മാഗ്‌നറ്റാര്‍: പ്രപഞ്ചത്തിലെ കൊലയാളി സ്രാവ്. ജോ ജോസഫ് മുതിരേരി എഴുതുന്നു
ഒരു മാഗ്‌നാറ്റാര്‍ തെറ്റിതിരിഞ്ഞു ഭൂമിയുടെ അടുത്ത് എത്തിയാല്‍ നമ്മുടെ സംരക്ഷകന്‍ സൂര്യന് പോലും നമ്മെ സഹായിക്കാന്‍ ആകില്ല. ഓസോണ്‍ പടലം തകര്‍ക്കുക മാത്രമല്ല അവ ചെയ്യുക. ഭൂമി അടക്കം പാടെ തുടച്ചു നീക്കും. വെറും പൊടിപടലങ്ങള്‍ മാത്രം അവശേഷിക്കും . പക്ഷെ ഒരു അനുഗ്രഹം ഉണ്ട്. മാഗ്‌നറ്റാര്‍ അടുത്ത് വരുന്നതോ നമ്മള്‍ നശിക്കുന്നതോ നമ്മള്‍ അറിയുകപോലും ഇല്ല. കണ്ണടച്ച് തുറക്കുന്നതിന് മുന്‍പേ എല്ലാം തീര്‍ന്നിരിക്കും.
undefined
നമ്മുടെ സൂര്യന്‍ മാത്രമല്ല പ്രപഞ്ചത്തില്‍ ഉള്ള ഏക സൂര്യന്‍. എണ്ണിയാല്‍ ഒടുങ്ങാത്തത്ര സൂര്യന്മാര്‍ അരങ്ങുവാഴുന്ന വന്‍ കളിസ്ഥലം ആണ് പ്രപഞ്ചം. അതില്‍ ഒരു തരത്തില്‍ ഉള്ള സൂര്യനെ പരിചയപ്പെടുത്തുകയാണ് ഈ കുറിപ്പിന്റെ ലക്ഷ്യം . പേര് മാഗ്‌നറ്റാര്‍.
അറിയപ്പെടുന്ന പ്രപഞ്ചത്തിലെ ഏറ്റവും ശക്തിമാനായ വസ്തു. പ്രപഞ്ചത്തിലെ കൊലയാളി സ്രാവ് എന്ന് തന്നെ വിളിക്കാം . പ്രപഞ്ചത്തിലെ എന്തിനെയും പോലെ സൂര്യന്മാര്‍ക്കും മരണം ഉണ്ട് . നമ്മുടെ സൂര്യനെപ്പോലെയുള്ള നക്ഷത്രങ്ങള്‍ ഊര്‍ജ്ജം തീര്‍ന്ന് മരിക്കുന്ന ചടങ്ങ് പല രീതിയില്‍ ആണ്. നക്ഷത്രങ്ങളുടെ മാസ് അനുസരിച്ച് ചിലവ ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍ ആവും. ചിലത് തമോ ഗര്‍ത്തങ്ങള്‍ ആകും. ചിലത് പൊട്ടിച്ചിതറും .
നക്ഷത്രങ്ങളുടെ കത്താനുള്ള ഊര്‍ജ്ജം തീര്‍ന്ന് അവയുടെ ഭീമന്‍ ഭാരവും അവശേഷിക്കുന്ന ഊര്‍ജത്തിന്റെ ശക്തിയും കൊണ്ട് പൊട്ടിച്ചിതറുന്ന നക്ഷത്രവിസ്‌ഫോടനം ആണ് 'സൂപ്പര്‍നോവ' എന്ന് പറയുന്നത് . 'Nova' എന്ന വാക്കിന്റെ അര്‍ത്ഥം 'new '. താല്‍ക്കാലികമായി പെട്ടെന്ന് ഉണ്ടാകുന്ന നക്ഷത്രങ്ങള്‍ ആണ് വാനശാസ്ത്രത്തില്‍ നോവകള്‍ . അവയില്‍ പ്രകാശം കൂടിയവ ആണ് സൂപ്പര്‍നോവകള്‍. 1931 ല്‍ വിഖ്യാത വാനശാസ്ത്രജ്ഞരായ അമേരിക്കക്കാരന്‍ വാള്‍ട്ടര്‍ ബാഡെയും ജര്‍മന്‍കാരന്‍ ഫ്രിറ്റ്‌സ് വിക്കിയും ചേര്‍ന്നാണ് 'സൂപ്പര്‍നോവ' എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്.
ഈ വിസ്‌ഫോടനത്തിന് ശേഷം അവശേഷിക്കുന്നവ ആണ് മാഗ്‌നെറ്റാര്‍ എന്ന് വിളിക്കുന്ന അതിശക്തന്‍ നക്ഷത്രക്കുള്ളന്‍മാര്‍. നക്ഷത്രത്തിന്റെ മാസ് മുഴുവന്‍ ഒരു ചെറിയ സ്ഥലത്തേക്ക് കുത്തിയൊതുങ്ങി അതിഭീമമായ ഭാരം ഉള്ളവയായി തീരുന്നു. ഏകദേശം 20 കിലോ മീറ്റര്‍ വ്യാസം ഉണ്ടാവും ഇവയ്ക്ക്. പക്ഷെ ഒരു സ്പൂണ്‍ മാഗ്‌നറ്റാര്‍ എടുത്താല്‍ അതിന്റ ഭാരം ഏകദേശം പത്തുകോടി ടണ്‍ ആയിരിക്കും.
ഇങ്ങനെയുള്ള അനേക മാഗ്‌നെറ്റാറുകള്‍ നമ്മുടെ അയല്‍പക്കത്ത് നിശ്ശബ്ദരായി ഉണ്ട്. അവയില്‍ ചിലത് നമ്മുടെ അതിര്‍ത്തിയില്‍ പ്രവേശിച്ചാല്‍ എന്ത് സംഭവിക്കും എന്ന് നോക്കാം. ഈ ഭീമന്‍ കാന്തങ്ങള്‍ ആദ്യം തകര്‍ക്കുക ഭൂമിയുടെ കാന്തികവലയം ആയിരിക്കും. കാന്തികതയുടെ ശക്തി അളക്കാന്‍ ഉപയോഗിക്കുന്ന തോതിന്റെ പേര് gauss എന്നാണ്. ഭൂമിയുടെ gauss 0.6 gauss മാത്രമാണ് . എന്നാല്‍ ഒരു മാഗ്‌നറ്റാറിന്റെ gauss ആയിരം ലക്ഷം കോടി ആണ്. ആലോചിക്കണം അവന്റെ ശക്തി.
ഒരു മാഗ്‌നറ്റാര്‍ അലഞ്ഞു തിരിഞ്ഞു സൗരയൂഥത്തില്‍ എത്തി എന്ന് കരുതുക. വരുന്ന വരവിന് എല്ലാം തൂത്തു തുടച്ചായിരിക്കും വരിക. രണ്ട് ലക്ഷം കിലോ മീറ്റര്‍ അടുത്ത് എത്തുമ്പോള്‍ തന്നെ നമ്മുടെ എ ടി എം കാര്‍ഡുകള്‍, കമ്പ്യൂട്ടറുകള്‍ എന്നിങ്ങനെ കാന്തികത ഉപയോഗിക്കുന്ന എല്ലാ ഇലക്‌ട്രോണിക് ഉപകരണങ്ങളുടെയും പ്രവര്‍ത്തനം പരിപൂര്‍ണമായി നിലയ്ക്കും. മാഗ്‌നെറ്റിക് സ്ട്രിപ്പുകളായി സൂക്ഷിച്ചിട്ടുള്ള എല്ലാ വിവരങ്ങളും മാഞ്ഞുപോകും. ഏകദേശം 1000 കിലോമീറ്റര്‍ അടുത്ത് എത്തുമ്പോഴേക്കും നമ്മുടെ ശരീരത്തിലെ കോശങ്ങള്‍, അവയിലെ തന്മാത്രകള്‍ എല്ലാം രൂപ വത്യാസം വന്ന് വലിഞ്ഞു വ്യത്യസ്ത രൂപത്തില്‍ ആയി തീരും. ശരീരത്തിന്റെ ബയോ ഇലക്ട്രിക് ഫീല്‍ഡ് മുഴുവന്‍ തകര്‍ന്ന് നമ്മുടെ ശരീര തന്മാത്രകളുടെ ഘടന തന്നെ മാറാന്‍ തുടങ്ങും- ചുരുക്കി പറഞ്ഞാല്‍ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ നമ്മള്‍ വെറും ധൂളീ പടലങ്ങളായി അപ്രത്യക്ഷമാകും.
മാഗ്‌നറ്റാര്‍ അടുത്ത് വരണ്ട കാര്യം തന്നെയില്ല. ഇവ ഇടക്ക് പുറത്തേക്ക് ചര്‍ദിച്ചു വിടുന്ന ഊര്‍ജം മാത്രം മതി. 50000 പ്രകാശ വര്‍ഷങ്ങള്‍ക്ക് അകലെ നിന്ന് ഇവ പുറപ്പെടുവിക്കുന്ന സ്റ്റാര്‍ ക്വേക്ക്‌സ് എന്ന ഊര്‍ജകുലുക്കം മതി നമ്മള്‍ തീരാന്‍. ഇത് പറയാന്‍ കാരണം നമുക്ക് ഇത് അനുഭവം ഉണ്ട് എന്നത് കൊണ്ടാണ്. ഈ ഊര്‍ജഛര്‍ദി വരുന്നത് ഗാമ തരംഗ വിസ്‌ഫോടനങ്ങള്‍ ആയാണ്. 2004 ല്‍ നമ്മള്‍ അത് അനുഭവിച്ചിരുന്നു. പക്ഷെ അവയുടെ ദൂരക്കൂടുതല്‍ കൊണ്ട് വലിയ അപകടങ്ങള്‍ പറ്റിയില്ല എന്ന് മാത്രം. 2004 ല്‍ ഇവ ഉണ്ടാക്കിയ മൊത്തം ഗാമ റേഡിയേഷന്റെ അളവ് കേട്ടാല്‍ നമ്മള്‍ ഞെട്ടും. ഒരു സെക്കന്റിന്റെ അഞ്ചില്‍ ഒന്ന് സമയം കൊണ്ട് ഇവന്‍ ഉണ്ടാക്കിയ ഊര്‍ജ്ജം 2.5 ലക്ഷം വര്‍ഷം നിന്ന് കത്തി നമ്മുടെ സൂര്യന്‍ ഉണ്ടാക്കിയ ഊര്‍ജ്ജത്തിന്റെ ആകെ അളവിന് തുല്യമാണ് എന്ന് കേട്ടാല്‍ ഞെട്ടരുത്. സംഗതി പരമ സത്യമാണ്.
1979 മാര്‍ച്ച് 5 നാണ് ഏറ്റവും വലിയ മാഗ്‌നറ്റാര്‍ ഗാമ റേഡിയേഷന്‍ ഭൂമിയെ ആക്രമിച്ചത് . അതുണ്ടായതോ ഏകദേശം 5000 BC യില്‍ ഉണ്ടായ ഒരു സൂപ്പര്‍നോവയില്‍ നിന്ന് ഉണ്ടായ മാഗ്‌നറ്റാറില്‍ നിന്ന്. അന്ന് ഉണ്ടായ ഗാമ റേഡിയേഷന്‍ വിശാലപ്രപഞ്ചത്തിലൂടെ പ്രകാശ വേഗതയില്‍ സഞ്ചരിച്ച് 1979 ല്‍ ആണ് ഭൂമിയില്‍ എത്തിയത്. നമ്മുടെ സാറ്റലൈറ്റുകള്‍ എല്ലാം തന്നെ സാരമായ പരിക്കുകള്‍ പറ്റിയിരുന്നു.
പേടിപ്പിക്കാന്‍ പറഞ്ഞതല്ല . ഒരു മാഗ്‌നാറ്റാര്‍ തെറ്റിതിരിഞ്ഞു ഭൂമിയുടെ അടുത്ത് എത്തിയാല്‍ നമ്മുടെ സംരക്ഷകന്‍ സൂര്യന് പോലും നമ്മെ സഹായിക്കാന്‍ ആകില്ല. ഓസോണ്‍ പടലം തകര്‍ക്കുക മാത്രമല്ല അവ ചെയ്യുക. ഭൂമി അടക്കം പാടെ തുടച്ചു നീക്കും. വെറും പൊടിപടലങ്ങള്‍ മാത്രം അവശേഷിക്കും . പക്ഷെ ഒരു അനുഗ്രഹം ഉണ്ട്. മാഗ്‌നറ്റാര്‍ അടുത്ത് വരുന്നതോ നമ്മള്‍ നശിക്കുന്നതോ നമ്മള്‍ അറിയുകപോലും ഇല്ല. കണ്ണടച്ച് തുറക്കുന്നതിന് മുന്‍പേ എല്ലാം തീര്‍ന്നിരിക്കും. ആശ്വസിക്കാന്‍ ഉള്ള ഏക കാര്യം മാഗ്‌നറ്റാറുകളുടെ ആയുസ്സ് 10000 വര്‍ഷം മാത്രം ആയിരിക്കും എന്നതാണ് അത് കഴിഞ്ഞാല്‍ അവ താരതമ്യേന അപകടം കുറഞ്ഞ ന്യൂട്രോണ്‍നക്ഷത്രങ്ങള്‍ ആയി മാറും.