സത്യസന്ധമായി പറഞ്ഞാൽ, ഞാൻ എന്റെ ജോലിയെ ഇഷ്ടപ്പെടുന്നു. പക്ഷേ ആളുകൾ എന്നെ പലപ്പോഴും തെറ്റിദ്ധരിക്കുന്നു. 'പാർട്ണറി'ലെ സൽമാൻ ഖാന്റെ കഥാപാത്രം പോലെയാണ് ഞാൻ എന്ന് ആളുകൾ വിശ്വസിക്കുന്നു. എന്നാൽ ഞാൻ കാര്യങ്ങളെ കാണുന്നത് മറ്റൊരു രീതിയിലാണ്. ഞാൻ ആളുകളെ ഒന്നിപ്പിക്കാൻ സഹായിക്കുന്നു എന്നാണ് എന്റെ വിശ്വാസം.
പലപ്പോഴും ഒരു പെൺകുട്ടിയോട് ഇടിച്ചുകയറി പോയി സംസാരിക്കാനും, അവളുമായി കൂട്ടുകൂടാനും ചിലർക്ക് മടിയായിരിക്കും. അവൾ എന്തെങ്കിലും വിചാരിക്കുമോ, എന്നെ മോശമായി കരുതുമോ എന്നിങ്ങനെ നൂറു ചോദ്യങ്ങൾ ഉള്ളിൽ ഉണ്ടാകും. എന്നാൽ, അത്തരക്കാരെ പരിശീലിപ്പിക്കുന്ന ഒരാളുടെ അനുഭവം കഴിഞ്ഞ ദിവസം ഹ്യൂമൻസ് ഓഫ് ബോംബെ(Humans of Bombay )യിൽ പോസ്റ്റ് ചെയ്തിരുന്നു. അദ്ദേഹം താൻ ഒരു ഡേറ്റിംഗ് കോച്ചാ(dating coach)ണ് എന്ന് സ്വയം പരിചയപ്പെടുത്തുന്നു.
തന്റെ സമീപം വരുന്ന പുരുഷന്മാർക്ക് അദ്ദേഹം സ്ത്രീകളോട് എങ്ങനെ പെരുമാറണം, എങ്ങനെ അവരുമായി ആശയവിനിമയം നടത്തണം തുടങ്ങിയ കാര്യങ്ങളിൽ പരിശീലനം നൽകുന്നു. ഇതുവരെ 500 ഓളം പുരുഷന്മാരെ ഡേറ്റിംഗ് നടത്താനും, പെൺകുട്ടികളുമായി ചങ്ങാത്തം കൂടാനും താൻ സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ഇത് അദ്ദേഹത്തിന്റെ കുറിപ്പാണ്:
undefined
“2017 -ൽ എന്റെ ഫിനാൻസ് ജോലി ഉപേക്ഷിച്ചാണ് ഞാൻ പുരുഷന്മാർക്കുള്ള ഡേറ്റിംഗ് പരിശീലകനായത്. ആണും പെണ്ണും ഇടപഴകുന്ന രീതികൾ പഠിക്കാൻ എനിക്ക് വലിയ താല്പര്യമായിരുന്നു. എന്റെ ജോലി വളരെ മടുപ്പുളവാക്കുന്നതായിരുന്നു. അതുകൊണ്ട് ജോലിയ്ക്ക് പോകുന്നതിന് പകരം ഞാൻ കഫേകളിൽ പോവുകയും, ആളുകളുമായി സംസാരിക്കുകയും ചെയ്യുമായിരുന്നു. പുരുഷന്മാരും സ്ത്രീകളും അവരുടെ ജീവിതകഥകൾ എന്നോട് പറയും. ഞാൻ അത് കേൾക്കും. പലരും ഡേറ്റിംഗിൽ മുൻപരിചയമില്ലാത്തത് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെന്ന് പരാതിപ്പെടും. അവർ പറഞ്ഞതിൽ നിന്ന് സ്വായത്തമാക്കിയ അറിവ് ഉപയോഗിച്ച്, Quora -യിൽ അത്തരം ചോദ്യങ്ങൾക്ക് ഞാൻ ഉത്തരം നൽകുകയും ചെയ്തു.
എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്, പ്രത്യേകിച്ച് പുരുഷന്മാർ ഉപദേശത്തിനായി എന്നെ സമീപിക്കാൻ തുടങ്ങി. അവർ ഏറ്റവും കൂടുതൽ ചോദിക്കുന്ന ചോദ്യങ്ങൾ 'സ്ത്രീകളുമായി എങ്ങനെ ഒരു സംഭാഷണം ആരംഭിക്കാം?', 'ചമ്മാതെ എങ്ങനെ നമ്മളെ കുറിച്ച് പറയാം?' ഇതൊക്കെയായിരുന്നു. ഈ ചോദ്യങ്ങൾ എന്നെ ചിന്തിക്കാൻ പ്രേരിപ്പിച്ചു. ഇതാണ് എന്റെ യഥാർത്ഥ കരിയർ എന്ന് ഞാൻ തിരിച്ചറിഞ്ഞു. ഞാൻ ഒരു ഡേറ്റിംഗ് കോച്ചായി മാറാൻ തീരുമാനിച്ചു. ഭാഗ്യവശാൽ, എന്റെ മാതാപിതാക്കൾക്കും എതിർപ്പിലായിരുന്നു. ഞാൻ ആദ്യം ഡേറ്റിംഗ് വെബ്സൈറ്റുകൾക്കായി എഴുതാൻ തുടങ്ങി. അതിലൂടെ ആളുകൾ എന്നെ തിരിച്ചറിയുകയും ഉപദേശങ്ങൾക്കായി എന്നെ ബന്ധപ്പെടാൻ തുടങ്ങുകയും ചെയ്തു.
ഇന്ന്, അഞ്ച് വർഷം പിന്നിടുമ്പോൾ, 500 -ലധികം പുരുഷന്മാരെ ഡേറ്റിംഗ് നടത്താൻ ഞാൻ സഹായിച്ചിട്ടുണ്ട്. സ്ത്രീകളോട് സംസാരിക്കുമ്പോൾ സാഹചര്യങ്ങൾ, സന്ദർഭങ്ങൾ എന്നിവ മനസ്സിലാക്കി എങ്ങനെ പെരുമാറണമെന്ന് ഞാൻ പുരുഷന്മാരെ പഠിപ്പിക്കുന്നു, പ്രത്യേകിച്ച്, കണ്ണുകളിലൂടെ ആശയവിനിമയം എങ്ങനെ നടത്താം എന്നത് പോലുള്ള കാര്യങ്ങളെ കുറിച്ച് അവർക്ക് ഞാൻ പറഞ്ഞു കൊടുക്കുന്നു. ഞാൻ എന്റെ ക്ലയന്റുകളോട് പറയും, 'ആശയവിനിമയത്തിന് എപ്പോഴും വാക്കുകൾ ആവശ്യമില്ല!’
എനിക്ക് 34 വയസ്സുള്ള ഒരു ക്ലയൻറ് ഉണ്ടായിരുന്നു. അയാൾ ഒരു യാഥാസ്ഥിതിക കുടുംബത്തിലാണ് വളർന്നത്. അവിടെ സ്ത്രീകളുമായി ഇടപഴകുന്നത് പോലും നിരുത്സാഹപ്പെടുത്തിയിരുന്നു. ഞങ്ങൾ ഒരുമിച്ച് ഒരു കടയിലേയ്ക്ക് നടക്കുകയായിരുന്നു. ഞങ്ങളുടെ പുറകിൽ രണ്ട് പെൺകുട്ടികൾ നടന്നിരുന്നു. അവർ ഞങ്ങളെ നോക്കി ചിരിച്ചു. അവരെ നോക്കി ചിരിക്കാൻ ഞാൻ എന്റെ ക്ലിയന്റിനോട് പറഞ്ഞപ്പോൾ, അവൻ മടിച്ചു, അത് അനുചിതമാണെന്ന് പറഞ്ഞു. അപ്പോഴാണ്, ഉചിതവും, അനുചിതവുമെന്ന സങ്കൽപങ്ങൾ ജീവിതകാലം മുഴുവൻ അവനിൽ അടിച്ചേൽപ്പിക്കപ്പെട്ടതായി ഞാൻ മനസ്സിലാക്കിയത്!
ഏഴ് മാസത്തിലേറെ സമയമെടുത്തു അവനെ അതിൽ പുറത്ത് കൊണ്ടുവരാൻ, സ്ത്രീകളോട് സങ്കോചമില്ലാതെ ഇടപെടാൻ പരിശീലിപ്പിക്കാൻ. ഏകദേശം രണ്ട് വർഷത്തിന് ശേഷം, ഇന്ന് അവന് ധാരാളം പെൺസുഹൃത്തുക്കളുണ്ട്. ‘ഞാൻ മാറാൻ ആഗ്രഹിച്ച രീതിയിൽ നീ എന്നെ മാറ്റിയിരിക്കുന്നു!’ എന്ന് അവൻ എന്നോട് പറഞ്ഞപ്പോൾ എനിക്ക് അഭിമാനം തോന്നി. ഡേറ്റിംഗ് ആപ്പുകളിൽ ശ്രദ്ധേയനായ മറ്റൊരു ക്ലയന്റ് എനിക്ക് ഉണ്ടായിരുന്നു. അവൻ ഒരു സംഭാഷണ പ്രിയനായിരുന്നു! എന്നാൽ, ആപ്പിന് പുറത്തുള്ള സ്ത്രീകളുമായി അവന് യാതൊരുവിധ ഇടപെടലുകളും ഇല്ലായിരുന്നു. ഒരിക്കൽ, ഒരു ബാറിൽ അവനോടൊപ്പം ഇരിക്കുമ്പോൾ, ഒരു സ്ത്രീ അവനെ തന്നെ നോക്കുന്നത് ഞാൻ കണ്ടു. അവൻ വളരെ പരിഭ്രാന്തനായി. ഞാൻ അവന്റെ കൈ പിടിച്ച് സ്ത്രീയുടെ അടുത്തേക്ക് കൊണ്ടുപോയി!
അന്ന് അവന് കുറെയൊക്കെ സംസാരിക്കാൻ സാധിച്ചു. മനസ്സ് തുറക്കാൻ അവൻ കാണിച്ച സന്നദ്ധത മനസ്സിലാക്കിയത് കൊണ്ട് ഞാൻ അവനെ കൂടുതൽ കാര്യങ്ങൾ പഠിപ്പിച്ചു. ഇന്ന്, അവൻ തന്റെ പ്രണയിനിയെ കണ്ടെത്തിയിരിക്കുന്നു. ഒരു കല്യാണത്തിൽ വച്ച് കണ്ട് പരിചയപ്പെട്ട ഒരു സ്ത്രീയെ അവൻ പ്രോപോസ് ചെയ്യാൻ ഒരുങ്ങുകയാണ്. 'എന്റെ മനസ്സിനെ പിന്തുടരാൻ നീ എന്നെ പഠിപ്പിച്ചു’ എന്ന് അവൻ പറഞ്ഞപ്പോൾ എനിക്ക് സന്തോഷം അടക്കാനായില്ല. സത്യസന്ധമായി പറഞ്ഞാൽ, ഞാൻ എന്റെ ജോലിയെ ഇഷ്ടപ്പെടുന്നു. പക്ഷേ ആളുകൾ എന്നെ പലപ്പോഴും തെറ്റിദ്ധരിക്കുന്നു. 'പാർട്ണറി'ലെ സൽമാൻ ഖാന്റെ കഥാപാത്രം പോലെയാണ് ഞാൻ എന്ന് ആളുകൾ വിശ്വസിക്കുന്നു. എന്നാൽ ഞാൻ കാര്യങ്ങളെ കാണുന്നത് മറ്റൊരു രീതിയിലാണ്. ഞാൻ ആളുകളെ ഒന്നിപ്പിക്കാൻ സഹായിക്കുന്നു എന്നാണ് എന്റെ വിശ്വാസം. ഞാൻ ഒന്ന് ചോദിക്കട്ടെ നിങ്ങൾക്ക് സന്തോഷം നൽകുന്ന ജോലിയെക്കാൾ മികച്ചത് ലോകത്തിൽ മറ്റേത് ജോലിയാണുള്ളത്?