ഇനി പത്താം നാൾ തിരുവോണം, ഐതിഹ്യങ്ങളിലെ ഓണം ഇങ്ങനെ

By Web Team  |  First Published Aug 30, 2022, 2:32 PM IST

ഓണവുമായി ബന്ധപ്പെട്ട പ്രധാന ഐതിഹ്യം മഹാബലിയുടേത് തന്നെയാണ്. അസുരരാജാവായിരുന്ന പ്രഹ്ലാദന്റെ പേരക്കുട്ടി ആയിരുന്നു മഹാബലി. ദേവൻമാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ ഭരണകാലം. മഹാബലിയുടെ ഐശ്വര്യത്തിൽ അസൂയാലുക്കളായ ദേവൻമാർ മഹാവിഷ്ണുവിന്റെ സഹായം തേടി.


അത്തം പിറന്നു. ഇനി പത്താം നാൾ തിരുവോണം. മഹാബലിയെ വരവേൽക്കാൻ വീടും നാടും ഒരുങ്ങിത്തുടങ്ങി. ഇനി തിരക്കോട് തിരക്കാണ്. തൊടിയിൽ പൂവിറക്കാൻ പോകണം. മുറ്റത്ത് പൂക്കളമിടണം. ഇടയിൽ പൂവിളി പാട്ടുകൾ പാടണം. ഓണക്കളികളുടെ ലഹരിയിൽ ആറാടണം. ചേലോടെ ഓണപ്പുടവ അണിയണം. ഒടുവിൽ വയറുപൊട്ടുവോളം ഓണസദ്യയുണ്ണണ്ണം. ഓണത്തോളം മലയാളി ഇഷ്ടപ്പെടുന്ന ആസ്വദിക്കുന്ന മറ്റൊരു ആഘോഷമില്ല. മഹാമാരിയും പ്രകൃതി ദുരന്തങ്ങളുമൊക്കെ നിറം കെടുത്തി കളഞ്ഞ ചില ഓണക്കാലങ്ങൾക്ക് ശേഷമാണ് നിബന്ധനകളും നിയന്ത്രണങ്ങളുമില്ലാത്ത ഒരു ഓണക്കാലം വീണ്ടുമെത്തുന്നത്. അതുകൊണ്ട് പോയവർഷങ്ങളുടെ നഷ്ടങ്ങൾ മറന്ന്, കണ്ണീരോർമ്മകൾ മാറ്റിവെച്ച് ഈ ഓണക്കാലം നമുക്ക് ആഘോഷമാക്കാം. ആ ആഘോഷങ്ങളുടെ മാറ്റുകൂട്ടാൻ നമുക്കൊരു ഓണയാത്ര നടത്തിയാലോ...മഹാബലി തമ്പുരാനിലേക്ക്...പിന്നെ ഐതിഹ്യങ്ങളും ശീലുകളുമൊക്കെ നിറഞ്ഞ ഓണചരിത്രത്തിലേക്ക്.

Latest Videos

undefined

 

പേര് വന്ന വഴി

കേരളത്തിലെ പ്രധാനകൃഷി പണ്ട് കുരുമുളക് ആയിരുന്നു. എന്നാൽ ഇടവമാസം മുതൽ കർക്കിടക മാസം അവസാനിക്കുന്നത് വരെ കൃഷി നിർത്തിവെക്കുമായിരുന്നു. കാരണം ഇത് മഴയുടെ സമയമാണ്, ഈ സമയത്ത് കുരുമുളക് നശിച്ചുപോകാനുള്ള സാധ്യത കൂടുതലായതിനാലും കടൽമാർഗം ഉള്ള ചരക്ക് വ്യാപാരം ദുഷ്കരമായതിനാലും ആയിരുന്നു ഇത്. പിന്നീട് വ്യാപാരം ആരംഭിക്കുന്നത് ചിങ്ങമാസാരംഭത്തോടെയാണ്. ഈ സമയത്ത് കപ്പലുകൾ വ്യാപരത്തിനായി വരുന്നത് പ്രതിഫലമായി പൊന്ന് കൊണ്ടാണ്. പിന്നെ പറയണ്ടല്ലോ, ചിങ്ങമാസം സമൃദ്ധമായിരിക്കും അതുകൊണ്ടാണ് ചിങ്ങമാസത്തെ പൊന്നിൻ ചിങ്ങമാസം എന്ന് പറയുന്നത്.

ശ്രാവണ മാസത്തിലെ തിരുവോണ നാളിൽ ആണ്  വാണിജ്യം പുനരാരംഭിക്കുന്നത്. ശ്രാവണത്തിന്റെ പാലിയാണ് സാവണം. അത് ചെറുതായി ആവണം എന്നും പിന്നീട് ഓണം എന്നും ഉള്ള രൂപം സ്വീകരിച്ചു എന്നൊരു ചരിത്രം പറയുന്നു. പൊന്നുകിട്ടുന്ന നാളുകൾ ആയതുകൊണ്ട് അത് പൊന്നോണം ആയി.

ഐതിഹ്യങ്ങളുടെ ഓണം

ഓണവുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളാണ് നിലനിൽക്കുന്നത്. മഹാബലി, പരശുരാമൻ, ശ്രീബുദ്ധൻ, ചേരമൻ പെരുമാൾ, സമുദ്രഗുപ്തൻ എന്നിവരെയെല്ലാ ചുറ്റിപ്പറ്റി ഓണ ഐതിഹ്യങ്ങൾ ഉണ്ട്.

ഓണവുമായി ബന്ധപ്പെട്ട പ്രധാന ഐതിഹ്യം മഹാബലിയുടേത് തന്നെയാണ്. അസുരരാജാവായിരുന്ന പ്രഹ്ലാദന്റെ പേരക്കുട്ടി ആയിരുന്നു മഹാബലി. ദേവൻമാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ ഭരണകാലം. മഹാബലിയുടെ ഐശ്വര്യത്തിൽ അസൂയാലുക്കളായ ദേവൻമാർ മഹാവിഷ്ണുവിന്റെ സഹായം തേടി. അങ്ങനെ വാമനനായി അവതാരമെടുത്ത മഹാവിഷ്ണു മഹാബലിയ്ക്ക് അരികിലെത്തി ഭിക്ഷയായി മൂന്നടി മണ്ണ് ആവശ്യപ്പെട്ടു. മഹാബലി മൂന്നടി മണ്ണ് അളന്നെടുക്കാൻ വാമനന് അനുവാദം നൽകി. ഉടനെ ഭീമാകാരനായി വളർന്ന വാമനൻ തന്റെ കാൽപ്പാദം അളവുകോലാക്കി. ആദ്യത്തെ രണ്ടടിക്കു തന്നെ സ്വർഗ്ഗവും ഭൂമിയും പാതാളവും വാമനൻ അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോൾ മഹാബലി തന്റെ ശിരസ്സ് കാണിച്ചുകൊടുത്തു. വാമനൻ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി. കൂട്ടത്തിൽ ഒരു അനുവാദവും മഹാബലിയ്ക്ക് വാമനൻ നൽകി.വർഷത്തിലൊരിക്കൽ  അതായത് ചിങ്ങമാസത്തിലെ തിരുവോണനാളിൽ തന്റെ പ്രജകളെ കാണാൻ ഭൂമിയിലേക്ക് വരാം. അങ്ങനെ ഓരോ വർഷവും തിരുവോണ നാളിൽ മഹാബലി തന്റെ പ്രജകളെ അദൃശ്യനായി സന്ദർശിക്കാൻ വരുന്നു എന്നാണ് ഓണത്തെക്കുറിച്ച് പൊതുവിൽ എല്ലാവർക്കും സ്വീകാര്യമായ വിശ്വാസം.

 

തീർന്നില്ല വേറെയുമുണ്ട് കഥകൾ.

ബ്രാഹ്മണരുമായി പിണങ്ങിയ പരശുരാമനോട് ബ്രാഹ്മണർ മാപ്പ് അപേക്ഷിക്കുന്നു. മാപ്പ് സ്വീകരിച്ച പരശുരാമൻ വർഷത്തിലൊരിക്കൽ തൃക്കാക്കരയിൽ അവതരിക്കാമെന്ന് വാഗ്ദാനം ചെയ്തുവത്രെ. ഈ ദിവസം ആണ് ഓണമെന്നും സങ്കൽപ്പമുണ്ട്.

ശ്രാവണമാസത്തിലെ തിരുവോണനാളിലാണ് സിദ്ധാർത്ഥ രാജകുമാരൻ ബോധോദയത്തിന് ശേഷം ശ്രവണപദത്തിലേക്ക് പ്രവേശിച്ചത് എന്നാണ് ബുദ്ധമതാനുയായികൾ വിശ്വസിക്കുന്നത്. ബുദ്ധമതത്തിന് ആധിപത്യമുണ്ടായിരുന്ന അന്നത്തെ കേരളം ഇത് ആഘോഷപൂർവ്വം അനുസ്മരിക്കുന്നതാണ് ഓണമെന്നാണ് മറ്റൊരു വിശ്വാസം.

വേറൊന്ന് ചേരമൻ‍ പെരുമാളുമായി ബന്ധപ്പെട്ടാണ്. പെരുമാൾ ഇസ്ലാംമതം സ്വീകരിച്ച് മക്കത്തു പോയത് ചിങ്ങമാസത്തിലെ തിരുവോണ നാളിലായിരുന്നുവെന്നും ഈ തീർത്ഥാടനത്തെ ആഘോഷപൂർവ്വം അനുസ്മരിപ്പിക്കുന്നതാണ് ഓണാഘോഷമെന്നും ഒരു വാദം ഉണ്ട്.

ഓണം നടപ്പാക്കിയത് തൃക്കാക്കര ഭരിച്ചിരുന്ന മന്ഥ രാജാവ് ആണ് എന്ന് മറ്റൊരു കഥയുമുണ്ട്. ഒരു യുദ്ധത്തിൽ അന്ന് വിജയവരിച്ചതിന്റെ ഓർമയ്ക്കായി രാഷ്ട്രീയോത്സവമായി ഓണം ആഘോഷിക്കാൻ രാജാവ് വിളംബരം പുറപ്പെടുവിക്കുകയായിരുന്നുവത്രേ.

click me!