അനേകം തലമുറകളില്‍ കാല്‍പ്പനികതയുടെ വസന്തം വിരിയിച്ച പ്രണയഗാനങ്ങളുടെ ചോരയും നീരുമായി നിന്ന ചില പ്രതിഭകള്‍ അനുഭവിച്ച പ്രണയമുറിവുകളെക്കുറിച്ചാണ് വിനോദ് കുമാര്‍ തള്ളശ്ശേരി എഴുതുന്ന ഈ പരമ്പര. അവസാന ഭാഗത്തില്‍ ഇന്ന് ഗീതാ ദത്തിന്റെ പ്രണയ മുറിവുകള്‍.
മായക്കാഴ്ചകളുടെ കലയാണ് സിനിമ. ഇല്ലാത്തതെന്തോ അത് നമ്മളെ കാണിക്കുന്നു. അതാണ് സത്യമെന്ന് കാണികളെ വിശ്വസിപ്പിക്കുന്നു. ഏറ്റവും നന്നായി ഇല്ലാത്തതൊന്നിനെ ഉണ്ടെന്ന് വിശ്വസിപ്പിക്കുന്നവന്‍ നല്ല സിനിമക്കാരന്‍ ആവുന്നു. യഥാതഥമായ ആഖ്യാന രീതി പിന്തുടര്‍ന്നിട്ടുള്ള സിനിമയുടെ കാര്യത്തില്‍ പോലും സ്ഥിതി വ്യത്യസ്തമല്ല.
മായക്കാഴ്ചകളുടെ പിന്നാലെ കാണികളെ നടത്തിക്കുന്ന സിനിമയ്ക്കുള്ളിലുള്ളവരും പലതരം മായ കാഴ്ചകള്‍ക്ക് പിറകെ പോയി സ്വയം നഷ്ടപ്പെട്ടിട്ടുണ്ട്. ചിലര്‍ സ്വയം നഷ്ടപ്പെട്ടപ്പോള്‍ ചിലര്‍ മറ്റുള്ളവര്‍ക്കുകൂടി നഷ്ടങ്ങളുണ്ടാക്കി കടന്നുപോയി. ഹിന്ദി സിനിമാ പിന്നണി രംഗത്തുണ്ടായിരുന്ന അത്തരം ചില നഷ്ടങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
undefined
ഭാഗം ഒന്ന്: നമ്മെ തളിര്‍പ്പിച്ച ആ പ്രണയഗാനങ്ങള്‍ക്കു പിന്നില്‍ ഒരു മനുഷ്യന്റെ മുറിവുകളായിരുന്നു!
ഭാഗം രണ്ട്: ആശാ ബോസ്‌ലെയുടെ പ്രണയഗാനങ്ങളിലെ നായകന്‍, പ്രണയനഷ്ടം അയാളെ ഏകാകിയാക്കി
കണ്ണുനീര്‍ കൊണ്ട് സ്വന്തം സംഗീതജീവിതം എഴുതിയ ഗായികയായിരുന്നു, ഗീതാ ദത്ത്. അവിഭക്ത ഭാരതത്തിലെ ഫരീദ്പുരില്‍ (ഇപ്പോള്‍ ബംഗ്ലാദേശ്) ആണ് ഗീത ഘോഷ് റോയ് ചൗധരി ജനിച്ചത്. പഴയൊരു ജന്മി കുടുംബത്തില്‍ ജനിച്ച അവര്‍ കുടുംബത്തോടൊപ്പം കല്‍ക്കത്തയിലേക്കും 1942-ല്‍ ബോംബേയിലേക്കും കുടിയേറുകയാണുണ്ടായത്. നീണ്ടകാലത്തെ പ്രണയത്തിനൊടുവില്‍ സംവിധായകന്‍ ഗുരു ദത്തിനെ വിവാഹം ചെയ്തതോടെയാണ് ഗീത ദത്ത് ആയി മാറിയത്.
1946-ല്‍ തന്റെ സംഗീതഗുരുവായ ഹനുമന്‍ പ്രസാദിന്റെ സംഗീതസംവിധാനത്തില്‍ പുറത്തുവന്ന 'ഭക്ത പ്രഹ്ലാദ്' ആണ് അവര്‍ പാടിയ ആദ്യസിനിമ. എന്നാല്‍ 1949-ല്‍ പുറത്തുവന്ന 'ദോ ഭായി' എന്ന സിനിമയിലെ, രാജ മെഹ്ദി അലി ഖാന്‍ എഴുതി എസ്. ഡി. ബര്‍മന്‍ ഈണമിട്ട 'മേര സുന്ദര്‍ സപ്ന ഭീത് ഗയ' എന്ന തീവ്ര ശോക ഗാനമാണ് അവരെ പ്രശസ്തിയിലേക്ക് ഉയര്‍ത്തിയത്. ഈ പാട്ടില്‍ നമ്മള്‍ കേള്‍ക്കുന്നത് ഒരു തുടക്കക്കാരിയായ കൗമാരക്കാരിയെയല്ല, ഇരുത്തം വന്ന ഒരു ഗായികയെയാണ്.
ആ പാട്ടിലൂടെ അവര്‍ ഹിന്ദി പിന്നണി ഗാന രംഗത്ത് സ്വന്തം ഇടം പിടിച്ചെടുക്കുകയായിരുന്നു. ലതാ മങ്കേഷ്‌കറുടെ പ്രഭാവത്തില്‍ മറ്റെല്ലാ ഗായികമാരും രംഗം വിട്ടൊഴിഞ്ഞപ്പോഴും പിടിച്ചു നിന്നത് അവര്‍ മാത്രമായിരുന്നു. ഏത് തരം പാട്ടുകളും അതിനാവശ്യമായ ഭാവം കൊടുത്ത് പാടാനുള്ള അവരുടെ കഴിവ് തന്നെയാണ് അവരെ നിലനിര്‍ത്തിയത്. 'വികാരങ്ങളെ ഇതിലും നന്നായി പകര്‍ന്ന് തന്ന ഗായകര്‍ നമുക്കില്ലെന്ന് ഹിന്ദി സിനിമാ സംഗീതത്തിന്റെ ചരിത്രം പറയുന്ന 'ബോളിവുഡ് മെലഡീസ്' എന്ന പുസ്തകത്തില്‍ ഗണേഷ് അനന്തരാമന്‍ പറയുന്നുണ്ട്.
ഒ. പി. നയ്യാര്‍ തന്റെ സിനിമാ ജീവിതത്തിന്റെ തുടക്കത്തില്‍ ഏറെ ഉപയോഗിച്ച ശബ്ദം ഗീതയുടേതായിരുന്നു. ആദ്യകാല പരാജയങ്ങള്‍ക്കുശേഷം നയ്യാറിന്റെ ഉയര്‍ച്ചയ്ക്ക് കാരണമായ പാട്ടുകള്‍ ഗീതയുടെ ശബ്ദത്തിലായിരുന്നു. യഥാര്‍ത്ഥത്തില്‍ ഗീതാ ദത്തിന്റെ സ്വാധീനം കാരണമാണ് തുടച്ചയായ പരാജയങ്ങള്‍ക്കുശേഷവും തന്റെ 'ആര്‍ പാര്‍' എന്ന സിനിമയില്‍ നയ്യാര്‍ക്ക് തന്നെ അവസരം കൊടുക്കാന്‍ ഗുരു ദത്ത് തീരുമാനിച്ചത്. അത് ഗുരുദത്തിനും നയ്യാര്‍ക്കും ഗീത ദത്തിനും ഒരു പോലെ പ്രയോജനപ്രദമായി മാറി. ഇന്നും നമ്മള്‍ മൂളി നടക്കുന്ന ഗീതയുടെ 'ബാബുജി ധീരെ ചല്‍ന' എന്ന പാട്ടും 'യേ ലോ മൈ ഹാരി പിയ' എന്ന പാട്ടും ഈ സിനിമയിലേതാണ്. നയ്യാറിന്റെ പെപ്പി നംബറുകളിലും പരിപൂര്‍ണ മെലഡികളിലും അവരുടെ ആലാപനം മികവുറ്റതായിരുന്നു. ഏത് തരം പാട്ടുകളും തന്മയത്വത്തോടെ പാടാനുള്ള അവരുടെ കഴിവ് തന്നെയാണ് നയ്യാരുടെ ഇഷ്ടഗായികയായി അവര്‍ നില്‍ക്കാന്‍ കാരണം.
നീണ്ട പ്രണയത്തിനൊടുവില്‍ വീട്ടുകാരുടെ എതിര്‍പ്പ് കൂടി വകവെക്കാതെയാണ് അവര്‍ ഗുരു ദത്തിനെ വിവാഹം കഴിച്ചത് 1953-ല്‍. 1951-ല്‍ 'ബാസി' എന്ന സിനിമയുടെ റെക്കോര്‍ഡിംഗ് സമയത്താണ് ഗുരു ദത്തും ഗീതാ റോയിയും കണ്ടുമുട്ടുന്നത്. ഗുരു ദത്ത് ബോളിവുഡില്‍ പിടിച്ചുനില്ക്കാന്‍ ശ്രമിക്കുന്ന സംവിധായകനും ഗീത ഏറെക്കുറെ സ്വന്തം സ്ഥാനം അടയാളപ്പെടുത്തി കഴിഞ്ഞിരുന്ന ഗായികയുമായിരുന്നു, അപ്പോള്‍. 'ബാസി' വിജയം നേടിയിരുന്നെകിലും തുടര്‍ന്നുവന്ന് രണ്ട് സിനിമകളും പരാജയമായിരുന്നു. ഈ സമയത്താണ് അവരുടെ വിവാഹം നടക്കുന്നത്. സിനിമയില്‍ പിടിച്ചു നില്‍ക്കാന്‍ തന്നെ പാടുപെടുന്ന ഗുരു ദത്ത് അതിനിടയില്‍ തന്നെ പേരെടുത്തുകഴിഞ്ഞിരുന്ന ഗീതയെ വിവാഹം ചെയ്തത് അവരുടെ സമ്പത്ത് മോഹിച്ചായിരുന്നെന്ന് ഗോസിപ്പുകള്‍ ഉണ്ടായി. സ്വതവേ പെട്ടെന്ന് വികാരത്തിനടിമപ്പെടുന്ന ഗുരു ദത്തിന് താങ്ങാന്‍ കഴിയുന്നതായിരുന്നില്ല ഈ ആരോപണം. ഗീതയെ മറ്റ് സംവിധായകരുടെ സിനിമകളില്‍ പാടുന്നതിന് വിലക്കുന്നതുവരെ ഗുരു ദത്ത് എത്തി.
തുടര്‍ച്ചയായ ഒന്നു രണ്ട് പരാജയങ്ങള്‍ക്കുശേഷം 'ആര്‍ പാര്‍' എന്ന സിനിമ വിജയിച്ചപ്പോള്‍ അവരുടെ ജീവിതം വീണ്ടും സുഗമമായതായിരുന്നു. സാമ്പത്തികമായ പ്രയാസത്തില്‍ നിന്ന് അവര്‍ ഒരു പരിധി വരെ കരകയറുകയും ചെയ്തു. എന്നാല്‍ പ്രശ്‌നങ്ങള്‍ ഒന്നിനു പിറകെ ഒന്നായി അവരെ പിടികൂടുകയായിരുന്നു. ഗുരു ദത്തും വഹീദാ റഹ്മാനുമായുള്ള അടുപ്പം തീവ്രമായതോടുകൂടി ഗീതയുടെ ജീവിതം വീണ്ടും പ്രതിസന്ധിയിലായി. തന്റെ കരിയര്‍ പോലും ഭാഗികമായി നഷ്ടപ്പെടുത്തിയ ഗുരു ദത്തുമായുള്ള ദാമ്പത്യബന്ധത്തില്‍ കാര്‍മേഘം നിറഞ്ഞത് അവര്‍ക്ക് താങ്ങാവുന്നതില്‍ കൂടുതലായിരുന്നു. അവര്‍ മദ്യത്തില്‍ അഭയം തേടി.
മി. & മിസ്സിസ് 55, സി.ഐ.ഡി എന്നീ സിനിമകളിലെ ഗാനങ്ങള്‍ വമ്പന്‍ ഹിറ്റുകളായിരുന്നു. മജ് രൂ സുല്‍ത്താന്‍ പുരി എഴുതി ഒ.പി. നയ്യാര്‍ ഈണമിട്ട 'ജാനെ കഹം മേരാ ജിഗര്‍ ഗയ ജി' , 'ഉധര്‍ തും ഹസീന്‍ ഹൊ ഇധര്‍ ദില്‍ ജവാ ഹൈ' എന്നീ പാട്ടുകള്‍ ഇപ്പോഴും നമ്മള്‍ കേള്‍ക്കുകയും പാടി നടക്കുകയും ചെയ്യുന്നു. അങ്ങേയറ്റം ജനപ്രിയമായ ഈ പാട്ടുകള്‍ റഫിയ്ക്കും ഗീതയ്ക്കും ഒരു പോലെ അവരുടെ ആലാപനത്തിലെ വൈവിധ്യത പുറത്തു കൊണ്ടുവന്ന പാട്ടുകള്‍ കൂടിയായിരുന്നു. അതുപോലെ സി.ഐ.ഡിയിലെ ജാന്‍ നിസാര്‍ അക്തര്‍ എഴുതി ഒ.പി. നയ്യാര്‍ ചെയ്ത 'ആംഖോം ഹി ആംഖോം മെ ഇശാര ഹോ ഗയ' എന്ന പാട്ടും മജ്രൂ സുല്‍ത്താന്‍പുരി രചിച്ച 'യേ ദില്‍ ഹൈ മുശ്ഖില്‍ ജീന യഹാം' എന്ന പാട്ടും ഇന്നും ജനപ്രിയമായി തന്നെ തുടരുന്നു. ജോണി വാക്കര്‍ എന്ന ഹാസ്യനടനുവേണ്ടി റഫി പാടുമ്പോള്‍ തന്റെ ശബ്ദത്തിലും ആലാപനത്തിലും കൊണ്ടുവരുന്ന മാറ്റം എടുത്തുപറയേണ്ടതാണ്. അതിനോട് തുല്യമായി നിന്നുകൊണ്ടാണ് ഗീതയും ഈ ഗാനങ്ങള്‍ പാടിയിരിക്കുന്നത്.
1957-ലാണ് ഇന്ത്യന്‍ സിനിമയിലെ തന്നെ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്നായ 'പ്യാസ' പുറത്തിറങ്ങുന്നത്. സിനിമ എല്ലാ അര്‍ത്ഥത്തിലും വലിയ വിജയമായിരുന്നു. സാഹിര്‍ ലുധ്യാന്‍വി എഴുതി എസ്. ഡി. ബര്‍മന്‍ ഈണമിട്ട പാട്ടുകളെല്ലാം ഏറെ ജനപ്രിയമായിരുന്നു. മൂന്ന് വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ പാടുന്ന പാട്ടുകളില്‍ ഗീതയുടെ ശബ്ദമുണ്ടായിരുന്നു. 'ആജ് സാജന്‍ മൊഹെ അംഗ് ലഗാ ലോ' എന്ന പാട്ട് ഒരു രാധാകൃഷ്ണ പ്രണയം പറയുന്ന ഒരു സ്റ്റേജ് പരിപാടിയില്‍ പാടുന്ന ഒരു ഭജന്‍. 'ഹം ആപ് കി ആംഖോം മെ' എന്ന പാട്ട് ഒരു സ്വപ്ന രംഗത്തിനുവേണ്ടി റാഫിയോടൊത്തുള്ള യുഗ്മ ഗാനം. അങ്ങേയറ്റം പ്രണയം സ്ഫുരിക്കുന്ന പാട്ടാണ് 'ജാനേ ക്യാ തു നേ കഹി' എന്ന പാട്ട്. നീയെന്തോ പറഞ്ഞു, ഞാനെന്തോ കേട്ടു. പക്ഷേ അത്, പ്രണയം, സംഭവിക്കുകതന്നെ ചെയ്തു. എന്നര്‍ത്ഥം വരുന്ന പാട്ട്. മൂന്നു പാട്ടുകളിലും അവരുടെ ആലാപനം എത്രമാത്രം മാറുന്നു എന്ന് കേള്‍ക്കുമ്പോള്‍ അല്ഭുതം കൊള്ളാനേ കഴിയൂ.
'കാഗസ് കെ ഫൂല്‍' ഗുരു ദത്ത് തന്റെ മുഴുവന്‍ സമ്പാദ്യം മാത്രമല്ല പ്രതീക്ഷകളും കൊടുത്ത് നിര്‍മ്മിച്ച സിനിമയായിരുന്നു. എന്നാല്‍ സിനിമ വന്‍ പരാജയം ഏറ്റു വാങ്ങി, സാമ്പത്തികമായി. വിമര്‍ശകര്‍ പോലും അക്കാലത്ത് സിനിമയെ പിന്തുണച്ചില്ല. ( പില്‍ക്കാലത്ത് വിമര്‍ശകര്‍ സിനിമയെ വാഴ്ത്തി എന്നത് മറ്റൊരു കാര്യം). ചിത്രത്തിന്റെ പരാജയം ഗുരു ദത്തിന് താങ്ങാന്‍ പറ്റാത്തതായിരുന്നു. തന്റെ പേര് പോലും ചിത്രത്തിന് അപശകുനമാണെന്ന ആത്മ നിന്ദ വരെ അദ്ദേഹം എത്തി. മേലില്‍ സിനിമ സംവിധാനം ചെയ്യുകയില്ല എന്ന കടുത്ത തീരുമാനം അദ്ദേഹം എടുത്തു. അദ്ദേഹത്തിന്റെ കമ്പനി ഗുരു ദത്ത് ഫിലിംസ് നിര്‍മ്മിച്ച പില്‍ക്കാല സിനിമകള്‍ മറ്റ് പലരുമാണ് സംവിധാനം ചെയ്തത്.
എന്നാല്‍ സിനിമയിലെ പാട്ടുകള്‍ വളരെ ജനപ്രിയമായിരുന്നു. 'വക്ത് നെ കിയ ക്യാ ഹസീന്‍ സിതം തും രഹെ ന തും ഹം രഹെ ന ഹം' ( കാലം ചെയ്തത് എന്തൊരു ക്രൂരതയാണ്, നിനക്ക് നീയായിരിക്കാന്‍ ആയില്ല എനിക്ക് ഞാനായിരിക്കാനും) എന്ന പാട്ട് ഒരു പക്ഷെ അവരുടെ അന്നത്തെ അവസ്ഥ തന്നെയാണ് പറയുന്നത്. അതുകൊണ്ട് തന്നെയാവണം അവരുടെ ആലാപനത്തിന് ഇത്ര വൈകാരിക തീവ്രത വന്നത്. കൈഫി ആസ്മി രചിച്ച പാട്ടുകള്‍ സംഗീതം കൊടുത്തത് എസ്.ഡി. ബര്‍മന്‍ തന്നെ. പാട്ടിന്റെ ചരണത്തില്‍ തന്നെ പറയുന്നുണ്ട്, കുറച്ച് ചുവടുകള്‍ ഒന്നിച്ച് നടന്നപ്പോഴേയ്ക്കും രണ്ട് പേര്‍ക്കും വഴി നഷ്ടപെട്ടുപോയി എന്ന്.
അപ്പോഴേയ്ക്കും ഗുരു ദത്തും ഗീതയും തമ്മിലുള്ള ബന്ധം തീര്‍ത്തും മോശമായി തീര്‍ന്നിരുന്നു. ദാമ്പത്യത്തിലെ പ്രശ്‌നങ്ങളും സാമ്പത്തിക പ്രയാസങ്ങളും ജീവിതം തന്നെ പ്രതിസന്ധിയിലാക്കിയതിനാല്‍ ഇതിനകം തന്നെ ഗുരു ദത്ത് അറിയാതെ ഗീത റിക്കോര്‍ഡിംഗിന് പോയിത്തുടങ്ങി. കാലത്ത് ഗുരു ദത്ത് വീട്ടില്‍ നിന്നിറങ്ങിയാല്‍ അവര്‍ റെക്കോര്‍ഡിംഗ് സ്റ്റുഡിയോവിലേയ്ക്ക് പോകും, ആരുമറിയാതെ തിരിച്ചു വരുകയും ചെയ്യും. എന്നാല്‍ മദ്യപാനവും മറ്റ് പ്രയാസങ്ങളും അവരിലെ ഗായികയെ തളര്‍ത്തുകയായിരുന്നു. തന്റെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ കഴിയാതെ വന്നപ്പോള്‍ എസ്. ഡി. ബര്‍മന്‍ ആശാ ബോസ്ലേയെ കൂടുതല്‍ ആശ്രയിക്കാന്‍ തുടങ്ങി. നയ്യാര്‍ അപ്പോഴേയ്ക്കും ഏറെക്കുറെ പൂര്‍ണമായി ആശയുടെ ശബ്ദത്തില്‍ ഒതുങ്ങിയിരുന്നു. 1958-ല്‍ ആണ് ഒ. പി. നയ്യാര്‍ക്കുവേണ്ടി ഗീത അവസാനമായി പാടുന്നത്. എസ്. ഡി. ബര്‍മനാകട്ടെ 1959-നു ശേഷം ഗീതയുടെ ശബ്ദം ഉപയോഗിച്ചതേ ഇല്ല.
ഗുരു ദത്ത് ഫിലിംസിന്റെ 'ചാന്ദ് വി കാ ചാന്ദ്', 'സാഹിബ് ബീബി ഔര്‍ ഗുലാം' എന്നീ സിനിമകള്‍ സാമ്പത്തിക വിജയം നേടിയിരുന്നു. 'സാഹിബ് ബീബി ഔര്‍ ഗുലാം' എന്ന ചിത്രത്തില്‍ പാടുന്നതില്‍ നിന്ന് ഗീതയെ ഒഴിവാക്കാന്‍ ഗുരു ദത്ത് ശ്രമിച്ചതാണ്. പക്ഷേ ഗീതയ്ക്കും കൂടി പങ്കാളിത്തമുള്ള കമ്പനിയില്‍ നിന്ന് അവരെ ഒഴിവാക്കാന്‍ കഴിയുമായിരുന്നില്ല. നിയമത്തിന്റെ സഹായത്തോടുകൂടിയാണ് ആ സിനിമയില്‍ അവര്‍ ഒടുവില്‍ പാടിയത്. വഹീദാ റഹ്മാനും മീനാകുമാരിയും മുഖ്യ സ്ത്രീകഥാപാത്രങ്ങളായ സിനിമയില്‍ വഹീദാ റഹ്മാന്‍ പാടുന്ന പാട്ടുകള്‍ ഗീത പാടിയിട്ടില്ല. ഒരു പക്ഷെ മന:പൂര്‍വം തന്നെ.
ഷകീല്‍ ബദായൂനി എഴുതി ഹേമന്ത് കുമാര്‍ ഈണമിട്ട മൂന്ന് പാട്ടുകളാണ് ഗീത ഈ സിനിമയില്‍ പാടിയിട്ടുള്ളത്. പ്രഭുവുമായുള്ള തന്റെ പ്രണയത്തിന്റെ ആദ്യനാളുകളില്‍ അദ്ദേഹത്തിന്റെ മുന്നിലെത്താന്‍ ഒരുങ്ങുന്ന അവസരത്തില്‍ പാടുന്ന 'പിയ ഐസോ ജിയ മൈ സമായെ ഗയോ രെ' ആണ് ഒരു പാട്ട്. ഈ പാട്ടില്‍ പ്രണയത്തിലെ പ്രതീക്ഷയുടെ വശ്യത തുളുമ്പുന്നുണ്ട്. ഒരു രാത്രിയില്‍ തന്നെ വിട്ടുപോകാനൊരുങ്ങുന്ന പ്രിയനെ തടയാന്‍ മദ്യത്തിന്റെ ലഹരിയില്‍ പാടുന്ന 'ന ജാവോ സൈയ ചുഠാകെ ബൈയ' എന്ന പാട്ട്. ഒടുവില്‍ രാത്രി ഏറെ ചെന്നിട്ടും പ്രിയനെ കാണാതിരിക്കുന്ന അവസരത്തില്‍ പാടുന്ന 'കോയി ദൂര്‍ സെ ആവാസ് ദേ ചലെ ആവോ' എന്ന പാട്ട്. തീവ്ര വിരഹത്തില്‍ എരിഞ്ഞു തീരുമ്പോള്‍ പാടുന്ന പാട്ട്. തന്റെ പ്രണയജീവിതം തന്നെ ഒരിക്കലും തിരിച്ചു കിട്ടാത്ത വിധം കൈവിട്ടുപോയ അവസരത്തിലാണ് ഈ മൂന്ന് പാട്ടുകളും ഗീത പാടുന്നത്. സ്വയം ഒരുകിയാണ് ഇതില്‍ രണ്ട് പാട്ടുകളും ഗീത പാടിയിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ ഒട്ടും വിഷമമില്ല. ഗുരു ദത്ത് നിര്‍മ്മിച്ച അവസാന സിനിമയായിരുന്നു, 'സാഹിബ് ബീബി ഔര്‍ ഗുലാം'. പിന്നീട് ഒന്നു രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും 1964-ല്‍ അദ്ദേഹത്തിന്റെ ജീവിതം അവസാനിച്ചു.
ഗീത പാടിയ അവസാന ചിത്രം 1971-ല്‍ പുറത്തിറങ്ങിയ 'അനുഭവ്' ആണ്. ദാമ്പത്യത്തില്‍ വരുന്ന അസ്വാരസ്യങ്ങള്‍ പ്രമേയമാക്കി ബാസു ഭട്ടാചാര്യ ചെയ്ത മൂന്ന് ചിത്രങ്ങളില്‍ ആദ്യത്തേതായിരുന്നു, അനുഭവ്. ബിസിനസ്സുകാരനായ അമറിന്റെ (സഞ്ജീവ് കുമാര്‍) ഭാര്യ മീത (തനൂജ) അനുഭവിക്കുന്ന ഏകാന്തതയില്‍ അവളുടെ പഴയ കാമുകന്‍ ശശി ഭൂഷണ്‍ കടന്നുവരുന്നതും തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളും ആണ് സിനിമയുടെ പ്രമേയം. ഒടുവില്‍ പരസ്പരം മനസ്സിലാക്കി അമറും മീതയും ഒന്നിക്കുന്ന അവസരത്തില്‍ പാടുന്ന പാട്ടാണ് 'മുഝേ ജാന്‍ കഹോ മേരി ജാന്‍.' ഗീത അതിമനോഹരമായി പാടിയ പാട്ട് എഴുതിയത് ഗുല്‍സാറും ഈണമിട്ടത് കാനു റോയും ആണ്. പക്ഷേ സിനിമയില്‍ നിന്ന് വ്യത്യസ്തമായി ഗീതയുടെ ദാമ്പത്യത്തില്‍ പരസ്പരം മനസ്സിലാക്കലോ ഒന്നിക്കലോ ഉണ്ടായില്ല. 1972-ല്‍ ഗുരുതരമായ കരള്‍ രോഗം ബാധിച്ച് അവര്‍ മരിച്ചു. വെറും 42-ാം വയസ്സില്‍.
അനുഗൃഹീതയായ ഒരു ഗായികയുടെ അകാലത്തിലുള്ള അന്ത്യമായിരുന്നു, അത്. പ്രണയം കൊണ്ട് മുറിവേറ്റ് പിടഞ്ഞ് പിന്നീടൊരിക്കലും പറക്കാന്‍ കഴിയാതെ അവസാനിച്ച വാനമ്പാടി, അതായിരുന്നു, ഗീതാ ദത്ത്. 'സാഹിബ് ബീബി ഔര്‍ ഗുലാം' എന്ന സിനിമയിലെ 'കൊയി ദൂര്‍ സെ ആവാസ് ദേ ചലേ ആവോ' എന്ന പാട്ടില്‍ പറഞ്ഞതു പോലെ 'വിശ്വാസം നഷ്ടപ്പെട്ട്, മുഖം തിരിച്ച്, കൂട്ട് പിരിഞ്ഞതുകൊണ്ട്' ഒന്നും നേടാനാകാതെ അവസാനിച്ച രണ്ട് ജന്മങ്ങള്‍, ആയിത്തീര്‍ന്നു ഗുരു ദത്തും ഗീതയും.
ഭാഗം ഒന്ന്: നമ്മെ തളിര്‍പ്പിച്ച ആ പ്രണയഗാനങ്ങള്‍ക്കു പിന്നില്‍ ഒരു മനുഷ്യന്റെ മുറിവുകളായിരുന്നു!
ഭാഗം രണ്ട്: ആശാ ബോസ്‌ലെയുടെ പ്രണയഗാനങ്ങളിലെ നായകന്‍, പ്രണയനഷ്ടം അയാളെ ഏകാകിയാക്കി