ഈ ദിനങ്ങളിൽ വീടിനുള്ളിൽ പ്രവേശിക്കാനോ വീടിനുള്ളിൽ കഴിയാനുള്ള അവകാശമോ സ്ത്രീകൾക്കില്ല. പകരം വീടിനു പുറത്തായി കെട്ടി ഉണ്ടാക്കിയ മൺകൂരയിലാണ് കഴിയേണ്ടത്.
സ്ത്രീകളുടെ ശരീരത്തിൽ ഉണ്ടാകുന്ന സ്വാഭാവികവും ജൈവികവുമായ ഒരു പ്രവർത്തനം മാത്രമാണ് ആർത്തവം. ആർത്തവ അശുദ്ധി എന്ന പ്രാകൃത ചിന്താഗതിയിൽ നിന്നും ഇപ്പോൾ സമൂഹം മാറി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു എന്നത് പ്രതീക്ഷാവഹമാണ്. എന്നാൽ, ആർത്തവത്തോടുള്ള അറപ്പും വെറുപ്പും നമ്മുടെ സമൂഹത്തിൽ നിന്നും ഭാഗികമായെങ്കിലും മാറി തുടങ്ങിയെങ്കിലും ഇപ്പോഴും ആർത്തവത്തെ അശുദ്ധിയായി കാണുന്ന ജനസമൂഹങ്ങൾ ലോകത്തിൻറെ വിവിധ ഭാഗങ്ങളിലും ഉണ്ട്.
അത്തരത്തിൽ നേപ്പാളിലെ ഗ്രാമങ്ങളിൽ ഇപ്പോഴും ആർത്തവ ദിനങ്ങളിൽ പലകാര്യങ്ങളിൽ നിന്നും സ്ത്രീകളെ വിലക്കുന്ന രീതി പിന്തുടർന്ന് വരുന്നുണ്ട്. ഇത് അവരുടെ പാരമ്പര്യത്തിന്റെ ഭാഗമായാണ് നേപ്പാളിലെ ജനവിഭാഗം കാണുന്നത്. ആർത്തവ ദിനങ്ങളിൽ സ്ത്രീകളെ വിലക്കിനിർത്തുന്ന ഈ സമ്പ്രദായത്തിന്റെ പേര് ചൗപടി എന്നാണ്. ഈ സമ്പ്രദായം അനുസരിച്ച് ആർത്തവ ദിനങ്ങളിൽ സ്ത്രീകൾക്ക് സ്വന്തം വീട്ടിൽ നിൽക്കാൻ പോലും അവകാശമില്ല.
undefined
ചൗപടി സമ്പ്രദായം 2004 -ൽ നേപ്പാളിലെ സുപ്രീംകോടതി കർശനമായി നിരോധിച്ചിരുന്നു. തേർഡ് ഐ ഫൗണ്ടേഷൻ എന്ന സംഘടന നടത്തിയ പഠനത്തിൽ മനസ്സിലായത് ഇപ്പോഴും നേപ്പാളിന്റെ മധ്യ-പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഇത് വ്യാപകമായി നടത്തിവരുന്നുണ്ട് എന്നാണ്.
കഠിനമായ വിവേചനവും നീതി നിഷേധവുമാണ് ആർത്തവ ദിനങ്ങളിൽ സ്ത്രീകൾക്ക് ഇവിടെ നേരിടേണ്ടി വരുന്നത്. ഈ സമയത്ത് ഒരു സ്ത്രീ വീടിനുള്ളിൽ താമസിച്ചാൽ ദേവീ ദേവന്മാർ കോപിക്കുമെന്നാണ് ഇവരുടെ വിശ്വാസം. അതുകൊണ്ടുതന്നെ ഈ ദിനങ്ങളിൽ വീടിനുള്ളിൽ പ്രവേശിക്കാനോ വീടിനുള്ളിൽ കഴിയാനുള്ള അവകാശമോ സ്ത്രീകൾക്കില്ല. പകരം വീടിനു പുറത്തായി കെട്ടി ഉണ്ടാക്കിയ മൺകൂരയിലാണ് കഴിയേണ്ടത്. കൂടാതെ ഈ ദിവസങ്ങളിൽ വീട്ടിൽ കഴിഞ്ഞാൽ വീട്ടിലെ കുടുംബനാഥന് ഭ്രാന്ത് പിടിക്കും എന്നും ഇവർ വിശ്വസിക്കുന്നു. കൂടാതെ ആർത്തവ ആഴ്ചയിൽ വീട്ടിലെ വളർത്തു മൃഗങ്ങളെ തൊടാനോ വിളകളിൽ തൊടാനോ സ്ത്രീകൾക്ക് അനുവാദമില്ല. ഇങ്ങനെ സ്പർശിച്ചാൽ അവയെല്ലാം നശിച്ചു പോകുമെന്നാണ് ഇവരുടെ വിശ്വാസം. കൂടാതെ ക്ഷേത്രദർശനം നടത്താനോ ആരാധനാ കർമ്മങ്ങളിൽ പങ്കെടുക്കാനോ സ്ത്രീകൾക്ക് അവകാശമില്ല.
ആർത്തവസമയത്ത് സ്ത്രീകളോട് കാണിക്കുന്ന അതേ നീതി നിഷേധം തന്നെയാണ് പ്രസവിച്ച ഉടൻ അമ്മയോടും കുഞ്ഞിനോടും കാണിക്കുന്നതും. ആർത്തവ സമയത്ത് സ്ത്രീകൾക്ക് നേരിടേണ്ടി വരുന്ന എല്ലാ വിലക്കുകളും പ്രസവശേഷമുള്ള ആദ്യ ദിനങ്ങളിൽ അമ്മയ്ക്കും കുഞ്ഞിനും അനുഭവിക്കേണ്ടിവരുന്നു. ഇത് ഇവരിൽ വലിയ അണുബാധ ഉണ്ടാകുന്നതിനും മരണം സംഭവിക്കുന്നതിനും വരെ ഇടയാകാറുണ്ട്. കൂടാതെ ചൗപടി സമ്പ്രദായത്തിന്റെ ഭാഗമായി ഒറ്റപ്പെട്ട താമസിക്കേണ്ടി വരുന്ന സ്ത്രീകൾക്ക് നേരെയുള്ള ശാരീരിക അതിക്രമങ്ങളും ഇവിടെ കുറവല്ല.