Cannamoms : വീട്ടിൽ നിന്നും ജോലിയിൽ നിന്നുമുള്ള സമ്മർദ്ദം കുറയ്ക്കാൻ സ്ഥിരമായി കഞ്ചാവുപയോ​ഗിക്കുന്ന അമ്മമാർ

By Web Team  |  First Published Dec 30, 2021, 2:09 PM IST

അമേരിക്കൻ മാർക്കറ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ദി ഹാരിസ് പോൾ അടുത്തിടെ മുതിർന്നവരോട് അവരുടെ കഞ്ചാവ് ഉപയോഗത്തെക്കുറിച്ച് ചോദിക്കുകയുണ്ടായി. അതിൽ 64 ശതമാനം മാതാപിതാക്കളും ലോക്ക്ഡൗൺ മൂലമുണ്ടായ സമ്മർദ്ദവും നിരാശയും നേരിടാൻ കഞ്ചാവ് ഉപയോഗിച്ചതായി പറഞ്ഞു. 


കഴിഞ്ഞ കുറച്ച് വർഷങ്ങളായി, കഞ്ചാവ്(Cannabis) ഉപയോഗിക്കുന്ന അമ്മമാരുടെ എണ്ണം കൂടി വരികയാണ്, പ്രത്യേകിച്ച് യു എസ്, യു കെ പോലുള്ള സ്ഥലങ്ങളിൽ. മണിക്കൂറുകളോളം വിശ്രമില്ലാതെ അധ്വാനിക്കേണ്ട, ഒരു ദിവസം പോലും അവധിയില്ലാത്ത, തീർത്തും വെല്ലുവിളികൾ നിറഞ്ഞ ഒരു ജീവിതമാണ് അമ്മമാരുടെ. ഈ മഹാമാരി സമയത്ത് ഓഫീസിൽ പോകാതെ വീട്ടിൽ ഇരുന്നുള്ള ജോലി കൂടിയായപ്പോൾ അമ്മമാരുടെ സമ്മർദ്ദം ഒന്ന് കൂടി അധികരിച്ചു. ജോലി ചെയ്യുന്നതിനൊപ്പം, വീട് നടത്തിക്കൊണ്ടുപോകാൻ വലയുന്ന അവർ, ഈ പിരിമുറുക്കമെല്ലാം ഒന്ന് കുറയ്ക്കാൻ ഇപ്പോൾ കഞ്ചാവിലേക്ക് തിരിഞ്ഞിരിക്കുകയാണത്രെ. ദിവസവും മദ്യം കഴിക്കുന്നത് പോലെ ഈ അമ്മമാർ ദിവസവും കഞ്ചാവ് ഉപയോഗിക്കുന്നു. ഇത് ടെൻഷൻ കുറച്ച് അവരെ റിലാക്സ്ഡ് ആക്കുന്നുവെന്നാണ് അവർ അവകാശപ്പെടുന്നത്.  

2016 -ലാണ് കാലിഫോർണിയ(California) കഞ്ചാവ് നിയമവിധേയമാക്കുന്നത്. യുഎസിലെ പല സംസ്ഥാനങ്ങളിലും ഇത് നിയമവിധേയമാക്കിയതോടെ മുതിർന്നവർ കൂടുതലായി കഞ്ചാവിലേയ്ക്ക് തിരിഞ്ഞു. എത്ര അമ്മമാർ കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്ന് കൃത്യമായി കണക്കാക്കാൻ പ്രയാസമാണെങ്കിലും, ഓൺലൈനിലെ കഞ്ചാവ് ഉപയോഗിക്കുന്നവരുടെ കൂട്ടായ്മകൾ സൂചിപ്പിക്കുന്നത് ഒരുപാട് അമ്മമാർ കഞ്ചാവ് ഉപയോഗിക്കാൻ തുടങ്ങിയെന്നാണ്. ഒരു അമ്മയെന്ന നിലയിൽ ജീവിതം കൂടുതൽ സുഖപ്രദമായി കൊണ്ടുപോകാൻ കഞ്ചാവ് സഹായിക്കുന്നു എന്നാണ് അവർ അവകാശപ്പെടുന്നത്.  

Latest Videos

undefined

കുറച്ച് വർഷങ്ങൾക്ക് മുൻപാണ് യു‌എസ് പസഫിക് നോർത്ത്‌വെസ്റ്റിലെ ഒരു പത്രപ്രവർത്തകയായ ഡാനിയേൽ സിമോൺ ബ്രാൻഡ് ഇത് ആദ്യമായി ഉപയോഗിക്കാൻ തുടങ്ങിയത്. ഇപ്പോൾ 42 വയസ്സുള്ള അവൾ പറയുന്നത് കഞ്ചാവ് അവളുടെ ശരീരത്തിനും മനസ്സിനും നല്ല ഉന്മേഷവും, ഊർജ്ജവും പ്രധാനം ചെയ്യുന്നുവെന്നാണ്. ഇത് ഒരു വെൽനസ് മാർഗമായി ഉപയോഗിക്കാൻ തുടങ്ങിയതിൽ പിന്നെ അവൾ കൂടുതൽ കഴിവുറ്റ, മികച്ച ഒരു അമ്മയായി എന്നവൾ അവകാശപ്പെടുന്നു. അവളുടെ മക്കൾക്ക് 8 ഉം 11 ഉം വയസ്സാണ് പ്രായം. ഇങ്ങനെ കുടുംബസമ്മർദ്ദത്തിൽ നിന്ന് രക്ഷപ്പെടാൻ പതിവായി കഞ്ചാവ് ഉപയോഗിക്കുന്ന അമ്മർമാർക്ക് ഒരു പേരുമുണ്ട്, 'ക്യാനമോമ്സ്'.    

മദ്യപിക്കുന്നതിനേക്കാൾ എത്രയോ ഭേദമാണ് ഇതെന്നാണ് അമ്മമാർ പറയുന്നത്. കഞ്ചാവ് ചെടിയിൽ നിന്നോ, അതിന്റെ സത്തിൽ നിന്നോ ഉണ്ടാകുന്ന കഞ്ചാവ് ചെറിയ അളവിൽ മാത്രമാണ് അവർ ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ അവരുടെ ദൈനംദിന ജീവിതത്തിന് ഒരിക്കലും ഒരു തടസ്സവുമുണ്ടാകുന്നില്ലെന്നും ഇവർ അവകാശപ്പെടുന്നു. അമ്മമാരുടെ കടമകൾ ചെയ്യാനും, മികച്ച രക്ഷകർത്താവായി ഇരിക്കാനും കഞ്ചാവ് അവരെ സഹായിക്കുന്നു എന്നവർ പറയുന്നു. ബ്രോഡ്‌കാസ്റ്ററായ ഒരു അമ്മ ബിബിസിയോട് ഇതിനെ കുറിച്ച് വിവരിക്കുന്നത് ഇങ്ങനെയാണ്: “ഒരു ദിവസം ഞാൻ അനുഭവിക്കുന്ന എല്ലാ വെല്ലുവിളികളെയും പ്രശ്‍നങ്ങളെയും നല്ല രീതിയിൽ തന്നെ കൈകാര്യം ചെയ്യാനും, ആ ദിവസം ചെയ്തു തീർക്കേണ്ട കാര്യങ്ങൾ കൂടുതൽ മികവോടെ ചെയ്തു തീർക്കാനും എനിക്ക് ഇപ്പോൾ എളുപ്പത്തിൽ സാധിക്കുന്നു. കൂടാതെ ക്ഷമയോടെ ഗൃഹപാഠത്തിൽ സഹായിക്കാനും, ക്ഷീണമില്ലാതെ ജോലി കഴിഞ്ഞ് വീട്ടിൽ വന്ന് അത്താഴം തയ്യാറാക്കാനും എനിക്ക് സാധിക്കുന്നു."

അമേരിക്കൻ മാർക്കറ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ദി ഹാരിസ് പോൾ അടുത്തിടെ മുതിർന്നവരോട് അവരുടെ കഞ്ചാവ് ഉപയോഗത്തെക്കുറിച്ച് ചോദിക്കുകയുണ്ടായി. അതിൽ 64 ശതമാനം മാതാപിതാക്കളും ലോക്ക്ഡൗൺ മൂലമുണ്ടായ സമ്മർദ്ദവും നിരാശയും നേരിടാൻ കഞ്ചാവ് ഉപയോഗിച്ചതായി പറഞ്ഞു. സർവേയിൽ പങ്കെടുത്തവരിൽ 78 ശതമാനം പേരും മദ്യത്തിന് പകരം കഞ്ചാവ് ഉപയോഗിക്കുന്നതായി പറയുന്നു. ഫെയ്‌സ്ബുക്കിൽ ഇത്തരം ഡസൻ കണക്കിന് ഗ്രൂപ്പുകളുണ്ടെന്നാണ് പറയപ്പെടുന്നത്.  

എന്നാൽ, ഇതിന് ഭയപ്പെടുത്തുന്ന ഒരു ദോഷവശം കൂടിയുണ്ടെന്നതാണ് സത്യം. ഇത് ഒരു പുതിയ വെൽനെസ്സ് മാർഗ്ഗമായി ആളുകൾ ഉപയോഗിക്കുന്നുവെങ്കിലും, വാസ്തവത്തിൽ, കഞ്ചാവ് മനസ്സിനെ ബാധിക്കുന്ന അപകടകരമായ ഒരു ലഹരി പദാർത്ഥമാണ്. നിരവധി പഠനങ്ങളിൽ, വിഷാദം അല്ലെങ്കിൽ ഉത്കണ്ഠ പോലുള്ള രോഗങ്ങളുമായി ഇത് ബന്ധപ്പെട്ട് കിടക്കുന്നു. ഇത് തുടർച്ചയായി എടുക്കുമ്പോൾ മതിഭ്രമം ഉണ്ടാകാനുള്ള സാധ്യതയും കൂടുന്നു. മാത്രമല്ല, കഞ്ചാവിന്റെ സ്വാധീനത്തിൽ പരിക്കുകളും അപകടങ്ങളും ഉണ്ടാകുന്നതും സാധാരണമാണ്. ഏതൊരു ലഹരി പദാർത്ഥത്തെയും പോലെ, ഇതും മനുഷ്യന്റെ ഇച്ഛാശക്തിയെയും, പ്രതികരണ ശേഷിയെയും പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് തന്നെ എത്രത്തോളം ന്യായീകരിക്കാനാവുന്ന ഒരു പ്രവണതയാണ് ഇതെന്നത് ഒരു ചോദ്യമാണ്.

click me!