പാപ്പുവ ന്യൂഗിനി; പ്രാവിന്റെ രൂപത്തില്‍ ഒരു ദ്വീപ്

By Web Team  |  First Published Jun 21, 2021, 6:11 PM IST

ശലഭയാത്രകള്‍. റോസ് ജോര്‍ജ് എഴുതുന്ന വെര്‍ച്വല്‍ യാത്രാനുഭവം ഇന്നുമുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍


യാത്രകളും കണ്ടുമുട്ടലുകളും സംഭവ്യമല്ലാത്ത മഹാമാരിക്കാലത്ത്, സഞ്ചാരം കൂടുതലുള്ള ഇന്‍ഫര്‍മേഷന്‍ സൂപ്പര്‍ ഹൈവേയില്‍ ആണ് ആ സമാഗമം. അതിനെ തുടര്‍ന്നൊരു യാത്ര. വീട്ടിലിരുന്ന് വിദൂരദേശത്തേക്ക്, അവിടത്തെ ജീവിതങ്ങളിലേക്ക്, വീഡിയോകളിലൂടെ, ചിത്രങ്ങളിലൂടെ,   വാക്കുകളിലൂടെ ഒരു യാത്ര.  കൊവിഡ് കാലത്ത്, വീടിനുള്ളില്‍ അടച്ചിടപ്പെട്ട്, മറ്റൊരാളുടെ കണ്ണിലൂടെ അകലങ്ങളിലെ വിചിത്രദ്വീപിലേക്ക് നടത്തിയ യാത്ര.

 

Latest Videos

undefined

 

അന്നു തന്നെ ഞാന്‍ യാത്രക്കുള്ള ഒരുക്കങ്ങള്‍  പൂര്‍ത്തിയാക്കി. ഭാരപ്പെടുത്തുന്ന ഒന്നും തന്നെ തോള്‍ച്ചുമടായി  ഉണ്ടായിരുന്നില്ല. അത് കൊണ്ടു തന്നെയാവണം  നിറയെ കാഴ്ചകള്‍ കാണാനും ജീവിതം അറിയാനുമുള്ള വ്യഗ്രതയില്‍ കനമില്ലാത്തൊരു ശലഭശരീരം കൈവന്നപോലെ ഭാരരഹിതയായത്. അവസാനമായി ആ രാജ്യത്തിലേക്കുള്ള പ്രവേശനം അനുവദിക്കുന്ന ഒന്നിനായി ഞാന്‍ തിരഞ്ഞു. എന്റെ നെറ്റിയിലെ മനുഷ്യനെന്ന മുദ്രയും ആത്മാവിലെ സ്വാതന്ത്ര്യവും അതിര്‍ത്തികള്‍ കീറിമുറിച്ചു പറക്കാനുള്ള അനുമതിയായി പരിഗണിക്കപ്പെട്ടതു കൊണ്ട് ഒരു സഞ്ചാരിണിയായി ഞാന്‍ ആ രാജ്യത്തിലേക്ക് പ്രവേശിച്ചു.

 

സാജു ഫ്രാന്‍സിസ്.

 

യാത്രകളും കണ്ടുമുട്ടലുകളും സംഭവ്യമല്ലാത്ത മഹാമാരിക്കാലത്ത് സഞ്ചാരം കൂടുതലുള്ള ഇന്‍ഫര്‍മേഷന്‍ സൂപ്പര്‍ ഹൈവേയില്‍ ആണ് ആ സമാഗമം നടന്നത്. വിചിത്രമായ ഒരു യാത്രയിലേക്കുള്ള വഴി തുറന്നു, ആ സമാഗമം. കൊവിഡ് കാലത്ത്, വീടിനുള്ളില്‍ അടച്ചിടപ്പെട്ട്, മറ്റൊരാളുടെ കണ്ണിലൂടെ അകലങ്ങളിലെ വിചിത്രദ്വീപിലേക്ക് നടത്തിയ യാത്ര. എങ്ങൂം പോവാതെ, മനസ്സ് കൊണ്ട് തൊട്ടറിഞ്ഞത്, ഏതോ വിദൂര ദ്വീപിലെ ജീവിതങ്ങളെയാണ്. 

ഓണ്‍ലൈനില്‍ കണ്ടുമുട്ടിയത് എന്റെ കോളേജ് കാലത്തെ സുഹൃത്തിനെയാണ്. സാജു ഫ്രാന്‍സിസ്. നാട്ടുകാരന്‍ . അതും വളരെ വര്‍ഷങ്ങര്‍ക്കുശേഷം.

എവിടെയാണ്?

ആ ചോദ്യത്തിന് അത്ര വേഗത്തിലൊന്നും ഉത്തരം പറയാതെ വട്ടം ചുറ്റിച്ചു കൊണ്ട്, സാജു ലോകഭൂപടത്തിനു മുന്നില്‍ എന്നെ കൊണ്ടു നിര്‍ത്തി.

''ഭൂപടത്തില്‍ ഓസ്‌ട്രേലിയ കണ്ടുവോ?''

ഞാന്‍ പറഞ്ഞു: ''കണ്ടു''

''അതിന് തൊട്ടു മുകളിലായി പ്രാവിന്റെ രൂപത്തില്‍ ഒരു ദ്വീപ് കാണുന്നുണ്ടോ?''

''കണ്ടു  കണ്ടു. ശരിക്കും പറക്കുന്ന പ്രാവ് പോലെ തന്നെ.''

''സൂക്ഷിച്ചു നോക്കൂ, എന്താണ് എഴുതിയിരിക്കുന്നത്?''

''പാപ്പുവ ന്യൂ ഗിനി''

''ഒന്നും കൂടി സൂക്ഷിച്ചു നോക്കൂ. ആ പ്രാവിന്റെ തലമുതല്‍ വയറിന്റെ ഭാഗം വരെയുള്ളത് വെസ്റ്റ് പാപ്പുവ. ഇപ്പോള്‍ ഇന്തോനേഷ്യന്‍ അധിനിവേശ പ്രദേശം.'' 

എന്റെ മനസ്സിലൂടെ പല പല ചിത്രങ്ങള്‍ മിന്നി മറഞ്ഞു. സാമ്രാജ്യത്യമോഹങ്ങളുടെയും അധിനിവേശവാഴ്ചകളുടെയും കുളമ്പടി ശബ്ദങ്ങള്‍ ഞാന്‍ വീണ്ടും കാതോര്‍ത്തു. മുറിഞ്ഞു പോയ സംസാരത്തെ കുറ്റബോധത്തോടെ തിരികെ പിടിച്ചിട്ടു .

''റോസ്, പ്രാവിന്റെ വയര്‍ മുതല്‍ വാലറ്റം വരെയുള്ള ഭാഗമാണ് പാപ്പുവ ന്യൂ ഗിനി.''

''ഞാന്‍ ഇപ്പോള്‍ ഇവിടെ ആണ് ഉള്ളത്. പാപ്പുവ ന്യൂ ഗിനിയുടെ തലസ്ഥാനമായ  പോര്‍ട്ട് മോര്‍സ്ബിയില്‍. ഇരുപത് വര്‍ഷങ്ങളായി ഇവിടത്തെ വിദ്യാഭ്യാസ മേഖലയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലായി ജോലി ചെയ്യുന്നു.

പേരുപോലെ ശാന്തമായ പസിഫിക്  സമുദ്രത്തിലെ ഒരു ദ്വീപ്. ഓരം ചേര്‍ന്ന് പവിഴപ്പുറ്റുകളും മറുവശത്ത് സോളമന്‍ ഐലന്‍ഡും. 

തെക്കു പടിഞ്ഞാറന്‍ ദീപിലെ ആ രാജ്യം എന്നെ വിളിക്കുന്നുവോ? 

സാജു ഫ്രാന്‍സിസിനോട് ഞാന്‍ പറഞ്ഞു: ''ചങ്ങാതി ഒന്ന് നില്‍ക്കൂ.''

സാജു നിന്നു. 

''ഞാനീ കൊവിഡ് കാലത്ത് അങ്ങോട്ടേക്ക് ഒരു യാത്ര വന്നാലോ? തികച്ചും വെര്‍ച്വലായി. എനിക്ക് കാണിച്ചു തരാമോ, ആ രാജ്യം, അവിടത്തെ ജീവിതങ്ങള്‍?''

സാജു ചിരിച്ചു. അത് സമ്മതമായിരുന്നു. തൊട്ടുപിന്നാലെ വന്നു, വാക്കുകള്‍. ''എന്നാല്‍  തുടങ്ങിക്കോളൂ.''

 

 

അതു കഴിഞ്ഞ് ഞാനെഴുതി: 

ചങ്ങാതീ...
അതി വിദൂരഭൂമിയില്‍ നിന്ന് എനിക്ക് കഥകള്‍ തരിക. 
മനുഷ്യനെയും മണ്ണിനെയും പ്രകൃതിയെയും കാണിച്ചു തരിക.
എന്റെ കാതുകള്‍ ഒരിക്കലുമില്ലാത്തതുപോലെ കേള്‍വി ആഗ്രഹിക്കുന്നു. 
മറ്റൊരു ദേശത്തെ തനതു ജീവിതമറിയാന്‍ മനസ്സ് വെമ്പുന്നു. 
അത് പകര്‍ത്തിയെഴുതാന്‍ കൈകള്‍ തരിക്കുന്നു.''

 

 

മുന്നൊരുക്കങ്ങളുടെ കൂട്ടത്തില്‍ പല വിധ ചിന്തകള്‍ കടന്നു വന്നു. എന്റെ കണ്ണ് കൊണ്ടു കാണാത്ത കാഴ്ചകള്‍. കേള്‍വിയിലൂടെ ഞാന്‍ ആഗ്രഹിക്കുന്ന കേട്ടെഴുത്ത്. ശരീരത്തിന്റെ സാന്നിധ്യത്തില്‍ മാത്രം  ഉറപ്പിക്കപ്പെടുന്ന പഞ്ചേന്ദ്രിയങ്ങളുടെ സത്യധര്‍മ്മങ്ങള്‍. മനസ്സും ശരീരവും ഒരുമിച്ചു ദൂരങ്ങള്‍ താണ്ടുന്നത് പ്രതീക്ഷകളില്‍ മാത്രം ഒതുക്കാവുന്നൊരു കാലമാണ്. കടന്നു പോയവരെ ഓര്‍ക്കുമ്പോള്‍ ജീവിച്ചിരിക്കുന്നു എന്നത് തന്നെ വിങ്ങല്‍ ഉണര്‍ത്തുന്ന ഒരനുഭവമായ കാലം. 

..............

വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഈ ലോകം വിട്ടുപോകുന്നതിന്റെ തലേന്ന് ഒരു പിതാവ് മകളോട് ചോദിച്ചു. ''സത്യത്തിലേക്ക് എത്ര ദൂരം ഉണ്ട്, പറയൂ?''

അവള്‍ പറഞ്ഞു, അറിയില്ല.

കൈപ്പത്തി കൊണ്ടു ചെവി മുതല്‍ കണ്ണു വരെയുള്ള ദൂരം അളന്നെടുത്തു തന്നു അദ്ദേഹം.

''ഇതാണ് സത്യത്തിലേക്കുള്ള ദൂരം. കേള്‍ക്കുന്നതല്ല, കണ്ണു കൊണ്ട് കാണുന്നതാണ് സത്യം.''

എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷം, ആ ഓര്‍മ്മകള്‍ ഒരു ദീര്‍ഘനിശ്വാസത്തിലൂടെ എന്നില്‍ വീണ്ടും ഉറപ്പിച്ചു, ഈ യാത്രയുടെ സ്വപ്‌നങ്ങള്‍. 

 


അപ്പോള്‍ തന്നെ എന്റെ ചങ്ങാതിക്ക് ഞാന്‍ ഒരു കുറിപ്പെഴുതി.

''ഈ ഇരുണ്ടകാലത്ത് നിങ്ങളുടെ കണ്ണുകള്‍ എനിക്ക് കടം തരുമോ? കഥകള്‍ കേള്‍ക്കുന്നതിലുപരി കാഴ്ചകളിലേക്ക് കൂടി എന്നെ ക്ഷണിക്കാമോ? മണ്ണും മനുഷ്യരും അവരുടെ ജീവിതവും എല്ലാം.''

അവന്‍ വീണ്ടും സമ്മതിച്ചു. 

ഇക്കാര്യം പറഞ്ഞപ്പോള്‍ മക്കള്‍ ചോദിച്ചു: എങ്ങോട്ടാണ് യാത്ര? എന്താണ് ലക്ഷ്യം? 

കാര്യം പറഞ്ഞപ്പോള്‍ പുതിയ തലമുറയുടെ മറുപടി വന്നു. 

''സാംസ്‌കാരികവിനിമയത്തില്‍ നീതി പുലര്‍ത്തണം. മനുഷ്യനെന്ന വീക്ഷണകോണില്‍ കാഴ്ചകള്‍ കാണണം.  
മ്യൂസിയം കാഴ്ചകള്‍ പോലെ, ഒരു വിദൂര രാജ്യത്തെ ജനതയെ അവതരിപ്പിക്കരുത്. ''

ലോകത്തെ ഏറ്റവും പുതുതായി കാണുന്നവരുടെ നിര്‍ദ്ദേശങ്ങള്‍ കേട്ട് ഞാന്‍ തലകുലുക്കി.

.................

അങ്ങനെ, രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള നാലര മണിക്കൂര്‍ സമയവ്യത്യാസത്തില്‍, പുലരി നേരത്തെ എത്തുന്ന പാപ്പുവ ന്യൂ ഗിനിയില്‍ നിന്നും വോയിസ് ക്ലിപ്പുകളും വീഡിയോകളും കൊച്ചിയുടെ ഈര്‍പ്പമുള്ള വായുവിലൂടെ തരംഗങ്ങളായി എന്റെ ഫോണില്‍ ചെറുശബ്ദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു. തന്നുകൊണ്ടിരുന്നത് . വിസ്മയകരമായ ഒരു  യാത്രനുഭവത്തിലേക്കും എഴുത്തിലേക്കും ഞാന്‍ ഉണര്‍ന്നുകൊണ്ടിരുന്നു. 

മറ്റൊരാളുടെ അനുഭവത്തെ സ്വാനുഭവമാക്കാം എന്ന് തിരിച്ചറിവുണ്ടായി. ഈ ഇരുണ്ടകാലം തന്ന വെളിപാട്.

................

ആ യാത്രാനുഭവം, നാളെ മുതല്‍ വായിക്കാം. പാപ്പുവ ന്യൂ ഗിനി ദ്വീപിലെ ജീവിതങ്ങള്‍. 

click me!