സ്പാനിഷ് അധിനിവേശത്തെ തുടര്‍ന്ന് അഞ്ച് നൂറ്റാണ്ടുകളായി കൊടും പീഡനം അനുഭവിക്കുന്ന ആദിമ മയന്‍ ഗോത്രവിഭാഗക്കാരോട് മെക്‌സിക്കോ മാപ്പ് പറഞ്ഞു.
സ്പാനിഷ് അധിനിവേശത്തെ തുടര്‍ന്ന് അഞ്ച് നൂറ്റാണ്ടുകളായി കൊടും പീഡനം അനുഭവിക്കുന്ന ആദിമ മയന്‍ ഗോത്രവിഭാഗക്കാരോട് മെക്‌സിക്കോ മാപ്പ് പറഞ്ഞു. തെക്കു കിഴക്കന്‍ സംസ്ഥാനമായ ക്വിന്റാനാ റൂയില്‍, ഗ്വാട്ടിമാലാ പ്രസിഡന്റ് അലജാന്ദ്രോ ജിയാമറ്റെയുടെ സാന്നിധ്യത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ മെക്‌സിക്കന്‍ പ്രസിഡന്റ് ആന്ദ്രെ മാനുവല്‍ ലോപസാണ് ചരിത്രപ്രധാനമായ മാപ്പുപറച്ചില്‍ നടത്തിയത്.
വടക്കേ അമേരിക്കയിലെ ആദിമ നിവാസികളാണ് മയ ഗോത്രവിഭാഗക്കാര്‍. ഈ വിഭാഗത്തിന്റെ കൈയിലാണ് പുരാതനമായ മയ സംസ്‌കാരം വളര്‍ന്നു പന്തലിച്ചത്. ആദിമമായ മയ സംസ്്കാരത്തില്‍ ജീവിച്ചിരുന്നവരുടെ പിന്‍ഗാമികളാണ് ഇന്നത്തെ മയ വിഭാഗക്കാര്‍. തെക്കന്‍ മെക്‌സിക്കോ, ഗ്വാട്ടിമാല, ബെലിസ്, എല്‍ സാല്‍വദോര്‍, ഹോണ്ടുറാസ് എന്നിവിടങ്ങളിലാണ് ഈ വിഭാഗക്കാര്‍ ഇപ്പോള്‍ കഴിഞ്ഞുപോരുന്നത്. ഈ ഗോത്രവര്‍ഗ ജനതയെ ആട്ടിയേടിച്ചും പീഡിപ്പിച്ചുമാണ് പുറത്തുനിന്നുവന്നവര്‍ ഈ പ്രദേശങ്ങളെ കൈയടക്കിയത്. അധിനിവേശക്കാര്‍ അധികാരികളായതോടെ രണ്ടാം തരം ജനതയായാണ് ഇവര്‍ കഴിഞ്ഞുപോരുന്നത്. 1847-1901 കാലത്ത് മെക്‌സിക്കായില്‍ ഉണ്ടായ വംശീയ കലാപത്തില്‍ മാത്രം രണ്ടര ലക്ഷം മയ വിഭാഗക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഗ്വാട്ടിമാലയിലും മയ വിഭാഗക്കാര്‍ക്കെതിരെ വംശഹത്യകള്‍ നടന്നിട്ടുണ്ട്. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് ചരിത്രപരമായ കുറ്റം ഏറ്റു പറയാന്‍ മെക്‌സിക്കന്‍ പ്രസിഡന്റ് തയ്യാറായത്.
undefined
''മൂന്ന് നൂറ്റാണ്ട് നീണ്ട കൊളാണിയല്‍ അധിനിവേശത്തിന്റെയും രണ്ട് നൂറ്റാണ്ടിലെ മെക്‌സിക്കന്‍ പിടിച്ചടക്കലുകളുടെയും ഭാഗമായി വ്യക്തികളും സ്വദേശികളും വിദേശികളും മയ വര്‍ഗക്കാരോട് നടത്തിയ ഭീകരമായ പീഡനങ്ങളില്‍ സത്യസന്ധമായി ഞങ്ങള്‍ മാപ്പുപറയുന്നു.''-എന്നാണ് മെക്‌സിക്കന്‍ പ്രസിഡന്റ് ആന്ദ്രെ മാനുവല്‍ ലോപസ് പറഞ്ഞത്. മയ വിഭാഗക്കാര്‍ ഇപ്പോഴും അവഗണനയും പീഡനങ്ങളും ഏറ്റുവാങ്ങൂന്നതായി ഗ്വാട്ടിമാലാ പ്രസിഡന്റ് അലജാന്ദ്രോ ജിയാമറ്റെയും പറഞ്ഞു.
തന്റെ സംസ്ഥാനമായ തബസ്‌കോയില്‍ ഗോത്രവര്‍ഗക്കാരുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടിയാണ് ആന്ദ്രെ മാനുവല്‍ ലോപസ് രാഷ്ട്രീയത്തില്‍ ശ്രദ്ധേയനായത്. എക്കാലത്തും മയ വിഭാഗക്കാരോട് അനുതാപമുള്ള നിലപാടായിരുന്നു അദ്ദേഹത്തിന്‍േറത്.
നിര്‍ണായകമായ തദ്ദേശ,നിയമനിര്‍മാണ സഭാ തെരഞ്ഞെടുപ്പുകള്‍ അടുത്ത മാസം നടക്കാനിരിക്കെയാണ് പ്രസിഡന്റിന്റെ മാപ്പുപറച്ചില്‍. അധികാരത്തില്‍ ഒരു ഊഴം കൂടി ലഭിക്കുന്നതിനായി കിണഞ്ഞു ശ്രമിക്കുകയാണ് പ്രസിഡന്റ് എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.