മെല്‍ബണില്‍ നഴ്‌സ ആയ ജിയ ജോര്‍ജ് എഴുതുന്നു: പേടിച്ചരണ്ട മാന്‍ പേടയെ പോലെ ഞാന്‍ മരുന്ന് വലിച്ചു. ചെറുവിരല്‍ പിസ്റ്റണില്‍, ചൂണ്ടു വിരലും തള്ള വിരലും കൊണ്ട് സിറിഞ്ചില്‍. സൂക്ഷിച്ചു നോക്കിയാല്‍ ഭരതനാട്യം പോലെ തന്നെ. എന്റെ കാട്ടായം കണ്ടു മാഡം പറഞ്ഞു. 'വെയിറ്റ് മാ, വി ക്യാന്‍ ഗിവ് ഇന്‍ ഡിസ്‌പോസബിള്‍ സിറിഞ്ച്. '
ഇടുപ്പ് എല്ലില്‍ കൈപ്പത്തി കുത്തി ചൂണ്ടു വിരല്‍ നീക്കി മനസ്സില്‍ ത്രികോണം കണ്ടു അതിന്റെ ഇമാജിനറി സെന്റര്‍ പോയിന്റില്‍ കുത്താന്‍ തുനിഞ്ഞപ്പോള്‍ അമ്മച്ചി ഒന്ന് ഞരങ്ങി. ദൈവമേ ഇടുപ്പെല്ലു മിസ്സ് ആയി. മൊത്തം കാല്‍ക്കുലേഷന്‍ തെറ്റി വീണ്ടും സ്ഥാനം പിടിച്ചപ്പോള്‍ അവരുടെ ചോദ്യം 'ഒത്തിരി വേദനിക്കുമോ.' പിന്നെ സൂചി കുത്തി കേറ്റി ഇറക്കിയാല്‍ വേദനിക്കില്ലേ പെണ്ണുമ്പിള്ളേ എന്ന് ഞാന്‍ മനസ്സില്‍ ഓര്‍ത്തു. ഞാന്‍ മിണ്ടുന്നതിനു മുന്‍പ് ടീച്ചര്‍ പറഞ്ഞു 'ഇല്ല അമ്മ, ഒരു ഉറുമ്പ് കടിക്കുന്ന വേദനയെ ഉള്ളൂ.' എന്നിട്ടു വേഗം എന്ന് എന്നെ കണ്ണ് കാണിച്ചു.
undefined
ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കള്ളം പറഞ്ഞിരിക്കുന്നത് നേഴ്‌സ് ആയതില്‍ പിന്നെയാണോ എന്ന് സംശയം ഉണ്ട്. പലപ്പോഴായി പല സാഹചര്യങ്ങളിലായി നല്ല മിനുസമുള്ളതും, മധുരമുള്ളതും, വറുത്തതും പൊരിച്ചതും ആയ കള്ളങ്ങള്‍ പറഞ്ഞിട്ടുണ്ട്.
പഠനകാലയളവില്‍ പറഞ്ഞു ശീലിച്ച് ഇന്നും പറയുന്ന കള്ളം ആണ്. 'ഏയ് ഇല്ല, ഉറുമ്പ് കടിക്കുന്ന വേദനയെ ഉള്ളു'. ആദ്യമായി ഇന്‍ജെക്ഷന്‍ ട്രേ സെറ്റ് ചെയ്തു ഇന്‍ട്രാ മാസ്‌ക്കുലാര്‍ ഇന്‍ജെക്ഷന്‍ എടുക്കുന്നത് ഫസ്റ്റ് ഇയറില്‍ ആണ്. നിതംബത്തില്‍ മസില്‍ ഉണ്ട് എന്നും അതാണ് വല്യ മസില്‍ എന്നും ആദ്യമായി മനസിലാക്കിയ കാലഘട്ടം. തിയറിയില്‍, ഇന്‍ജെക്ഷന്‍ വെക്കുന്ന സ്ഥലങ്ങളും, എങ്ങനെ എവിടെ കുത്തണം, സൂചി എങ്ങനെ പിടിക്കണം എന്നും ഒക്കെ പഠിച്ചു.
ക്ലിനിക്കല്‍ ലാബിലെ ഡമ്മിയെ ചറപറാ കുത്തി പഠിച്ചു. മാഡത്തിന്റെ മുന്നില്‍ ഡെമോണ്‍സ്ട്രേഷനും കഴിഞ്ഞു. ഇനിയുള്ള കടമ്പ ഒരു യഥാര്‍ത്ഥമനുഷ്യനെ കുത്തി വയ്ക്കലാണ്. ദൈവമേ ആദ്യ കുത്തി വയ്പിന്റെ തലേന്ന് രാത്രി ഇതിനെ കുറിച്ച് ഒരു ക്ലൂ കിട്ടിയിരുന്നെങ്കില്‍ ഞാന്‍ ഓടി രക്ഷപ്പെട്ടേനെ. എവിടേക്ക് ഓടാന്‍ എന്ന് ആലോചിക്കുന്നവര്‍ക്ക് ക്ലാരിഫിക്കേഷന്‍ തരാം.
വൈകുന്നേരം ഞങ്ങള്‍ക്ക് തിയറി ക്ലാസ്സ്. രാവിലെ ക്ലിനിക്കല്‍, പണ്ട് പറഞ്ഞ തുണി മുക്കി തുടക്കല്‍, ബെഡ് വിരിക്കല്‍ ഒക്കെ ആദ്യ കുറച്ചു നാള്‍. പിന്നെ പിന്നെ ബി പി നോക്കല്‍, ബെഡ് ബാത്ത് കൊടുക്കല്‍, ഡ്രസിങ് ഇതൊക്കെ ചെയ്യും. 50 പേരുള്ള ബാച്ചില്‍, ഒരു വാര്‍ഡില്‍ 7-10 പേര്‍ ഉണ്ടായിരുന്നു അപ്പോള്‍ ടീച്ചര്‍മാര്‍ ഇടക്ക് ഇടക്ക് വന്നു നമ്മളെ നോക്കും. രാവിലെ മുതല്‍ ചുമ്മാ വല്ല ട്രേയും പിടിച്ചു നില്‍ക്കുന്നവര്‍ ടീച്ചര്‍ വരുന്നു എന്ന് കണ്ടാല്‍ രോഗിയുടെ മെക്കിട്ടു കേറി ജോലി ചെയ്യും.
അടുത്തൊരു കൂട്ടുകാരി ഉണ്ടായിരുന്നു. പേര് പറയില്ല, ടീച്ചര്‍ വരുമ്പോള്‍ എവിടെന്നേലും ഒരു ബിപി മെഷീന്‍ എടുത്ത് ബിപി നോക്കും. അങ്ങനെ രക്ഷപെടും.നമ്മള്‍ രാവിലെ തൊട്ടു നടുവ് ഒടിഞ്ഞു പണി എടുത്തു ഒന്ന് നിവരുമ്പോള്‍ ഇവര്‍ വന്നു ചോദിക്കും 'ഓഹോ ചുമ്മാ നില്‍പ്പാണല്ലേ എന്നാല്‍ വാ ഇന്‍ജെക്ഷന്‍ ഒക്കെ പഠിച്ചതല്ലേ ട്രേ സെറ്റ് ചെയ്‌തോ നമുക്ക് പേഷ്യന്റ് നു കൊടുക്കാം എന്ന്.' -അന്ന് അതാണ് സംഭവിച്ചതും.
കണ്ണ് തള്ളി എന്ന് മാത്രം അല്ല, ഭൂമി രണ്ടായി പിളര്‍ന്നു പോയാല്‍ മതി എന്ന് തോന്നിയ സമയം ആയിരുന്നു അത്. ഒടുവില്‍ എങ്ങനെയോ, തട്ടി കൂട്ടി ഒരു ട്രേ സെറ്റ് ആക്കി. ഞെട്ടിപ്പിക്കുന്ന ഒരു സത്യം ഞാന്‍ അന്ന് അറിഞ്ഞു. ഇന്ന് അന്യം നിന്ന് പോയ ചില്ലു സിറിഞ്ച്് ആണ് ഞങ്ങളുടെ ഗവ. ആശുപത്രിയില്‍ അന്ന് ഉപയോഗിച്ചത്. ഞാന്‍ ചെയ്തു പഠിച്ചതൊക്കെ പ്ലാസ്റ്റിക് സിറിഞ്ചിലും.
സംഭവം തിയറി ഒക്കെ സെയിം ആണ്. പക്ഷെ പ്ലാസ്റ്റിക് സിറിഞ്ചില്‍ മരുന്ന് നിറച്ചാല്‍ പിന്നെ എയര്‍ ഉണ്ടോ നോക്കി, ഇല്ല എന്ന് ഉറപ്പു വരുത്തിയിട്ട്. സ്ഥലം കണ്ടുപിടിച്ചു കുത്തിയാല്‍ മതി. പക്ഷെ ചില്ലു സിറിഞ്ചില്‍ പണി പാളും. ഇതില്‍ ഞെക്കുന്ന പിസ്റ്റണ്‍ ഇല്ലേ, അത് ചെറു വിരല്‍ കൊണ്ട് എപ്പോഴും താങ്ങണം കൈവിട്ടാല്‍ സാധനം നിലത്തു വീണു പോകും, ഗ്ലാസും പൊട്ടും മരുന്നും പോകും.
പേടിച്ചരണ്ട മാന്‍ പേടയെ പോലെ ഞാന്‍ മരുന്ന് വലിച്ചു. ചെറുവിരല്‍ പിസ്റ്റണില്‍, ചൂണ്ടു വിരലും തള്ള വിരലും കൊണ്ട് സിറിഞ്ചില്‍. സൂക്ഷിച്ചു നോക്കിയാല്‍ ഭരതനാട്യം പോലെ തന്നെ. എന്റെ കാട്ടായം കണ്ടു മാഡം പറഞ്ഞു. 'വെയിറ്റ് മാ, വി ക്യാന്‍ ഗിവ് ഇന്‍ ഡിസ്‌പോസബിള്‍ സിറിഞ്ച്. '
വരാനിരുന്ന ഹാര്‍ട്ട് അറ്റാക്ക് പകുതിക്ക് നിന്ന പോലത്തെ സുഖം ഞാന്‍ അനുഭവിച്ചു. പ്ലാസ്റ്റിക് സിറിഞ്ചില്‍ സംഭവം ഫുള്‍ സെറ്റ് ആക്കി, ഇത് ചുമന്നു അഭിമാനത്തോടെ ഞാന്‍ ടീച്ചറിനൊപ്പം പേഷ്യന്റിന്റെ അടുത്തേക്ക് പോയി.
ടീച്ചര്‍ പേഷ്യന്റിനോട് പറഞ്ഞു, 'സ്റ്റുഡന്റ് ആണ്, ഇന്‍ജെക്ഷന്‍ എടുക്കുകയാണ്, ഓക്കേ അല്ലേ എന്ന്.' ആ അമ്മച്ചി എന്നെ ഒന്ന് നോക്കി. നിനക്ക് ഒക്കെ വല്ല കോപ്പും അറിയാമോ എന്ന നോട്ടം. പിന്നീട് പലപ്പോഴായി നേഴ്‌സ് ആയി ജോലിചെയ്തപ്പോഴും കണ്ടിട്ടുണ്ട് അത്തരം നോട്ടം. അമ്മച്ചി ഓക്കേ പറഞ്ഞപ്പോള്‍ ഞാന്‍ സൈറ്റ് ലൊക്കേറ്റ് ചെയ്യാന്‍ തുടങ്ങി. കിണറു കുത്താന്‍ സ്ഥാനം നോക്കുന്ന പോലെ ഞാന്‍ സ്ഥാനം നോക്കി.
ഇടുപ്പ് എല്ലില്‍ കൈപ്പത്തി കുത്തി ചൂണ്ടു വിരല്‍ നീക്കി മനസ്സില്‍ ത്രികോണം കണ്ടു അതിന്റെ ഇമാജിനറി സെന്റര്‍ പോയിന്റില്‍ കുത്താന്‍ തുനിഞ്ഞപ്പോള്‍ അമ്മച്ചി ഒന്ന് ഞരങ്ങി. ദൈവമേ ഇടുപ്പെല്ലു മിസ്സ് ആയി. മൊത്തം കാല്‍ക്കുലേഷന്‍ തെറ്റി വീണ്ടും സ്ഥാനം പിടിച്ചപ്പോള്‍ അവരുടെ ചോദ്യം 'ഒത്തിരി വേദനിക്കുമോ.' പിന്നെ സൂചി കുത്തി കേറ്റി ഇറക്കിയാല്‍ വേദനിക്കില്ലേ പെണ്ണുമ്പിള്ളേ എന്ന് ഞാന്‍ മനസ്സില്‍ ഓര്‍ത്തു. ഞാന്‍ മിണ്ടുന്നതിനു മുന്‍പ് ടീച്ചര്‍ പറഞ്ഞു 'ഇല്ല അമ്മ, ഒരു ഉറുമ്പ് കടിക്കുന്ന വേദനയെ ഉള്ളൂ.' എന്നിട്ടു വേഗം എന്ന് എന്നെ കണ്ണ് കാണിച്ചു.
ഞാന്‍ ടപ്പേ എന്ന് കുത്തി ബാക്ക് ഫ്‌ളോ ബ്ലഡ് ഉണ്ടോ എന്ന നോക്കി. (മസിലില്‍ ഇന്‍ജെക്ഷന്‍ എടുക്കുമ്പോള്‍ സിറിഞ്ച് പിസ്റ്റണ്‍ വലിച്ചു നോക്കും ബ്ലഡ് കിട്ടിയാല്‍ സ്ഥാനം തെറ്റി എന്നാണ് ശാസ്ത്രം ). ഒന്നും ഇല്ല, അപ്പോള്‍ സ്ഥാനം ഓക്കേ. മരുന്ന് കുത്തി ഇറക്കി സിറിഞ്ച്് വലിച്ചു. അമ്മച്ചിക്ക് കാര്യം മനസിലാകുന്നതിനു മുന്‍പ് ഇന്‍ജെക്ഷന്‍ തീര്‍ന്നു. അന്ന് ഞാന്‍ മനസിലാക്കിയ സത്യം ആണ്, മനുഷ്യര്‍ക്ക് വേദന ഉണ്ടാകുന്ന കാര്യങ്ങള്‍ വേഗം ചെയ്തു തീര്‍ക്കുക, വേദന എടുക്കില്ല എന്നൊരിക്കലും പറയരുത്, എന്നാല്‍ നന്നായി വേദന എടുക്കും എന്നും പറയരുത്. ഉറുമ്പ് കടിക്കുന്ന വേദന അതാണ് ഡയലോഗ്
കാലങ്ങള്‍ക്ക് ശേഷം പിന്നീട് ഒരിക്കല്‍ ഒരു ഉറുമ്പു കടിച്ചപ്പോള്‍ തോന്നി ഇതിലും ഭേദം എന്റെ ഇന്‍ജെക്ഷന്‍ ആകും എന്ന്.