ഒന്നും ചെയ്യാതെ വെറുതെയിരിക്കാനാണോ ഇഷ്‍ടം? അതിന്‍റെ പേരിതാണ്, അതിനും ചില ഗുണങ്ങളൊക്കെയുണ്ട്

By Web Team  |  First Published Oct 5, 2020, 4:07 PM IST

ഈ വെറുതെയിരിക്കുക എന്നത് കേള്‍ക്കുമ്പോള്‍ സിമ്പിളായി തോന്നാമെങ്കിലും അത്ര സിമ്പിളല്ല എന്നാണ് പറയുന്നത്. കാരണം, നമ്മളെല്ലാവരും എന്തെങ്കിലുമൊക്കെയായി ചെയ്തുകൊണ്ടിരിക്കുന്നവരാണല്ലോ?


നമ്മള്‍ ഒന്നും ചെയ്യാതെയിരിക്കുന്നത് ആരെങ്കിലും കണ്ടാല്‍ ഉടനെ പറയും, 'എന്തൊരു മടിയാണ്' എന്ന് അല്ലേ? എന്നാല്‍, ഇങ്ങനെ വെറുതെയിരിക്കുന്നത് നമുക്ക് വലിയ തരത്തില്‍ ഗുണം ചെയ്യുന്നൊരു സംഗതിയാണെങ്കിലോ? എങ്ങനെ എന്നല്ലേ? അതിന്‍റെ പേരാണ് 'നിക്ഷെന്‍'. ഒന്നും ചെയ്യാതിരിക്കുക എന്നത് തന്നെയാണ് ഈ വാക്ക് അര്‍ത്ഥമാക്കുന്നതുപോലും. ഇതൊരു ഡച്ച് ആശയമാണ്. 

Latest Videos

undefined

 

എന്താണ് നിക്ഷെന്‍? 

നിക്ഷെന്‍ എന്ന വാക്ക് അര്‍ത്ഥമാക്കുന്നത് ഒന്നും ചെയ്യാതിരിക്കുക എന്നാണ്. പ്രൊഡക്ടീവായോ അല്ലാതെയോ, വിനോദത്തിനായോ ഒന്നും ഒന്നും ചെയ്യാതിരിക്കല്‍. അത് നമ്മുടെ ടെന്‍ഷന്‍ കുറക്കാനും നമ്മെ റിലാക്സ് ചെയ്യിപ്പിക്കാനും സഹായിക്കും എന്നാണ് പറയുന്നത്. പാട്ട് കേള്‍ക്കുന്നതോ, പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിക്കുന്നതോ ഒക്കെ തരുന്ന അതേ അനുഭവമോ അല്ലെങ്കില്‍ അതിനേക്കാളേറെ റിലാക്സേഷനോ ഇങ്ങനെ വെറുതെ ഇരിപ്പിന് നമുക്ക് തരാനാവുമെന്നാണ് നിക്ഷെനില്‍ വിശ്വസിക്കുന്നവര്‍ പറയുന്നത്. 'എപ്പോഴും പ്രൊഡക്ടീവായിരിക്കണം, അല്ലെങ്കില്‍ എന്തെങ്കിലും ഉപകാരം വേണം' എന്നൊക്കെ നാം വെറുതെയിരിക്കുന്നവരോട് പറയാറില്ലേ? എന്നാല്‍, അങ്ങനെ ജോലിയൊന്നും ചെയ്യാതെ, പ്രത്യേകിച്ച് ഒന്നും ചെയ്യാതെ മനസിനെ വെറുതെ വിട്ട് ഇരിക്കുന്നത് നമ്മുടെ മനസിനെ ലഘുവാക്കാന്‍ സഹായിക്കുമത്രെ. 

ഒരു കസേരയില്‍ ജനലിലൂടെ പുറത്തേക്ക് നോക്കി വെറുതെ ഇരിക്കുന്നതിനെ കുറിച്ച് ആലോചിച്ചു നോക്കൂ. ചെയ്തു തീര്‍ക്കാനുള്ള ജോലിയെ കുറിച്ചോ, ചുറ്റുമുള്ള മനുഷ്യരെ കുറിച്ചോ ഒന്നും തന്നെ ആലോചിക്കാതെ, ഭാവിയെക്കുറിച്ച് ആശങ്കപ്പെടാതെ വെറുതെ ഇരിക്കുന്നു. ചെയ്തുതീര്‍ക്കേണ്ട എന്തെങ്കിലും കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ മനസിനെ വെറുതെ അലയാന്‍ വിടുക. പലതും ചെയ്യാന്‍ ബാക്കി കിടന്നോട്ടെ, സിനിമ കാണാനും, പുസ്തകം വായിക്കാനും, പാചകം ചെയ്യാനും പ്രിയപ്പെട്ടവരെ വിളിക്കാനും എല്ലാം ലിസ്റ്റിലിടം പിടിച്ചിട്ടുണ്ടെങ്കിലും തല്‍ക്കാലത്തേക്ക് അതൊക്കെ മാറ്റിവെച്ച് ഒരു വെറുതെയിരിപ്പ്. നേരത്തെ ഇതിനെ മടിയെന്ന ഗണത്തിലാണ് പലരും പെടുത്തിയിരുന്നത്. എന്നാല്‍, ലോകമാകെ പലതരത്തിലുള്ള തിരക്കുകളും സമ്മര്‍ദ്ദങ്ങളും പ്രയാസങ്ങളും അനുഭവിക്കുന്ന പുതിയ കാലത്ത് ഈ വെറുതെയിരിപ്പിന് അത്യാവശ്യം പ്രചാരമൊക്കെയുണ്ട്. എപ്പോഴും തിരക്കിട്ടോടുന്ന മനുഷ്യര്‍ വല്ലപ്പോഴുമെങ്കിലും ഇങ്ങനെ ഒന്നും ചെയ്യാതെ വെറുതെയിരിക്കണമെന്നും അത് മനസിന് വലിയ തരത്തിലുള്ള റിലാക്സേഷന്‍ നല്‍കും എന്നുമാണ് നിക്ഷെനെ അംഗീകരിക്കുന്നവര്‍ പറയുന്നത്. അത് നമ്മെ പൊസിറ്റീവാക്കുമെന്നാണ് പറയുന്നത്. 

ആങ്സൈറ്റി കുറക്കാനും പുതിയ പുതിയ ആശയങ്ങള്‍ രൂപമെടുക്കാനുമെല്ലാം നിക്ഷെന്‍ സഹായകമാകുന്നുവെന്നും പറയപ്പെടുന്നു. അതുപോലെ തന്നെ ക്രിയേറ്റിവിറ്റി കൂട്ടാനും നിക്ഷെന്‍ സഹായിക്കുമത്രെ. നമ്മള്‍ ഇങ്ങനെ വെറുതെയിരിക്കുന്ന സമയത്ത് ഏതെങ്കിലും ഒരു ബിസിനസ് ആശയമോ, പുതിയ സ്വപ്നമോ ഒക്കെ നമ്മുടെയുള്ളിലേക്ക് കടന്നുവരുന്നുവെന്നും നിക്ഷനെ അംഗീകരിക്കുന്നവര്‍ പറയാറുണ്ട്. 

എങ്ങനെയാണ് നിക്ഷെന്‍ ചെയ്യുക

ഈ വെറുതെയിരിക്കുക എന്നത് കേള്‍ക്കുമ്പോള്‍ സിമ്പിളായി തോന്നാമെങ്കിലും അത്ര സിമ്പിളല്ല എന്നാണ് പറയുന്നത്. കാരണം, നമ്മളെല്ലാവരും എന്തെങ്കിലുമൊക്കെയായി ചെയ്തുകൊണ്ടിരിക്കുന്നവരാണല്ലോ? ഒന്നുമില്ലെങ്കിലും വെറുതെ ഫോണെടുത്ത് സോഷ്യല്‍ മീഡിയ നോക്കുകയോ, വീഡിയോ കാണുകയോ, ചാറ്റ് ചെയ്യുകയോ ഒക്കെ. അതിനാല്‍ത്തന്നെ കുറച്ചുനേരം ജനാലയിലൂടെ പുറത്തേക്ക് നോക്കി ഒന്നും ചെയ്യാതെ ഇരിക്കുക എന്നൊക്കെ പറയുമ്പോള്‍ ഒരല്‍പം അസാധാരണം എന്ന് തോന്നാം. എന്നാല്‍, ഓരോ ദിവസവും കുറച്ചുകുറച്ച് നേരം നിക്ഷെനായി മാറ്റിവെക്കണം എന്നാണ് പറയുന്നത്. രാവിലെയോ വൈകുന്നേരമോ ഒക്കെ നാം ധ്യാനത്തിലൊക്കെയിരിക്കും പോലെ വെറുതെയിരിക്കാനായി  കുറച്ചുനേരം. 

വിശ്രമം, സന്തോഷം, ഉൽപാദനക്ഷമത എന്നിവ തമ്മില്‍ കാര്യമായ ബന്ധമുണ്ടെന്നും അതിനാല്‍ത്തന്നെ നിക്ഷെന്‍ ഇവയൊക്കെയായി അടുത്ത് ബന്ധപ്പെട്ട് നില്‍ക്കുന്നുവെന്നും പറയപ്പെടുന്നു. എന്തിരുന്നാലും മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ചികിത്സകളെടുക്കുന്നവരും മറ്റും നെഗറ്റീവായി ബാധിക്കുന്നുണ്ടോ എന്ന് ശ്രദ്ധിച്ചുവേണം ഈ രീതി പിന്തുടരാന്‍. ഓല്‍ഗ മെക്കിംഗ് എഴുതിയ Niksen.Embracing the Dutch Art of Doing Nothing എന്ന പുസ്‍തകവും നിക്ഷെനെ കുറിച്ചുണ്ട്. 

click me!