ഉപ്പിനോളം വരില്ല, ഇവിടൊരു മധുരവും!

By Web Team  |  First Published Jun 24, 2021, 7:43 PM IST

ശലഭയാത്രകള്‍. റോസ് ജോര്‍ജ് എഴുതുന്ന വെര്‍ച്വല്‍ യാത്രാനുഭവം. നാലാം ഭാഗം


യാത്രകളും കണ്ടുമുട്ടലുകളും സംഭവ്യമല്ലാത്ത മഹാമാരിക്കാലത്ത്, സഞ്ചാരം കൂടുതലുള്ള ഇന്‍ഫര്‍മേഷന്‍ സൂപ്പര്‍ ഹൈവേയില്‍ ആണ് ആ സമാഗമം. അതിനെ തുടര്‍ന്നൊരു യാത്ര. വീട്ടിലിരുന്ന് വിദൂരദേശത്തേക്ക്, അവിടത്തെ ജീവിതങ്ങളിലേക്ക്, വീഡിയോകളിലൂടെ, ചിത്രങ്ങളിലൂടെ,   വാക്കുകളിലൂടെ ഒരു യാത്ര.  കൊവിഡ് കാലത്ത്, വീടിനുള്ളില്‍ അടച്ചിടപ്പെട്ട്, മറ്റൊരാളുടെ കണ്ണിലൂടെ അകലങ്ങളിലെ വിചിത്രദ്വീപിലേക്ക് നടത്തിയ യാത്ര.

 

Latest Videos

undefined

 

''ആദ്യകാലങ്ങളില്‍ എത്തിയവര്‍ ഉപ്പ് നല്‍കിയാണ് ഈ ജനതയെ കയ്യിലെടുത്തത്''-പിറ്റേന്ന് രാവിലെ സാജു പറഞ്ഞു. 

'ഉപ്പോ?' ഞാന്‍ അതിശയിച്ചു. 

''അതെ ഉപ്പ്. ഉപ്പാണ് ഈ നാട്ടിലെ ജനങ്ങള്‍ക്ക് മധുരത്തേക്കാള്‍ പ്രിയം. ചില വിദേശ ബിസ്‌കറ്റ് കമ്പനികള്‍ ഗതികിട്ടാെത വന്ന വേഗത്തില്‍ തന്നെ തിരിച്ചു പോയി സാള്‍ട്ട് ബിസ്‌ക്കറ്റുമായി മടങ്ങി വന്ന് വിപണി പിടിച്ച കഥകളുണ്ട്...''

സാള്‍ട് ബിസ്‌ക്കറ്റിന്റെ കാര്യം പറഞ്ഞപ്പോഴാണ് വേറൊരു വിഷയം കടന്നു വന്നത്. ലോകത്തില്‍ ഏറ്റവും ഓര്‍ഗാനിക് ആയ രീതിയില്‍ കൊക്കോ ഉല്‍പാദിപ്പിക്കുന്നത് ഇവിടുത്തെ തോട്ടങ്ങളിലാണ്. എന്നാലോ, അവിടെ പണിയെടുക്കുന്ന കൊച്ചു കുട്ടികള്‍ക്ക് ചോക്കലേറ്റിന്റെ രുചി അറിയുകയേ ഇല്ല.


 

 

അന്നേരമാണ്, സാജു ഒരു വീഡിയോ അയച്ചു തന്നത്. ഒരു പാചക വീഡിയോ 

അതിലൊരു അമ്മയാണ്. അവര്‍ തേങ്ങാപ്പാലില്‍ പുഴുങ്ങിയ പച്ചക്കായ ഉണ്ടാക്കുന്നു. അതില്‍, അതില്‍ ചിക്കനും ഇഞ്ചിയും ഇലവര്‍ഗ്ഗങ്ങളും ഇടുന്നു. എരിവും പുളിയും മസാലകളുമില്ലാത്ത അവരുടെ തനതു വിഭവമാണത്. പേര്  ഓവ.

അവര്‍ നല്ല അധ്വാനിയാണെന്ന് കാണുമ്പോഴേ അറിയാം. മാര്‍ക്കറ്റില്‍ പോകുന്നതും കൃഷി ചെയ്യുന്നതും എല്ലാം ഒറ്റക്കാണ് .  നല്ല വിളവ് ലഭിക്കുന്നുണ്ട്. എങ്കിലും ഓപ്പണ്‍ മാര്‍ക്കറ്റില്‍  പോയി വരുമ്പോള്‍ പകുതിയും വിറ്റുപോവില്ല. 

എന്നാല്‍, ഒന്നും കൂടി അവരുടെ മുഖത്തേക്ക് നോക്കൂ. ആ അമ്മച്ചി തൃപ്തയാണ്! ആന്തരികമായ ഒരു ചൈതന്യം അവരുടെ മുഖത്തുണ്ട്. 

45 വര്‍ഷമേ ആയുള്ളൂ സ്വാതന്ത്ര്യം ലഭിച്ചിട്ട്. പല ഗോത്രങ്ങളും ഉണ്ടായിട്ട് പത്തറുപത് വര്‍ഷങ്ങളെ ആയുള്ളൂ. നമ്മളീ പറയുന്ന വികസിതമായ വിപണിയും അതിന്റെ സൗകര്യങ്ങളുമെല്ലാം അവര്‍ക്കിപ്പോഴും അകലെയാണ്. 

 

 

വീണ്ടും മറ്റൊരു വീഡിയോ. അതിലൊരു ചരക്കുബോട്ട്. പേര് ലാഗൊ തോയ്. കാറ്റിന്റെ ഗതിയനുസരിച്ചു  പായ്മരത്തിന്റെ  സഹായത്താല്‍ നീങ്ങുന്ന സ്ത്രീകളുടെ കൂട്ടമാണ് അതില്‍. കാച്ചിലും ചേനയും മധുരക്കിഴങ്ങും ഒക്കെയാണ്. 

ബോട്ടിലിരുന്ന് പാട്ട് പാടി ഒരു ഗ്രാമത്തില്‍നിന്നും മറ്റൊന്നിലേക്ക് പോവുകയാണ് അവര്‍. ആഹ്ലാദമാണ് അവരുടെ മുഖങ്ങഴിലാകെ. മെല്ലെ മെല്ലെ, നാടന്‍ ശീലുകളുടെ താളത്തില്‍, ഉന്മാദങ്ങളുടെ ഒഴുക്ക്. 

മധ്യ പ്രവിശ്യയില്‍ ആണിപ്പോള്‍ ഞങ്ങള്‍. 

മണ്ണ് കുഴച്ചെടുത്ത് ഉണ്ടാക്കിയ മുഖം മൂടിയില്‍ നിറങ്ങള്‍ ചാലിച്ചു ചേര്‍ത്ത്, അതുമണിഞ്ഞ് കുന്തവും പരിചയും ആയി ഗോത്രവര്‍ഗ്ഗക്കാരുടെ ഒരു മേള നടക്കുകയാണവിടെ.

'ഹിരി മുവലേ ഫെസ്റ്റിവല്‍.' 

അതൊരു പരമ്പരാഗത മേള ആണ്.  ഹിരി ക്വീന്‍ എന്നൊരു കിരീടമാണ് അതിന്റെ ആകര്‍ഷണം. എല്ലാവരും അതിനായി നന്നായി ഒരുങ്ങി വന്നിട്ടുണ്ട്. ഓരോ കലാരൂപങ്ങളുടെ പിന്നിലും ഒരുപാട് കഥകളുണ്ട്. അവരുടെ വിശ്വാസങ്ങളും ഐതിഹ്യങ്ങളുമെല്ലാം അതില്‍ ഒളിഞ്ഞിരിക്കുന്നു. 

 

 

തുറിച്ചു നോക്കുന്ന കണ്ണുകള്‍. ചുറ്റും ചായം പൂശിയിരിക്കുന്നു. വിരലറ്റത്ത് മുള  ചെത്തിയെടുത്ത് ഒട്ടിച്ചു വച്ച നീണ്ട നഖങ്ങള്‍.

''എന്തിനാണ് മുഖത്തിത്ര ഭീകരത?'' 

'ഭീകരമായി നമുക്ക് തോന്നാം, റോസ്'' -സാജു പറഞ്ഞു. 

ഞാന്‍ അമ്പരപ്പോടെ കാതുകൂര്‍പ്പിച്ചു.

''തങ്ങളെ കാണുന്നവര്‍ക്ക് ഭയം തോന്നണം. അത് തന്നെ ആണ് അവരുടെ ഉദ്ദ്യേശം ഒറ്റപ്പെട്ടു കഴിയുന്ന ഗോത്രങ്ങള്‍ പുറമെ നിന്നുള്ള ആക്രമണം ഭയക്കുന്നു. അവരുടെ അതിജീവനം കലാരൂപങ്ങളില്‍ സമന്വയിക്കുന്ന കാഴ്ച ആണിത്. ''-പറഞ്ഞു കൊണ്ടിരിക്കെ, അവരുടെ പല പല ചിത്രങ്ങള്‍ കണ്‍മുന്നില്‍ നിറഞ്ഞു. 

 

 

''അത് അവരുടെ ഭാഷ തന്നെയാകുന്നു. മഞ്ഞ, ചുവപ്പ, കറുപ്പ്... ഓരോ നിറവും ഓരോ ഗോത്രത്തിന്റെ പേരു വിളിച്ചുപറയുന്നു. സ്വന്തം നിറങ്ങള്‍ അവര്‍ കലാപരമായി മുഖത്ത് പൂശുന്നു.''

സ്‌കൂളില്‍ ട്രൈബല്‍ ഫെസ്റ്റ് നടക്കാറുള്ള സമയത്തെ കഥ പറഞ്ഞു സാജു. പരമ്പരാഗത വേഷത്തില്‍ മക്കളെ ഒരുക്കി അയക്കുമ്പോള്‍ മാതാപിതാക്കളുടെ സന്തോഷം വേറെ തന്നെയാണത്രെ. 

നഗ്‌നത അവര്‍ക്ക് അഭിമാനമാണ്. കുണ്ടു ഡ്രം താളത്തില്‍ കൊട്ടി, സംഘനൃത്തം ചെയ്തു കൊണ്ട് അവര്‍ മെല്ലെ നീങ്ങി. 

 

ഒന്നാം ഭാഗം: പാപ്പുവ ന്യൂഗിനി; പ്രാവിന്റെ രൂപത്തില്‍ ഒരു ദ്വീപ്

രണ്ടാം ഭാഗം: സ്വാതന്ത്ര്യത്തിലേക്കുള്ള  പാത! 

 മൂന്നാം ഭാഗം: എത്ര തിന്നാലും തീരാത്ത വാഴപ്പഴം!
 

 

click me!