പായല്‍ പൊത്തിയ പാറയുടെ വഴുവഴുപ്പില്‍ കാലുകള്‍ തെന്നി അയാള്‍ ആഴത്തിലേക്ക് പതിച്ചു. ഇരുട്ടുകെട്ടിയ പൊട്ടകിണറ്റിലെ മൂര്‍ച്ചയേറിയ കല്ലുകള്‍ അയാള്‍ക്ക് മരണത്തിന്റെ ചുംബനം നല്‍കി. കാമുകന്‍ മരിച്ചിരിക്കുന്നു. കാമുകി അതറിഞ്ഞില്ല, നാടോ വീടോ അറിഞ്ഞില്ല.
പ്രിയപ്പെട്ടവളെ കാണാന്‍ മഴ ആഞ്ഞുപെയ്യുന്ന അസ്തമയത്തിലേക്ക് ഒരു കാമുകന്‍ ഇറങ്ങി നടന്നു. ഇത്തിരി പോന്ന ടോര്‍ച്ച് വെട്ടത്തില്‍ അയാള്‍ നടക്കുകയാണ്. ഒരുപാട് സ്വപ്നങ്ങള്‍ മുറ്റി നില്‍ക്കുന്ന, ആഗ്രഹങ്ങള്‍ കുന്നോളമുള്ള യൗവനമാണ്. അയാള്‍ പ്രണയത്തിലാണ്. കാമുകിയെ ഓര്‍ക്കുമ്പോള്‍ നിഴലാകുകയും മണ്ണാകുകയും മരമാകുകയും ചെയ്യുന്ന കാമുകന്‍. വിധിയാകട്ടെ വേട്ടനായയും. അതിങ്ങനെ വിശപ്പോടെ ഇരകളെ തിരയുന്നു.
undefined
പുറത്ത് മഴ പെയ്യുകയാണ് മഴ മാത്രമേയുള്ളു. ജന്മങ്ങളില്‍ നിന്നും ജന്മങ്ങളിലേക്ക് മഴയുടെ പ്രയാണം. വെയില്‍വെട്ടങ്ങള്‍ കുടിയൊഴിഞ്ഞു പോയൊരു പഴയ മഴക്കാലം സ്മൃതികളില്‍ നിഴല്‍ ചിത്രങ്ങള്‍ തീര്‍ക്കുന്നു.
കാലങ്ങള്‍ക്ക് അപ്പുറത്തേക്ക് ഒരു മരണവീടിന്റെ മൂടിക്കെട്ടിയ നിശബ്ദതകളുടെ ഉള്ളിലേക്ക് തുഴഞ്ഞെത്തുന്ന തേങ്ങലുകള്‍. മുന്‍പുറത്ത് വലിച്ച് കെട്ടിയ ടാര്‍പ്പായയില്‍ മഴ നൃത്തം.
തമിഴ്‌നാട് നിന്നും പുറപ്പെട്ട ആംബുലസില്‍, ജീവിതം പെയ്തുതോര്‍ന്നൊരു മനുഷ്യന്റെ മൃതദേഹം വന്നുകൊണ്ടിരുന്നു. നെല്ലിയാമ്പതിയുടെ, മഞ്ഞില്‍ തണുപ്പില്‍ പെരുമഴയുടെ അന്ത്യാഭിവാദ്യം. അന്ത്യയാത്രയുടെ ദുഃഖനിര്‍ഭരമായ പ്രഭാതത്തിലേക്ക് പൊഴിഞ്ഞു വീണ അരളിപ്പൂക്കളുടെ മണം.
ഇപ്പോള്‍ കാറ്റിന് പഴുത്ത് വീണുപോയ ചക്കയുടെ മണമാണ്.
മരണപ്പെട്ടവന്റെ അവസാന ആഗ്രഹം ഒരു ചക്കയായിരുന്നു. മക്കളോട് മാറി മാറി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പ്ലാവുകള്‍ ചക്കകളില്ലാതെ ഒഴിഞ്ഞു കിടന്നു. ചക്ക തേടി നടന്ന മക്കള്‍ പ്ലാവിന്‍ ചുവട്ടില്‍ കാവലിരുന്നു. ചക്ക കായ്ച്ചില്ല. പക്ഷേ അയാള്‍ക്ക് ക്ഷമയുണ്ടായില്ല. ധൃതിയില്‍ അയാള്‍ മരിച്ചു പോയി.
മരണഗന്ധിയായി ചക്കയെന്ന വാക്ക് അന്ന് മുഴുവന്‍ ഒരു വീടിനകം ഓടി നടന്നു. പരേതന്‍ അത് ശ്രദ്ധിച്ച് കാണുമോ എന്നറിയില്ല. എങ്കിലും മക്കളുടെ ഉള്ളില്‍ സങ്കടങ്ങളുടെ ചക്കകളുമായി ഉറുമ്പുകള്‍ ഘോഷയാത്ര നടത്തി. അവര്‍ കരച്ചിലിന്റെ ഏറ്റക്കുറച്ചിലുകള്‍ക്കിടയില്‍ ചക്കയെന്ന പദം ആവര്‍ത്തിച്ചു. ഒരു മുറുമുറുപ്പ് പോലെ. ഒടുവില്‍ സംസ്‌ക്കരിക്കപ്പെട്ട ആത്മാവിന്റെ അന്ത്യവിശ്രമത്തിലേക്കും സായാഹ്നമേഘങ്ങള്‍ ചുള പിഴുതിട്ട ചക്കയുടെ മണമുള്ള മഴ വര്‍ഷിച്ചു.
വര്‍ഷങ്ങള്‍ കുറേ കഴിഞ്ഞു, മരണപ്പെട്ടവന്റെ അവസാന ആഗ്രഹം സാധിച്ചു കൊടുക്കാന്‍ സാധിക്കാത്ത നിസ്സഹായത എന്നെയും തൊട്ടുപോയി.
അമ്മ കൊതിയോടെ ചോദിച്ചു, 'പൊരിയുണ്ട വേണം..'
കിട്ടിയില്ല, അവര്‍ മരിക്കുന്നത് വരേയും കിട്ടിയില്ല. ഓര്‍ക്കുമ്പോള്‍ സങ്കടമൊക്കെ കനത്തുകയറി വരും. എന്റെ ഭൂമിക്ക് നഷ്ട്ടമായ വെയിലില്‍ വര്‍ഷത്തിന്റെ ചിറകുകള്‍ ഇടക്ക് പറന്നിറങ്ങുന്നു. ഞാന്‍ ക്ഷമിക്കുന്നു.
മരിക്കാന്‍ പോകുന്നവന് എന്തുകൊണ്ടാവാം അവസാന ആഗ്രഹങ്ങളുണ്ടാകുന്നത്? അത് ജീവിച്ചിരിക്കുന്നവന്റെ ഹൃദയത്തിലേക്ക് അവര്‍ വരച്ചിട്ട് പോകുന്ന അവസാന പോറലാകുന്നു. സ്‌നേഹത്തിന്റെ നിരക്ഷരമായ പോറല്‍. അതേല്‍ക്കാത്തവര്‍ ഉണ്ടാവുമോ..? എനിക്കറിയില്ല.
ഇത്രയും എഴുതി കൊണ്ടിരിക്കുമ്പോള്‍ മറ്റൊരു സംഭവം ഓര്‍ത്തു. കുറച്ച് മുമ്പാണ്. പെയ്‌തൊഴിയാത്ത ഒരു മഴക്കാലം.
പ്രിയപ്പെട്ടവളെ കാണാന്‍ മഴ ആഞ്ഞുപെയ്യുന്ന അസ്തമയത്തിലേക്ക് ഒരു കാമുകന്‍ ഇറങ്ങി നടന്നു. ഇത്തിരി പോന്ന ടോര്‍ച്ച് വെട്ടത്തില്‍ അയാള്‍ നടക്കുകയാണ്. ഒരുപാട് സ്വപ്നങ്ങള്‍ മുറ്റി നില്‍ക്കുന്ന, ആഗ്രഹങ്ങള്‍ കുന്നോളമുള്ള യൗവനമാണ്.
അയാള്‍ പ്രണയത്തിലാണ്. കാമുകിയെ ഓര്‍ക്കുമ്പോള്‍ നിഴലാകുകയും മണ്ണാകുകയും മരമാകുകയും ചെയ്യുന്ന കാമുകന്‍. വിധിയാകട്ടെ വേട്ടനായയും. അതിങ്ങനെ വിശപ്പോടെ ഇരകളെ തിരയുന്നു.
പായല്‍ പൊത്തിയ പാറയുടെ വഴുവഴുപ്പില്‍ കാലുകള്‍ തെന്നി അയാള്‍ ആഴത്തിലേക്ക് പതിച്ചു. ഇരുട്ടുകെട്ടിയ പൊട്ടകിണറ്റിലെ മൂര്‍ച്ചയേറിയ കല്ലുകള്‍ അയാള്‍ക്ക് മരണത്തിന്റെ ചുംബനം നല്‍കി. കാമുകന്‍ മരിച്ചിരിക്കുന്നു. കാമുകി അതറിഞ്ഞില്ല, നാടോ വീടോ അറിഞ്ഞില്ല. പ്രകൃതിയുടെ തീവ്രമായ ദുഃഖമോ നിരാശയോ ആവണം തുടര്‍ന്നുള്ള ദിവസങ്ങളില്‍ ശമിക്കാത്ത കാറ്റ് വീശി.
പൊട്ടക്കിണറ്റിലെ കാമുകന്റെ അഴുകിയ ഗന്ധത്തിന്റെ രഹസ്യവും പേറി കാറ്റ് മാത്രം അലഞ്ഞു.
അവസാന ആഗ്രഹമൊന്നും പറയാന്‍ സമയം തികഞ്ഞില്ല. പ്രതീക്ഷിക്കാതെ ആത്മാവ് വിട്ട് ഇറങ്ങി പോകേണ്ടി വരുന്നവനെന്ത് അവസാന ആഗ്രഹം! അവന്റെ സ്വപ്‌നങ്ങള്‍ ആരോരുമാറിയാത്ത ഖേദങ്ങളായി മണ്ണില്‍ ഒടുങ്ങിയിരിക്കണം .
മഴയ്ക്കും മനുഷ്യനുമിടയില്‍ ജന്മാന്തരങ്ങളുടെ വെളിച്ചമുണ്ട്. അയയില്‍ ജീവിതങ്ങള്‍ ഉണങ്ങാന്‍ ഇടുന്നു. ഉണങ്ങി തീരണമെന്ന ആഗ്രഹങ്ങള്‍ ബാക്കി നില്‍ക്കെ ചിലര്‍ അവസാനമഴയുടെ ആലസ്യത്തില്‍ മറഞ്ഞു പോകുന്നു.
ചിലരോ ഇനിയുമുണങ്ങാന്‍ അവസാന ആഗ്രഹങ്ങളുടെ പോക്കുവെയില്‍ തിരയുന്നു.