‍റെ ശരീരത്തില്‍ താണ്ഡവമാടും. ഇല്ലം തവിടുപൊടിയാക്കും. എടമന തന്ത്രിയുടെ ഉമിനീര്‍ വറ്റി. പഠിച്ച മന്ത്രതന്ത്രങ്ങളെല്ലാം മറന്നുപോയിരിക്കുന്നു. നേരത്തെ കേട്ട ആ ഹുങ്കാര ശബ്‍ദം വീണ്ടും കേള്‍ക്കുന്നതുപോലെ തോന്നി തന്ത്രിക്ക്. ഇപ്പോഴത് കുറച്ചുകൂടി അടുത്തെത്തിയിരിക്കുന്നു. കിലുകിലെ വിറച്ചു എടമന. പെട്ടെന്ന് ആ ശബ്‍ദം നിലച്ചപോലെ. ഒക്കെയൊരു തോന്നലാവും. തന്ത്രി ആശ്വസിക്കാൻ ശ്രമിച്ചു. അതാ, പടിപ്പുര കടന്നാരോ ഓടിവരുന്നു. ആരാണത്? കീക്കാനത്ത് അടിയോടിയല്ലേ അത്?!
"തിരുമേനീ.."
അടിയോടിയുടെ നിലവിളി തന്ത്രി വിറയലോടെ കേട്ടു.
"ആ ചെമ്പുകുടം തകര്‍ന്നു തിരുമേനീ.. മൂന്നാള്‍കുഴിയില്‍ നിന്നും ആ ശക്തി പുറത്തുകടന്നു.. മൂന്നുവാളുകളായിരുന്നു ആദ്യം പുറത്തെത്തിയത്.. പിന്നാലെ ഒരു ഭീകര രൂപിയും.." അടിയോടി വിറച്ചു
"എന്നിട്ട്..?"
എടമനയുടെ ചോദ്യം തൊണ്ടയില്‍ കുടുങ്ങി
"മട്ടേങ്ങാനത്ത് തറവാടിന് നേരെയാ തിരുമേനീ അതാദ്യം പാഞ്ഞത്.. മട്ടെ കോലാനെ.."
വാക്കുകള്‍ കിട്ടാതെ കിതച്ചു അടിയോടി. തന്ത്രിയുടെ കണ്ണുകളില്‍ ഇരുട്ടുകയറി.
"മട്ടെ തറവാടിന്റെ പടിഞ്ഞാറ്റ തകര്‍ത്തു.. അതിനകത്തുവച്ച് കോലാന്‍റെ മാറിടം പിളര്‍ത്തി തിരുമേനീ.."
ഇത്രയും പറഞ്ഞ് ഭ്രാന്തനെപ്പോലെ പടിപ്പുര ചാടിക്കടന്ന് തുള്ളിക്കിതച്ച് എങ്ങോട്ടെന്നില്ലാതെ ഓടിപ്പോയി അടിയോടി. നേരത്തെ കേട്ട ആ ഹുങ്കാര ശബ്‍ദം വീണ്ടും കാതിലടിക്കുന്നതായി അറിഞ്ഞു തന്ത്രി. അത് ഇപ്പോള്‍ അകലെയല്ല. തൊട്ടടുത്തെത്തിക്കഴിഞ്ഞു. നോക്കിനില്‍ക്കേ പടിപ്പുര ആടിയുലയുന്നത് കണ്ടു എടമന തന്ത്രി. അതാ പടിപ്പുര തകര്‍ന്നുവീഴുന്നു. ഒരു ഭീകര രൂപം അതിനുമുകളില്‍ അട്ടഹസിക്കുന്നു.
"ന്‍റെ തൃക്കണ്ണാടപ്പാ ഇനി നീ തന്നെ തുണ.."
ഒട്ടുമാലോചിക്കാതെ ഇല്ലത്തുനിന്നിറങ്ങി കുതിച്ചോടി എടമന തന്ത്രി. എത്രയും വേഗം തൃക്കണ്ണാട്ടെ ത്രയംബകേശ്വരന്‍റെ തൃപ്പാദങ്ങളില്‍ ശരണം പ്രാപിക്കണം. അന്തകാന്തകന് മാത്രമേ ഇനി ഈ ഘോരശക്തിയില്‍ നിന്നും തന്നെ രക്ഷിച്ചെടുക്കാൻ സാധിക്കൂ. അലറിക്കരഞ്ഞു കൊണ്ടായിരുന്നു എടമനയുടെ ഓട്ടം. അട്ടഹസിച്ചുകൊണ്ട് ആ രൂപം പിന്നാലെയും. ഭീകരമായ ആ കാഴ്‍ച കണ്ട് തുളുനാട് നടുങ്ങിത്തരിച്ചു നിന്നു.
ക്ഷേത്രത്തിന്‍റെ കിഴക്കേ ഗോപുരനടയായിരുന്നു എടമനയുടെ ലക്ഷ്യം. നടയിലെത്താൻ ഇനി കുറച്ചുദൂരമേയുള്ളൂ. തിരിഞ്ഞുനോക്കാനുള്ള മനക്കരുത്ത് ഒട്ടുമില്ലായിരുന്നു എടമനയ്ക്ക്. ആ ശക്തി തന്‍റെ തൊട്ടു പിന്നാലെയുണ്ട്. ചിലപ്പോള്‍ തൃക്കണ്ണാടപ്പന്‍റെ അരികിലെത്തും മുമ്പ് അത് തന്നെ പിടികൂടിയേക്കും. കാലുകള്‍ കുഴയുന്നു. ഇനി രക്ഷയില്ല. പെട്ടെന്ന് തലയ്ക്ക് പിന്നില്‍ ഒരടിയേറ്റ് തെറിച്ചു വീണു എടമന. ഉരുണ്ടുപിരണ്ടെഴുന്നേറ്റ് വീണ്ടും ഓടി. കിഴക്കേ ഗോപുരനട തൊട്ടടുത്തായിരിക്കുന്നു. അതാ, നാഗഫണം ചൂടുന്ന ജഡാമണ്ഡലം! വിണ്‍ഗംഗ പതയുന്ന ജടമുടി! പൊന്‍നാളമുതിരുന്ന തുടുമിഴി! എവിടെ നിന്നോ കിട്ടിയ ഉള്‍ക്കരുത്തില്‍ ഒറ്റക്കുതിപ്പിന് നട കടന്നു. അരനിമിഷത്തിനകം ശ്രീകോവിലിലേക്ക് ഓടിക്കയറി. വന്‍പാര്‍ന്ന ശക്തിക്ക് മുന്നില്‍, വെറും നിലത്തേക്ക് കമിഴ്‍ന്നടിച്ച് വീണു. എന്നിട്ട് ശിവലിംഗത്തെ കെട്ടിപ്പിടിച്ച് ഉറക്കെ കരയാൻ തുടങ്ങി.
തൃക്കണ്ണാടപ്പാ കാത്തോളണേ..
പെട്ടെന്ന് ക്ഷേത്രമാകെ കുലുങ്ങി. പടിഞ്ഞാറേ ഗോപുര നടയില്‍ ആ ഘോരശക്തിയുടെ അട്ടഹാസം മുഴങ്ങി. കലി മൂത്ത് ക്ഷേത്രം പിടിച്ചു തിരിക്കാൻ ശ്രമിക്കുകയാണ് പരാശക്തി. ക്ഷേത്രം ഇരുന്നയിരുപ്പില്‍ പടിഞ്ഞാറോട്ടു തിരിഞ്ഞു. കൊടിമരം ഇളകിയാടി. എന്നിട്ടും ശിവലിംഗം തെല്ലുപോലും അനങ്ങിയില്ല. ഈ സംഭവിച്ചതൊന്നും ശിവലിംഗത്തെ കെട്ടിപ്പിടിച്ച് നിലവിളിക്കുകയായിരുന്ന എടമന അറിഞ്ഞതേയില്ല. എടമനയുടെ കണ്ണീരില്‍ക്കുളിച്ചു ശിവലിംഗം. അപ്പോഴും പടിഞ്ഞാറെ നടയില്‍ നിന്നും അട്ടഹാസം മുഴങ്ങിക്കൊണ്ടിരുന്നു. ആ അട്ടഹാസത്തെ മുറിച്ചുകൊണ്ട് ആദ്രമായൊരു സ്വരം ഉയര്‍ന്നു:
"മകളേ.."
പെട്ടെന്ന് ആ അട്ടഹാസത്തിന് കരുത്തല്‍പ്പം കുറഞ്ഞു. നല്ലച്ഛന്‍റെ സ്‍നേഹംപുരട്ടിയ വിളിയാണ്. പൊന്മകള്‍ എങ്ങനെ കേള്‍ക്കാതിരിക്കും?!
"കോപമടക്കൂ പൊന്മകളേ.. ചെറുമനുഷ്യരുടെ രക്ഷാർത്ഥമതായി കല്‍പ്പിച്ചുള്ളൊരു അംബികയാണ് നീ.."
പിടിച്ചുകെട്ടിയ പോലെ ആ അട്ടഹാസം നിന്നു. എന്നിട്ടും മുരള്‍ച്ച കേട്ടു
"എടമനയോട് നീ ക്ഷമിക്കണം.. മാപ്പ് നല്‍കണം.."
മറുപടിയൊന്നും കേട്ടില്ല. ചെറിയ മുരള്‍ച്ച അപ്പോഴും ശേഷിച്ചു.
"നിന്‍റെ വീരപരാക്രമങ്ങളിൽ എനിക്കും കീഴൂർ ശാസ്‍താവിനും മതിപ്പുണ്ടായിരിക്കുന്നു.. പൊടവലം മുക്കാതം നാട്ടിലെ പരദേവതയാണ് ഇനി നീ.. മൂന്നാള്‍ കുഴിയില്‍ നിന്നും മൂന്നേമുക്കാല്‍നാഴികയ്ക്കകം മൂന്നുവാളായി ഉയര്‍ന്ന നീ ഇനിമേല്‍ മൂവാളംകുഴി ചാമുണ്ഡി എന്നറിയപ്പെടും.. സ്വരൂപത്തിലെ ഐവർ പരദേവതമാര്‍ കഴിഞ്ഞാൽ ആറാമത്തെ സ്ഥാനം മുക്കണ്ണിയായ നിനക്കായിരിക്കും.."
മുരള്‍ച്ച നിന്നു. പടിഞ്ഞാറേ ഗോപുരത്തില്‍ നിന്നും മണികിലുങ്ങുന്ന പോലൊരു ചിരി കേട്ടു.
"പൊടവലം മുക്കാതം നാട്ടിലെന്തിന് പുതിയൊരു പരദേവത..?"
സകലരെയും ഞെട്ടിച്ചുകൊണ്ട് ഒരുസ്വരം പൊങ്ങി. പൊടവലം മുക്കാതത്തിലെ പടനായകന്മാരായ അഞ്ഞൂറ് നായന്മാരുടെ നായകന്‍റെ ശബ്‍ദമായിരുന്നു അത്. മണികിലുങ്ങുന്ന ആ ചിരി നിലച്ചു. അത് മുരള്‍ച്ചയ്ക്ക് വഴിമാറി.
"കല്‍പ്പിച്ച പരദേവതാസ്ഥാനം അംഗീകരിക്കണമെങ്കില്‍ ഞങ്ങള്‍ വച്ച പട്ടം പാറ്റിച്ച് തരണം.." നായന്മാര്‍ പറഞ്ഞു.
മുരള്‍ച്ചയ്ക്ക് മേല്‍ തൃക്കണ്ണാടപ്പന്‍റെ ചിരി മുഴങ്ങി. നിമിഷങ്ങള്‍ക്കകം പട്ടം പാറ്റിക്കപ്പെട്ടു. മാത്രമല്ല ഓരോ പട്ടത്തെയും അവരവരുടെ സ്ഥാനത്ത് തിരികെയുമെത്തിച്ചു മാതാവ്. അപ്പോഴേക്കും നായന്മാര്‍ അടുത്തപരീക്ഷണവുമായെത്തി. തിരുസഭയില്‍ വച്ച വെറ്റിലത്താലം തൃക്കണ്ണാട്ടപ്പന്‍റെ കൊടിമരത്തിനും മീതെ ആള്‍സഹായമില്ലാതെ പറത്തണം, പിന്നെ തിരികെയും വയ്ക്കണം. നിമിഷങ്ങള്‍ക്കകം ആകാശമിരുണ്ടു. മിന്നല്‍പ്പിണരുകള്‍ പിറന്നു. നൊടിയില്‍ വെറ്റിലത്താലം തിരുനൃത്തമാടി ആകാശത്തേക്കുയര്‍ന്നു. കൊടിമരത്തിനും മീതെ പറന്നുയര്‍ന്ന ശേഷം തിരിച്ചിറങ്ങി തിരുസഭയില്‍ വന്നുനിന്നു വെറ്റിലത്താലം. അഞ്ഞൂറുനായന്മാരും തലകുമ്പിട്ട് പൊടവലം മുക്കാതം നാട്ടിലെ പുതിയ മാതാവിന് വഴങ്ങി.
"എന്‍റെ പടിഞ്ഞാറേ ഗോപുരത്തില്‍ ഇനി നിനക്കാണ് സ്ഥാനം പൊന്മകളേ.. എന്‍റെ ഭണ്ഡാരവും പട്ടോലകളും കൊട്ടാരവും അങ്കവും ചുങ്കവും എന്നു വേണ്ട സര്‍വ്വവും എന്‍റെ മദിച്ച മദയാനയായ നിനക്കാണ്.."
മണികിലുങ്ങുന്ന ആ ചിരിയൊച്ച വീണ്ടും കേട്ടു. അമ്പലത്തിന്‍റെ കന്നിമൂലയില്‍ നിന്നായിരുന്നു ഇത്തവണ ആ ചിരി മുഴങ്ങിയത്. ഈ സമയമത്രയും ശിവലിംഗം കണ്ണീരില്‍ കഴുകിമയങ്ങിപ്പോയിരുന്നു എടമന. കണ്ണുതുറന്നപ്പോള്‍ എല്ലാം ശാന്തമായെന്നു തോന്നി. പതിയെ എഴുന്നേറ്റ് കിഴക്കേ നടയിറങ്ങി പടിഞ്ഞാറേ ഗോപുരനടയിലേക്ക് വേച്ചു നടന്നു. അവിടെ സാഷ്‍ടാംഗം വീണു.
എത്രനാഴിക ആ കിടപ്പുകിടന്നെന്ന് അയാള്‍ അറിഞ്ഞില്ല. ഒരു കുളിര്‍കാറ്റു വന്ന് തഴുകിയപ്പോള്‍ പതിയെ എഴുന്നേറ്റു എടമന. എന്നിട്ട് ഇല്ലത്തേക്ക് നടന്നു. അപ്പോഴും ആ ഇളംകാറ്റ് ഒപ്പമുണ്ടെന്ന് തോന്നി. പടിപ്പുരയും കടന്ന് നേരെ പടിഞ്ഞാറ്റയില്‍ കയറി അയാള്‍. പടിഞ്ഞാറ്റയിലുമുണ്ട് ഒപ്പമെത്തിയ കുളിര്‍ക്കാറ്റ്. എടമനയ്ക്ക് ആശ്വാസം തോന്നി. എന്നാല്‍ ആ കാറ്റിനൊപ്പം ഒരു മുരള്‍ച്ചയുള്ളത് തന്ത്രി അറിഞ്ഞില്ല. പതിനെട്ടുകോല്‍ പാതാളത്തില്‍ ചവിട്ടിത്താഴ്‍ത്തിയിട്ടും ഉയിര്‍ത്തുവന്നവളുടെ അടങ്ങാത്ത പകയുണ്ടായിരുന്നു ആ മുരള്‍ച്ചയില്‍!
തുലാപ്പത്ത് പിറന്നു, ദൈവങ്ങള്‍ മണ്ണിലേക്ക്; വടക്കൻ കേരളത്തില്‍ ഇനി തെയ്യക്കാലം!
നോക്കിനില്‍ക്കെ മുതലയായി മാറിയ കന്യക, അപൂര്‍വ്വകാഴ്‍ചയായി മുതലത്തെയ്യം!
കൂട്ടുകാരനെ തേടി തോണിയേറി, പുഴ കടക്കും തെയ്യങ്ങള്‍!
ചെമ്പടിച്ച ശ്രീകോവിലു വേണ്ട, പണം കിലുങ്ങും നേര്‍ച്ചപ്പെട്ടി വേണ്ടേവേണ്ട; ഇതാ ഒരു അമ്മത്തെയ്യം!
തെയ്യലോകത്തെ ഭൂതസാന്നിധ്യം; ഭക്തരെ ചിരിപ്പിച്ചും രസിപ്പിച്ചും ശ്രീഭൂതം!
ഇതാ അപൂര്‍വ്വമായൊരു മുത്തപ്പൻ, ഇത് കരിമ്പാലരുടെ സ്വന്തം വെള്ളമുത്തപ്പൻ!
നടവഴി പലവഴി താണ്ടി റെയില്‍പ്പാളം കടന്ന് കുന്നുകയറി ഒരു തെയ്യം, ലക്ഷ്യം ഇതാണ്!
കെട്ടുപൊട്ടിച്ചോടി, പിന്നെ പുരപ്പുറത്ത് ചാടിക്കയറി ഒരു ഭൂതം!
നെഞ്ചുപൊള്ളുന്നൊരു കഥയുണ്ട് പറയാൻ കനല്‍ക്കുന്നില്‍ ആറാടുന്ന തീച്ചാമുണ്ഡിക്ക്!
തീരത്തൊരു കപ്പലുകണ്ടു, കനല്‍ക്കുന്നില്‍ നിന്നിറങ്ങി കടലിലേക്ക് ഓടി തെയ്യം!