National Sceince Day 2022: ധനാഗമയന്ത്രം വലംപിരിശംഖ്, കാന്തച്ചെരിപ്പ്; മാറണം മലയാളി!

By Web Team  |  First Published Feb 28, 2022, 4:47 PM IST

ചരിത്ര വസ്തുതകള്‍ പരിശോധിച്ചാല്‍ മതവും തത്വശാസ്ത്രവും തമ്മില്‍ ആദിമകാലം മുതല്‍ തന്നെ ആശയപരമായ സംഘട്ടനം നിലനിന്നിരുന്നതായി കാണാം. ശാസ്ത്രത്തിന്റെ വളര്‍ച്ചയും ഉയര്‍ച്ചയും അതാതു കാലഘട്ടങ്ങളിലെ പ്രബലമതങ്ങളില്‍ അസ്വാരസ്യമുണ്ടാക്കിയെന്നതും ചരിത്രയാഥാര്‍ത്ഥ്യമാണ്.


ലോക ശാസ്ത്രദിനം ആചരിയ്ക്കുന്നത് നവംബര്‍ 10 -ന് ആണെങ്കിലും വര്‍ഷാവര്‍ഷങ്ങളില്‍ ഫെബ്രുവരി 28-ന് അഖിലേന്ത്യാ തലത്തില്‍ ദേശീയ ശാസ്ത്രദിനമായി ആചരിക്കുന്ന പതിവ് നമ്മുടെ രാജ്യത്തുണ്ട്. നമ്മുടെ രാജ്യത്തിന് ജന്‍മംകൊണ്ടും കണ്ടെത്തലുകള്‍ കൊണ്ടും ഖ്യാതി നല്‍കിയ ഭൗതിക ശാസ്ത്രജ്ഞന്‍ ഡോ. സിവി. രാമന്‍, രാമന്‍ എഫക്ട് കണ്ടെത്തിയതിന്റെ (1928 ഫെബ്രുവരി 28) ഓര്‍മ്മയ്ക്കാണ് ഈ ദിവസം തെരഞ്ഞെടുത്തത്. 

ഇത്തരമൊരു നിര്‍ദ്ദേശം രൂപപ്പെടുന്നത് 1986ല്‍, ദേശീയ ശാസ്ത്ര സാങ്കേതിക വിവര വിനിമയ സമിതിയിലാണ് (NCSTC). ഇതിന്റെ സാംഗത്യം തിരിച്ചറിഞ്ഞ് 1987 മുതല്‍ ഫെബ്രുവരി 28-ന് ദേശീയ ശാസ്ത്ര ദിനമായി രാജ്യമൊട്ടാകെ കൊണ്ടാടുന്നു. ഓരോ വര്‍ഷവും പ്രാമുഖ്യം കൊടുക്കേണ്ട ഏതെങ്കിലും പ്രത്യേക വിഷയം കേന്ദ്രീകരിച്ചായിരിക്കും ശാസ്ത്ര ദിന പരിപാടികള്‍, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് (DST) ആസൂത്രണം ചെയ്യുക. 2022 ദേശീയശാസ്ത്ര ദിനത്തിന്റെ വിഷയമായി തെരഞ്ഞെടുത്തിരിക്കുന്നത്, integrated approach in science and technology for a sustainable future'   -'ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും സമഗ്ര സമീപനത്തിലൂടെയുള്ള സുസ്ഥിര വികസനം' എന്നതാണ്. 

Latest Videos

undefined

 

 

രാമന്‍ പ്രഭാവം ഉണ്ടായത് എങ്ങനെ?

നമ്മുടെ രാജ്യത്തിന്റെ യശസ്സ് ആഗോളതലത്തിലേയ്ക്കുയര്‍ത്തിയ ഒന്നായിരുന്നു, രാമന്‍ പ്രഭാവം. ലണ്ടനിലേക്കുളള ഡോ. സി.വി.രാമന്റെ കപ്പല്‍ യാത്രയില്‍ കടലിലെ അസാധാരണ കാഴ്ചകള്‍ ആസ്വദിക്കുന്നതിനിടെ തോന്നിയ ചെറിയ ആകര്‍ഷണമായിരുന്നു ആ വലിയ കണ്ടുപിടുത്തത്തിനു നിമിത്തമായത്. ആ ആകര്‍ഷണം പിന്നീട് അദ്ദേഹത്തിന്റെ ചിന്തകളെ അലോസരപ്പെടുത്തുന്ന ഒരു സംശയമായി മാറി. 

കടല്‍ വെളളത്തിന് നീല നിറമായതെങ്ങനെ എന്ന സ്വാഭാവിക സംശയമാണ്, പിന്നീട് ഗവേഷണങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും ഒടുവില്‍ രാജ്യത്തിന്റെ തന്നെ അഭിമാനമായ കണ്ടുപിടുത്തത്തിലേക്ക് അദ്ദേഹത്തെ വഴിതെളിച്ചത്. ഈ സംശയത്തിന്റെ ആധികാരികമായ ഉത്തരമായിരുന്നു, രാമന്‍ പ്രഭാവം. വെളളത്തിന് നീലനിറം ലഭ്യമാകുന്നത്, ആകാശത്തിന്റെ പ്രതിഫലനത്തിലൂടെയാകാനിടയില്ലെന്നും പ്രകാശത്തിന് രൂപപരിണാമം സംഭവിക്കുന്നതാണെന്നും അദ്ദേഹം സംശയിച്ചു. നാട്ടില്‍ തിരിച്ചെത്തിയ ശേഷമുളള അദ്ദേഹത്തിന്റെ നാളുകള്‍ ഈ പ്രതിഭാസത്തിന്റെ കാരണം കണ്ടെത്താനുളള ശ്രമങ്ങള്‍ക്കായിരുന്നു. ഒന്നും രണ്ടും വര്‍ഷമല്ല; നീണ്ട ആറു വര്‍ഷമാണ് ഈ ചിന്തയെ മനനം ചെയ്യാനും പരീക്ഷണ നിരീക്ഷണങ്ങള്‍ക്കും അദ്ദേഹം ചെലവിട്ടത്. 

ആറുവര്‍ഷത്തെ അദ്ദേഹത്തിന്റെ തുടര്‍ച്ചയായ അധ്വാനം പുതിയൊരു പ്രതിഭാസത്തിന്റെ നിര്‍വ്വചനത്തിലേക്ക് അദ്ദേഹത്തെ നയിക്കുകയായിരുന്നു. സമുദ്ര ജലത്തിന്റെ തന്മത്രകള്‍ സൂര്യപ്രകാശത്തെ വ്യത്യസ്തനിറങ്ങളില്‍ പ്രസരിപ്പിക്കും. സൂര്യപ്രകാശത്തില്‍ നിന്ന് പ്രസരിക്കുന്ന ഈ വ്യത്യസ്ത നിറങ്ങള്‍ക്ക് വ്യത്യസ്ത തരംഗ ദൈര്‍ഘ്യമായതിനാല്‍ തരംഗദൈര്‍ഘ്യം കുറവുളള നീലനിറം കടല്‍ വെളളത്തിന് മുകളില് ചിതറുന്നതുമൂലമാണ് കടല്‍ വെള്ളത്തിന് നീലനിറം ലഭിക്കുന്നത്. സുതാര്യമായ ദ്രാവക മാധ്യമത്തില്‍ കൂടെ കടന്നുപോകുന്ന പ്രകാശരശ്മികള്‍ പ്രകീര്‍ണനം വഴി പുറത്തെത്തുമ്പോര്‍ വ്യത്യസ്ത വര്‍ണങ്ങളായി മാറുന്നതാകാമെന്ന സംശയം അദ്ദേഹം ശാസ്ത്രീയമായി തെളിയിച്ചു. പ്രകാശം കടന്നുപോകുന്ന മാധ്യമത്തിലെ തന്മാത്രകള്‍്, പ്രകാശകണങ്ങളായ ഫോട്ടോണുകള്‍ക്ക് വിസരണമുണ്ടാക്കുന്നതാണ് രാമന്‍ പ്രഭാവത്തിന് കാരണം. 1928 ലാണ് കടലിന് നീലനിറമുണ്ടാകുന്നതിന് പിന്നിലെ ഈ ശാസ്ത്രീയകാരണം സി വി രാമന്‍ ശാസ്ത്രീയമായി തെളിയിച്ചത്.

ശാസ്ത്രവും വിശ്വാസവും തമ്മിലെന്ത്?

ലണ്ടനിലെ റോയല്‍ സൊസൈറ്റിയുടെ പ്രവേശന കവാടത്തില്‍ ലാറ്റിന്‍ ഭാഷയില്‍ ഇപ്രകാരം എഴുതിവച്ചിട്ടുണ്ടത്രെ -`Nullius in Verba -ആരുടെയും വാക്കിന്റെ ബലത്തിലല്ല 'എന്നര്‍ത്ഥം. വാക്കുകള്‍ക്കപ്പുറം ശാസ്ത്ര പ്രതിഭാസങ്ങളും പ്രക്രിയകളും നിര്‍വ്വചനങ്ങളും വ്യാഖ്യാനങ്ങളും സൃഷ്ടിക്കുന്ന ഒരു ലോകത്ത് മതവും വിശ്വാസവും തീര്‍ക്കുന്ന ആത്മീയതയ്ക്ക് വലിയ പ്രസക്തിയില്ലെന്ന് തോന്നിയേക്കാം. പ്രശസ്ത ശാസ്ത്ര പ്രചാരകനും അമേരിക്കന്‍ ശാസ്ത്രജ്ഞനുമായിരുന്ന  കാള്‍ എഡ്വേര്‍ഡ് സാഗന്റെ വാക്കുകളില്‍, 'ശാസ്ത്രം ആത്മീയതയുമായി ഒത്തുപോകും എന്നു മാത്രമല്ല, അത് ആത്മീയതയുടെ ഒരു മഹനീയ സ്രോതസ്സുമാണ്. പ്രകാശവര്‍ഷങ്ങളുടെ അഗാധതയിലും കാലത്തിന്റെ അപാരതയിലും നമ്മുടെ യഥാര്‍ത്ഥമായ സ്ഥാനം നാം തിരിച്ചറിയുമ്പോള്‍, ജീവന്റെ മൃദുലമനോഹര സൗന്ദര്യവും നിഗൂഢതയും ഉള്‍ക്കൊള്ളുമ്പോള്‍, നമ്മുടെ ഉള്ളിന്റെ ഉള്ളിലുറഞ്ഞുകൂടുന്ന ഔന്നത്യവും വിനയമത്രയും കലര്‍ന്ന ആനന്ദാനുഭൂതിയുണ്ടല്ലോ, തീര്‍ച്ചയായും അത് ആത്മീയം തന്നെയാണ്. അതുപോലെ തന്നെയാണ്, മഹത്തായ കലയോ സംഗീതമോ സാഹിത്യമോ നമ്മില്‍ ഉയര്‍ത്തുന്ന വികാരവിശേഷവും. അല്ലെങ്കില്‍ ഗാന്ധിജിയുടെയോ മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെയോ പോലെ അപൂര്‍വ്വമായ നിസ്വാര്‍ത്ഥ സേവനത്തിന്റെയും ധീരതയുടെയും നിസ്തുലമാതൃകകള്‍ നമ്മിലുയര്‍ത്തുന്ന അത്ഭുതാദരങ്ങളും. ശാസ്ത്രവും ആത്മീയതയും പരസ്പര നിഷേധങ്ങളാണ് എന്ന വാദം രണ്ടിനും ദോഷമേ ചെയ്യൂ.

മതവിശ്വാസത്തോടൊപ്പം മാനവികത കൂടി ചേരുമ്പോള്‍ യഥാര്‍ത്ഥ മനുഷ്യന്‍ പിറവിയെടുക്കുന്നു. മതങ്ങളും അതു തീര്‍ക്കുന്ന മതസംഹിതകള്‍ക്കുമൊപ്പം മാനവികത കൂടി ചേരുമ്പോഴാണ് യഥാര്‍ത്ഥ മനുഷ്യരും മനുഷ്യ സ്‌നേഹികളുമുണ്ടാകുക. ഭൂരിപക്ഷം മതങ്ങളും അതിന്റെ ഉദ്‌ബോധനങ്ങളും ഒരാളെ നല്ല മനുഷ്യനാക്കാന്‍ പ്രാപ്തനാക്കുമെന്നതു തന്നെയാണ് സത്യം. അതുപോലെ തന്നെ എതൊരാള്‍ക്കും അദ്ദേഹത്തിന്റെ തത്വസംഹിതകളെ പൊതു സമൂഹത്തില്‍ ഉദ്‌ബോധിപ്പിക്കാനുള്ള അവകാശം നമ്മുടെ ഇന്ത്യന്‍ ഭരണഘടന ഉറപ്പും തരുന്നുണ്ട്. ഈശ്വരവിശ്വാസിയും ഒപ്പം ആത്മീയ നേതൃത്വവും നല്ലവരാകണം എന്നതു സമൂഹം അവരില്‍ നിന്നാഗ്രഹിക്കുന്ന കാവ്യനീതി തന്നെയാണ്. അതുകൊണ്ടുതന്നെയാണ് അവരില്‍ നിന്നുണ്ടാകുന്ന ചെറിയ തെറ്റുകള്‍ പോലും സമൂഹമധ്യത്തില്‍ വ്യാപകമായി തന്നെ വിമര്‍ശന വിധേയമാകുന്നത്. വിശ്വാസി നല്ലവനാകണമെന്ന മുന്‍ വിധി പൊതു സമൂഹത്തിനുള്ളതുപോലെ തന്നെ, നല്ലവനായ ഒരാള്‍ ഈശ്വരവിശ്വാസിയാകണമെന്ന് നിര്‍ബന്ധമില്ല. അവിടെയാണ് മാനവികതയുടെയുടെയും സഹിഷ്ണുതയുടേയും പ്രസക്തി.

ചരിത്ര വസ്തുതകള്‍ പരിശോധിച്ചാല്‍ മതവും തത്വശാസ്ത്രവും തമ്മില്‍ ആദിമകാലം മുതല്‍ തന്നെ ആശയപരമായ സംഘട്ടനം നിലനിന്നിരുന്നതായി കാണാം. ശാസ്ത്രത്തിന്റെ വളര്‍ച്ചയും ഉയര്‍ച്ചയും അതാതു കാലഘട്ടങ്ങളിലെ പ്രബലമതങ്ങളില്‍ അസ്വാരസ്യമുണ്ടാക്കിയെന്നതും ചരിത്രയാഥാര്‍ത്ഥ്യമാണ്. ശാസ്ത്ര സത്യങ്ങളുടെ പല വെളിപ്പെടുത്തലുകളും കാലങ്ങളായുള്ള മതങ്ങളുടെ ചിന്താധാരകളിലും അവയുടെ പഠനങ്ങളിലും കാലികമായ പൊളിച്ചെഴുത്തുകള്‍ ആവശ്യമായി വന്നപ്പോള്‍, അവര്‍ ആദ്യം മുഖം തിരിച്ചെങ്കിലും പിന്നീട് ശാസ്ത്ര സത്യങ്ങളെ ഉള്‍ക്കൊണ്ടുള്ള ഒരു സമീപന രീതി തന്നെയാണവയില്‍ ഭൂരിപക്ഷവും സ്വീകരിച്ചത്. അതിനെ ഉള്‍ക്കൊള്ളാനും പ്രായോഗികമാക്കാനും  ഉള്ള ക്രിയാശേഷി പ്രകടിപ്പിച്ചവയൊക്കെ കാലഘട്ടത്തെ അതിജീവിച്ചത് നാം കണ്ടതുമാണ്. 

 

 

മതവും ശാസ്ത്രവും ഒന്നിച്ചുപോവുമോ? 

പ്രപഞ്ചരഹസ്യങ്ങള്‍ അനാവരണം ചെയ്യാന്‍ ഏറ്റവും നല്ല വഴി ശാസ്ത്രത്തിന്റേതാണ് എന്ന് ഒരു പക്ഷം നിര്‍വ്വചിക്കുമ്പോള്‍, ജീവിക്കാന്‍ ശാസ്ത്രം മതി എന്നോ, എല്ലാ ജീവിതപ്രശ്‌നങ്ങള്‍ക്കും ശാസ്ത്രീയമായ പരിഹാരമുണ്ടെന്നോ അര്‍ത്ഥമാക്കുന്നില്ല. നേരില്‍ കാണുന്നതും ഊഹാപോഹങ്ങളില്‍ അടിസ്ഥാനമാക്കിയുമുള്ള പ്രതിഭാസങ്ങളെ ശ്രദ്ധാപൂര്‍വം  നിരീക്ഷിക്കുകയും സത്യസന്ധമായി വിലയിരുത്തുകയും ചെയ്യണം. അവിടെ ജാതി-മത-ചിന്തകള്‍ക്കോ സമൂഹത്തില്‍ നാം പിന്തുടരുന്ന സംസ്‌കാരിക മൂല്യങ്ങള്‍ക്കോ വലിയ പ്രസക്തിയുണ്ടാകണമെന്നില്ല. കാരണം അവിടെ പ്രാമുഖ്യം ലഭിക്കേണ്ടത്, ശാസ്ത്രീയ ചിന്തകള്‍ക്കു തന്നെയാണ്.

ശാസ്ത്രവും മതവും പരസ്പരം യോജിച്ചുപോകുന്ന രണ്ടു വഴികളല്ലെങ്കിലും പരസ്പര ധാരണയിലും സഹകരണത്തിലും പുതിയവയുടെയും കണ്ടുപിടുത്തങ്ങളുടെയും പിറവിയിലും ഒരു വഴി പുല്‍കുകയാണുചിതം. അതു തന്നെയാണ് കാള്‍ സാഗന്‍ വിവക്ഷിക്കുന്നതും. മിക്കപ്പോഴും മതമെന്നു വിവക്ഷിക്കുന്നത് മനുഷ്യന്റെ വിശ്വാസങ്ങളിലും ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും മാത്രം അധിഷ്ഠിതമായ ഒരു തത്വസംഹിതയെയാണ്. അതാകട്ടെ ഓരോ വിഭാഗങ്ങളിലും വ്യത്യസ്തവും വ്യതിരിക്തവുമാണ്. നേരെ മറിച്ച്  ശാസ്ത്രത്തെ സഗൗരവം നിരീക്ഷിച്ചാല്‍, അത് നിരന്തരവും സക്രിയവുമായ അന്വേഷണ പ്രക്രിയയാണെന്നു ബോധ്യപ്പെടും. 

ഒരു വ്യക്തിയുടെയോ സമൂഹത്തിന്റേ കേവല വിശ്വാസത്തിലോ അനുഭവത്തിലോ മാത്രം അധിഷ്ഠിതമല്ല അതിന്റെ സാമാന്യവല്‍ക്കരണങ്ങള്‍. ആര്‍ക്ക്, എന്ത് അനുഭവങ്ങള്‍ ഉണ്ടായാലും, അതിന്റെ പിന്നിലെ കാര്യകാരണം അന്വേഷിച്ച് യുക്തിഭദ്രവും ശാശ്വതവുമായ നിഗമനത്തിലും ശാസ്ത്രീയമായ സാമാന്യവല്‍ക്കരണത്തിലുമെത്തുന്നതുവരെ ഒരു കണ്ടെത്തലും ശാസ്ത്രത്തില്‍ അംഗീകരിക്കപ്പെടുന്നുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. നിരന്തരമായ പരീക്ഷണ-നിരീക്ഷണങ്ങള്‍ക്കൊടുവില്‍ സാമാന്യവല്‍ക്കരിക്കപ്പെടുന്നന ശാസ്ത്ര തത്വങ്ങള്‍, അബദ്ധജടിലമാകുന്നതിനുള്ള സാധ്യത തന്നെ വിരളമാാണെന്നു ചുരുക്കം.


സിവി രാമന്‍ കടല്‍ കടന്നില്ലെങ്കില്‍...!

അറിവിന്റെ ചക്രവാളങ്ങള്‍ ഭേദിക്കാന്‍ സി.വി രാമന്‍ എന്ന ശാസ്ത്രജ്ഞന്‍ ഉണ്ടായതുകൊണ്ടാണ് കടല്‍ നീലനിറത്തില്‍ കാണപ്പെടുന്നതിന്റെ രഹസ്യം നാം അറിഞ്ഞത്. 'കടല്‍ കടക്കാന്‍ പാടില്ലെന്ന, അങ്ങിനെയുണ്ടായാല്‍ കുടുംബത്തില്‍ അനിഷ്ടം സംഭവിക്കുമെന്ന' അന്നത്തെ മതനിയമത്തെ അടക്കിപൊളിച്ച് കപ്പലിന്റെ മുകള്‍ത്തട്ടില്‌നിന്ന് ആകാശത്തേയും സമുദ്രത്തേയും നിരീക്ഷണ വിധേയമാക്കിയാണ് സി.വി രാമന് പ്രസ്തുത ഉത്തരത്തിന്റെ കാര്യകാരണങ്ങളിലേക്കെത്തിയത്. അങ്ങിനെയാണ് രാമന്‍ പ്രഭാവം നിര്‍വചിക്കപ്പെട്ടതും. ഏതെങ്കിലും ഒരു പ്രത്യേക നിറത്തിലുള്ള ഏകവര്‍ണ കിരണങ്ങളെ സുതാര്യമായ പദാര്‍ത്ഥങ്ങളില്‍ കൂടി കടത്തിവിട്ടാല്‍ പ്രകീര്‍ണ്ണനം  മൂലം ആ നിറത്തില്‍ നിന്നും വിഭിന്നമായ നിറത്തോടുകൂടിയ രശ്മികള്‍ ഉണ്ടാകുന്നു. ഈ പ്രകീര്‍ണ്ണനം മൂലമുണ്ടാകുന്ന പുതിയ പ്രകാശരശ്മിയെ ഒരു പ്രിസത്തില്‍ കൂടി കടത്തിവിട്ടാല്‍ വര്‍ണരാജിയില്‍ പുതിയ ചില രേഖകള്‍ കാണുന്നു. ഈ പുതിയ രേഖകളെ രാമന്‍ രേഖകള്‍ എന്നും ഈ വര്‍ണരാജിയെ രാമന്‍ വര്‍ണരാജി (രാമന്‍ സ്‌പെക്ട്രം) എന്നും പറയുന്നു. 1928-ല്‍ ഇങ്ങനെയുള്ള ഒരു നിഗമനത്തിലെത്തുന്നതു വരെ കടലിന്റെ നീല നിറത്തിനു പുറകിലെ കാരണം ദുരൂഹമായിരുന്നു. ആ ദുരൂഹത നീക്കിയതു തന്നെയായിരിക്കണം 1930ല്‍ രാമനെ, രാമന്‍ പ്രഭാവത്തിലൂടെ നോബേല്‍ ജേതാവിലേക്കെത്തിച്ചത്.

മനുഷ്യനും മറ്റു ജീവജാലങ്ങളും എങ്ങനെയാണ്  ശ്വസിക്കുന്നതെന്നും ശരീരത്തില്‍ എങ്ങനെയാണ് രക്തമോടുന്നതെന്നുമൊക്കെ മനുഷ്യന്‍ മനസ്സിലാക്കിയ വഴികള്‍ നമ്മുടെ പ്രാഥമിക ചിന്തകള്‍ക്കപ്പുറത്താണ്. മൃതദേഹങ്ങള്‍ വിശുദ്ധിയോടെ മറവു ചെയ്യാന്‍ മാത്രം അനുവാദമുണ്ടായിരുന്ന കാലത്ത് അവയെ കീറിമുറിക്കാന്‍, കുഴിച്ചിട്ട മൃതദേഹങ്ങള്‍ രാത്രിയുടെ യാമങ്ങളില്‍ മോഷ്ടിച്ചെടുത്ത ഭിഷഗ്വര കുതുകികള്‍ ഉണ്ടായതു കൊണ്ടാണ് കണ്ണും കരളും കൂമ്പും വരെ മാറ്റിവെയ്ക്കുന്ന ശസ്ത്രക്രിയകള്‍ നമ്മുടെ നാട്ടില്‍ പോലും ജനകീയമായത്. 

മാനവ സംസ്‌കൃതിയെയും അവയുടെ ദൈനംദിന ജീവിതത്തേയും അത്യന്തം അനായാസമാക്കിയ പരീക്ഷണ-നിരീക്ഷണങ്ങളാണ്  ശാസ്ത്രമെന്നു ചുരുങ്ങിയ വാക്കുകളില്‍ നിര്‍വ്വചിക്കാം. ഇന്ന് നായ കടിക്കുമ്പോള്‍ വളരെയെളുപ്പത്തില്‍ സര്‍ക്കാരാശുപത്രിയില്‍ പോയി പൊക്കിളിനു ചുറ്റുമെടുക്കുന്ന വാക്‌സിനും ക്യാന്‍സര്‍ ചികില്‍സയില്‍ മുഖ്യപങ്കുവഹിക്കുന്ന റേഡിയേഷന്‍ ചികില്‍സയ്ക്കും പുറകില്‍, വിശുദ്ധപദവിയിലേയ്ക്കുയര്‍ത്തപ്പെടാതെ പോയ വലിയ രക്തസാക്ഷിത്വത്തിന്റെ കഥകളുണ്ട്. ഫ്രാന്‍സിന്റെ തെരുവീഥികളിലൂടെ നടന്ന് പേപിടിച്ച ഭ്രാന്തന്‍ നായ്ക്കളെ തേടിപ്പിടിച്ചുകൊണ്ടുവന്ന് ജീവന് പണയംവച്ച്, പേവിഷബാധക്കെതിരെയുള്ള വാക്‌സിന്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയ ലൂയി പാസ്ചര്‍, റേഡിയോ ആക്ടീവ്  പരീക്ഷണങ്ങള്‍ക്കു വേണ്ടി സ്വജീവന്‍ തന്നെ വിലയായി നല്കിയ മേരി ക്യൂറി അങ്ങനെ എത്രയോ മഹാരഥന്‍മാര്‍. സത്യത്തെയും അതിന്റെ നന്‍മയേയും തേടിയുള്ള യാത്രയില്‍ സ്വന്തം ജീവനേക്കാള്‍ മുകളില്‍ സമൂഹ നന്‍മ കാംക്ഷിച്ച പ്രതിഭകളുടെ ഒടുങ്ങാത്ത അന്വേഷണങ്ങളാണ് ഇന്ന് 4ജി ആയും സ്മാര്‍ട്ട് ഫോണായും ഉപഗ്രഹങ്ങളായും പ്രതിരോധ വാക്‌സിനുകളായും ഏതു രോഗത്തിനുളള മരുന്നുകളായും അത്യന്താധുനിക ചികില്‌സാരീതികളായുമൊക്കെ നമുക്ക് അനുഭവവേദ്യമാകുന്ന നമ്മുടെ ജീവിതസൗകര്യങ്ങളെന്ന കാര്യം നാം വിസ്മരിക്കരുത്.

മാറണം മലയാളിയുടെ തലച്ചോറ് 

അബദ്ധജഡിലമായ ആശയ പ്രചരണങ്ങളുടേയും അന്ധവും യുക്തിസഹജവുമല്ലാത്ത ദുര്‍വ്യാഖ്യാനങ്ങളും നടമാടുന്ന നമ്മുടെ നാട്ടില്‍ അവയ്ക്കു ലഭിക്കുന്ന പ്രചുരപ്രചാരം പഠനവിധേയമാക്കേണ്ടതു തന്നെ.  നിരവധി തവണ മനുഷ്യന്റെ പാദസ്പര്‍ശം ചന്ദ്രനിലുണ്ടായിട്ടും അന്യഗ്രഹങ്ങളിലേയ്ക്കുള്ള പര്യവേക്ഷണ പേടകങ്ങള്‍ ആകാശനീലിമയില്‍ തലങ്ങും വിലങ്ങും ചലിച്ചിട്ടും അതെല്ലാം പെരും നുണകളെന്നു വിശ്വസിക്കുന്ന ഒരു വലിയ സമൂഹം നമുക്കിടയിലുണ്ടെന്നത് എത്രയോ വിരോധാഭാസമാണ്.

കൃത്യമായ ശാസ്ത്രബോധം പുതിയ തലമുറയില്‍ വളര്ത്തുകയെന്നതു തന്നെയാണ് ഇക്കാര്യത്തില്‍ നമുക്ക് ചെയ്യാവുന്ന നന്മ. യുക്തിഭദ്രമായി ചിന്തിക്കാനും നിഗമനങ്ങളിലെത്താനും അടിസ്ഥാന ശാസ്ത്രതത്വങ്ങളെങ്കിലും കുട്ടികള്‍ ക്ലാസ്മുറികളില്  പഠിക്കണം.അതിനുള്ള സാഹചര്യമില്ലാതെപോയാല്‍ ശാസ്ത്രാവബോധം ലവലേശം തീണ്ടിയിട്ടില്ലാത്ത, അബദ്ധജടിലമായ ചിന്തകളും കേവലം ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും മാത്രം ബോധ്യവുമുള്ള ഒരു പുതിയ സമൂഹം ഇവിടെ ആവര്‍ത്തിച്ചു പിറവിയെടുത്തുകൊണ്ടിരിക്കും. ധനാഗമയന്ത്രവും വലം പിരിശംഖും കുബേര യന്ത്രം മുതല്‍ നടുവേദനക്കും ഹൃദയാഘാതത്തിനും പരിഹാരമായി നിര്‍ദേശിക്കപ്പെടുന്ന കാന്ത ചെരുപ്പും കാന്തക്കിടക്കയും വാങ്ങി വെയ്ക്കുന്ന, മലയാളിയുടെ ദുര്‍ബലമായതിനേക്കാള്‍ പ്രാകൃതമായി കൊണ്ടിരിക്കുന്ന തലച്ചോറിന് മാറ്റങ്ങള്‍ അനിവാര്യമാണെന്നു വ്യക്തം.

click me!