പിറവി: അടിന്തരാവസ്ഥയിലെ കുട്ടിയും ആണ്‍തുണയില്ലാതായ കുടുംബവും

By K P Jayakumar  |  First Published Jun 26, 2020, 3:51 PM IST

കെ. പി ജയകുമാര്‍ എഴുതുന്നു: സൂക്ഷ്മതലങ്ങളില്‍ സിനിമ അതീവ സമര്‍ത്ഥമായി സെന്റിമെന്‍സിനെയും കാലദേശ ചരിത്രങ്ങളെയും പരസ്പരം തിരിച്ചറിയാത്ത ഏകകമാക്കിമാറ്റുന്നു. എവിടെയും എപ്പോഴും സംഭവിച്ചേക്കാവുന്ന ദുരന്തം എന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ടാണ് ചലച്ചിത്രകാരന്‍ ചരിത്രത്തിന്റെ ഭാരം ഇറക്കിവയ്ക്കുന്നത്.


ചലച്ചിത്രം അധികാര സംവിധാനങ്ങളുടെ ക്രൂരതകളും വിശകലനങ്ങളും പ്രതിരോധങ്ങളും കണിശമായും ഒഴിച്ചു നിര്‍ത്തുന്നു. നിഷ്ഠൂരമായ ഒരു രാഷ്ട്രീയ സംഭവം മൃദുലമായ ഒരു വൈകാരിക അനുഭവമാക്കി മാറ്റുകയും ചെയ്യുന്നു. കേരള രാഷ്ട്രീയത്തില്‍ ഒരു വിപ്ലവ സന്ദര്‍ഭം എന്ന നിലയില്‍ നക്സലൈറ്റ് പ്രസ്ഥാനത്തിനുള്ള പ്രസക്തിയും പ്രാധാന്യവും ചലച്ചിത്രം സ്പര്‍ശിക്കുന്നതേയില്ല. ഏതൊരു കലാപ സന്ദര്‍ഭത്തെയുംപോലെ അത് പൊതു ഓര്‍മ്മയില്‍ അവശേഷിപ്പിച്ച ഐതിഹാസികമായ മുഹുര്‍ത്തങ്ങളെ മരവിച്ചനിമിഷങ്ങളുടെ കാഴ്ചകളാക്കി മാറ്റുകയാണ് പിറവിയുടെ ചലച്ചിത്രകാരന്‍.

 

Latest Videos

undefined

 

''പക്ഷെ, ലോകത്തിനോട് ഒരു ചോദ്യം ഞാനിപ്പോഴും ബാക്കിയാക്കുന്നു. എന്റെ നിഷ്‌കളങ്കനായ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയത്ത് നിര്‍ത്തിയിരിക്കുന്നത്?''

(ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍, പ്രൊഫ. ടി വി ഈച്ചരവാര്യര്‍)

 

മരണം കേവലമായ അര്‍ത്ഥത്തില്‍ വിരാമമാണ്. തിരോധാനം എല്ലാ അര്‍ത്ഥത്തിലും 'വിരാമം' എന്ന സങ്കല്‍പ്പത്തെ പ്രശ്നവല്‍ക്കരിക്കുന്നു. ഭരണകൂടത്തെ, അധികാര സ്ഥാപനങ്ങളെ, ചരിത്രത്തെ അത് ഒത്തുതീര്‍പ്പുകളില്ലാത്തവിധം ചോദ്യങ്ങളില്‍ നിര്‍ത്തുന്നു. രാഷ്ട്രീയവും മതപരവും വംശീയവുമായ പീഡനങ്ങള്‍ക്കു നടുവില്‍ വ്യക്തിയുടെ, ജനതയുടെ തന്നെയും തിരോധാനം മനുഷ്യചരിത്രത്തിലുടനീളം ഉത്തരമില്ലാതെ കിടക്കുന്നു. ദേശീയ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ നേതാജിസുഭാഷ് ചന്ദ്രബോസിന്റെ ജീവിതം പൂരിപ്പിക്കാനാവാതെ പോകുന്നതിലെ സന്ദിഗ്ധാവസ്ഥയില്‍ നിന്നും സ്വതന്ത്ര ഇന്ത്യന്‍ ഭരണകൂടത്തിന് ഇനിയും പുറത്തുകടക്കാനായിട്ടില്ല. പീഡിപ്പിക്കപ്പെട്ട ശരീരങ്ങളുടെ, വ്യക്തികളുടെ തിരോധാനത്താല്‍, അതിന്റെ അസാന്നിധ്യം സൃഷ്ടിക്കുന്ന ശൂന്യതയുടെ, അരക്ഷിതാവസ്ഥയുടെ കാലം എന്ന നിലക്കുകൂടിയാണ് കേരള രാഷ്ട്രീയ ചരിത്രത്തില്‍ അടിയന്തരാവസ്ഥ ഓര്‍മ്മിക്കപ്പെടുന്നത്.

മനുഷ്യചരിത്രത്തില്‍ ആഴത്തില്‍ വേരുള്ള ആദിരൂപവും രാഷ്ട്രീയ അനുഭവവുമാണ് തിരോധാനം. ഇടതുപക്ഷ-തീവ്ര ഇടതുപക്ഷ രാഷ്ട്രീയ പശ്ചാത്തലത്തില്‍, തിരോധാനത്തിന്റെ രഷ്ട്രീയാനുഭവത്തെ പ്രമേയത്തില്‍ സ്വീകരിച്ചുകൊണ്ട് ഏതാനും ചലച്ചിത്രങ്ങള്‍ എണ്‍പതുകളില്‍ പുറത്തുവന്നു. അടൂര്‍ ഗോപാലകൃഷ്ണന്റെ മുഖാമുഖം(1984) ടി വി ചന്ദ്രന്റെ ആലീസിന്റെ അന്വേഷണം (1988) ഷാജി എന്‍ കരുണിന്റെ പിറവി (1989). ഈ ചലച്ചിത്രങ്ങള്‍ തിരോധാനത്തിന്റെ സാമൂഹ്യവും രാഷ്ട്രീയവും വ്യക്തിപരവുമായ അനുഭവങ്ങളെ ആവിഷ്‌കരിക്കുന്നു.

വ്യക്തിയുടെ (പുരുഷന്റെ) തിരോധാന (man missing) മായിരുന്നു ഈ സിനിമകളുടെ പ്രമേയം. ഒരാളുടെ കാണാതാകല്‍ അയാളുടെ കുടുംബത്തിലും മറ്റുവ്യക്തികളിലും സമൂഹത്തിലും സൃഷ്ടിക്കുന്ന വൈകാരിക അവസ്ഥകളിലാണ് ഈ കാഴ്ചകള്‍ തൊടുന്നത്. പലപ്പോഴുമത് കാണാതായ കുട്ടി എന്ന അതിവൈകാരിക ആദിരൂപമാണ്. പ്രമേയത്തിന് കാരണമോ പശ്ചാത്തലമോ ആയ രാഷ്ട്രീയ, സാമൂഹിക അനുഭവങ്ങള്‍ തിരശീലയ്ക്ക് മറഞ്ഞുനിര്‍ക്കുകയും കാണാതായ കുട്ടി ഇരുട്ടത്ത്, മഴയത്ത് എന്തു ചെയ്യുകയാവും എന്ന അതിവൈകാരികത തിരശ്ശീലയെപ്പിടിച്ചെടുക്കുകയും ചെയ്യും.

 

........................................................

തിരോധാനം എന്ന സാമൂഹ്യ ദുരന്തം കുടുംബത്തിന്റെ അകത്തളങ്ങളില്‍ മാത്രം കരഞ്ഞൊടുങ്ങുന്ന സ്വകാര്യ നഷ്ടത്തിന്റെ 'വിധി വൈപരീത്യത്തിന്റെ' കാഴ്ചകളായി പരിണമിക്കുന്നു.

 

എണ്‍പതുകളുടെ അവസാനം പുറത്തുവന്ന പിറവിയുടെ കേന്ദ്ര പ്രമേയം രഘുവിന്റെ തിരോധാനമാണ്.  സമൂഹം ഒരുമിച്ചു പങ്കുവയ്ക്കുന്ന ഓര്‍മ്മകളിലേക്ക്, രാഷ്ടീയ അനുഭവങ്ങളിലേക്ക് സൂചനകള്‍ നല്‍കിക്കൊണ്ടാണ് പിറവിയെ ആഴമുള്ള രാഷ്ട്രീയാനുഭവമാക്കി മാറ്റാന്‍ ചലച്ചിത്രകാരന്‍ ശ്രമിക്കുന്നത്. എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയായ മകന്‍, നാട്ടിന്‍ പുറത്തുകാരനും അമ്പലവാസിയുമായ അച്ഛന്‍. ഈ രണ്ടു സൂചനകളും അടിയന്തരാവസ്ഥയില്‍ പൊലീസ് പീഡനത്തിനിരയായി 'കൊല്ലപ്പെട്ട (?)' കോഴിക്കോട് ആര്‍ ഇ സി വിദ്യാര്‍ത്ഥി രാജന്‍ സംഭവവുമായി പ്രേക്ഷകരെ ബന്ധിപ്പിക്കുന്നു. കേരളത്തിന്റെ സവിശേഷമായ ഒരു രാഷ്ട്രീയ-ചരിത്ര സന്ദര്‍ഭത്തെ ഓര്‍മ്മയിലേക്ക് തിരികെ വിളിച്ചുകൊണ്ടാണ് പിറവി പ്രത്യക്ഷത്തില്‍ രാഷ്ട്രീയാന്തരീക്ഷം സൃഷ്ടിക്കുന്നത്. 

പിറവിയില്‍ രഘുവിന്റെ തിരോധാനത്തെ ദുരന്തമായി മാറ്റുന്ന ഘടകങ്ങളൊന്നും തന്നെ അധികാരവുമായി ബന്ധപ്പെടുന്നതല്ല. രാഘവ ചാക്യാരും (അച്ഛന്‍) ദേവകി (അമ്മ)യും മാലതി (സഹോദരി)യും അധികാരത്തിന്റെയും അനീതിയുടെയും ഇരകളായല്ല, മറിച്ച് വിധിയുടെ കരയുന്ന ഇരകളായാണ് കാഴ്ചപ്പെടുന്നത്. സഹോദരിയുടെ വിവാഹം ഉറപ്പിക്കുന്നതിനും അമ്മയുടെ കണ്ണിന്റെ ശസ്ത്രക്രിയ നടത്തിക്കുന്നതിനും അച്ഛന് മരുന്നുവാങ്ങിവരാനും രഘു ആവശ്യമാണ് എന്നിടത്താണ് തിരോധാനം ദുരന്തമായി മാറുന്നത്. രഘുവിന്‍േറത് അപകടമരണമായാലും ദുരന്തത്തിന്റെ ആഴമോ ആ കുടുംബം അനുഭവിക്കുന്ന ദുഃഖത്തിന്റെ സങ്കീര്‍ണ്ണതയോ കുറയുകയില്ല. 'പിറവിയുടെ പ്രമേയപരിചരണം അരാഷ്ട്രീയമാകുന്നത് സമൂഹം പ്രതികരണ ശൂന്യമായി കാണപ്പെടുന്നതുകൊണ്ടോ ചലച്ചിത്രം ഇരകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുകൊണ്ടോ മാത്രമല്ല. രഘുവിന്റെ തിരോധാനം ഇവിടെ പ്രകൃതിദുരന്തം പോലെ തികച്ചും സ്വാഭാവികമായി മാറുന്നു എന്നതുകൊണ്ടാണ്.' എന്ന് സച്ചിദാനന്ദന്‍ നിരീക്ഷിക്കുന്നുണ്ട്.

അമ്മയ്ക്കും സഹോദരിക്കും ആണ്‍തുണയായും അച്ഛന്റെ  വാര്‍ദ്ധക്യത്തില്‍ കുടുംബ നാഥനായും 'വംശപരമ്പര'യുടെ തുടര്‍ച്ചയായുമൊക്കെ തീരേണ്ട 'പുത്രന്‍' എന്ന ആണ്‍കോയ്മാ മൂല്യസങ്കല്‍പ്പങ്ങള്‍ക്കുള്ളിലാണ് രഘുവിന്റെ സ്ഥാനം. രഘുവിന്റെ കുടുംബം പൊതു സമൂഹത്തിന്റെ കാഴ്ചകളില്‍ നിന്നും ഉള്‍വലിഞ്ഞ് കാണപ്പെടുന്നു. സാമൂഹ്യമായ ചുറ്റുവട്ടങ്ങളില്‍ നിന്നും അകന്ന് നില്‍ക്കുന്ന ഏകാന്തമായ വീടും അതിലും ഏകാന്തമായ കഥാപാത്രങ്ങളുമാണ് പിറവിയിലേത്. കുടുംബത്തെ സമൂഹത്തില്‍ നിന്നും അടര്‍ത്തിമാറ്റുന്നതോടെ അവരുടെ സങ്കടങ്ങള്‍ ഒരിക്കലും പങ്കുവയ്ക്കപ്പെടാത്ത, 'സ്വകാര്യ' ദു:ഖമായി നീറിപ്പിടിക്കുന്നു. തിരോധാനം എന്ന സാമൂഹ്യ ദുരന്തം കുടുംബത്തിന്റെ അകത്തളങ്ങളില്‍ മാത്രം കരഞ്ഞൊടുങ്ങുന്ന സ്വകാര്യ നഷ്ടത്തിന്റെ 'വിധി വൈപരീത്യത്തിന്റെ' കാഴ്ചകളായി പരിണമിക്കുന്നു. വ്യവസ്ഥിതിയുടെ ഇരകള്‍ എന്ന വസ്തുതയെ ഒഴിച്ചുനിര്‍ത്തുകയും പ്രേക്ഷകാനുഭാവം പിടിച്ചുപറ്റുവാന്‍ 'യഥാര്‍ത്ഥ സംഭവത്തിന്റെ' ചില സദൃശ്യങ്ങള്‍ പ്രയോജനപ്പെടുത്തുകയുമാണിവിടെ. ചരിത്രത്തെ കൂട്ടുപിടിക്കുമ്പോഴും ചരിത്രത്തിന്റെ ഭാരം ചലച്ചിത്രത്തിന് ഏറ്റെടുക്കാനാവുന്നില്ല. സാമൂഹ്യ രാഷ്ട്രീയ ചരിത്രവും അതിന്റെ സംഘര്‍ഷങ്ങളും അത് ഉന്നയിക്കുന്ന അനവധിപ്രശ്നങ്ങളും ഒഴിച്ചു നിര്‍ത്തിക്കൊണ്ടാണ് പിറവിയുടെ ആഖ്യാനം പുരോഗമിക്കുന്നത്. സൂക്ഷ്മതലങ്ങളില്‍ സിനിമ അതീവ സമര്‍ത്ഥമായി സെന്റിമെന്‍സിനെയും കാലദേശ ചരിത്രങ്ങളെയും പരസ്പരം തിരിച്ചറിയാത്ത ഏകകമാക്കിമാറ്റുന്നു. എവിടെയും എപ്പോഴും സംഭവിച്ചേക്കാവുന്ന ദുരന്തം എന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ടാണ് ചലച്ചിത്രകാരന്‍ ചരിത്രത്തിന്റെ ഭാരം ഇറക്കിവയ്ക്കുന്നത്.

 

......................................................

ചലച്ചിത്രം അധികാര സംവിധാനങ്ങളുടെ ക്രൂരതകളും വിശകലനങ്ങളും പ്രതിരോധങ്ങളും കണിശമായും ഒഴിച്ചു നിര്‍ത്തുന്നു. നിഷ്ഠൂരമായ ഒരു രാഷ്ട്രീയ സംഭവം മൃദുലമായ ഒരു വൈകാരിക അനുഭവമാക്കി മാറ്റുന്നു

 

''എന്റെ വായില്‍ ഉമിനീര്‍ നിറഞ്ഞു. കണ്ണുകള്‍ കാണാതായി. കാതില്‍ മുഴങ്ങുന്ന ചൂളംവിളി. ഒരു നിമിഷം, എഞ്ചിനിയര്‍ ബിരുദം നേടിയെത്തുന്ന എന്റെ മകനെ ഓര്‍ത്തു. എന്റെ പ്രതീക്ഷയുടെ സൂര്യന്‍. വെളിച്ചമണഞ്ഞു. അണഞ്ഞതല്ല; തല്ലിക്കെടുത്തിയതാണ്.'' (ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍, ഈച്ചരവാര്യര്‍) പ്രതീക്ഷയുടെ വെളിച്ചം നിലച്ചുപോയതല്ല, തല്ലിക്കെടുത്തിയതാണെന്ന് ആ പിതാവും ഈ സമൂഹവും അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം ഉറപ്പിക്കുന്നു. അടിയന്തിരാവസ്ഥക്കുശേഷമുള്ള കേരളത്തിന്റെ രാഷ്ട്രീയ നിലങ്ങളെ സംഭവ ബഹുലമാക്കിക്കൊണ്ട് രാജന്റെ തിരോധാനം ഉത്തരത്തിനുവേണ്ടി ഉന്നയിക്കപ്പെടുകയും ചെയ്യുന്നുണ്ട്. 'തിരോധാനം' ഒരു രാഷ്ട്രീയാനുഭവമായി സമൂഹം നേരിട്ടനുഭവിക്കുന്നത് രാജന്‍ സംഭവത്തിലൂടെയും മറ്റ് നിരവധി രാജന്‍മാരുടെ തിരോധാനത്തിലൂടെയുമാണ്. 

എന്നാല്‍ ചലച്ചിത്രം അധികാര സംവിധാനങ്ങളുടെ ക്രൂരതകളും വിശകലനങ്ങളും പ്രതിരോധങ്ങളും കണിശമായും ഒഴിച്ചു നിര്‍ത്തുന്നു. നിഷ്ഠൂരമായ ഒരു രാഷ്ട്രീയ സംഭവം മൃദുലമായ ഒരു വൈകാരിക അനുഭവമാക്കി മാറ്റുകയും ചെയ്യുന്നു. കേരള രാഷ്ട്രീയത്തില്‍ ഒരു വിപ്ലവ സന്ദര്‍ഭം എന്ന നിലയില്‍ നക്സലൈറ്റ് പ്രസ്ഥാനത്തിനുള്ള പ്രസക്തിയും പ്രാധാന്യവും ചലച്ചിത്രം സ്പര്‍ശിക്കുന്നതേയില്ല. ഏതൊരു കലാപ സന്ദര്‍ഭത്തെയുംപോലെ അത് പൊതു ഓര്‍മ്മയില്‍ അവശേഷിപ്പിച്ച ഐതിഹാസികമായ മുഹുര്‍ത്തങ്ങളെ മരവിച്ചനിമിഷങ്ങളുടെ കാഴ്ചകളാക്കി മാറ്റുകയാണ് പിറവിയുടെ ചലച്ചിത്രകാരന്‍.

'തിരോധാനം' എന്ന വാക്ക് രാഷ്ട്രീയമായ ഒരുപാട് ആശങ്കകള്‍ക്കു മുകളിലാണ്. അത് സാമൂഹ്യ ജീവിതത്തെ അങ്ങേയറ്റം അരക്ഷിതമാക്കുന്നു. തീവ്രമായ ഈ രഷ്ട്രീയാനുഭവത്തെ പിടിച്ചെടുക്കുന്ന ആഖ്യാനം എന്ന നിലയില്‍ സിനിമ മാറുന്നില്ല. സാമൂഹ്യമായ ഇടത്തില്‍നിന്നും അടര്‍ന്നുമാറി വ്യക്തിയുടെയും ബന്ധങ്ങളുടെയും സ്ഥലപരിധിക്കുള്ളിലാണ് 'തിരോധാനം' സ്ഥാനപ്പെടുന്നത്.

 

click me!