ഉടുപ്പുകളും പുസ്തകങ്ങളും നിറച്ച സഞ്ചികളുമായി ആരും കാണാതെ ഞാന്‍ ഗേറ്റിറങ്ങി...

By Web Team  |  First Published Aug 20, 2022, 5:35 PM IST

ഉപ്പയും ഉമ്മയും ഉച്ചയൂണും കഴിഞ്ഞ് ജോലിക്ക് പോയ സമയം. നല്ല ഉടുപ്പൊക്കെ ധരിച്ച് ബാഗില്‍ പുസ്തകങ്ങള്‍ കുത്തി നിറച്ച് കവറും എടുത്ത് 'നാട് ' വിടാനായി മുറ്റത്തേക്കിറങ്ങി-റോഷിന്‍ ഷാന്‍ കണ്ണൂര്‍ എഴുതുന്നു


എങ്ങോട്ട് നാട് വിടും...?  അതായി അടുത്ത ചിന്ത. ചിന്താവിഷ്ടയായി ഇരിക്കുന്ന എന്നിലേക്ക് അപ്പോഴാണ് സ്‌കൂളിനടുത്തുള്ള എന്റെ വീട്ടില്‍ നിന്നും അഞ്ചോ പത്തോ വീടുകള്‍ മാത്രമകലെയുള്ള കദീശുമ്മന്റെ ചിരിക്കുന്ന മുഖം ഓടിയെത്തിയത്.

 

Latest Videos

undefined

 

പുറത്തു തിമര്‍ത്തു പെയ്യുന്ന ഇടവപ്പാതി. കാറ്റിന്റെ വശ്യമായ ചുവടുകള്‍ക്കനുസൃതമായി ജനല്‍ പാളികള്‍ നൃത്തം ചെയ്യുന്നു. കാര്‍ ഷെഡിന്റെ മേല്‍ക്കൂരയില്‍ പതിപ്പിച്ച ആസ്ബറ്റോസ് ഷീറ്റുകളില്‍ മഴവെള്ളം തട്ടിത്തെറിച്ച് നല്ല ഈണത്തില്‍ ആര്‍ത്തു പെയ്യുന്ന മഴക്കൊപ്പം താളം ചവിട്ടുന്നു.

മുറ്റത്തു നട്ട അലങ്കാരച്ചെടികള്‍ക്ക് വെള്ളം നനയ്ക്കുന്ന പച്ച ടാപ്പ് പൊട്ടിയതിനെ ചൊല്ലി ഉമ്മ എന്നെ വഴക്കു പറയുന്നു. കയ്യിലിരുന്ന  പരുക്കന്‍ ചൂരല്‍  കാലുകളെ തലോടുമ്പോള്‍ കരച്ചിലടക്കാനാവാതെ ആ ആറു വയസ്സുകാരിയുടെ കണ്ണുനീര്‍ ഇടമുറിയാതെ പെയ്യുന്ന മഴക്കൊപ്പം ഭൂമിയെ ചുംബിച്ചു കൊണ്ടിരുന്നു.
ശകാരങ്ങളും അടിയും എല്ലാം കഴിഞ്ഞ് തളര്‍ന്ന് കിടന്നിരുന്ന എന്റെ കുഞ്ഞു മനസ്സിലേക്ക് അന്നാദ്യമായി 'നാടുവിടാം' എന്നൊരു ചിന്ത തലപൊക്കി.

തനിക്കേറ്റവുമിഷ്ടപ്പെട്ട പുത്തനുടുപ്പുകളും പുസ്തകങ്ങളും ഒരു പ്ലാസ്റ്റിക് കവറിലാക്കി. 

എങ്ങോട്ട് നാട് വിടും...? 

അതായി അടുത്ത ചിന്ത. ചിന്താവിഷ്ടയായി ഇരിക്കുന്ന എന്നിലേക്ക് അപ്പോഴാണ് സ്‌കൂളിനടുത്തുള്ള എന്റെ വീട്ടില്‍ നിന്നും അഞ്ചോ പത്തോ വീടുകള്‍ മാത്രമകലെയുള്ള കദീശുമ്മന്റെ ചിരിക്കുന്ന മുഖം ഓടിയെത്തിയത്.

അവര്‍ക്ക് അന്ന് ഏകദേശം 45 വയസ്സുണ്ടാവുമായിരിക്കും. ഭര്‍ത്താവില്ല, ഒരു മകന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അയാളാകട്ടെ വിദേശത്തും. കദീശുമ്മ നാട്ടുകാര്‍ക്കേറെ പ്രിയപ്പെട്ടവരും. മാത്രമല്ല എന്നെ വലിയ ഇഷ്ടവുമായിരുന്നു. ഇനി കൂടുതലൊന്നും ചിന്തിച്ച് സമയം കളയാനില്ല. എത്രയും പെട്ടെന്ന് 'നാട് വിടുക' തന്നെ. 

എടുത്തു വെച്ചിരുന്ന കവര്‍ ആരും കാണാതെ ഉമ്മറത്തെ തൂണിനു പിറകില്‍ ഒളിപ്പിച്ചു.

ഉപ്പയും ഉമ്മയും ഉച്ചയൂണും കഴിഞ്ഞ് ജോലിക്ക് പോയ സമയം. നല്ല ഉടുപ്പൊക്കെ ധരിച്ച് ബാഗില്‍ പുസ്തകങ്ങള്‍ കുത്തി നിറച്ച് കവറും എടുത്ത് 'നാട് ' വിടാനായി മുറ്റത്തേക്കിറങ്ങി. പൊടുന്നനെ ക്ഷണിക്കാത്ത അതിഥി കണക്കെ കാറ്റും മഴയും. തിരിച്ചു കയറി കുടയെടുത്തു. മുറ്റത്തു കാല് കുത്തിയപ്പോഴേക്കും വലിയ ശബ്ദത്തിന്റെ അകമ്പടിയോടെ ഇടിയും ഒപ്പം മിന്നലും. കല്ല് പതിപ്പിച്ച ചെറിയ ഇടവഴിയില്‍ നാലു ഇലക്ട്രിക്ക് പോസ്റ്റുകള്‍ ഉണ്ട്. മിന്നലടിക്കുമ്പോള്‍ പോസ്റ്റുകമ്പിയില്‍ കൂടി മിന്നായം പോലെ കറണ്ട് ഇറങ്ങി പോവുന്നത് നേരിട്ട് കാണാം. 

എന്തായാലും നാടുവിടാന്‍ പറ്റിയ സമയം ഇതല്ലെന്ന മനസ്സിന്റെ പിന്‍വിളി സ്വീകരിച്ച് ഉമ്മറക്കോലായിലെ നീണ്ടു നിവര്‍ന്നു കിടക്കുന്ന ചാരുകസേരയിലേക്ക് കയറിയിരുന്നു. കയ്യില്‍ കരുതിയ ബാഗ് തിരിച്ച് അകത്തു കൊണ്ട് വെച്ചു. വസ്ത്രങ്ങള്‍ കരുതിയ കവര്‍ വീണ്ടും യഥാസ്ഥാനത്ത് ഒളിപ്പിക്കാന്‍ മറന്നില്ല. മരം കോച്ചുന്ന തണുപ്പും നല്ല തെക്കന്‍ കാറ്റും ചാരുകസേരയില്‍ ചാരിയിരുന്ന് തന്നെ ഉറക്കത്തിലേക്ക് വീഴ്ത്തി. സുഖ നിദ്ര. മഗരിബ് ബാങ്കിന്റെ അലയൊലികള്‍ ഇരമ്പലായി കാതുകളെ പുണര്‍ന്നപ്പോള്‍ ഒരു ഞെട്ടലോടെ ഉറക്കം വെടിഞ്ഞെഴുന്നേറ്റു. 

'പടച്ചോനെ, സന്ധ്യയായല്ലോ. നാടു വിടണ്ടേ? ഇനിയിപ്പോ എങ്ങനാ...?'

ഒന്നു ഞെട്ടി. 

ഇരുട്ടുവീണ വഴികളിലൂടെ അസമയത്ത് കദീശുമ്മന്റെ വീടണയുന്നത് ഓര്‍ക്കാനാവില്ല. മരങ്ങളും ചെടികളുമെല്ലാം ഇടതൂര്‍ന്നു വളരുന്നത് കൊണ്ട് തന്നെ ഇഴജന്തുക്കള്‍ക്ക് ക്ഷാമമില്ല. വല്ല പാമ്പോ മറ്റോ ഒന്നു മണപ്പിച്ചാ പോരെ, തീര്‍ന്നില്ലേ! ഓര്‍ക്കുമ്പോള്‍ തന്നെ ഭയം ഇരട്ടിച്ചു. 

എങ്കിലും മനസ്സ് പതിയെ മന്ത്രിച്ചു. 'സാരമില്ല, എടുത്ത തീരുമാനത്തില്‍ നിന്നും പിന്തിരിയുന്നത് ശരിയല്ല. അല്ലെങ്കിലും ഒട്ടും സ്‌നേഹമില്ലാത്തത് കൊണ്ടല്ലേ എന്നെ തല്ലിയത്? വഴക്കു പറഞ്ഞത്?'-ചിന്തകള്‍ ഊറിക്കൂടിക്കൊണ്ടിരുന്നു. കാറ്റും മഴയുമെല്ലാം ശമിച്ച് ശാന്തമായിരുന്നു. അകലെ നിന്നും വരുന്ന ബൈക്കിന്റെ ശബ്ദം മുന്നിലെത്തി വിരാമമിട്ടു. ഉപ്പയും ഉമ്മയും. 

ഉമ്മ വന്നപാടെ എന്റെ കൈകളിലേക്ക് രണ്ടു പലഹാര പൊതികള്‍ വെച്ച് തന്നു. ഏറെ ഇഷ്ടമുള്ള പച്ച പട്ടാണി വറുത്തതും മസാലക്കടലയും. അത് കണ്ടപാടെ 'ഇതൊക്കെ കഴിച്ച ശേഷം നാളെ നാടുവിടാം' എന്ന് തീരുമാനിച്ചു. അന്നു രാത്രി ഉപ്പാക്കും ഉമ്മക്കുമൊപ്പമാണ് കിടന്നുറങ്ങിയത്. 

അവരുടെ സ്‌നേഹ വാത്സല്യം മനസ്സിലാക്കിയതോടെ 'നാടുവിടല്‍' എന്ന ചിന്ത മനസ്സില്‍ തന്നെ കുഴികുത്തി മൂടി. രണ്ടു പേരെയും കെട്ടിപ്പിടിച്ചു സുഖമായുറങ്ങി. 

അതിരാവിലെ ഉമ്മ മുറ്റം തൂക്കുന്നതിനിടയില്‍ ഒരു കവര്‍ കിട്ടി. നാടുവിടാന്‍ വേണ്ടി ഒരുക്കി വെച്ചിരുന്ന ഉരുപ്പടികള്‍ നിറച്ചവ. മസാലക്കടല കഴിക്കുന്നതിനിടയില്‍ അതെടുത്തു മാറ്റി വെക്കാന്‍ മറന്നു പോയിരുന്നു. 

വസ്ത്രങ്ങളും പാത്രങ്ങളുമൊക്കെ വില്‍ക്കാന്‍ ഒരു പാട് അന്യനാട്ടുകാര്‍ വീടുകള്‍ തോറും വന്നു പോവുന്നത് കൊണ്ട് അവരാരെങ്കിലും മോഷ്ടിച്ച് വെച്ചതാവുമെന്നു കരുതി ഉമ്മ  അതെടുത്ത് ഭദ്രമായി അലമാരയില്‍ കൊണ്ട് വെച്ചു. അതോടെ 'നാട് വിടല്‍' എന്ന ചിന്തക്ക് പൂര്‍ണമായി വിരാമമിട്ടു.
 

click me!