അവരവരില്‍ മാത്രമൊതുങ്ങുന്ന നഗര ജീവിതത്തേക്കാള്‍ വട്ടപ്പേരുകള്‍ പിറന്നു വീണതും വിളിച്ചു കേട്ടതും പരസ്പര സഹകരണത്തോടെയും സഹവര്‍ത്തിത്തത്തോടെയും അല്പസ്വല്പം കുശുമ്പോടെയും കുന്നായ്മയോടെയും ജീവിതത്തെ നയിച്ച ഗ്രാമങ്ങളിലായിരുന്നു.
കുഴിയിലിറക്കാതെ പാചകം ചെയ്താലും ഉത്ഭവ സ്ഥലമായ അറേബ്യയില്‍ കുഴി ചേര്‍ത്ത് വിളിച്ചില്ലെങ്കിലും മാന്തി കേരളത്തിലെത്തിയപ്പോള്‍ കുഴിമന്തിയായി. മേലാളന്മാര്‍ അടിയാളന്മാര്‍ക്ക് കുഴികുത്തി കഞ്ഞി വിളമ്പിയ കാലം ഓര്‍മ്മയില്‍ പോലും പേറാന്‍ ഇഷ്ടമില്ലാത്ത ഒരു സമൂഹത്തിന് മുമ്പില്‍ കുഴിമന്തിയൊരു താരമായി.
കോലവും കുലവും ചെയ്തികളും ജീവിത സാഹചര്യങ്ങളും അബദ്ധങ്ങളുമൊക്കെ നമുക്ക് സമ്മാനിക്കുന്ന ചില പേരുകളുണ്ട്. ഔദ്യോഗിക രേഖകളില്‍ ഇടം നേടാത്ത, വാമൊഴിയായി വിളിച്ചും പറഞ്ഞും പരിചയപ്പെടുത്തിയും പോന്ന ആ നാമങ്ങളെ ഇരട്ടപ്പേരുകളെന്ന ഗണത്തിലേക്ക് തളച്ചിട്ടു. അവരവരില്‍ മാത്രമൊതുങ്ങുന്ന നഗര ജീവിതത്തേക്കാള്‍ വട്ടപ്പേരുകള്‍ പിറന്നു വീണതും വിളിച്ചു കേട്ടതും പരസ്പര സഹകരണത്തോടെയും സഹവര്‍ത്തിത്തത്തോടെയും അല്പസ്വല്പം കുശുമ്പോടെയും കുന്നായ്മയോടെയും ജീവിതത്തെ നയിച്ച ഗ്രാമങ്ങളിലായിരുന്നു.
undefined
ചന്ദ്രനെ ചന്ദ്രുവെന്നും അബ്ദുള്ളക്കയെ അള്ളാക്കയെന്നും കുഞ്ഞിമോനെ കുഞ്ഞോനെന്നും ഫാത്തിമയെ പാത്തുവെന്നും വേലായുധനെ വേലായിയെന്നും ഫ്രാന്‍സിസിനെ പ്രാഞ്ചിയെന്നൊക്കെ നീണ്ട പേരുകളെ ചുരുക്കി വിളിച്ചുപോന്നു. ആരായിരിക്കും ആദ്യമങ്ങിനെ വിളിച്ചിട്ടുണ്ടാവുക എന്ന ചോദ്യം ഓടിച്ചെല്ലുക കുടുംബകങ്ങളിലേക്ക് തന്നെയായിരിക്കും. ഓമനിച്ച് അച്ഛനോ അമ്മയോ വിളിച്ചത് ചുറ്റുമുള്ളവര്‍ ഏറ്റെടുത്തതായിരിക്കണം. അതില്‍ സ്‌നേഹത്തിന്റെ കണികകള്‍ ഒളിഞ്ഞു കിടക്കുന്നതിനാല്‍ പേരിന്റെ ഉടമസ്ഥന് മാനസികമായ നോവുകള്‍ ഏല്‍പ്പിക്കില്ലായിരിക്കാം.
ജോലിയും ജീവിത സാഹചര്യവും ചാര്‍ത്തിക്കൊടുക്കുന്ന വട്ടപേരുകളുണ്ട്. കൂട്ടുകാരന്റെ ഉമ്മയെ നാട്ടിലറിയപ്പെടുന്നത് വാര്‍പ്പുപുരയിലെ ഫാത്തിമ എന്നാണ്. ആ പ്രദേശത്തെ ആദ്യത്തെ കോണ്‍ക്രീറ്റ് വീട് അവരുടേതായിരുന്നത്രെ! പ്ലാവില വില്‍ക്കുന്ന നാരായണേട്ടന്‍ ഇല നാരായണനും സൈന്യത്തില്‍ നിന്ന് വിരമിച്ച ശിവന്‍ പട്ടാളം ശിവനും ലൈവ് സ്റ്റുഡിയോ നടത്തുന്ന അഷറഫ് ലൈവ് അഷ്‌റഫായും ചുമട്ട് തൊഴിലാളി നവാസ് യൂണിയന്‍ നവാസുമായി അറിയപ്പെട്ടു. നജ ടെക്‌സ് എന്ന പേരിലൊരു തുണിക്കടയില്‍ ജീവനക്കാരനായിരുന്ന സലാം സ്വന്തമായി മറ്റൊരു സ്ഥാപനം തുടങ്ങിയിട്ടും ഇപ്പോഴും നജ സലാം എന്നു പറഞ്ഞാലേ അറിയൂ. പഞ്ചായത്ത് വാര്‍ഡ് മെമ്പറായിരുന്ന ശ്രീജിത്ത് കാലാവധി കഴിഞ്ഞപ്പോള്‍ പഴയ മെമ്പര്‍ ശ്രീജിത്തായി. വലിയ ബോര്‍ഡില്‍ കടയുടെ പേര് എഴുതി വെച്ചിട്ടും സംസാരത്തില്‍ ഇത്തിരി തമിഴ് ചുവയുള്ളതിനാല്‍ റാവുത്തറുടെ പലചരക്ക് കടയെ ഇപ്പോഴും വിളിക്കുന്നത് അണ്ണന്മാരുടെ കട എന്നാണ്! പണ്ടുകാലത്ത് വീടു വീടാന്തരം കയറി വളകള്‍ വിറ്റിരുന്നയാളുടെ മക്കളും കൊച്ചുമക്കളും അറിയപ്പെടുന്നത് വളക്കാരന്റെ അവിടത്തെ എന്ന ആദ്യ നാമവും ചേര്‍ത്താണ്. അങ്ങിനെ ഓരോ നാടിനും പറയാനുണ്ടാകും തൊഴിലും ജീവിത സാഹചര്യങ്ങളും ചേര്‍ത്ത പേരുകളും ആ പേരുകള്‍ പിറക്കാനുണ്ടായ രസകരസമായ കഥകളൂം. പറഞ്ഞുപറഞ്ഞു ആ പേരുകളില്ലെങ്കില്‍ പലരെയും കുറിച്ച് പറഞ്ഞറിയിക്കുക എന്നതൊരു മരീചികയുമാണ്.
പണ്ടെങ്ങോ ചെയ്തുപോയ അബദ്ധങ്ങളില്‍ നിന്നോ പറ്റിപ്പോയ അമളികളില്‍ നിന്നോ പിറവികൊള്ളുന്ന പേരുകളുണ്ട്. മോഷണത്തിന് പിടിക്കപ്പെട്ടവന്‍ മണ്ണടിഞ്ഞിട്ടും നിഷ്‌കളങ്കരായ മക്കള്‍ കേള്‍ക്കേണ്ടി വരിക കള്ളന്റെ മകന്‍ എന്നായിരിക്കും. മകനോടെ ആ വിളി അവസാനിക്കാതെ പുതിയ തലമുറയിലേക്ക് കൂടി നീളുമ്പോള്‍ കള്ളന്റെ കൊച്ചുമകന്‍ എന്നാവും! സഞ്ചയികയില്‍ അടക്കാന്‍ വീട്ടില്‍ നിന്ന് വാങ്ങിയ കാശ് കൊണ്ട് പുട്ടും കടലയും വാങ്ങിത്തിന്നവന്‍ അറിയപ്പെടുന്നത് പുട്ട് എന്നാണ്. അദ്ദേഹത്തിന്റെ മക്കള്‍ ഇന്ന് ഡിഗ്രിക്ക് പഠിക്കുമ്പോഴും പിതാവ് പണ്ടെങ്ങോ ചെയ്തുപോയൊരു അബദ്ധത്തിന്റെ വട്ടപ്പേര് ചുമക്കുന്നു. പൊറോട്ടയോടുള്ള ഇഷ്ടം കൊണ്ട് കാലിയായോ പേരിനു മുമ്പോ പൊറോട്ടയെന്ന് ചേര്‍ത്ത് വിളികേട്ടവര്‍, ജോലിക്കിടെ അരിശം മൂത്തപ്പോള്‍ കയ്യിലെ ചുറ്റിക കൊണ്ട് കൂട്ടുകാരന്റെ മുതുകിനടിച്ചവന്‍ അറിയപ്പെടുന്നത് റിപ്പര്‍ എന്നാണ്, മദ്യപിച്ചാല്‍ പാട്ടും പാടി വീട്ടിലേക്ക് ആടിക്കുഴഞ്ഞു നടന്നുവരുന്നൊരാള്‍ ആ നാടാകെ അറിയപ്പെടുന്നത് പാട്ട് എന്ന പേരിലാണെങ്കില്‍ മക്കളറിയപ്പെടുന്നത് പാട്ടിന്റെ മക്കളെന്നും. അതെ പാട്ടിനും പുട്ടിനുമൊക്കെ നമ്മള്‍ പറഞ്ഞുപറഞ്ഞു പുതിയ പരമ്പരകളെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.
വട്ടപ്പേരുകള്‍ ഏറ്റവും കൂടുതല്‍ പെറ്റുപെരുകുന്ന ഇടങ്ങള്‍ സ്‌കൂള്‍ കോളേജ് കാലഘട്ടമായിരിക്കും. ഒന്നുകില്‍ അതു നമുക്കാകാം, അല്ലെങ്കില്‍ നമ്മള്‍ നാമകരണം ചെയ്യുന്നതാവാം, അതുമല്ലെങ്കില്‍ നമ്മുടെ സുഹൃത്തുക്കള്‍ക്കാകാം. ചെറിയ അബദ്ധങ്ങളില്‍ നിന്നോ കൊച്ചു കൊച്ചു സംഭവങ്ങളില്‍ നിന്നോ രൂപപ്പെടുന്നവയാണ് അവയില്‍ പലതും. എന്തായാലും കലാലയ ജീവിതത്തിനിടയില്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഏതു നിമിഷവും ആര്‍ക്കും വീണു കിട്ടിയേക്കാവുന്ന ഒന്നായിരുന്നു ഇരട്ടപ്പേരുകള്‍ അഥവാ വട്ടപ്പേരുകള്‍. സര്‍ട്ടിഫിക്കറ്റിനൊപ്പം അങ്ങനെയൊരു വട്ടപ്പേരും നേടിയാണ് പലരും പടിയിറങ്ങിയത്. ആ പേരുകളൊക്കെ ഇന്ന് സ്‌കൂള്‍ കോളേജ് ഗ്രൂപ്പുകളിലും അലുംനി മീറ്റുകളിലും സ്‌നേഹത്തിന്റെ പരിമളം പെയ്യിച്ചും ഓര്‍മ്മയുടെ നനവ് പടര്‍ത്തിയും വീണ്ടും വിളിക്കപ്പെടുന്നുണ്ട്.
സ്വഭാവ ശരീര പ്രത്യേകതകളാല്‍ വട്ടപ്പേരുകള്‍ ചാര്‍ത്തിക്കിട്ടിയവരില്‍ ഏറെയും അധ്യാപകരായിരിക്കും. കുട്ടികള്‍ പഠനം പൂര്‍ത്തിയാക്കി കലാലയത്തിന്റെ പടിയിറങ്ങിയെങ്കിലും തലമുറ കൈമാറ്റത്തിലൂടെ അവരുടെ വട്ടപ്പേരുകള്‍ ചിരഞ്ജീവിയായി നിലകൊണ്ടു. അല്പം കണിശതയോ മുന്‍ശുണ്ഠിയോയുള്ള അധ്യാപകനാണെങ്കില്‍ പേരിന്റെ കാഠിന്യം കൂടും. സ്‌നേഹവും വാത്സല്യവും ഏറെയുള്ളവര്‍ക്ക് വട്ടപ്പേരിന്റെ ആക്രമണം അധികം ഏല്‍ക്കേണ്ടി വന്നിട്ടില്ല എന്നത് മറ്റൊരു നഗ്ന സത്യം. പക്ഷെ ഒരേ പേരില്‍ ഒരേ സ്‌കൂളില്‍ രണ്ടു അധ്യാപകരുണ്ടാകുമ്പോള്‍ വട്ടപ്പേരുറപ്പാണ്. അവിടെ ശരീര പ്രകൃതിയും നിറവുമെല്ലാം അളവ് കോലാവും. ചെറിയതെന്നോ വലിയതെന്നോ കറുത്തതെന്നോ വെളുത്തതെന്നോ താടിയെന്നോ മീശയെന്നോ കഷണ്ടിയെന്നോ മുടിയനെന്നോ പേരിനു മുമ്പായി ചാര്‍ത്തപ്പെടും.
നിലപാടുകള്‍ കൊണ്ടും രാഷ്ട്രീയ ചായ്വ് കൊണ്ടും വാര്‍ത്താ അവതാരകര്‍ക്ക് പല പേരുകളും എതിര്‍ ചേരിയിലുള്ളവര്‍ നാമകരണം ചെയ്തപ്പോള്‍ ആദ്യമവതരിപ്പിച്ച കഥാപാത്രം കൊണ്ടോ ജനഹൃദയങ്ങളില്‍ ഇടം നേടിയ വേഷം കൊണ്ടോ പിച്ചവെച്ച് തുടങ്ങിയ മിമിക്‌സ് ഗ്രൂപ്പിന്റേയോ നാടക സമിതിയുടെയോ പേരുകള്‍ കൊണ്ടോ അറിയപ്പെടുന്നവരാണ് സിനിമാ താരങ്ങളില്‍ പലരും. കലാഭവന്‍, ഗിന്നസ്, തുടങ്ങിയ പേരുകള്‍ അലങ്കാരവും അഭിമാനവുമായിരുന്നെങ്കില്‍ ഇന്നത് റിയാലിറ്റി ഷോയുടെ പേരുകളായി രൂപാന്തരം പ്രാപിച്ചിട്ടുണ്ട്. കാലത്തിനൊപ്പം അലങ്കാരങ്ങളും മാറിക്കൊണ്ടിരിക്കുന്നു.
മനുഷ്യര്‍ക്കെന്ന പോലെ കടല്‍ കടന്ന ഭക്ഷ്യ വിഭവങ്ങള്‍ക്കും പേരുമാറ്റങ്ങളുണ്ടായി. കുഴിയിലിറക്കാതെ പാചകം ചെയ്താലും ഉത്ഭവ സ്ഥലമായ അറേബ്യയില്‍ കുഴി ചേര്‍ത്ത് വിളിച്ചില്ലെങ്കിലും മാന്തി കേരളത്തിലെത്തിയപ്പോള്‍ കുഴിമന്തിയായി. മേലാളന്മാര്‍ അടിയാളന്മാര്‍ക്ക് കുഴികുത്തി കഞ്ഞി വിളമ്പിയ കാലം ഓര്‍മ്മയില്‍ പോലും പേറാന്‍ ഇഷ്ടമില്ലാത്ത ഒരു സമൂഹത്തിന് മുമ്പില്‍ കുഴിമന്തിയൊരു താരമായി. മരച്ചീനിയെ കപ്പയെന്നും പൂളയെന്നും കട്ടന്‍ ചായയെ സുലൈമാനിയെന്നും കടുംചായ എന്നും പുട്ടിനെ അരികണ്ടിയും കമ്പം തൂറിയുമൊക്കെയായി അതാത് സ്ഥല പ്രദേശത്തെ ഭാഷാ വൈവിധ്യങ്ങള്‍ക്കനുസരിച്ച് വിളിച്ചു പോന്നു. ചിലയിടത്തെ മാന്യമായ വാക്കുകള്‍ മറ്റു ചിലയിടങ്ങളില്‍ ചീത്ത വാക്കാണെന്നത് വിഭവങ്ങളുടെ രുചിയാല്‍ മറക്കപ്പെട്ടു.
സ്ഥലങ്ങള്‍ക്കും അത്തരത്തില്‍ പേരുകളുണ്ടായിട്ടുണ്ട്. ആദ്യമായി ഒരു പ്രദേശത്തേക്ക് വരുന്നവരിലൂടെയായിരിക്കണം ആ ദേശത്തിന് ഒരു പേര് ഉണ്ടാവുക. തങ്ങള്‍ പരിചയിച്ച ഇതര പ്രദേശങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരു പ്രദേശത്തെ വേര്‍തിരിച്ചറിയുന്നതിനാണ് ദേശപ്പേരുകള്‍ ഉരുവം കൊളളുന്നത്. ഭൂപ്രകൃതി, തരുലതാദികള്‍, പ്രത്യേക സംഭവങ്ങള്‍, വ്യക്തികള്‍, രാജാക്കന്മാര്‍ തുടങ്ങി നിരവധി കാരണങ്ങളും സവിശേഷതകളും അതിനു കാരണമായിട്ടുണ്ടാകാം എങ്കിലും പ്രത്യേകമായൊരു കാരണം തീര്‍ത്തു പറയുക അസാധ്യം.
മനുഷ്യനായാലും വസ്തുക്കളായാലും സ്ഥലങ്ങളായാലും അവയൊന്നും പണ്ഡിത സൃഷ്ടികളല്ലാത്തതിനാല്‍ കാരണങ്ങള്‍ കണ്ടെത്തുകയെന്നതൊരു കഠിനവഴിയാണ്. അല്ലെങ്കിലും പേരുകളെന്നത് തിരിച്ചറിയാനുള്ള ഒരു ഉപാധി മാത്രം. സ്വഭാവവും രുചിയും പ്രകൃതി വൈഭവവും സ്‌നേഹ പരിലാണനങ്ങളുമൊക്കെയാണല്ലോ നമുക്ക് പലതിനെയും പലരെയും ഹൃദ്യമാക്കുന്നത്. പേര് നോക്കി ഈ ഭൂമിയിലൊന്നും മനോഹരമെന്നോ മഹത്തരമെന്നോ രുചികരമെന്നോ പറയാനാവില്ലല്ലോ.. പേരെന്തെങ്കിലുമാവട്ടെ, ഹൃദയം തൊടുന്നതിനെ ഹൃദയത്തോട് ചേര്‍ക്കാം, ഗുണം ഇഷ്ടമായിട്ടും നാമം ഇഷ്ടമായില്ലെങ്കില്‍ സ്‌നേഹം ചേര്‍ത്ത് നമുക്കൊരു പേരിടാം!