കടുവ എന്ന സിനിമയ്ക്ക് വേണ്ടി സംവിധായകന്‍ ഷാജി കൈലാസും നടന്‍ പൃഥ്വിരാജും ക്ഷമ ചോദിച്ചത് പോലെ ഭിന്നശേഷിക്കാരോട് മാപ്പുപറയാന്‍ ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ കൂടിയായ രഞ്ജിത്തിനും മമ്മൂട്ടിയ്ക്കും ബാധ്യതയില്ലേ? - ഒരു ഭിന്നശേഷി വ്യക്തിയുടെ അമ്മയ്ക്ക് പറയാനുള്ളത്. മുര്‍ഷിദ പര്‍വീന്‍ എഴുതുന്നു
ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.
undefined
കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി ഷാജി കൈലാസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായി അഭിനയിച്ച കടുവയെന്ന ചലച്ചിത്രത്തെ കുറിച്ച് ചില വിവാദങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഭിന്നശേഷിയുള്ള ഒരു കുട്ടിയുടെ അമ്മ എന്ന നിലയില്‍, ആ വിവാദം എന്താണെന്നും ഏതാണെന്നും അറിയാന്‍ ഏറെ ആകാംക്ഷ തോന്നി. പങ്കു വെക്കപ്പെട്ട വിവരങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞത് ഭിന്നശേഷി കുട്ടികള്‍ ഉണ്ടാവുന്നത് രക്ഷിതാക്കളുടെ കര്‍മ്മഫലം കൊണ്ടാണെന്ന് അര്‍ത്ഥം വരുന്ന തരത്തിലുള്ള സംഭാഷണം നായകനടന്റെ കഥാപാത്രത്തില്‍ നിന്നുണ്ടായി എന്നാണ്.
ഭിന്നശേഷിയുമായി ബന്ധപ്പെട്ട ഒരു സംഘടന നല്‍കിയ പരാതിയുടെ പുറത്ത് അധികാരികള്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുകയും തല്‍ഫലമായി കടുവ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഒരു വാര്‍ത്താ സമ്മേളനം വിളിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തു.
കടുവയുടെ അണിയറ പ്രവര്‍ത്തകര്‍ ചെയ്ത ഈ പ്രവൃത്തിയെ ഒരു ഭിന്നശേഷി വ്യക്തിയുടെ രക്ഷിതാവ് എന്ന നിലയില്‍ സ്വാഗതം ചെയ്യുന്നു. ഏറെ ആശ്വാസം പകരുന്ന ഒരു തീരുമാനം കൂടിയാണ് വിവാദമായ ആ സംഭാഷണ രംഗം സിനിമയില്‍ നിന്നും നീക്കം ചെയ്യും എന്ന ഉറപ്പ്.
പക്ഷേ ഒരു രക്ഷിതാവ് എന്ന നിലയില്‍ ഒരല്‍പം കൂടി കാര്യങ്ങള്‍ പറയേണ്ടതുണ്ട്. അത് മുമ്പുണ്ടായ ചില സിനിമകളെ കുറിച്ചാണ്. ഇത്തരം സംഭാഷണ ശകലങ്ങള്‍ മുമ്പും ചില സിനിമകളില്‍ വന്നിട്ടുണ്ടല്ലോ. 2004 നവംബറില്‍ സംവിധായകനും കേരള ചലച്ചിത്ര അക്കാദമിയുടെ ഇപ്പോഴത്തെ ചെയര്‍മാനുമായ രഞ്ജിത്ത് രചനയും സംവിധാനവും നിര്‍വഹിച്ച് മമ്മൂട്ടി നായകനായി എത്തിയ 'ബ്ലാക്ക്' എന്ന സിനിമയിലും ഭിന്നശേഷിക്കാര്‍ക്കെതിരായ സംഭാഷണങ്ങള്‍ വന്നിട്ടുണ്ട്. ആ നിലയ്ക്ക്, ഇന്ന് കടുവ എന്ന സിനിമയ്ക്ക് വേണ്ടി സംവിധായകന്‍ ഷാജി കൈലാസും നടന്‍ പൃഥ്വിരാജും ക്ഷമ ചോദിച്ചത് പോലെ ഭിന്നശേഷിക്കാരോട് മാപ്പുപറയാന്‍ ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ കൂടിയായ രഞ്ജിത്തിനും മമ്മൂട്ടിയ്ക്കും ബാധ്യതയില്ലേ? കടുവ എന്ന സിനിമയ്‌ക്കെതിരെ നടപടി എടുക്കാന്‍ തുനിഞ്ഞ അധികൃതര്‍ ബ്ലാക്ക് എന്ന ഈ സിനിമയയെയും മുന്‍കാലപ്രാബല്യത്തോടെ സമീപിക്കേണ്ടതുണ്ട്. Also Read : ഭിന്നശേഷി കുട്ടികളോട് നമ്മള്‍ ചെയ്യുന്നത്, ഒരമ്മ തുറന്നെഴുതുന്നു
ഇപ്പോള്‍ ഓര്‍മ്മയില്‍വരുന്നത്, ഒരു പ്രമുഖ എഴുത്തുകാരന്റെ കൃതിയാണ്. ഈ സിനിമാ സംഭാഷണങ്ങളേക്കാള്‍ കൂടുതല്‍ ഭിന്നശേഷിയുള്ള കുട്ടിയേയും മാതാവിനേയും അപമാനിച്ചതാണ് ആ പുസ്തകം. ആ പുസ്തകത്തിന് ഇനി കിട്ടാന്‍ അവാര്‍ഡുകള്‍ ഒന്നും ബാക്കിയില്ല എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. ഈ എഴുത്തുകാരനെതിരേയും പുസ്തകത്തിനെതിരെയും കൂടി പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഇടപെടലുകള്‍ ഉണ്ടാവേണ്ടതല്ലേ?
ഇത് മാത്രമല്ല, ഭിന്നശേഷിയുള്ളവരെ വിവിധ തലത്തില്‍ അപമാനിച്ചിട്ടുള്ള ഒരുപാട് കലാസൃഷ്ടികള്‍ ഇന്നും നിലവിലുണ്ട്. അവയെയും സമാനമായ രീതിയില്‍ തന്നെ സമീപിക്കേണ്ടതുണ്ട്. അതിനുള്ള നിമിത്തമാവണം 'കടുവ' എന്ന സിനിമയ്‌ക്കെതിരെ ഉയര്‍ന്ന പ്രതിഷേധം.
ദൃശ്യമാധ്യമങ്ങള്‍ക്ക് പ്രേക്ഷകരെ സ്വാധീനിക്കാന്‍ എളുപ്പമാണെന്ന ബോധ്യത്തില്‍ നിന്നാണ് ഈ സിനിമയ്‌ക്കെതിരെയുള്ള പ്രതികരണം രൂക്ഷമായത്. അങ്ങനെയെങ്കില്‍ ബാക്കിയുള്ളവയ്ക്ക് നേരെയും ഇതേ പ്രതികരണം വേണം എന്നാണ് എന്റെ നിലപാട്. ഇനി ഇറങ്ങാനിരിക്കുന്ന സിനിമകള്‍ക്കും ഇതൊരു പാഠമായി മാറുകയും വേണം.
ഇനി മാപ്പിന്റെ കാര്യം. കടുവ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ മാപ്പ് കൊണ്ട് ഒരു തെറ്റുതിരുത്തപ്പെട്ടു എന്നത് ശരിയാണ്. എന്നാല്‍, ഭിന്നശേഷി വ്യക്തികള്‍ അനുഭവിക്കുന്ന വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ കൂടുതല്‍ ചര്‍ച്ചയാവാനുള്ള സാഹചര്യം കൂടി സമൂഹം എന്ന നിലയില്‍ ഇവിടെ ഉണ്ടാവണം. യഥാര്‍ത്ഥത്തില്‍ ഭിന്നശേഷിക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ ഒന്ന് മാത്രമാണ് അവഹേളനങ്ങള്‍. അതിനേക്കാള്‍ ഏറെ അവഗണനകള്‍ നേരിടുന്ന വിഭാഗമാണ് ഭിന്നശേഷിക്കാര്‍. Also Read: ഉറക്കം പോലുമില്ലാത്ത ജീവിതം, ഇങ്ങനെയുമുണ്ട് നമ്മുടെ നാട്ടില്‍ ചില അമ്മമാര്‍!
ഭിന്നശേഷി സൗഹൃദ സംസ്ഥാനം എന്നത് അലങ്കാരത്തിന് പുറത്ത് നമ്മുടെ സംസ്ഥാനം കാര്യമായി എടുത്തിട്ടുണ്ടോ എന്ന കാര്യം ഇവിടെ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. സര്‍ക്കാരില്‍ നിന്നും അര്‍ഹിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് വേണ്ടി ഔദാര്യത്തിനെന്ന പോലെ ഓച്ഛാനിച്ച് നില്‍ക്കേണ്ട സാഹചര്യമാണ് നിലവില്‍ കേരളത്തിലുള്ളത്. ഓക്യുപ്പേഷനല്‍ തെറാപ്പി, സ്പീച്ച് തെറാപ്പി, ഫിസിയോതെറാപ്പി എന്നിവ ദിനേന ലഭിക്കേണ്ടവ സാധാരണക്കാരിലും സാധാരണക്കാരായവര്‍ക്ക് ലഭിക്കുന്നത് ആഴ്ചയില്‍ ഒരു ദിവസത്തെ പ്രൊഫഷണല്‍ സേവനം മാത്രമാണ്. പതിനെട്ട് വയസ്സ് കഴിഞ്ഞ കുട്ടികള്‍ക്ക് റിഹാബിലിറ്റേഷന് വേണ്ടി മാതാപിതാക്കള്‍ തന്നെ ലോണ്‍ എടുത്ത് സമാനപ്രായക്കാരേയും കൂട്ടി സ്വന്തം നിലയില്‍ സ്ഥാപനങ്ങള്‍ നടത്തേണ്ട ഗതികേടാണ് നിലനില്‍ക്കുന്നത്. കാരണം, പതിനെട്ട് വയസ്സ് കഴിഞ്ഞ മാനസിക വെല്ലുവിളി നേരിടുന്നവരെ ഇരുത്തി പരിശീലനം നല്‍കാന്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ വിരലിലെണ്ണാവുന്ന ഏതാനും സ്ഥാപനങ്ങളേയുള്ളൂ. പ്രിവിലേജ് കാറ്റഗറികളില്‍ ഉള്ളവര്‍ക്ക് ഇതൊന്നും ബാധകമല്ല. ഇവയെല്ലാം സാധാരണക്കാരുടെ മാത്രം പ്രശ്‌നമാണ്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ പാട് പെടുന്ന സാധാരണക്കാരനായ ഭിന്നശേഷി വ്യക്തിയുടെ രക്ഷിതാവിന് ഈ പ്രാരബ്ധങ്ങള്‍ക്കിടയില്‍ പ്രതികരിക്കാന്‍ പോയിട്ട് പരാതി പറയാന്‍ പോലുമാവില്ല. പറഞ്ഞാലും എഴുതിയാലും തീരാത്തത്ര നിവൃത്തികേടുകള്‍ ഇങ്ങനെ മുന്നില്‍ നിരന്നു കിടക്കുമ്പോള്‍ ഈ കടുവ സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ മാപ്പ് പറച്ചില്‍ ഇത്തിരി ആശ്വാസം പകരുന്നു എന്ന് മാത്രം. കാരണം ദരിദ്രരേക്കാള്‍ നിവൃത്തികെട്ട ഗതികെട്ട നിസ്സഹായാവസ്ഥയില്‍ ജീവിക്കുന്നവരാണ് ഭിന്നശേഷിയുള്ള വ്യക്തികളുടെ രക്ഷിതാക്കളും ബന്ധപ്പെട്ടവരും . പ്രതീക്ഷകള്‍ ഒന്നുമില്ലാതെ ഈ സമയവും കടന്ന് പോകുമെന്ന ചിന്തയില്‍ മുന്നോട്ട് ജീവിക്കുന്ന ജന്മങ്ങള്‍.