സുന്ദരികളെന്നും പ്രണയ യോഗ്യതയുള്ളവരെന്നും ഞങ്ങള്‍ക്കും തോന്നി, ശോഭയെ കണ്ടപ്പോള്‍...

By Web Team  |  First Published May 4, 2020, 5:25 PM IST

ശോഭ മരിച്ച നാള്‍. എസ് ശാരദക്കുട്ടി എഴുതുന്നു


കോളേജുവിദ്യാഭ്യാസവും കാവാലം - അരവിന്ദന്‍ സ്‌കൂളുകളുടെ അഭിനയ പരിശീലനവും സാംസ്‌കാരിക പശ്ചാത്തലവുമുള്ള ജലജയായിരുന്നു ശാലിനിയുടെ കൂട്ടുകാരി അമ്മുവായി ആ ചിത്രത്തില്‍ അഭിനയിച്ചത്. ദു:ഖവും സന്തോഷവും എല്ലാം പരസ്പരം പങ്കു വെക്കുന്നവര്‍. ഒരാള്‍ കരഞ്ഞാല്‍ മറ്റേയാള്‍ തുണ. രഹസ്യങ്ങള്‍ കൈമാറുന്ന കത്തുകള്‍.. 'എങ്ങോട്ടു പോയി ഞാന്‍ എന്റെ സ്മൃതികളെ, നിങ്ങള്‍ വരില്ലയോ കൂടെ ' എന്നു കൊതിപ്പിച്ച സൗഹൃദം. അത്തരമൊരു കൂട്ടുകാരി യഥാര്‍ഥ ജീവിതത്തില്‍ ശോഭയ്ക്ക് ഉണ്ടായിരുന്നുവെങ്കില്‍ അകാലത്തില്‍ ആ ജീവിതം അവസാനിക്കുമായിരുന്നിരിക്കില്ല.

 

Latest Videos

undefined

 

മെയ് ഒന്ന്. 

പിറ്റേന്ന് യൂണിവേഴ്‌സിറ്റി പരീക്ഷയാണ്. ഗണിതശാസ്ത്രത്തിന്റെ കടുകട്ടിയായ ഒരു തിയറം മുറ്റത്തു കൂടി തലങ്ങും വിലങ്ങും നടന്നു വായിച്ചു മന:പാഠമാക്കുകയാണ്. പെട്ടെന്നാണ് റേഡിയോവിലെ വാര്‍ത്ത അമ്മ ശബ്ദം കൂട്ടി വെച്ചിട്ട് പറയുന്നത്, ശോഭ തൂങ്ങി മരിച്ചു എന്ന്. ഞാന്‍ നോട്ട് ബുക്കെറിഞ്ഞ് അകത്തേക്കോടി. റേഡിയോ സ്റ്റാന്‍ഡില്‍ തല ചേര്‍ത്തു മരവിച്ചു നിന്നു. കേള്‍ക്കാന്‍ വയ്യ ഒന്നും. ശോഭ അത്രക്ക് പ്രിയപ്പെട്ടവളായിരുന്നു.

മഷിയെഴുതാത്ത കണ്ണുകളും കെട്ടി മുഴുപ്പിക്കാത്ത ശരീരഭാഗങ്ങളുമായി ഞങ്ങളിലൊരാളെ പോലെ ശോഭ. പ്രിന്റ്റഡ് സില്‍ക്ക് സാരിയും കാതില്‍ വലിയ വളയങ്ങളുമായി സിനിമയില്‍ ശോഭയെയും ജലജയെയും കാണുമ്പോള്‍ സാധാരണക്കാരായ ഞങ്ങള്‍ക്കും ഞങ്ങള്‍ സുന്ദരികളാണെന്നും പ്രണയിക്കാന്‍ യോഗ്യരെന്നും സ്വയം തോന്നി.

 

 

ശോഭയെ പോലെ മുടി കൊണ്ട കെട്ടി ഓര്‍ഗണ്ടി സാരിയും ഷിഫോണ്‍ സാരിയും മുടിക്കു മുകളിലൂടെ ചുറ്റി തോള്‍ഭാഗം മറച്ച്, ശരീരം പൊതിഞ്ഞു ഞാനും നടന്നു. പുസ്തകം കയ്യില്‍ ചേര്‍ത്തു പിടിച്ച് സാരി തല വഴി മൂടിയപ്പോഴൊക്കെ സ്വയം ശോഭയായി സങ്കല്‍പിച്ചു. വേണു നാഗവള്ളി ഉള്‍ക്കടലിലെ ശോഭയുടെ മുടിയിഴകളില്‍ ഒരെണ്ണം നെറ്റിയില്‍ നിന്നെടുത്ത് രഹസ്യമായി ഒതുക്കി വെച്ചു കൊടുത്തപ്പോള്‍ അത്തരമൊരു നിമിഷത്തില്‍ ഞാനെന്നെ കൊതിച്ചു. ശാലിനി എന്റെ കൂട്ടുകാരിയില്‍ സുകുമാരന്‍ അവതരിപ്പിച്ച അധ്യാപകന്‍ മോഹിച്ചത് എന്നെ ആയിരുന്നെങ്കിലെന്ന് ഞാനാഗ്രഹിച്ചു. അത്രക്ക് ശോഭയുമായി ഞങ്ങളുടെ കാലത്തെ പെണ്‍കുട്ടികള്‍ പലരും സ്വയം ചേര്‍ത്തു വെച്ചിരുന്നു.

 

 

'പശി' എന്ന തമിഴ് സിനിമയില്‍ ശോഭയവതരിപ്പിച്ച മുഷിഞ്ഞ പെണ്‍കുട്ടിയെ കണ്ടപ്പോഴാണ് വിശപ്പിന്റെ ഗന്ധം തീക്ഷ്ണമായി ഒരു സ്‌ക്രീനില്‍ നിന്ന് പുറത്തേക്ക് പടരുന്നത് ആദ്യമായി അറിഞ്ഞത്. ശോഭയുടെ മണം ഞങ്ങളുടെ കാലത്തെ പല പെണ്‍കുട്ടികളുടെയും മണമായിരുന്നു.

 

 

എന്തിനാണ് പ്രശസ്തിയുടെ ഉച്ചയില്‍ തന്നെ ഒരു പെണ്‍കുട്ടി പൊടുന്നനെ ജീവിതം അവസാനിപ്പിച്ചു കളയുന്നത്? നടി പ്രേമയുടെ മകള്‍ക്ക് കോടമ്പാക്കത്തെ സാധാരണ സിനിമാ ജീവിതമല്ലാതെ മറ്റൊരു സാംസ്‌കാരിക അടിത്തറയോ ബൗദ്ധിക ജീവിതമോ ഇന്നത്തെ യുവനടികള്‍ക്കുള്ളതു പോലെ ഉണ്ടായിരുന്നില്ല.

കോളേജുവിദ്യാഭ്യാസവും കാവാലം - അരവിന്ദന്‍ സ്‌കൂളുകളുടെ അഭിനയ പരിശീലനവും സാംസ്‌കാരിക പശ്ചാത്തലവുമുള്ള ജലജയായിരുന്നു ശാലിനിയുടെ കൂട്ടുകാരി അമ്മുവായി ആ ചിത്രത്തില്‍ അഭിനയിച്ചത്. ദു:ഖവും സന്തോഷവും എല്ലാം പരസ്പരം പങ്കു വെക്കുന്നവര്‍. ഒരാള്‍ കരഞ്ഞാല്‍ മറ്റേയാള്‍ തുണ. രഹസ്യങ്ങള്‍ കൈമാറുന്ന കത്തുകള്‍.. 'എങ്ങോട്ടു പോയി ഞാന്‍ എന്റെ സ്മൃതികളെ, നിങ്ങള്‍ വരില്ലയോ കൂടെ ' എന്നു കൊതിപ്പിച്ച സൗഹൃദം.

 

 

അത്തരമൊരു കൂട്ടുകാരി യഥാര്‍ഥ ജീവിതത്തില്‍ ശോഭയ്ക്ക് ഉണ്ടായിരുന്നുവെങ്കില്‍ അകാലത്തില്‍ ആ ജീവിതം അവസാനിക്കുമായിരുന്നിരിക്കില്ല. ഇന്നത്തെ സിനിമാ നടിമാരുടെ കൂട്ടായ്മ WCC യുടെ പ്രസക്തി എന്തെന്ന് ഗൗരവത്തോടെ ഓര്‍മ്മിക്കാനുള്ള ദിവസം കൂടിയാവട്ടെ രാജ്യത്തെ മികച്ച നടി സ്വയം ജീവിതമവസാനിപ്പിച്ച ഈ ദിവസം.

 

 

click me!