പാമ്പുകളുമായി ജനങ്ങൾ തെരുവിൽ, വ്യത്യസ്തമായ നാ​ഗപഞ്ചമി ആഘോഷം

By Web Team  |  First Published Jul 19, 2022, 3:15 PM IST

സാധാരണയായി ആഘോഷങ്ങളിൽ പങ്കെടുപ്പിക്കാനുള്ള പാമ്പുകളെ രണ്ടാഴ്ച മുൻപേ പിടികൂടും. ഈ പാമ്പുകളെ അവയുടെ മാളങ്ങളിൽ നിന്ന് വടികൾ ഉപയോഗിച്ച് പുറത്തെടുത്ത് ഒരു കൂടയിൽ സൂക്ഷിക്കുന്നു.


ഒരു പാമ്പിനെ എട്ടടി ദൂരത്തിൽ കണ്ടാൽ പോലും നമ്മിൽ പലരും വിരണ്ടുപോകും. അപ്പോൾ ആയിരക്കണക്കിന് പാമ്പുകൾ ഒത്തുകൂടുന്ന ഒരിടമുണ്ടെങ്കിലോ? എത്ര പേർക്ക് ധൈര്യത്തോടെ അവിടേയ്ക്ക് പോകാൻ കഴിയും? അതേസമയം പാമ്പുകളെ ആരാധിക്കുന്ന ഒരു സംസ്കാരം നമ്മുടെ രാജ്യത്തുണ്ട്. പാമ്പിൻ കാവുകളും, നാഗ ക്ഷേത്രങ്ങളും എല്ലാം അതിന്റെ ഭാഗമാണ്. അതുപോലെ തന്നെ പാമ്പുകളെ ആരാധിക്കുന്ന ഒരു വിശേഷ ദിവസമാണ് നാഗപഞ്ചമി. വർഷത്തിൽ ഒരിക്കൽ മാത്രം വരുന്ന ആ ദിനത്തിൽ നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും ആളുകൾ പ്രാർത്ഥനകൾക്കായി ഒത്തുകൂടുന്നു.

എല്ലാ വർഷവും ജൂലൈയിലോ, ഓഗസ്റ്റിലോ ആണ് നാഗപഞ്ചമി വരുന്നത്. ഇന്ത്യയിലെ ബിഹാറിലെ സമസ്തിപൂരിലും ആളുകൾ ഇത്  ആഘോഷിക്കുന്നു. എന്നാൽ, പൂജയും പ്രാർത്ഥനയും മാത്രമല്ല അന്ന് അവിടെ കാണാൻ സാധിക്കുക. ആളുകൾ കൈകളിലും, കഴുത്തിലും ഒക്കെ പാമ്പുകളെ ചുറ്റി വഴിയിൽ ഘോഷയാത്ര നടത്തുന്നതാണ്. പത്തോ പതിനഞ്ചോ പേരല്ല, ഇതിൽ പങ്കെടുക്കുന്നത്. പകരം നൂറുകണക്കിന് ഭക്തരാണ്. അവരുടെ ഒക്കെ കൈകളിൽ പാമ്പുകളും കാണും. ഒരു കളിപ്പാട്ടത്തെ കൈകാര്യം ചെയ്യുന്നത്ര അനായാസമായാണ് അവർ ഈ പാമ്പുകളെയും കൊണ്ട് തെരുവിൽ പ്രകടനം നടത്തുന്നത്.  
 
നാഗപഞ്ചമി സമയം നാഗങ്ങളെ ആരാധിക്കുകയും പാലും മധുരപലഹാരങ്ങളും പൂക്കളും സമർപ്പിക്കുകയും ചെയ്യുന്നു. പാമ്പുകളിൽ നിന്ന് അനുഗ്രഹം സ്വീകരിക്കാൻ നിരവധി ഭക്തരാണ് ആ സമയം അവിടേയ്ക്ക് ഒഴുകി എത്തുന്നത്. ഏകദേശം മൂന്നൂറുവർഷത്തെ പഴക്കമുണ്ട് ഈ പാരമ്പര്യത്തിന്. പാമ്പുകളെ വച്ചുള്ള ഈ അഭ്യാസപ്രകടനങ്ങൾ കാണാൻ വഴിയരികിൽ ആളുകൾ കൗതുകത്തോടെ നില്പുണ്ടാകും. അതിൽ സ്ത്രീകളും കുട്ടികളും ഒക്കെ ഉണ്ടാകും. 

Latest Videos

undefined

സാധാരണയായി ആഘോഷങ്ങളിൽ പങ്കെടുപ്പിക്കാനുള്ള പാമ്പുകളെ രണ്ടാഴ്ച മുൻപേ പിടികൂടും. ഈ പാമ്പുകളെ അവയുടെ മാളങ്ങളിൽ നിന്ന് വടികൾ ഉപയോഗിച്ച് പുറത്തെടുത്ത് ഒരു കൂടയിൽ സൂക്ഷിക്കുന്നു. പിന്നെ നാഗപഞ്ചമി ദിവസം ആദ്യം പാമ്പിനെ കൂട്ടി സിംഹിയ ബസാറിൽ സ്ഥിതി ചെയ്യുന്ന മാ ഭഗവതി ക്ഷേത്രത്തിൽ പോയി ഭക്തർ പ്രാർത്ഥിക്കുന്നു. തുടർന്ന് ഗണ്ഡക് നദിയിലേക്ക് ഘോഷയാത്ര നടത്തുന്നു. അപ്പോഴും ആളുകളുടെ കൈയിൽ പാമ്പുകൾ ഉണ്ടാകും. തുടർന്ന്, അവിടെ കൂടി നിന്നവരെല്ലാം കൈയിൽ പാമ്പുമായി നദിയിൽ മുങ്ങി നിവരുന്നു. ചടങ്ങിന്റെ പ്രധാന ആകർഷണവും ഇത് തന്നെയാണ്. 

എന്നാൽ ഈ കാലത്തിനിടയ്ക്ക്  ആർക്കെങ്കിലും പാമ്പുകടിയേറ്റതായോ, ആരെങ്കിലും മരണപ്പെട്ടതായോ അറിവില്ല. തുടർന്ന് ചടങ്ങെല്ലാം കഴിയുമ്പോൾ ആളുകൾ തങ്ങൾ പിടിച്ച പാമ്പിനെ സുരക്ഷിതമായ ഒരിടത്ത് കൊണ്ട് പോയി തുറന്ന് വിടുന്നു. എല്ലാ വർഷവും ഇത് നടക്കുന്നുവെങ്കിലും, സംഭവം അപകടം പിടിച്ചതാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലലോ? 

click me!