പുതിയ കലണ്ടര്‍ കയ്യില്‍ കിട്ടിയാല്‍ ആദ്യം നിങ്ങള്‍ തിരയുന്നതെന്താണ്?

By Web Team  |  First Published Dec 31, 2022, 5:18 PM IST

അങ്ങ് പ്രവാസ ലോകത്തേക്കെത്തിയാല്‍ കഥ മാറും. മലയാള മാസങ്ങളും കേരളാ വിശേഷങ്ങളും  രേഖപ്പെടുത്തിയിട്ടില്ലെങ്കിലും അറബ് വിശേഷ അവസരങ്ങളുടെ തീയ്യതികള്‍ നോക്കിയാണ്  അവധിക്കാല യാത്ര പദ്ധതി തയ്യാറാക്കുന്നത്.


മറ്റൊരു പുതുവര്‍ഷം കൂടി പടിവാതിലിലെത്തിയിരിക്കുന്നു. ചുമരിലും സ്‌ക്രീനിലുമൊക്കെ കലണ്ടറുകള്‍ മാറാനൊരുങ്ങുന്നു. ജോലിയും ആചാരവും ആഘോഷവും ദിനചര്യകളും യാത്രകളുമൊക്കെ ഇനിയാ കലണ്ടറിലെ അക്കങ്ങള്‍ക്കൊപ്പമാണ്. കലന്‍ഡേ എന്ന ലാറ്റിന്‍ വാക്കിന് കണക്കു കൂട്ടുക എന്നാണര്‍ത്ഥം. ഭൂമിശാസ്ത്രപരവും കാലാവസ്ഥാ സംബന്ധിയുമായ പ്രതിഭാസങ്ങളായിരുന്നു ആദ്യകാല കലണ്ടര്‍ സംവിധാനങ്ങള്‍ക്ക് അടിസ്ഥാനമായതെങ്കില്‍ ഭൂമിയുടെയും  സൂര്യന്റെയും ചന്ദ്രന്റെയും ചലനങ്ങളെ കുറിച്ച് മനുഷ്യന്‍ മനസ്സിലാക്കിയപ്പോഴാണ് ഗ്രിഗോറിയന്‍ കലണ്ടര്‍ എന്ന നമ്മളിന്ന് കാണുന്ന കലണ്ടറുകളുടെ ആദ്യ രൂപമുണ്ടാകുന്നത്. .

ഇന്ന് ലോകമെമ്പാടും പ്രചാരത്തിലുള്ള ഗ്രിഗോറിയന്‍ കലണ്ടര്‍ 1582 -ലാണ് പിറക്കുന്നത്. ക്രിസ്റ്റഫര്‍ ക്ലോവിയസ് എന്ന ജര്‍മന്‍ ഗണിത-ജ്യോതിശാസ്ത്രജ്ഞന്‍ രൂപപ്പെടുത്തിയ യേശുക്രിസ്തു ജനിച്ച വര്‍ഷത്തെ അടിസ്ഥാനമാക്കിയുള്ള കലണ്ടറിന് പോപ്പ് ഗ്രിഗറി പതിമൂന്നാമന്‍ ഔദ്യോഗിക അംഗീകാരം നല്‍കുകയായിരുന്നു. പല സംസ്‌കാരങ്ങളും സമൂഹങ്ങളും മത വിഭാഗങ്ങളും മുമ്പുള്ളവയെ മാതൃകയാക്കിയോ മറ്റുള്ളവരില്‍ നിന്ന് കടം കൊണ്ടോ പുതിയ കലണ്ടറുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അവരവരുടെ ആചാര അനുഷ്ടാനങ്ങള്‍ക്ക് അനുസരിച്ച് അവരതില്‍ പരിഷ്‌കാരങ്ങള്‍ വരുത്തി. ചിങ്ങം മുതല്‍ കര്‍ക്കിടകം വരെ പന്ത്രണ്ട് മാസങ്ങളുള്ള മലയാളം കലണ്ടര്‍ നമ്മളിപ്പോഴും പിന്തുടരുന്നു.

Latest Videos

undefined

പുതിയ കലണ്ടര്‍ കയ്യില്‍ കിട്ടിയാല്‍ ആദ്യം നിങ്ങള്‍ തിരയുന്നതെന്തായിരിക്കും? പ്രിയപ്പെട്ടവരുടെ ജന്മദിനം, നാട്ടിലെ ഉത്സവം, നെന്മാറ പൂരം, പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം, പള്ളിപ്പെരുന്നാള്‍ അങ്ങിനെ ഓരോരുത്തരുടെ ഇഷ്ടാനിഷ്ടങ്ങളും ദേശവുമനുസരിച്ച്   മാറിമറിഞ്ഞിരിക്കും. ചുവന്ന അക്കങ്ങളെ ഏറ്റവും സ്‌നേഹിച്ചത് സര്‍ക്കാര്‍ ജീവനക്കാരും ബാങ്ക് ജീവനക്കാരുമായിരിക്കും. അങ്ങ് പ്രവാസ ലോകത്തേക്കെത്തിയാല്‍ കഥ മാറും. മലയാള മാസങ്ങളും കേരളാ വിശേഷങ്ങളും  രേഖപ്പെടുത്തിയിട്ടില്ലെങ്കിലും അറബ് വിശേഷ അവസരങ്ങളുടെ തീയ്യതികള്‍ നോക്കിയാണ്  അവധിക്കാല യാത്ര പദ്ധതി തയ്യാറാക്കുന്നത്. അവസാന നിമിഷത്തെ വിമാന നിരക്ക് വര്‍ദ്ധനയില്‍ നിന്ന് രക്ഷപ്പെടാനായി ടിക്കറ്റുകള്‍ നേരത്തെ തരപ്പെടുത്തി വെക്കും. അത്തറിന്റെ സുഗന്ധം കടല്‍ കടന്നെത്തും മുമ്പ് എന്തൊക്കെ കടമ്പകള്‍ കടക്കണം!

പഴയ കലണ്ടറുകള്‍ വലിച്ചെറിഞ്ഞാലും അതിലെ ഓരോ അക്കങ്ങളിലും സംഭവിച്ച സന്തോഷങ്ങളും ദുഖങ്ങളും പുതിയ കലണ്ടറിലേക്ക് പരകായ പ്രവേശനം നടത്തുന്നു. വാര്‍ഷികമെന്ന പേരില്‍ സന്തോഷങ്ങള്‍ കലണ്ടറുകളില്‍ നിന്ന് കലണ്ടറുകളിലേക്ക്  സഞ്ചരിക്കുന്നു. ദുഃഖങ്ങളാവട്ടെ അങ്ങനെയൊരു ദിവസമുണ്ടായിരുന്നുവെന്ന് നേര്‍ത്തൊരു നെടുവീര്‍പ്പോടെ ഓര്‍മ്മപ്പെടുത്തുന്നു. ഇനിയേത് നോവുകള്‍ വന്നാലും ചെറുത്തു നില്‍ക്കാനും സഹിക്കാനും പ്രാപ്തരാണെന്ന സന്ദേശം കൂടി നല്‍കിയാണ് നോവുകളുടെ വാര്‍ഷികങ്ങള്‍ കടന്നു വരുന്നത്. ഒരു പക്ഷെ സന്തോഷമേകിയ നിമിഷങ്ങളേക്കാള്‍ ഓര്‍മ്മകള്‍ക്കിഷ്ടം നോവുകളേകിയ സന്ദര്‍ഭങ്ങളാവും. അതായിരിക്കണം കലണ്ടറോ അടയാളപ്പെടുത്തലോ ആവശ്യമില്ലാതെ തന്നെ അവ ഇടയ്ക്കിടെ വന്നു എത്തിനോക്കുന്നത്.

പഴയ കലണ്ടറിലെ കണ്ണു നനയിച്ച അക്കങ്ങള്‍ പുതിയൊരു കലണ്ടര്‍ ചാര്‍ത്തിയപ്പോള്‍  ചെറിയൊരു സങ്കടമായി മാറിയിട്ടുണ്ടാവും. ഇനിയും കലണ്ടറുകള്‍ മാറും. അപ്പോഴത് വെറുമൊരു ഓര്‍മ്മ മാത്രമായി മാറും. ഇനിയും മുന്നോട്ടേക്ക് കുതിക്കാനുള്ള ശക്തിയും എന്തും നേരിടാനുള്ള തന്റേടവും നല്‍കുന്ന വെറും കാലടിപ്പാടുകളാവും, തിരിഞ്ഞു നോക്കിയാല്‍ ചുണ്ടിലൊരു പുഞ്ചിരി നല്‍കുന്ന പിന്നിട്ട വഴിയിലെ കാലടിപ്പാടുകള്‍. കലണ്ടറുകളെത്ര മാറിയാലും നമ്മളങ്ങിനെ നമ്മളായി തന്നെ തുടരും. മറ്റൊരാള്‍ അവരുടെ കലണ്ടറുകളില്‍ നമ്മുടെ വിടപറച്ചിലോ ഓര്‍മ്മകളോ രേഖപ്പെടുത്തും വരെ! അതിന് സ്‌നേഹം കൊണ്ടും സഹാനുഭൂതി കൊണ്ടും കൂടെ നില്‍ക്കണം. അവര്‍ക്കാണ് ശരീരം വെടിഞ്ഞാലും ഓര്‍മ്മകളില്‍ ഇടം. മറ്റൊരാളുടെ ജീവിതത്തിലും കലണ്ടറിലും ഓര്‍മ്മയിലും ഇടം നേടുക എന്നതിനോളം വേറെ ഭാഗ്യമെന്താണ്! 

click me!