Spirituality : സൂഫികള്‍ക്ക് എന്താണ് പക്ഷികളോട് ഇത്ര പ്രണയം?

By Suhail Ahammed  |  First Published Jul 15, 2022, 4:43 PM IST

സാധാരണക്കാരന് നിത്യ ജീവിതത്തില്‍ ഒഴിച്ചു കൂടാത്ത പക്ഷി, സൂഫിയുടെ സന്നിധിയില്‍ പൊരുളേറെയുള്ളൊരു തൂവല്‍ക്കൂട്ടമായി അവതരിപ്പിക്കപ്പെടുന്നു.


സൂഫികള്‍ക്ക് എന്താണ് പക്ഷികളോട് ഇത്ര പ്രണയം? സൂഫീ വ്യവഹാരങ്ങളില്‍ എന്തിനാണ് പ്രത്യേകമായ ഇരിപ്പിടം പറവകള്‍ക്ക് നല്‍കുന്നത്? സൂഫി ആശയങ്ങളുടെ സംവേദക്ഷമത ഉറപ്പിക്കാന്‍  പക്ഷികളുമായി ബന്ധപ്പെട്ട്  എണ്ണിയാലൊതുങ്ങാത്ത ഉപമ ചേര്‍ക്കുന്നത് എന്തിനാണ് ? ചിറകടിച്ചുയരുന്ന കൗതുകത്തെ തേടി ചെറിയൊരു യാത്രയാണിത്.

 

Latest Videos

undefined

 

പരിത്യാഗവും തൃജിക്കലുമൊക്കെയാണ് സൂഫിസപ്പൊരുളിനെ അര്‍ത്ഥവത്താക്കുന്നത്. ഭൗതിക ജീവിതത്തെ കൂട്ടിലടയ്ക്കപ്പെട്ട പക്ഷികളുടെ പിരിമുറുക്കമായി വിലയിരുത്തും. മരണത്ത കൂട് വിട്ട് രക്ഷപ്പെട്ട പറവയുടെ സ്വാതന്ത്ര്യത്തോട് ചേര്‍ത്തുപറയും. ആറടി മണ്ണിയിലെ ആദ്യദിനത്തെ വിവാഹരാത്രി / മണവാട്ടിയുടെ , മണവാളന്റെ ആദ്യരാത്രിക്ക് തുല്യമായാണ് വിശേഷിപ്പിക്കാറ്. മരണത്തിന് ശേഷം ആത്മാക്കള്‍ അനുഭവിക്കുന്ന ഉന്മാദത്തെ അടയാളപ്പെടുത്താനാണ് ഈ അലങ്കാര പ്രയോഗം.
 
മരണത്തിന് മുമ്പൊരു മരണം എന്നൊരാശയം സൂഫികള്‍ക്കിടയിലുണ്ട്. അസൂയ, കാപട്യം, പരദൂഷണം,  ഭൗതിക ലോകത്തോടുള്ള ഭ്രമം എന്നീ  സ്വഭാവങ്ങളില്‍ നിന്ന് മോചിതരായവര്‍ എന്നാണ് പൊരുള്‍. ഈ മരണം നേടിയവര്‍ ജീവിതകാലത്തു തന്നെ ആത്മാനുരാഗികളാവും എന്നാണ് സൂഫീ ഭാഷ്യം.
 
ജലാലുദ്ദീന്‍ റൂമി  മസ്നവിയില്‍  തത്തയും കച്ചവടക്കാരനും  എന്നൊരു ഭാഗം പറയുന്നുണ്ട്. 

ഒരു കച്ചവടക്കാരന്‍, ഇന്ത്യയായിരുന്നു കച്ചവട ദേശം. ഇന്ത്യയിലേക്ക് വരുമ്പോഴൊക്കെ, ബന്ധുക്കളോട് ചോദിക്കുമത്രെ, തിരികെ വരുമ്പോള്‍ എന്താണ് സമ്മാനം കൊണ്ടുവരേണ്ടത് എന്ന്.  ഒരിക്കല്‍ യാത്രയ്ക്ക് മുമ്പ് വീട്ടിലെ തത്തയോടും ഇതേ ചോദ്യമുയര്‍ത്തി, തിരികെ വരുമ്പോള്‍ എന്തു കൊണ്ടുവരണം. 

തത്തയുടെ മറുപടി ഇങ്ങനെ ചുരുക്കാം:

എനിക്ക് അവിടെ ധാരാളം കുടുംബക്കാര്‍ ഉണ്ട്, അവരോട് എന്റെ അഭിവാദ്യം അറിയിക്കണം.  ഞാന്‍ ഇവിടെ കൂട്ടില്‍ കിടക്കുമ്പോള്‍  നിങ്ങള്‍ എങ്ങനെയാണ് സന്തോഷത്തോടെ ജീവിക്കുന്നത് എന്നുകൂടി ചോദിക്കണം.

എല്ലാംകേട്ട്, ഓര്‍മയില്‍ കൂട്ടിവച്ച്, അദ്ദേഹം കച്ചവടത്തിനു  പുറപ്പെട്ടു.

കച്ചവടം ചെയ്തു കൊണ്ടിരിക്കുമ്പോള്‍ അടുത്തുള്ള ഒരു മരച്ചില്ലയില്‍ കുറെ തത്തകളെ കണ്ടു. വീട്ടിലെ തത്ത ഏല്‍പ്പിച്ചതൊക്കെ ചെയ്തു. അഭിവാദ്യവും  പ്രത്യഭിവാദവും പൂര്‍ത്തിയാക്കി. 

പിന്നാലെ രണ്ടാമത്തെ ചോദ്യമുയര്‍ത്തി. തൊട്ടുപിന്നാലെ കൂട്ടത്തില്‍ നിന്നും ഒരു തത്ത വിറച്ചു കൊണ്ട് താഴേക്ക് വീണ് ചത്തു പോയി. ഇത് കച്ചവടക്കാരനെ ദുഃഖത്തിലാഴ്ത്തി.

കച്ചവടം കഴിഞ്ഞ് തിരികെ വീടു പറ്റിയ അദ്ദേഹം, വീട്ടുകാര്‍ ആവശ്യപ്പെട്ട സമ്മാനങ്ങളൊക്കെ  ഓരോരുത്തര്‍ക്കായി നല്‍കി. ഇത് കണ്ട കൂട്ടിലെ തത്ത ചോദിച്ചത്രേ, ഈ ഫഖീറിന്റെ സമ്മാനമെവിടെ? എന്റെ ചോദ്യത്തിന് എന്താണ് മറുപടി തന്നത്?

കച്ചവടക്കാരന്‍ അതീവ ദുഃഖത്തോടെ നടന്നതെല്ലാം അതേപടി ആവര്‍ത്തിച്ചു. ഇതു കേള്‍ക്കേണ്ട താമസം. തത്ത വിറച്ച് ചത്തു.  ഇതദ്ദേഹത്തെ കൂടുതല്‍ വിഷാദത്തിലാഴ്ത്തി.  

ആ തത്തയെ കൂട്ടില്‍ നിന്നും പുറത്തെടുത്തു വച്ചു.

ഉടനെ ആ തത്ത പറന്നു പോയി അടുത്തുള്ള മരച്ചില്ലയില്‍ ഇരുന്നു. കച്ചവടക്കാരന്റെ മുഖത്തെ വിഷാദം ആശ്ചര്യത്തിന് വഴിമാറി.

പിന്നാലെ തന്നെ ഇങ്ങനെ കൂടി പറഞ്ഞു.

ഇന്ത്യയിലെ തത്ത എനിക്കൊരു ഉപദേശം തന്നു. നീ സംസാരവും ആസ്വാദനവും വെടിയണം. നിന്റെ മനോഹരമായ സംസാരമാണ് നിന്നെ കൂട്ടിലടച്ചത്. സംസാരിക്കുന്ന, കളിക്കുന്ന തത്തയെയാണ് അവര്‍ കൂട്ടില്‍ അടക്കുന്നത്. നീ മരിച്ചാല്‍ നിനക്ക് അവിടുന്ന് രക്ഷപ്പെടാം.

കച്ചവടക്കാരന്‍ ഇതൊരു ഉപദേശമായി ഉള്‍ക്കൊണ്ടു എന്നാണ് മസ്‌നവിയിലെ ഉള്ളടക്കം.

ദുസ്വഭാവത്തേയും ഭൗതിക  സാഹചര്യങ്ങളില്‍ അഭിരമിക്കുന്നതിനേയും മനുഷ്യന്റെ കയ്യില്‍ അകപ്പെട്ട തത്തയുടെ കഴിവുകളോട് ആണ് ഉപമപ്പെടുത്തിയത്. ഭക്തിയിലേക്ക് മടങ്ങാനും ഭൗതിക സാഹചര്യങ്ങളില്‍ അഭിരമിക്കാതിരിക്കാനും ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പായി  ഈ കഥയ്ക്ക് പിന്‍കുറിപ്പ്.

'ഇഹ്‌യാ ഉലുമൂദ്ദീന്‍' എന്ന ക്ലാസിക് ഗ്രന്ഥം രചിച്ച ഇമാം ഗസ്സാലി, 'അയ്യുല്‍ വലദ്' എന്ന ഗ്രന്ഥത്തില്‍ വിദ്യാര്‍ത്ഥികളോട് ഒരു കാര്യം ഉണര്‍ത്തുന്നുണ്ട്.

കൂട്ടുകാരാ, കോഴി നിന്നെക്കാള്‍ ബുദ്ധിയുള്ളതാകരുത്.  രാത്രിയുടെ അന്ത്യ യാമങ്ങളിലാണ് കോഴി കൂവാറ്. ആ സമയത്ത് നീ ഉറക്കത്തിലാകരുത്. 

വിദ്യ നുകരാന്‍ ഉണരണം എന്നുണര്‍ത്താനാണ് കോഴിയെ കൂട്ടുപിടിച്ചത്.

ഇന്ന് നമുക്കിടയില്‍ കോഴി എന്ന വാക്ക് ഹാസ്യം പേറുന്നതാണ്. സൂഫികള്‍ക്കത്, മാത്യകയാക്കേണ്ട ചര്യയുടെ മറുപേരാണ്; നേരത്തെ ഉണരാം എന്നതിനൊരു ഉപമയാണ്.

തൊട്ടു പിന്നാലെ മറ്റൊരു കവിത കൂടി ഇമാം ഗസ്സാലി ചേര്‍ക്കുന്നുണ്ട്.

അര്‍ധരാത്രിയില്‍ രാപ്പാടികള്‍ മരച്ചില്ലയിലിരുന്ന് കുറുകാറുണ്ട്. മനുഷ്യനെ അപേക്ഷിച്ച് എത്ര അശക്തയാണ് ഒരു പ്രാവ്. എന്നിട്ടും എത്ര ഭക്തിസാന്ദ്രമാണ് ഓരോ കുറുകലും.  

നമ്മളോ ഉറക്കത്തിലാണ്. പരസ്പരം പഴി പറഞ്ഞും, കുറ്റപ്പെടുത്തിയും ജീവിക്കുന്നവര്‍. ഭൗതിക സുഖങ്ങളില്‍ അഭിമരിക്കുന്നവര്‍ രണ്ടു കാലുകളും ടാറില്‍ ഒട്ടിപ്പിടിച്ച ഒരു പക്ഷിയെ പോലെയാണെന്ന്  പറയുന്നു ഇബ്‌നുസീന. കൂടുതല്‍ ചൂടാക്കി ഉരുക്കിയാല്‍ മാത്രമേ പക്ഷിക്ക് പറന്നകലാന്‍ കഴിയൂ. മനുഷ്യനത് പക്ഷേ സ്‌നേഹമാണ് എന്നാണ് ഇബ്‌നു സീനയുടെ പക്ഷം. 

നോക്കൂ.. അല്ലാമ ഇഖ്പാല്‍ രാജ്യ സ്‌നേഹം പറയുമ്പോള്‍ ഉപയോഗിച്ച വാക്ക് 'ഹം ബുല്‍ ബുലേഹി ഇസ്‌കീ' എന്നാണ്. ഞങ്ങളീ നാട്ടിലെ രാക്കിളികള്‍ ആണ്. ഞങ്ങളീ നാട്ടിലെ കുതിരയെന്നോ, ആനയെന്നോ അവിടെ ചേരാത്തത് എന്ത് കൊണ്ടാണ്.

 

 

പക്ഷിത്തൂവലുകളില്‍ ഒളിഞ്ഞിരിക്കുന്ന സംവേദക്ഷമതയ്ക്ക് അവയുടെ തൂവല്‍ നിറങ്ങളോളം ചന്തമുണ്ട്. ഫരീദുദ്ദീന്‍ അത്താര്‍ 'മന്‍ത്വിഖു ഥൈ്വര്‍'  എന്ന ഗ്രന്ഥത്തില്‍ സൂഫിസത്തിന്റെ പല പടവുകളെ പരിചയപ്പെടുത്താന്‍ കൊണ്ടുവന്ന പ്രതീകാത്മക കഥയിലും പക്ഷികളാണ് നിറയെ.

ഒരുനാള്‍ പക്ഷികളെല്ലാം ഒത്തുകൂടി. ഒരു നേതാവ് ഇല്ലാത്തതിനാല്‍ നിരന്തരം കലഹങ്ങളും പ്രശ്‌നങ്ങളും. ഓരോ പക്ഷിയും താനൊരു നേതാവാണ് എന്ന് ധരിച്ചായിരുന്നു ജീവിച്ചിരുന്നത്. അതിനിടയില്‍ ഹുദ് ഹുദ് (മരംകൊത്തി) പക്ഷി വന്നു നമുക്ക് സിമുര്‍ഗ് എന്ന് പേരുള്ള ഒരു രാജാവ് ഉണ്ടെന്ന് പറഞ്ഞു. സകലരും രാജാവിനെ കാണാന്‍ യാത്ര തുടങ്ങി. യാത്ര പ്രയാസം നിറഞ്ഞ വഴികളിലൂടെയായിരുന്നു. ഇതോടെ ചിലര്‍ മടങ്ങാനൊരുങ്ങി. 

ആദ്യം പിന്‍വാങ്ങിയത്  കൊട്ടാര സുഖങ്ങളില്‍ ജീവിച്ചിരുന്ന തത്തയാണ്. പിന്നാലെ, സ്വന്തം  തൂവലുകള്‍ക്ക് കേടുപറ്റും എന്ന് പറഞ്ഞ് മയിലും മടങ്ങി.  ബുല്‍ ബുല്‍ പക്ഷിയും ഒരു കാരണം കണ്ടെത്തി മടക്കത്തിന് ചിറക് വിരിച്ചു..

ഹുദ്ഹുദ് പക്ഷി കഥകളും പഴഞ്ചൊല്ലുകളും പറഞ്ഞു, ഉപദേശങ്ങള്‍ നല്‍കി യാത്രയില്‍ മറ്റുള്ള പക്ഷികള്‍ക്ക് ഉന്മേഷം നല്‍കി. ആ ഉപദേശങ്ങള്‍ പ്രധാനമായും സുഖങ്ങളില്‍ ജീവിക്കുന്ന, സുഹൃത് ബന്ധങ്ങളെ തിരസ്‌കരിക്കുന്ന, ശരീര ഭംഗിക്ക് പ്രാമുഖ്യം കൊടുക്കുന്ന, ഭക്തിയെ കൈ ഒഴിയുന്നതിനെ പറ്റിയായിരുന്നു. 
ഉപദേശങ്ങളുടെ ഗൗരവം തിരിച്ചറിഞ്ഞ പക്ഷികള്‍ യാത്രയുടെ നേതാവായി ഹുദ് ഹുദ് പക്ഷിയെ തിരഞ്ഞെടുത്തു. പക്ഷേ ഹുദ്ഹുദ് സ്ഥാനം നിരസിച്ചു. ഒടുവില്‍ നിര്‍ബന്ധത്തിന് വഴങ്ങി സ്ഥാനം ഏറ്റെടുത്തു.

യാത്രയില്‍ നേതാവായ ഹുദ് ഹുദ് പക്ഷി അവര്‍ക്ക് സ്വത്വത്തെ  അന്വേഷിക്കല്‍, ശാശ്വത പ്രണയം, പരമാര്‍ത്ഥത്തെ തിരിച്ചറിയല്‍, സ്വയംപര്യാപ്തത, ഏകത്വം, പരിഭ്രമം, ദേഹേച്ഛയെ വെടിയല്‍ എന്നീ ചേരുവകള്‍ പരിചയപ്പെടുത്തി. എന്നാല്‍ ഓരോന്നിനെ കുറിച്ച് പറയുമ്പോഴും ചില പക്ഷികള്‍ മരിച്ചു വീണു. ചിലര്‍ അവശരായി യാത്ര അവസാനിപ്പിച്ചു.

ഒടുവില്‍ കൊട്ടാര മുറ്റത്ത് എത്തുമ്പോള്‍ മുപ്പത് പക്ഷികള്‍ മാത്രം ബാക്കിയായി. രാജ സന്നിധിയിലേക്ക് കടക്കാന്‍ തുനിഞ്ഞപ്പോള്‍ പാറാവുകാരന്‍ തടഞ്ഞു. അവര്‍ നിരാശരായി. ഹുദ്ഹുദ് പക്ഷി എല്ലാവരേയും കൂട്ടി, തൊട്ടടുത്തുളള പൂന്തോട്ടത്തിലേക്ക് പോയത്രെ. അവിടെ വച്ച് ഹുദ് ഹുദ് പക്ഷി പറഞ്ഞ സിമുര്‍ഗ് എന്ന രാജാവിനെ കണ്ടു.

പേര്‍ഷ്യന്‍ ഭാഷയില്‍ സിമുര്‍ഗ് എന്ന് പറഞ്ഞാല്‍ 30 പക്ഷികള്‍ എന്നാണ് അര്‍ത്ഥം. സ്വത്വത്തെ തിരിച്ചറിഞ്ഞ 30 മുപ്പത് പക്ഷികളും സ്വന്തം ആത്മാവിന്റെ രാജാവായി എന്ന് പറയുകയാണ് ഫരീദുദ്ദീന്‍ അത്താര്‍.

നമ്മുടെ മാപ്പിളപ്പാട്ടിലേക്കൊന്ന് നോക്കിയാലും കാണാം കിളികളെ.

'കിളിയേ ദിഖറ് പാടി കിളിയേ...
സുബ്ഹിക്ക് മിനാരത്തില്‍ 
വലംവെച്ചു പറക്കുന്ന 
ദിഖറ് പാടിക്കിളിയേ നീ നില്ല്...'

എന്ന വരി അനാഥത്വത്തിന്റെയും സ്വര്‍ഗമെന്ന ആത്മീയ സാന്നിധ്യത്തിന്റെയും സവിശേഷ കൂടിച്ചേരലിനെ കാണിക്കുന്നുണ്ട്.

ഭൗതിക സാഹചര്യങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുമ്പോള്‍, ഒഴിഞ്ഞു മാറുമ്പോള്‍,  മരിച്ചു പോകുമ്പോള്‍, ഉരുള വച്ച് വിളിക്കുന്നത് കാക്കയെ ആണ്. അസാധ്യമായതിനെ, കാക്ക മലര്‍ന്നു പറക്കുന്നു എന്നാണ് ചൊല്ലാറ്. സാധാരണക്കാരന് നിത്യ ജീവിതത്തില്‍ ഒഴിച്ചു കൂടാത്ത പക്ഷി, സൂഫിയുടെ സന്നിധിയില്‍ പൊരുളേറെയുള്ളൊരു തൂവല്‍ക്കൂട്ടമായി അവതരിപ്പിക്കപ്പെടുന്നു.

വെറുതെ അല്ല ഖാളി മുഹമ്മദ് പാടിയത്. 

കോഴീടെ മുള്ളോട് കൂകെന്ന് ചൊന്നാരെ, 
കൂസാതെ കൂകിപ്പറപ്പിച്ച് വിട്ടോവര്‍.

click me!