Music : പാവാട പ്രായത്തില്‍ മൊട്ടായും സാരിക്കാലത്ത് പൂവായും; സിനിമാപ്പാട്ടിലെ പെണ്ണുങ്ങള്‍

By Web Team  |  First Published Jan 17, 2022, 6:30 PM IST

സ്ത്രീ ശരീരത്തെ ലൈംഗിക തൃഷ്ണയോടെ സമീപിച്ച പാട്ടുകള്‍, അല്ലെങ്കില്‍ അത്തരം ചുവയോടെ എഴുതിയ പാട്ടുകള്‍. അവയെ കുറിച്ചുള്ള ഒരു അന്വേഷണം ആണ് ഈ കുറിപ്പ്. വിനോദ് കുമാര്‍ തള്ളശേരി എഴുതുന്നു


പ്രകൃതി പ്രതിഭാസങ്ങളില്‍ സൗന്ദര്യം കണ്ടവരായിരുന്നു എക്കാലവും കവികള്‍. ആകാശത്തിനും പുഴകള്‍ക്കും മറ്റ് ജീവജാലങ്ങള്‍ക്കുമൊപ്പം സ്ത്രീസൗന്ദര്യവും അവരുടെ ഭാവനകളെ നിറമുള്ളതാക്കി. കിട്ടിയ അവസരങ്ങളിലൊക്കെ അവര്‍ തങ്ങളുടെ സൗന്ദര്യ സങ്കല്പങ്ങള്‍ കഥാപാത്രങ്ങളില്‍ ആരോപിച്ച് അതിന്റെ വര്‍ണന ചെയ്തു പോന്നു. കവിതകളുടെ തുടര്‍ച്ചയായാണ് നമ്മുടെ സിനിമാ ഗാനങ്ങളും. നമ്മുടെ ഗാനരചയിതാക്കള്‍ മിക്കവാറും എല്ലാവരും കവികളായിരുന്നു. തങ്ങളുടെ കാവ്യജീവിതത്തിന്റെ തുടര്‍ച്ചയായാണ് അവര്‍ ഗാനരചനയിലേക്കെത്തുന്നതും.

ദൃശ്യ കലയായ സിനിമയില്‍ പെണ്ണുടലിന്റെ സൗന്ദര്യം ഒഴിച്ചുകൂടാന്‍ വയ്യാത്ത ഘടകമായിരുന്നു എന്നും. കഥാപാത്രങ്ങളെ പോലും അപ്രസക്തമാക്കിക്കൊണ്ടാണ് വാണിജ്യസിനിമ പെണ്ണുടലിന്റെ നേര്‍ക്ക് ക്യാമറ തിരിച്ചത്.  

Latest Videos

undefined

ക്യാമറ ഒപ്പിയെടുത്ത സ്ത്രീ സൗന്ദര്യത്തിന്റെ പ്രത്യേകതകള്‍ കവികള്‍ തങ്ങളുടെ കാവ്യസിദ്ധി കൊണ്ട്  മനോഹരങ്ങളായ ഗാനശില്‍പങ്ങളാക്കി. ദൃശ്യങ്ങള്‍ക്ക് കത്രികയെ ഭയക്കേണ്ടതുണ്ടായിരുന്നു. എന്നാല്‍ പാട്ടുകള്‍ക്ക് സെന്‍സറിംഗ് ബാധകമായിരുന്നില്ല. ഗാനരചയിതാക്കള്‍ക്ക് തങ്ങളുടെ ഭാവനയുടെ ലോകത്ത് പാറിനടക്കാന്‍ ഇത് കൂടുതല്‍ സ്വതന്ത്ര്യം കൊടുത്തു.

പാവാട പ്രായത്തില്‍ മൊട്ടായും ദാവണി പ്രായത്തില്‍ പാതിവിരിഞ്ഞും സാരിയുടുക്കുന്ന കാലത്ത് മുഴുവന്‍ വിരിഞ്ഞ പൂവായും പെണ്ണിനെ വാഴ്ത്തിയത് യൂസഫലി കേച്ചേരി. 'കാര്‍ത്തിക' എന്ന സിനിമയിലെ വളരെ ജനപ്രിയമായ പാട്ട് ഈണമിട്ടത് ബാബുരാജും പാടിയത് യേശുദാസും. സ്ത്രീയാകുന്ന ഗാനത്തെ നിരവധി രാഗങ്ങളില്‍ പ്രകൃതി ദേവി പാടുന്നു എന്നും അവളെ നിരവധി വര്‍ണങ്ങളില്‍ വരയ്ക്കുന്നു എന്നും കവി തുടര്‍ന്നെഴുതിയിരിക്കുന്നു.  

പ്രകൃതി തന്നെ ഇത്രയും സുന്ദരമായി വരച്ചിട്ട സ്ത്രീയെ, അവളുടെ സൗന്ദര്യത്തെ ശൃംഗാരഭാവത്തോടെ നോക്കി എഴുതിയ പാട്ടുകളെ കുറിച്ചാണ് ഈ ആലോചന. സ്ത്രീ സൗന്ദര്യത്തെ കേവലം തഴുകി കടന്നു പൊയ പാട്ടുകളെ കുറിച്ച് ആദ്യം.

 

 
സ്ത്രീകളെ നോക്കിപ്പാടിയവര്‍

മനസ്സിനകത്തുള്ള പെണ്ണിനെ കുറിച്ച് വയലാര്‍ എഴുതിയത് 'പാലാട്ട് കോമന്‍' എന്ന സിനിമയിലെ ഒരു പാട്ടിലാണ്.

മനസ്സിനകത്തൊരു പെണ്ണ്
മയില്‍ പീലി കണ്ണ് മാമ്പുള്ളി ചൊണങ്ങ്
മെയ്യാസകലം പൊന്ന്

ബാബുരാജ് ഈണമിട്ട് കെ. പി. ഉദയഭാനു പാടിയ പാട്ടിലെ തുടര്‍ന്നുള്ള വരികളില്‍ സ്ത്രീ സൗന്ദര്യത്തെ കുറിച്ചുള്ള പരാമര്‍ശമില്ല. അവളുമൊത്തുള്ള സംഗമവും അവളെ കൂടെ കൊണ്ടുപോരുന്നതിനെ കുറിച്ചുമാണ്.    

1966-ല്‍ ആണ് 'കാട്ടുമല്ലിക' എന്ന സിനിമ പുറത്തുവന്നത്. ശ്രീകുമാരന്‍ തമ്പി ഒരു ഗാനരചയിതാവായി രംഗത്തെത്തുന്നത് ഈ സിനിമയിലാണ്. സംഗീതം എം. എസ്. ബാബുരാജ്. ഈ സിനിമയില്‍ സ്ത്രീയുടെ മുഖസൗന്ദര്യത്തെ വര്‍ണിച്ചുകൊണ്ടൊരു പാട്ടുണ്ട്. പാടിയിരിക്കുന്നത് പി. ബി. ശ്രീനിവാസ്.

അവളുടെ കണ്ണുകള്‍ കരിങ്കദളി പൂക്കള്‍
അവളുടെ ചുണ്ടുകള്‍ ചെണ്ടുമല്ലി പൂക്കള്‍
അവളുടെ കവിളുകള്‍ പൊന്നരളി പൂക്കള്‍
അവളൊരു തേന്മലര്‍ വാടിക

 
ശ്രീകുമാരന്‍ തമ്പിയുടെ അരങ്ങേറ്റസിനിമയില്‍ തന്നെ മനോഹരമായ പാട്ടുകള്‍ ഉണ്ടായിരുന്നു. വയലാറും പി. ഭാസ്‌കരനും ഓ. എന്‍. വിയും അരങ്ങ് വാണിരുന്ന സമയത്ത് അദ്ദേഹം സ്വന്തമായ ഇടം പിടിച്ചെടുത്തത് ഇത്തരം സുന്ദര ഗാനങ്ങളിലൂടെയാണ്. പാട്ടിന്റെ ചരണം ഇതിലും കാവ്യാത്മകമാണ്.

കണ്മണിതന്‍ കാര്‍കൂന്തല്‍ കെട്ടഴിഞ്ഞുവീണാല്‍
കറുത്ത വാവിന്റെ തല കുനിയും
പെണ്ണിന്റെ പുഞ്ചിരി പൂനിലാവൊഴുകിയാല്‍
പൗര്‍ണമി രാവിന്റെ കണ്ണടയും

സ്ത്രീയുടെ സൗന്ദര്യം വര്‍ണ്ണിയ്ക്കാന്‍ ഇതിലും നന്നായി ആര്‍ക്ക് കഴിയും എന്ന് ആശ്ചര്യപ്പെടാനേ കഴിയുന്നുള്ളൂ. പെണ്ണിന്റെ കൈവളകള്‍ കിലുങ്ങിയാല്‍ ഓണപ്പാട്ടുകളോടി വരുമെന്നും പൂപോലുള്ള ചുവടുകള്‍ അനങ്ങിയാല്‍ മാനസസരസ്സ് മുന്നില്‍ വരും എന്ന് പാടിക്കൊണ്ടാണ് പാട്ടവസാനിക്കുന്നത്.

 

 

പൂക്കളോടുപമിച്ച ഒരു പാട്ട്

ഇങ്ങനെ സ്ത്രീയുടെ മുഖത്തെ പൂക്കളോടുപമിച്ച ഒരു പാട്ട് പി. ഭാസകരന്റേതായിട്ടുമുണ്ട്. ചിത്രം 'അരക്കള്ളന്‍ മുക്കാക്കള്ളന്‍'. ദക്ഷിണാമൂര്‍ത്തി ഈണമിട്ട് യേശുദാസ് പാടിയിരിക്കുന്നു.

നിന്റെ മിഴിയില്‍ നീലോല്‍പലം
നിന്നുടെ ചുണ്ടില്‍ പൊന്നശോകം
നിന്‍ കവിളിണയില്‍ കനകാംബരം
നീയൊരു നിത്യവസന്തം

കാമദേവന്റെ കളഹംസമെന്നും പൂനിലാവിന്റെ സഖിയെന്നുമൊക്കെയാണ് ചരണങ്ങളിലെ വിശേഷണങ്ങള്‍.

രണ്ട് പാട്ടുകളിലെങ്കിലും വയലാര്‍ കണ്ണുകളെ കൂവള പൂക്കളോടുപമിച്ചിട്ടുണ്ട്. 'ഭദ്രദീപം' എന്ന സിനിമയില്‍ എസ്. ജാനകി പാടിയ 'കണ്ണുകള്‍ കരിങ്കൂവള പൂവുകള്‍' എന്ന പാട്ടിലും 'കളക്ടര്‍ മാലതി' എന്ന സിനിമയില്‍ യേശുദാസ് പാടിയ 'നീല കൂവള പൂവുകളോ' എന്ന പാട്ടിലും. രണ്ട് ചിത്രത്തിലും സംഗീത സംവിധാനം ബാബുരാജ്.
 
ശ്രീകുമാരന്‍ തമ്പിയുടെ സുന്ദരമായ സ്ത്രീസൗന്ദര്യ വര്‍ണനയുണ്ട് 'കണ്ണൂര്‍ ഡീലക്‌സ്' എന്ന സിനിമയിലെ ഒരു പാട്ടില്‍.

എങ്ങിനെ കോരി നിറച്ചു നിന്‍ കണ്ണില്‍ നീ
ഇത്ര വലിയ സമുദ്രം
അനുരാഗ സ്വപ്നനീല സമുദ്രം
എങ്ങിനെ നുള്ളി വിടര്‍ത്തി നിന്നുള്ളില്‍ നീ
ഇത്ര വലിയ വസന്തം
അനുരാഗ സപ്ത വര്‍ണ വസന്തം


'എത്ര ചിരിച്ചാലും ചിരി തീരുമോ' എന്ന് തുടങ്ങുന്ന ഗാനം വി. ദക്ഷിണാമൂര്‍ത്തി ഈണമിട്ട് യേശുദാസ് പ്രണയമധുരമായി പാടിയിരിക്കുന്നു.
 
നിന്റെ വദനം ചന്ദ്ര സദൃശമാണെന്നും മകരന്ദം നിറഞ്ഞ മന്ത്ര പുഷ്പ സമാനമാണെന്നും അടുത്ത ചരണത്തില്‍. കാമുകി തന്റെ ഉള്ളില്‍ പണിഞ്ഞത് ഇന്ദ്രലോക സദനമാണെന്നും തുടര്‍ന്ന്. പാട്ടിനെ ഇത്ര മനോഹരമാക്കിയത് ഈണവും ആലാപനവും ആണെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. ഇതിനു സമാനമായ വരികള്‍ ശ്രീകുമാരന്‍ തമ്പി 'ഹൃദയ സരസ്സിലെ പ്രണയ പുഷ്പമെ' എന്ന പാട്ടിന്റെ ചരണത്തിലും ഉപയോഗിച്ചിട്ടുണ്ട്.

'മുത്തേ നിന്നുടെ ചുണ്ടത്താരീ മുന്തിരി വിളയിച്ചു' എന്ന് യൂസഫലി കേച്ചേരി എഴുതിയിട്ടുണ്ട് 'ദ്വീപ്' എന്ന സിനിമയിലെ 'അല്ലിത്താമര മിഴിയാളേ' എന്ന് തുടങ്ങുന്ന പാട്ടില്‍. ഇതേ പാട്ടില്‍ അദ്ദേഹം തുടര്‍ന്നെഴുതുന്നു.

കടലിന്‍ നീലിമ മുഴുവനിതെങ്ങനെ
കടമിഴിയിതളിലൊതുങ്ങി
പുതു മഴവില്ലിന്‍ വളരൊളിയെങ്ങനെ
പൂങ്കവിളിണയിലിണങ്ങി

 

 

'ബദറുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍

'ദ്വീപ്' എന്ന സിനിമ പറഞ്ഞത് ലക്ഷദ്വീപില്‍ നടക്കുന്ന കഥയാണ്. കടലും മഴവില്ലുമൊക്കെ അവിടത്തെ സ്ഥിരം കാഴ്ചകള്‍ തന്നെ.

തികച്ചും വ്യത്യസ്തമായൊരു സന്ദര്‍ഭത്തിലുള്ള ഒരു പാട്ടില്‍ ഇതു പോലെ സ്ത്രീ ശരീര വര്‍ണനയുണ്ട്. അറബി മലയാളത്തിലാണ്. സിനിമയ്ക്ക് വേണ്ടി എഴുതിയതുമല്ല. മഹാകവി മോയിന്‍ കുട്ടി വൈദ്യരുടെ 'ബദറുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍' എന്ന കാവ്യത്തില്‍ നിന്നെടുത്ത വരികളാണ്.

കണ്ടാരക്കട്ടുമ്മല്‍ തക്കുത്തൊണ്ടതിലുണ്ടാനേ ഒരുത്തി
കഹനിലുദിത്തേന്‍ കമര്‍ പോല്‍ മുഖം കത്തി ലങ്കിമറിന്താനേ
ബണ്ടിറകൊത്ത കറുത്ത മുടിക്കെട്ടും വില്ലുല കൊല്പാനേ തിലകം
വാര്‍ത്ത മുഖം മൂക്കും പോര്‍പവിഴ ചുണ്ടും കാറക്കഴുത്താനേ
ബിണ്ടികിലശം മതിപ്പോ ഇരിപ്പോ നല്‌ചെപ്പോ ഉറപ്പാനേ കുഞ്ഞി
കിണ്ണമോ കണ്ണാടിക്കട്ടിമഷിയിട്ട വട്ടമുലയാനേ

സിനിമ 'ഓളവും തീരവും'. സംഗീതം ബാബുരാജ്. സി. എ. അബൂബക്കറും ബാബുരാജും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. സിനിമയില്‍ കുറേ പേര്‍ കൂടിയിരുന്നു ദഫ് മുട്ടി പാടുന്നതായിട്ടാണ് രംഗം. ബാബുരാജ് സിനിമയില്‍ പാട്ടിന്റെ രംഗത്ത് അഭിനയിക്കുന്നുമുണ്ട്.

അഞ്ചുശരങ്ങളും പോരാതെ മന്മഥന്‍
നിന്‍ ചിരി സായകമാക്കി നിന്‍
പുഞ്ചിരി സായകമാക്കി
ഏഴുസ്വരങ്ങളും പോരാതെ ഗന്ധര്‍വന്‍
നിന്‍ മൊഴി സാധകമാക്കി നിന്‍
തേന്മൊഴി സാധകമാക്കി

'പരിണയം' എന്ന സിനിമയ്ക്ക് വേണ്ടി യൂസഫലി കേച്ചേരി എഴുതി ബോംബെ രവി ഈണമിട്ട് യേശുദാസ് പാടിയ മനോഹര ഗാനം. ഒരു നമ്പൂതിരി ഇല്ലത്തെ ചെറുപ്പക്കാരിയായ വിധവയ്ക്ക് കഥകളിനടനുമായുണ്ടാവുന്ന പ്രണയം ശാരീരിക ബന്ധത്തിലെത്തുന്നതും അതിനെ തുടര്‍ന്നുണ്ടായ സ്മാര്‍ത്ത വിചാരവുമാണ് സിനിമ പറയുന്നത്. കുറിയേടത്ത് താത്രിക്കുട്ടിയുടെ കഥയുമായി സാമ്യമുണ്ട് കഥയ്ക്ക്.
   
കഥകളിയുടെ കഥകള്‍ പുരാണേതിഹാസങ്ങളെ അവലംബിച്ചുള്ളതാണെപ്പോഴും. കഥകളിപദങ്ങള്‍ ശാസ്ത്രീയ രാഗാധിഷ്ഠിതവും. സംസ്‌കൃത മലയാളത്തിലുള്ള പാട്ടിന്റെ വരികള്‍ മോഹിപ്പിക്കുന്നതാണ്. സിനിമയുടേ കഥാപരിസരത്തിന് തികച്ചും യോജിച്ചത്. നായകന്‍ കഥകളി നടനാണല്ലോ.

പത്തരമാറ്റ് പോരാതെ സ്വര്‍ണം നായികയുടെ കവിളിനെ മോഹിച്ചു എന്നും നിറങ്ങള്‍ പോരാതെ മഴവില്ല് അവളുടെ ശോഭ ആശിച്ചു എന്നുമാണ് ഒരു ചരണത്തില്‍. തന്റെ നീല നീറം പോരാതെ ആകാശം അവളുടെ കണ്ണുകളില്‍ കുടിയിരുന്നു എന്നും തേനിന് മധുരം പോരാതെ പനിനീര്‍ അവളുടേ അധരങ്ങളില്‍ വിരിഞ്ഞു നിന്നുമാണ് അടുത്ത ചരണത്തില്‍. യൂസഫലി കേച്ചേരിയുടെ ഭാവയും ഉപയോഗിച്ച കാവ്യബിംബങ്ങളും അതിമനോഹരം.

വെണ്ണക്കല്ലുകൊണ്ടല്ല
വെള്ളിനിലാവുകൊണ്ടല്ല
സൗന്ദര്യ ദേവതേ നിന്നെ നിര്‍മ്മിച്ചത്
സൗഗന്ധികങ്ങള്‍ കൊണ്ടല്ല

'കരിനിഴല്‍' എന്ന ചിത്രത്തിനുവേണ്ടി വയലാര്‍ ദേവരാജന്‍ ടീം ഒരുക്കി യേശുദാസ് പാടിയ പാട്ടാണിത്. വെണ്ണക്കല്ലും വെണ്ണിനിലാവും സൗഗന്ധികങ്ങളും സുന്ദരമാണ്. പക്ഷെ അതിലും സുന്ദരമായ എന്തോ ഒന്ന്. അതാണ് പല്ലവിയിലെ സൂചന. സ്വാഭാവികമായും പിന്നെ എന്തുകൊണ്ട് എന്നത് പറയേണ്ടിവരും. അത് തന്നെയാണ് ചരണങ്ങളില്‍ പറയുന്നത്.

രാസക്രീഡയില്‍ കാമുകര്‍ ചൂടും രോമാഞ്ചം കൊണ്ട്, പ്രേമമെന്ന വികാരം ഉരുക്കിയാണ് കാമദേവന്‍ നിന്നെ തീര്‍ത്തത് എന്നാണ് ഒരു ചരണത്തില്‍.

നാഗപഞ്ചമി രാത്രിയില്‍ വിടരും
നക്ഷത്രം കൊണ്ട് മിഴി തീര്‍ത്തു

എന്ന് അടുത്ത ചരണത്തില്‍. ആ കണ്ണുകള്‍ എങ്ങനെയുണ്ടാവുമെന്ന് ഊഹിക്കാനേ നമുക്കാകൂ. ഇങ്ങനെ ചരണത്തില്‍ പല്ലവിയിലെ അല്ല എന്നതിന് മറുപടിയാവുന്നു. അന്നത്തെ പാട്ടുകള്‍ കുറച്ചു വരികള്‍ എന്നതിനപ്പുറം സ്വയം ഒരു ശില്പമാവുന്നത് ഇങ്ങനെയാണ്.

 

 

സ്ത്രീയെ വര്‍ണിക്കാന്‍ 'വെണ്ണ' വയലാര്‍ വേറെയും ഉപയോഗിച്ചിട്ടുണ്ട്. 'ഒരു സുന്ദരിയുടെ കഥ' എന്ന സിനിമയിലാണ് ഒരു പാട്ട്.

വെണ്ണ തോല്‍ക്കുമുടലോടെ
ഇളം വെണ്ണിലാവില്‍ തളിര്‍ പോലെ
രാഗിണീ മനോഹാരിണീ
രാത്രി രാത്രി വിടരും നീയനുരാഗ പുഷ്പിണീ

ഇവിടെയും വിഷയം സ്ത്രീശരീരം തന്നെ. 'ഇളം വെണ്ണിലാവിന്‍ തളിര്‍ പോലെ' എന്നാണ് വയലാര്‍ എഴുതുന്നത്.

മാര്‍ വിരിഞ്ഞ മലര്‍ പോലെ
പൂമാരനെയ്ത കതിര്‍ പോലെ    
മഞ്ഞില്‍ മുങ്ങിയീറന്‍ മാറും മന്ദഹാസത്തോടെ
എന്റെ മോഹം തീരും വരെ നീ
എന്നെ വന്ന് പുണരൂ

ഇങ്ങനെയാണ് ചരണം. ഇത്രയും സുന്ദരിയായ പെണ്ണിനോട് പറയുന്നത് എന്റെ മോഹം തീരും വരെ നീയെന്നെ പുണരൂ എന്നാണ്.

ഇതേ സിനിമയിലെ വേറൊരു പാട്ടില്‍ ആടിമാസ പുലരിയെ കണ്ടപ്പോള്‍ വയലാറിന് തോന്നിയത് 'അരയിലൊറ്റ മുണ്ടുടുത്ത, അണിവൈരക്കമ്മലിട്ട പെണ്ണ്' ആണെന്നാണ്.

വെണ്‍ചന്ദ്രലേഖയൊരപ്‌സരസ്ത്രീ
വിപ്രലംഭ ശൃംഗാര നൃത്തമാടാന്‍ വരും
അപ്‌സര സ്ത്രീ

വീണ്ടും വെണ്ണ. മലയാള സിനിമയില്‍ 'വിപ്രലംഭ ശൃംഗാരം' എന്ന വാക്കുപയോഗിച്ച ഒരേയൊരു പാട്ട് ഇതാണ്. പ്രണയികള്‍ പരസ്പരം അകന്നിരിക്കുമ്പോള്‍ ഉണ്ടാകുന്ന ശൃംഗാരമാണിത്. ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ വിപ്രലംഭ ശൃംഗാരത്തിന് പുതിയ, ആധുനിക മാനങ്ങളുണ്ടാവുന്നുണ്ട് എന്നത് കൗതുകകരമാണ്.  

ആ അപ്‌സരസ്ത്രീ വരുന്നത് കസവുത്തരീയമുലഞ്ഞും അരഞ്ഞാണമഴിഞ്ഞും കൈയില്‍ മധുചഷകവുമായാണ്. മാറിലെ മദനാംഗരാഗം കുതിര്‍ന്നും ചിലങ്കയഴിഞ്ഞുമൊക്കെയാണ്. അപ്പോള്‍ ഞാനും എന്റെ പ്രണയിനിയും ആ അപ്‌സരസ്സിന്റെ നൃത്തമനുകരിക്കും എന്നാണ് വയലാര്‍ എഴുതുന്നത്.

'വെണ്ണയോ വെണ്ണില്ലാവുറഞ്ഞതോ വെളുത്ത പെണ്ണേ നിന്റെ പൂമേനി' എന്നെഴുതിയത് യൂസഫലി കേച്ചേരിയാണ്. 'ഇതാ ഇവിടെ വരെ' എന്ന ഐ. വി. ശശി ചിത്രത്തിലെ പാട്ട് ജി. ദേവരാജന്‍ ഈണമിട്ട് യേശുദാസ് പാടി.

നെന്മേനി വാകപ്പൂ നിറമാണേ
നെയ്തലാമ്പല്‍ പൂവൊത്ത മുഖമാണേ
കണ്ണവം മലയിലെ കസ്തൂരി മാനിന്റെ
കന്മദ കൂട്ടണിഞ്ഞ മിഴിയാണേ

പി. ഭാസ്‌കരന്റേതാണീ രചന. രാഘവന്‍ മാഷ് ഈണമിട്ട് യേശുദാസ് പാടിയ പാട്ട് 'കണ്ണപ്പനുണ്ണി' എന്ന സിനിമയില്‍. 'അല്ലിമലര്‍ കാവിലെ തിരുനടയില്‍' എന്ന് തുടങ്ങുന്ന പാട്ട്.  

കാമുകിയുടെ 'നെഞ്ചിലൊന്ന് നോക്കിപ്പോയാല്‍ കണ്ണിന്ന് തേരോട്ടം' എന്നെഴുതിയത് തിക്കുറിശ്ശിയാണ്. 'ഉര്‍വശി ഭാരതി' എന്ന സിനിമയിലെ 'കാര്‍കൂന്തല്‍ കെട്ടിലെന്തിന് വാസന തൈലം' എന്ന പാട്ടില്‍. ദക്ഷിണാമൂര്‍ത്തിയുടെ സംഗീതവും യേശുദാസിന്റെ ശബ്ദവും.

സ്ത്രീസൗന്ദര്യത്തെ വര്‍ണ്ണിക്കാന്‍ സൗന്ദര്യമുള്ള എന്തിനേയും കൂട്ടുപിടിച്ചിട്ടുണ്ട് നമ്മുടെ ഗാനരചയിതാക്കള്‍. അവയൊന്നും അശ്ലീലമോ ആഭാസമോ ആയിട്ടില്ല. ചിലപ്പോഴെങ്കിലും വെറും വസ്തുക്കളായും പെണ്ണിനെ കണ്ട് പാട്ടുകളെഴുതിയിട്ടുണ്ട്.

കുളിക്കുമ്പോള്‍ ഒളിച്ചു ഞാന്‍ കണ്ടു
നിന്റെ കുളിരിന്മേല്‍ കുളിര്‍ തോരുമഴക്
ഇല നുള്ളി തിരി നുള്ളി നടക്കുമ്പോളൊരു
ചുവന്ന കാന്താരീ മുളക് നീയൊരു
ചുവന്ന കാന്താരീ മുളക്

അഛനും ബാപ്പയും എന്ന സിനിമയിലെ പാട്ടിന്റെ വരികള്‍ വയലാറിന്റേത്. ജി. ദേവരാജന്‍ ഈണമിട്ട് യേശുദാസ് പാടിയിരിക്കുന്നു. വയനാടന്‍ കാട്ടിലെ വര്‍ണപൈങ്കിളി തത്ത എന്നും കറുകമ്പുല്‍ മേട്ടിലെ മാന്‍ പേട എന്നുമൊക്കെയാണ് ചരണത്തില്‍.  

പൈനാപ്പിള്‍  പോലൊരു പെണ്ണ്
പാല്‍പായസം പോലൊരു പെണ്ണ്

വെറും തമാശ പാട്ടായി എഴുതിയതാണെങ്കിലും സ്ത്രീയെ വെറും വസ്തുക്കളോടാണ് ഉപമിച്ചിരിക്കുന്നത്. ശ്രീകുമാരന്‍ തമ്പി സ്ത്രീ വിരുദ്ധനായതുകൊണ്ടല്ല ഇങ്ങനെ എഴുതേണ്ടി വന്നത്. അന്നത്തെ കാലഘട്ടത്തിലെ സിനിമ അതാവശ്യപ്പെട്ടു. ഇക്കാലത്ത് ഒരു നിര്‍മാതാവും ഇങ്ങനെയൊരു പാട്ട് ആവശ്യപ്പെടുകയില്ല.

ചുണ്ടത്ത് കണ്മണി കത്തിക്കും മത്താപ്പില്‍
പണ്ടേയുണ്ടെനിക്കൊരു കണ്ണ്

ചരണം തുടങ്ങുന്നതിങ്ങനെ. ഒരു തമാശ പാട്ടില്‍ പോലും അതിന് തീര്‍ത്തും യോജിക്കുന്ന ഒരു വാങ്മയ ചിത്രം തീര്‍ത്തിരിക്കുന്നു, തമ്പി സാര്‍. പാട്ട് 'മിടുമിടുക്കി' എന്ന സിനിമയില്‍. ബാബുരാജ് സംഗീതം ചെയ്ത് യേശുദാസ് പാടിയിരിക്കുന്നു.  

 


ആണുടലുകളുടെ പാട്ടുകള്‍

സൗന്ദര്യം കാണുന്ന കണ്ണിലാണെന്നത് സമ്മതിക്കുമ്പോള്‍ തന്നെ ഒരു ചോദ്യം ഉയരുന്നുണ്ട്. എന്തുകൊണ്ട് സ്ത്രീസൗന്ദര്യം മാത്രം ഇത്തരം വര്‍ണനകള്‍ക്കും വാഴ്ത്തലുകള്‍ക്കും വിഷയമാകുന്നു. സൗന്ദര്യം സ്ത്രീകള്‍ക്ക് മാത്രമുള്ളതല്ല. യവനശില്പങ്ങളില്‍ മാത്രമല്ല നമ്മുടെ ക്ഷേത്ര ശില്പങ്ങളിലും സ്ത്രീക്കൊപ്പം പുരുഷനുമുണ്ട്. എന്നാല്‍ കവികളും ഗാനരചയിതാക്കളും സ്ത്രീ സൗന്ദര്യത്തെയാണ് നിരന്തരം വാഴ്തിയത്.

ഒട്ടുമിക്ക ജീവജാലങ്ങളിലും പുരുഷന്മാര്‍ക്കാണ് സൗന്ദര്യം കൂടുതല്‍. പക്ഷികളും മൃഗങ്ങളും എന്തിന് മീനുകള്‍ പോലും ഇതിനപവാദമല്ല. എന്നാല്‍ മനുഷ്യന്റെ കാര്യത്തില്‍ ഇത് വ്യത്യസ്തമാണ്. നോക്കുന്നത് പുരുഷന്‍ ആയതുകൊണ്ടല്ല ഇത്. കവി റോസ് മേരി പറയുന്നത് സ്ത്രീയുടെ വിരല്‍ തുമ്പുപോലും സുന്ദരമാണെന്നാണ്. ഒരു സ്ത്രീ ആയിട്ടുപോലും പുരുഷനെ പറ്റി അങ്ങനെ പറയാന്‍ വയ്യ എന്ന്.

സ്ത്രീകള്‍ക്ക് അവളുടെ ശരീരം വളരെ പ്രിയപ്പെട്ടതാണ്. അവള്‍ സ്വന്തം ശരീരത്തോട് തന്നെ പ്രണയത്തിലാണ്. താന്‍ പ്രണയിക്കുന്ന സ്വന്തം ശരീരത്തെ സമ്പൂര്‍ണമാക്കാന്‍ കഴിയുന്ന മറ്റെന്തോ ആണ് അവള്‍ക്ക് പുരുഷന്‍ പോലും എന്ന് പറയുന്നു, എസ്. ശാരദക്കുട്ടി. ഈ കാരണം കൊണ്ട് തന്നെയാണ് നമ്മുടെ ഗാനരചയിതാക്കളുടെ സ്ത്രീ സൗന്ദര്യ വര്‍ണന സ്ത്രീകള്‍ ആസ്വദിക്കുന്നത് എന്നും അവര്‍.  

എന്ത് കൊണ്ട് പുരുഷ സൗന്ദര്യം പാട്ടുകള്‍ക്ക് വിഷയമായില്ല എന്ന ചോദ്യത്തിനുള്ള ഉത്തരം (അതോ ഉത്തരമില്ലായ്മയോ) മുകളില്‍ പറഞ്ഞതിലുണ്ടെന്ന് തോന്നുന്നു.  വളരെ കുറച്ച് പാട്ടുകളില്‍ പുരുഷ ശരീരം കടന്നുവരുന്നുണ്ട്. തീരെ കുറച്ചു മാത്രം.

'അനാഛാദനം' എന്ന ചിത്രത്തില്‍ വയലാര്‍ ദേവരാജന്‍ ടീമിന്റെ ഒരു പാട്ടുണ്ട്. പി. സുശീല പാടിയിരിക്കുന്നു.

മിഴി മീന്‍ പോലെ മൊഴി തേന്‍ പോലെ
മുഖം ചന്ദ്രബിംബം പോലെ
കാമുകന്‍ പ്രിയ കാമുകന്‍
അവന്‍ കാമദേവനെ പോലെ

കാമുകി തന്റെ കാമുകനെ വര്‍ണ്ണിക്കുകയാണിവിടെ. കാമുകന്റെ രോമാവൃതമാം മാറില്‍ പ്രേമലതികയായ് പടരും എന്നുമുണ്ട് ചരണത്തില്‍. പിന്നെ വടക്കന്‍ പാട്ടുകളിലാണ് പുരുഷന്റെ വര്‍ണന വന്നിട്ടുള്ളത്.  

പുത്തൂരം വീട്ടില്‍ ജനിച്ചോരെല്ലാം
പൂപോലഴകുള്ളോരായിരുന്നു
ആണുങ്ങളായി ജനിച്ചോരെല്ലാം
അങ്കം ജയിച്ചവരായിരുന്നു.

ഇവിടെയും സ്ത്രീകളുടെ സൗന്ദര്യവും ആണുങ്ങളുടെ വീര്യവുമാണ് വിഷയമാകുന്നത്.

'പൊന്നാപുരം കോട്ട' എന്ന സിനിമയില്‍ ഒരു പാട്ടുണ്ട്.

നളചരിതത്തിലെ നായകനോ
നന്ദനവനത്തിലെ ഗായകനോ
അഞ്ചിതള്‍ കൊണ്ടമ്പുകള്‍ തീര്‍ത്തവന്‍
ആവനാഴി നിറയ്ക്കുന്ന കാമദേവനോ

ഇതിലും തന്റെ കാമുകനെ ഇതിഹാസങ്ങളിലെ മറ്റ് പുരുഷന്മാരോടാണ് ഉപമിക്കുന്നത്. തന്റെ കാമുകനെ ആ പുരുഷോത്തമന്മാരായി ആകാരഭംഗി കൊണ്ട് താദാത്മ്യപ്പെടുത്താന്‍ ശ്രമിക്കുന്നു. ഉപമ പ്രകൃതിയിലെ ശക്തിയും സൗന്ദര്യവുമുള്ള മറ്റൊന്നിനോടുമല്ല എന്നത് ശ്രദ്ധേയമാണ്.  കുറച്ചെങ്കിലും ഇതില്‍ വ്യത്യാസമായി എഴുതിയത് കെ. ജയകുമാര്‍ ആണ്. ഒരു വടക്കന്‍ വീരഗാഥ എന്ന സിനിമയിലെ പാട്ട്. ചന്തുവിന്റെ സൗന്ദര്യത്തെ അരിങ്ങോടരുടെ മകളുടെ കണ്ണിലൂടെ കാണുന്ന പാട്ട്.

 

 

കളരി വിളക്ക് തെളിഞ്ഞതാണോ
കൊന്നമരം പൂത്തുലഞ്ഞതാണോ
മാനത്തുന്നെങ്ങാനും വന്നതാണോ
കുന്നത്ത് സൂര്യന്‍ ഉദിച്ചതാണോ

പാട്ടിന്റെ ചരണങ്ങള്‍ പല്ലവിയുടെ തുടര്‍ച്ച തന്നെയാണ്. മുടിയഴകും മെയ്യഴകും കഴുത്തഴകും മാറത്തെ ചുണങ്ങുമൊക്കെയാണ് ആദ്യചരണത്തില്‍. കാല്‍വടിവും ചേലൊത്ത ചേകോന്റെ മെയ്യഴകുമൊക്കെ വര്‍ണ്ണിച്ചുകൊണ്ട് ആരാണീ വീരന്‍ എന്ന് അല്ഭുതം കൊള്ളുകയാണ് പാട്ടില്‍.

ഈ പാട്ടിന് ആധാരമായത് വടക്കന്‍ പാട്ടില്‍ വാമൊഴിയായി പ്രചരിച്ച ഉണ്ണിയാര്‍ച്ചയെ വര്‍ണ്ണിച്ചുകൊണ്ടുള്ള പാട്ടാണ്. എന്നത് ശ്രദ്ധേയമാണ്. കുന്നത്ത് സൂര്യന്‍ ഉദിച്ച പോലെ എന്നും കൊന്നമരം പൂത്തുലഞ്ഞ പോലെ എന്നുമൊക്കെ ഈ പാട്ടിലുണ്ട്.

ഈ വക പെണ്ണുങ്ങള്‍ ഭൂമീലുണ്ടോ
മാനത്തുന്നെങ്ങാനും പൊട്ടിവീണോ
ഭൂമീന്ന് തനിയെ മുളച്ചുവന്നോ
എന്തു നിറമെന്ന് ചൊല്ലേണ്ടു ഞാന്‍

ഈ പാട്ടിലെ വരികളെ ചെറിയ മിനുക്ക് പണി നടത്തി സുന്ദരമായ ഒരു പാട്ടാക്കി മാറ്റുകയാണ് കെ. ജയകുമാര്‍ ചെയ്തത്.  

സ്ത്രീ സൗന്ദര്യം വിഷയമായി വന്ന ആയിരക്കണക്കിന് പാട്ടുകളുണ്ട്. അവയെക്കുറിച്ച് എഴുതാന്‍ നൂറ് കണക്കിന് പേജുകള്‍ മതിയാവില്ല. എന്റെ വിഷയം അതല്ല. സ്ത്രീ ശരീരത്തെ ലൈംഗിക തൃഷ്ണയോടെ സമീപിച്ച പാട്ടുകള്‍, അല്ലെങ്കില്‍ അത്തരം ചുവയോടെ എഴുതിയ പാട്ടുകള്‍. അവയെ കുറിച്ചുള്ള ഒരു അന്വേഷണം ആണ് ഈ കുറിപ്പ് കൊണ്ട് ഉദ്ദേശിച്ചത്.

വരും കാലങ്ങളില്‍ ഇത്തരം പാട്ടുകള്‍ ഉണ്ടാവാന്‍ സാദ്ധ്യത വിരളമാണ്. ഇത്രയും കാല്പനിക ഭാവം ആവശ്യപ്പെടുന്ന കഥാപാത്രങ്ങള്‍ ഉണ്ടാകുമോ എന്നത് സംശയം. നടപ്പ് യാഥാര്‍ത്ഥ്യത്തോട് അകന്ന് നില്‍ക്കുന്ന രീതിയിലുള്ള ചിത്രീകരണവും അസാദ്ധ്യം. സിനിമയും കഥാപാത്രങ്ങളും മറവിയില്‍ ലയിച്ചാലും മനസ്സില്‍ മായാതെ നില്‍ക്കുന്ന ഇത്തരം പാട്ടുകള്‍ നമുക്ക് ആസ്വദിക്കാം.

click me!