എന്നാൽ, ശവശരീരങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ഹൃദയസ്പർശിയായത് "ചൈൽഡ് ചാപ്പലിൽ" സംരക്ഷിച്ചിരിക്കുന്നത് കുഞ്ഞുങ്ങളുടെ മമ്മികളാണ്. നല്ല രീതിയിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന അവ കണ്ടാൽ ഉറങ്ങുന്ന പാവകളാണെന്നേ തോന്നൂ.
സിസിലി(Sicily)യിലെ ഒരു ഭൂഗർഭ ശവകുടീര(Underground tomb)ത്തിൽ ആയിരക്കണക്കിന് മമ്മികളും, അസ്ഥികൂടങ്ങളുമുണ്ട്. അതിൽ 173 എണ്ണം കുഞ്ഞുങ്ങളുടേതാണ്. മുതിർന്നവരുടെ അസ്ഥികൂടങ്ങൾക്കൊപ്പം എന്തിനാണ് അവിടെ കുട്ടികളുടെ മൃതദേഹം സൂക്ഷിച്ച് വച്ചിരിക്കുന്നത്? ഈ കുട്ടികൾ എങ്ങനെയാണ് മരണപ്പെട്ടത്? ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ ഗവേഷകർ. എക്സ്-റേ സാങ്കേതികവിദ്യ(X-Ray technology) ഉപയോഗിച്ച് അവരുടെ ജീവിതത്തെയും മരണത്തെയും ചുറ്റിപ്പറ്റിയുള്ള നിഗൂഢതകൾ വെളിച്ചത്ത് കൊണ്ടുവരാനാണ് ശാസ്ത്രജ്ഞരുടെ നീക്കം. ഇതിനായി ബ്രിട്ടീഷ് ശാസ്ത്രജ്ഞരുടെ ഒരു സംഘം രണ്ട് വർഷം നീണ്ട അന്വേഷണത്തിന് തുടക്കം കുറിച്ചിരിക്കയാണ്.
undefined
വടക്കൻ സിസിലിയിലെ പലേർമോയിലെ കപ്പൂച്ചിൻ കാറ്റകോംബ്‌സിലാണ് കുട്ടികളുടെ മമ്മികളും അസ്ഥികൂട അവശിഷ്ടങ്ങളും സൂക്ഷിച്ചിരിക്കുന്നത്. ഈ സെമിത്തേരി ലോകമെമ്പാടുമുള്ള നിരവധി ഗവേഷകരുടെ ജിജ്ഞാസ ഉണർത്തുന്നു. യൂറോപ്പിൽ ഏറ്റവും കൂടുതൽ മമ്മികളും അസ്ഥികൂടങ്ങളും ഉള്ളത് ഈ സെമിത്തേരിയിലാണ്. ആകെ മൊത്തം 1,284 സ്വാഭാവികമായി മമ്മിഫൈ ചെയ്യപ്പെട്ട ശവശരീരങ്ങളാണ് അവിടെയുള്ളത്. അവയെല്ലാം 1787 -നും 1880 -നും ഇടയിലുള്ളതാണെന്ന് വിശ്വസിക്കപ്പെടുന്നു. അവർ ചെറുപ്പക്കാരാണ് എന്ന് വ്യക്തമാണെങ്കിലും, അവർ ആരായിരുന്നുവെന്നും അവർ എങ്ങനെ മരിച്ചു എന്നതിനെക്കുറിച്ചും ഇപ്പോഴും അറിയാൻ സാധിച്ചിട്ടില്ല.
സെമിത്തേരിയുടെ ഏറ്റവും പഴക്കമുള്ള ഭാഗത്ത് വൈദികരുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നു. അവരെ ഒരു ഹാളിലാണ് അടക്കം ചെയ്തിരിക്കുന്നത്. മറ്റൊരു ഇടനാഴിയിൽ, വിപുലമായ വസ്ത്രങ്ങളും, ആഭരണങ്ങളും അണിഞ്ഞ സ്ത്രീകളെ അടക്കം ചെയ്തിരിക്കുന്നു. പലേർമോയുടെ കുലീന കുടുംബത്തിലെ അംഗങ്ങളുടെ മൃതദേഹങ്ങൾ പുരുഷന്മാർക്കായി നീക്കിവച്ചിരിക്കുന്ന ഇടനാഴിയിൽ സൂക്ഷിച്ചിരിക്കുന്നു.
എന്നാൽ, ശവശരീരങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ഹൃദയസ്പർശിയായത് "ചൈൽഡ് ചാപ്പലിൽ" സംരക്ഷിച്ചിരിക്കുന്നത് കുഞ്ഞുങ്ങളുടെ മമ്മികളാണ്. നല്ല രീതിയിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന അവ കണ്ടാൽ ഉറങ്ങുന്ന പാവകളാണെന്നേ തോന്നൂ. പലതിന്റെയും മുഖം പോലും വ്യക്തമായി കാണാൻ സാധിക്കും. കുട്ടികളിൽ എന്തെങ്കിലും വളർച്ചാ വൈകല്യങ്ങളോ, അസുഖങ്ങളോ ഉണ്ടായിരുന്നോ എന്നതും, അവരുടെ ലിംഗഭേദവും, പ്രായവും ശാസ്ത്രജ്ഞർ എക്സ്-റേ പരിശോധനയിലൂടെ കണ്ടെത്തും. ഈ ഗവേഷണത്തിന് നേതൃത്വം നൽകുന്നത് സ്റ്റാഫോർഡ്‌ഷെയർ യൂണിവേഴ്‌സിറ്റിയിലെ ഡോ. കിർസ്റ്റി സ്ക്വയേഴ്‌സാണ്. "ലോകത്തിലെ മമ്മികളുടെ ഏറ്റവും പ്രധാനപ്പെട്ട ശേഖരങ്ങളിലൊന്നാണ് കപ്പൂച്ചിൻ കാറ്റകോംബ്സ്. അവിടെ അവശേഷിക്കുന്ന പലതും അസ്ഥികൂടമായി മാറിയിരിക്കുന്നു. എന്നാൽ ചിലത് വളരെ ഭംഗിയായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. അവയുടെ ശരീരത്തിലെ സുഷിരങ്ങളും ചർമ്മവും മുടിയും വസ്ത്രങ്ങളും എല്ലാം കേടുകൂടാതെ അവശേഷിക്കുന്നു" അദ്ദേഹം പറഞ്ഞു.
ഈ സെമിത്തേരി പ്രധാനമായും പലേർമോയിലെ കപ്പൂച്ചിൻ കാറ്റകോംബ്സ് ആശ്രമത്തിലെ സന്യാസിമാരെ അടക്കം ചെയ്യാനാണ് നിർമ്മിച്ചത്. എന്നാൽ, പിന്നീട് അത് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. അക്കാലത്ത്, ഒരു ശവശരീരം മമ്മിഫൈ ചെയ്യുന്നത് മരണത്തിലും പദവിയും അന്തസ്സും കാത്തുസൂക്ഷിക്കാനുള്ള ഒരു മാർഗമായിരുന്നു. അത് സമൂഹത്തിലെ ഉന്നത സ്ഥാനത്തേയും, സമ്പത്തിനെയും സൂചിപ്പിക്കുന്നു. ശവശരീരങ്ങളുടെ ഒരു മ്യൂസിയമായ ഇത് 'മ്യൂസിയം ഓഫ് ഡെത്ത്' എന്നറിയപ്പെടുന്നു. സിസിലിയുടെ പൈതൃകത്തിന്റെ ഭാഗമായ മമ്മികൾ ഇന്ന് പൊതുജനങ്ങൾക്കും വിനോദസഞ്ചാരികൾക്കുമായി പ്രദർശിപ്പിച്ചിരിക്കയാണ്.