മൂന്ന് കാമുകിമാർക്കൊപ്പം 15 വർഷങ്ങളായി താമസം, ഒടുവിൽ ഒരേപന്തലിൽ വിവാഹം

By Web Team  |  First Published May 4, 2022, 3:41 PM IST

മൗര്യ തന്റെ വിവാഹ കാർഡിൽ മൂന്ന് കാമുകിമാരുടെ പേരുകൾ അച്ചടിക്കുകയും വിവാഹ ചടങ്ങിന് മുമ്പ് ആളുകൾക്ക് വിവാഹ കാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു. വിവാഹത്തിൽ അവരുടെ ആറ് കുട്ടികളും നൃത്തം ചെയ്തു.


മധ്യപ്രദേശിൽ ഒരാൾ തന്റെ മൂന്ന് കാമുകിമാരെ ഒരേസമയം ഒരേപന്തലിൽ വിവാഹം ചെയ്തു. അയാൾ കഴിഞ്ഞ 15 വർഷമായി ഈ മൂന്ന് പേരുമായി ലിവ്-ഇൻ റിലേഷനിലായിരുന്നു. മൂന്ന് സ്ത്രീകളുമായുള്ള ബന്ധത്തിൽ അയാൾക്ക് ആറ് കുട്ടികളുമുണ്ട്. മൂന്ന് സ്ത്രീകളും 30 -നും 35 -നും ഇടയിൽ പ്രായമുള്ളവരാണ്. മധ്യപ്രദേശിലെ അലിരാജ്പൂരിലെ(Madhya Pradesh's Alirajpur district) നാൻപുർ ഗ്രാമത്തിലാണ് സംഭവം. അവിടത്തെ മുൻ സർപഞ്ച് സമർത് മൗര്യ(Samrath Mourya)യാണ് മൂന്ന് കാമുകിമാരെയും ഭാര്യമാരായി സ്വീകരിച്ചത്. അയാൾ ഏകദേശം 15 വർഷം മുമ്പാണ് സ്ത്രീകളുമായി പ്രണയത്തിലായത്.    

മൂന്ന് വ്യത്യസ്ത സമയങ്ങളിലായിട്ടാണ് മൂന്ന് സ്ത്രീകളുമായി യുവാവ് പ്രണയത്തിലായത്. തുടർന്ന് അയാൾ അവരെ അവരുടെ വീടുകളിൽ നിന്ന് ഇറക്കി കൊണ്ട് പോയി, ഒരുമിച്ച് പാർപ്പിച്ചു. അന്നുമുതൽ അയാൾ തന്റെ മൂന്ന് കാമുകിമാരോടൊപ്പം ഒരു മേൽക്കൂരയ്ക്ക് കീഴിൽ താമസിക്കുകയാണ്. എന്നാൽ, ഇപ്പോൾ വർഷങ്ങൾക്ക് ശേഷം മൗര്യ തന്റെ മൂന്ന് കാമുകിമാരെ ഗോത്രാചാരപ്രകാരം വിവാഹം കഴിച്ചിരിക്കുകയാണ്. അയാളും, മൂന്ന് ഭാര്യമാരും ഭിലാല സമുദായത്തിൽ നിന്നുള്ളവരാണ്. അവരുടെ ഗോത്രാചാര പ്രകാരം, പ്രണയിതാക്കൾ പരസ്പരം ഇഷ്ടപ്പെട്ടാൽ ഒരുമിച്ച് ജീവിക്കാനുള്ള പൂർണ സ്വാതന്ത്ര്യവുമുണ്ട്. അതുപോലെ തന്നെ, ഗോത്ര ആചാരങ്ങൾ അനുസരിച്ച്, ഒരു പുരുഷന് വിവാഹം കഴിക്കുന്നതുവരെ, സാമൂഹിക ചടങ്ങുകളിൽ പങ്കെടുക്കാൻ അനുവാദമില്ല. അതുകൊണ്ടാണ് ഇപ്പോൾ മൗര്യ മൂന്ന് സ്ത്രീകളെയും ആചാരപ്രകാരം വിവാഹം കഴിച്ചത്.

Latest Videos

undefined

മൗര്യ തന്റെ വിവാഹ കാർഡിൽ മൂന്ന് കാമുകിമാരുടെ പേരുകൾ അച്ചടിക്കുകയും വിവാഹ ചടങ്ങിന് മുമ്പ് ആളുകൾക്ക് വിവാഹ കാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു. വിവാഹത്തിൽ അവരുടെ ആറ് കുട്ടികളും നൃത്തം ചെയ്തു. മൂന്ന് ഭാര്യമാരിൽ മൂന്ന് പെൺമക്കളും മൂന്ന് ആൺമക്കളുമുണ്ട്. കാമുകിമാരെ പ്രണയിക്കുന്ന സമയത്ത് അയാളുടെ സാമ്പത്തിക നില മെച്ചപ്പെട്ടതായിരുന്നില്ല. എന്നാൽ ഇപ്പോൾ സാമ്പത്തിമായി ഉയർന്നപ്പോൾ കാമുകിമാരെ കല്യാണം കഴിക്കാൻ അയാൾ തീരുമാനിക്കുകയായിരുന്നു.

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 342 ഗോത്ര സമൂഹത്തിന്റെ സംസ്ക്കാരത്തിനും ആചാരങ്ങൾക്കും സംരക്ഷണം നൽകുന്നു. അതുകൊണ്ട് തന്നെ, മൂന്ന് വധുക്കളുമായുള്ള മൗര്യയുടെ വിവാഹം നിയമപരമായി സാധുവാണ് എന്നാണ് കരുതുന്നത്. "ഒരു ആദിവാസി സമൂഹത്തിൽ ഒന്നിൽ കൂടുതൽ സ്ത്രീകളെ വിവാഹം കഴിക്കുന്നത് നിയമാനുസൃതമാണോ എന്ന് ചോദിച്ചാൽ എനിക്ക് കൃത്യമായി പറയാൻ സാധിക്കില്ല. എന്നാൽ ഗോത്രങ്ങൾക്ക് അവരുടേതായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉണ്ട്, ഞങ്ങൾ അതിനെ മാനിക്കുന്നു" അലിരാജ്പൂർ ജില്ലാ കളക്ടർ രാഘവേന്ദ്ര സിംഗ് പറഞ്ഞു.

click me!