ശിവരാത്രിക്ക് തലേദിവസം തന്നെ വീട് മുഴുവനും കഴുകിത്തുടച്ച് വൃത്തിയാക്കി വയ്ക്കണം. വ്രതം എടുക്കാൻ നിശ്ചയിച്ചവർ തലേദിവസം രാത്രി അരിയാഹാരം കഴിക്കാതിരിക്കുന്നതാണ് ഉത്തമം.
മാർച്ച് എട്ടിനാണ് ഈ വർഷം ശിവരാത്രി. ശിവന്റെ രാത്രിയാണ് ശിവരാത്രി എന്ന് പറയപ്പെടുന്നു. പാലാഴിമഥനം നടത്തിയപ്പോഴുണ്ടായ കാളകൂടവിഷത്തിൽ നിന്നും ലോകത്തെ രക്ഷിക്കുന്നതിന് വേണ്ടി ശിവൻ അത് പാനം ചെയ്തു എന്നാണ് ശിവരാത്രിയുമായി ബന്ധപ്പെട്ട ഒരു ഐതീഹ്യം. ആ വിഷം ശിവന്റെ ഉള്ളിലെത്താതിരിക്കാൻ പാർവതി ശിവന്റെ കണ്ഠത്തിൽ പിടിച്ച് ഉറങ്ങാതെയിരുന്നു എന്നും വിശ്വസിക്കുന്നു.
അതിനാലൊക്കെ തന്നെ ശിവരാത്രി ദിവസം ഉറങ്ങാതിരിക്കുക, വ്രതം നോക്കുക എന്നതെല്ലാം ശിവരാത്രിയുമായി ബന്ധപ്പെട്ട് ആളുകൾ അനുഷ്ഠിക്കുന്ന പ്രധാന കാര്യങ്ങളാണ്. പാർവതി ദേവിയും ശിവനും ഉറങ്ങാതിരുന്ന ആ രാത്രിയിൽ ഉറങ്ങാതിരിക്കുകയും രാവും പകലും വ്രതം നോൽക്കുകയും ചെയ്താൽ ഐശ്വര്യമുണ്ടാവുമെന്നും ശിവന്റെ വാത്സല്യത്തിന് പാത്രമാവും എന്നുമാണ് വിശ്വാസം. നിരവധിപ്പേർ ഇന്ന് ശിവരാത്രി വ്രതം നോൽക്കുകയും ഉറങ്ങാതിരിക്കുകയും ചെയ്യാറുണ്ട്.
undefined
ശിവരാത്രി വ്രതമെടുക്കുന്നത് എങ്ങനെ?
ശിവരാത്രിക്ക് തലേദിവസം തന്നെ വീട് മുഴുവനും കഴുകിത്തുടച്ച് വൃത്തിയാക്കി വയ്ക്കണം. വ്രതം എടുക്കാൻ നിശ്ചയിച്ചവർ തലേദിവസം രാത്രി അരിയാഹാരം കഴിക്കാതിരിക്കുന്നതാണ് ഉത്തമം. പകരം ലഘുവായ എന്തെങ്കിലും ഭക്ഷണം കഴിക്കുന്നതാവും നല്ലത് എന്നും പറയുന്നു. ശിവരാത്രി ദിവസം രാവിലെ തന്നെ ഉറക്കമുണർന്ന് കുളിച്ച് ശുദ്ധിയായി ശിവക്ഷേത്ര ദർശനം നടത്താം.
രണ്ടുതരത്തിൽ വ്രതമെടുക്കാം. ഉപവാസവും ഒരിക്കലും. ഉപവാസം എന്നാൽ ഒന്നും ഭക്ഷിക്കാതിരിക്കലാണ്. എന്നാൽ, ഒരിക്കലിൽ ഒരുനേരം കുറച്ച് ഭക്ഷണം കഴിക്കാം. ആരോഗ്യപ്രശ്നമുള്ളവർ സാധാരണയായി ഒരിക്കലാണ് എടുക്കാറുള്ളത്. സാധാരണ ഒരിക്കലെടുക്കുന്നവർ ക്ഷേത്രത്തിൽ നിന്നും കിട്ടുന്ന വെള്ളനിവേദ്യമാണ് കഴിക്കാറ്. ഇതും വയർ നിറയും വരെ കഴിക്കരുത് എന്ന് പറയുന്നു.
ശിവരാത്രി വ്രതം നോൽക്കുന്നവർ പകലും രാത്രിയും ഉറങ്ങരുത് എന്നാണ് പറയുന്നത്. ശിവരാത്രിയുടെ പിറ്റേദിവസം രാവിലെ ക്ഷേത്രത്തിൽ നിന്നും കിട്ടുന്ന തീർത്ഥം കുടിച്ചുകൊണ്ടാണ് വ്രതം മുറിക്കേണ്ടത് എന്നും വിശ്വസിക്കുന്നു.