Singer KK Birth Anniversary 2022 : ആകാശലോകങ്ങള്‍ക്കപ്പുറം ഇന്ന് കെ കെയ്ക്ക് 54-ാം പിറന്നാള്‍!

By P R Vandana  |  First Published Aug 23, 2022, 2:50 PM IST

അകാലത്തില്‍ വിടപറഞ്ഞ ഗായകന്‍ കെ കെ യ്ക്ക് ഇന്ന് 54-ാം ജന്‍മവാര്‍ഷികം. പി ആര്‍ വന്ദന എഴുതുന്നു
 


കെ കെ എന്ന കൃഷ്ണകുമാര്‍ കുന്നത്ത് എന്ന പ്രതിഭാശാലിയായ ഗായകന്റെ മരണം കുടുംബത്തിന് മാത്രമല്ല ആരാധകര്‍ക്കും കലാലോകത്തിനാകെയും അവിശ്വസനീയമായിരുന്നു. കൊല്‍ക്കത്തയിലെ നസ്‌റുള്‍മഞ്ചിലെ വേദിയാണ് കെ കെയുടെ സംഗീതം അവസാനമായി കേട്ടത്. പരിപാടിക്ക് ശേഷം അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച കെ കെ ചികിത്സയുടെ കരുതല്‍ കൈപിടിച്ചുയര്‍ത്തും മുമ്പ് വിടവാങ്ങി. അമ്പത്തിമൂന്നാംവയസ്സില്‍ തികച്ചും അപ്രതീക്ഷിതമായ വിയോഗം.

 

Latest Videos

undefined


ആകാശങ്ങള്‍ക്കപ്പുറത്തൊരു ലോകമുണ്ടെങ്കില്‍, ആത്മാക്കള്‍ കൂടുന്നയിടത്ത് ആഘോഷങ്ങളുണ്ടെങ്കില്‍, വിശ്വാസപ്രമാണങ്ങള്‍ പറയുന്ന പരലോകത്ത് കൂട്ടായ്മകളുണ്ടെങ്കില്‍ ഇന്നവിടെ ഒരു പിറന്നാള്‍ പാര്‍ട്ടി നടക്കുന്നുണ്ടാവും. ഗായകന്‍ കെ കെ 54 എന്നെഴുതിയ രണ്ട് മെഴുകുതിരികളിലെ നാളം ഊതിക്കെടുത്തുന്നുണ്ടാവും. മധുരം നുണയുന്നവര്‍ ആവശ്യപ്പെട്ട മാതിരി രണ്ട് വരി പാടുന്നുണ്ടാവും. 

പെട്ടെന്ന്, അപ്രതീക്ഷിതമായി, ഇക്കൊല്ലം മേയ് 31-ന് വിട്ടുവന്ന ലോകത്തെ ഓര്‍ത്ത് രണ്ടുതുള്ളി കണ്ണീര്‍ പൊഴിക്കുന്നുണ്ടാവും. താഴെ ഭൂമിയില്‍ അച്ഛന് ആശംസകള്‍ നേര്‍ന്ന് മക്കളായ നകുലും താമരയും സംഗീതാര്‍ച്ചന നടത്തുന്നത് കേട്ടിരിക്കുന്ന ജ്യോതിയുടെ കണ്ണിലും പൊടിയും കണ്ണുനീര്‍. 

ലോകമെമ്പാടുമുള്ള ആരാധകര്‍ക്കും ഇന്ന് സങ്കടത്തിന്റെ പിറന്നാള്‍ ഓര്‍മപ്പെടുത്തലാകും. 

കെ കെ എന്ന കൃഷ്ണകുമാര്‍ കുന്നത്ത് എന്ന പ്രതിഭാശാലിയായ ഗായകന്റെ മരണം കുടുംബത്തിന് മാത്രമല്ല ആരാധകര്‍ക്കും കലാലോകത്തിനാകെയും അവിശ്വസനീയമായിരുന്നു. കൊല്‍ക്കത്തയിലെ നസ്‌റുള്‍മഞ്ചിലെ വേദിയാണ് കെ കെയുടെ സംഗീതം അവസാനമായി കേട്ടത്. പരിപാടിക്ക് ശേഷം അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച കെ കെ ചികിത്സയുടെ കരുതല്‍ കൈപിടിച്ചുയര്‍ത്തും മുമ്പ് വിടവാങ്ങി. അമ്പത്തിമൂന്നാംവയസ്സില്‍ തികച്ചും അപ്രതീക്ഷിതമായ വിയോഗം. പാടിത്തീര്‍ത്ത നൂറുകണക്കിന് പാട്ടുകള്‍ അദ്ദേഹത്തിന്റെ നിത്യസ്മാരകങ്ങളായി അവശേഷിക്കുന്നു. 

തൃശ്ശൂരില്‍ നിന്നെത്തി ദില്ലിയില്‍ ജോലിയുമായി കൂടിയ അച്ഛനും അമ്മക്കും ഒപ്പം വളര്‍ന്ന കൃഷ്ണകുമാറിന് സംഗീതത്തിലേക്ക് പാലം തുറന്നിട്ടത് പഴയ ബോളിവുഡ് ഹിറ്റ് ഗാനങ്ങള്‍. കിഷോര്‍ കുമാറും ആര്‍ ഡി ബര്‍മനും ആയിരുന്നു ഏറ്റവും പ്രിയം. മൈക്കിള്‍ ജാക്‌സണേയും ബ്രയാന്‍ ആഡംസിനേയും ആരാധിച്ചു. പഠിച്ചില്ലെങ്കിലും ജന്മസിദ്ധി കൊണ്ട് സംഗീതം ഒപ്പം ചേര്‍ന്നു.  സ്വന്തമായി റോക്ക് മ്യൂസിക് ബാന്‍ഡുണ്ടാക്കി. കോളേജ് പഠനശേഷം മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് ആയി ജോലി ചെയ്തു തുടങ്ങിയ കെ കെ സംഗീതലോകത്തേക്ക് കടന്നുവന്നത് ഏറ്റവും തിരക്കേറിയ, പ്രസക്തിയേറിയ വിപണനരീതിയായ ജിംഗിളുകളുമായി. ഹീറോ ഹോണ്ടക്കും ഉഷ ഫാനിനും വേണ്ടിയാണ് ആദ്യം പരസ്യട്യൂണുകള്‍ മൂളിയത്.  വിവിധ ഉത്പന്നങ്ങള്‍ക്കായി 3500-ലധികം ജിംഗിളുകളാണ് കെ കെ പാടിയത്. പേരിനപ്പുറം കെ കെയുടെ ശബ്ദം എല്ലാ വീട്ടകങ്ങളിലും സുപരിചതമായി. 

തലതൊട്ടപ്പന്‍മാരില്ലാതെ, മേഖലയില്‍ പാരമ്പര്യത്തിന്റെ മേലാപ്പില്ലാതെ കെ കെ ബോംബെ എന്ന മഹാനഗരത്തിലെ കലാലോകത്ത് സ്വന്തം ഇടം മികവിന്റെ മാത്രം ബലത്തില്‍ പതുക്കെ പതുക്കെ ഉണ്ടാക്കിയെടുത്തു. ഗുല്‍സാറിന്റെ 'മാച്ചിസ്' എന്ന ചിത്രത്തില്‍ 'ഛോട് ആയേ ഹം' എന്ന ഗാനത്തിനിടയില്‍ കേട്ട പുതിയ ശബ്ദം പ്രേക്ഷകര്‍ക്ക് പിടിച്ചു. 'ഹം ദില്‍ ദേ ചുകെ സനം' എന്ന ചിത്രത്തിലെ 'തടപ് തടപ്' എന്ന ഗാനം ആ ഇഷ്ടം ഊട്ടിയുറപ്പിച്ചു. പിന്നീടങ്ങോട്ട് നിരവധി ഹിറ്റ് ഗാനങ്ങള്‍. 

1999-ലെ 'പല്‍' എന്ന ആല്‍ബത്തോടെ ഇന്‍ഡി പോപ് രംഗത്തും സ്വന്തമായ വിജയമേല്‍വിലാസം. ഹിന്ദിക്ക് പുറമെ തമിഴിലും തെലുങ്കിലും അനേകം ഹിറ്റ് പാട്ടുകള്‍ കെകെ പാടി. മാതൃഭാഷയായ മലയാളത്തിനോട് അകലം പാലിച്ചു. പറയാനുള്ള ഹിറ്റ് 'പുതിയ മുഖ'ത്തിലെ പാട്ടുമാത്രം. ഉച്ചാരണശുദ്ധിയിലുള്ള സംശയമാണ് വിനയത്തോടെയുള്ള ആ പിന്‍വാങ്ങലിന് കാരണമായത്.    


Also Read: പരിപാടിയിൽ കൊടും ചൂട്, എസിയില്ല, വൻ ആൾക്കൂട്ടം, കെ കെയുടെ മരണത്തിൽ വിവാദം

 


Also Read: 'എന്തിനായിരുന്നു ഇത്ര തിടുക്കം, സുഹൃത്തേ'? കെകെയ്ക്ക് ആദരാഞ്ജലിയുമായി എ ആര്‍ റഹ്‍മാന്‍

 

ആസ്വാദകരുമായി നേരിട്ട് സംവദിച്ച് സംഗീതപരിപാടികള്‍ നടത്താന്‍ കെകെയ്ക്ക് വലിയ ഇഷ്ടമായിരുന്നു. നൂറുകണക്കിന് വേദികളിലാണ് അദ്ദേഹം പാടിയത്. കൊവിഡ് കാലത്തെ അടച്ചിടല്‍ അദ്ദേഹത്തിന് വിഷമകരമായത് അതുകൊണ്ടാണ്. നിയന്ത്രണങ്ങളുടെ മുഷിപ്പ് മാറിയ പാടെ അദ്ദേഹം ശ്രോതാക്കളുടെ മുന്നിലെത്തി. പാട്ടുകളുടെ ലോകത്ത് നിന്ന് വലിയ ഇടവേളയില്ലാതെ തന്നെ നക്ഷത്രങ്ങളുടെ ലോകത്തേക്ക് മടങ്ങി. 

പരിപാടികളുടെയോ റെക്കോഡിങ്ങുകളുടെയോ തിരക്കുകളില്ലാത്ത നേരം മുഴുവന്‍ കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ ഇഷ്ടപ്പെട്ടയാളായിരുന്നു കെകെ. കളിക്കൂട്ടുകാരിയായ ജ്യോതി ജീവിതസഖിയായി. അച്ഛനൊപ്പം 'ഹംസഫര്‍' എന്ന ആല്‍ബത്തില്‍ പാടിയ നകുലും പിയാനോവാദകയായ താമരയും ചേരുന്ന കുടുംബം. 

സന്തോഷിക്കാന്‍ അച്ഛന് പ്രത്യേകിച്ച് കാരണമൊന്നും വേണ്ടിയിരുന്നില്ലെന്ന് മക്കള്‍ ഓര്‍ക്കുന്നു. ചെറിയ കാര്യങ്ങളിലും ആനന്ദം കണ്ടെത്തി, എപ്പോഴും പാട്ടുമൂളി  ജീവിതത്തെ സ്‌നേഹിച്ച അച്ഛന്‍. നിത്യദു:ഖമായ ആ വിരഹത്തില്‍ അമ്മയെ ചേര്‍ത്തുപിടിച്ച്  രണ്ടുമക്കളും ശക്തിയാര്‍ജിച്ച് മുന്നോട്ടുപോകുന്നത് ആ ഓര്‍മകളിലും ബാക്കിയാക്കിയ പാട്ടുകളിലുമാണ്. 

click me!