Gopinath Muthukad| സത്യത്തില്‍, ഇതാണ് മുതുകാട് കാണിച്ച ഏറ്റവും വലിയ മാജിക്ക്!

By Web Team  |  First Published Nov 17, 2021, 3:52 PM IST

അമ്പത്തിയേഴാം വയസ്സിലും സുന്ദരനും പ്രസന്നനും ഊര്‍ജസ്വലനുമായിരിക്കുന്ന 'ചെറുപ്പത്തിന്റെ' മഹേന്ദ്രജാലം. എവിടെയും തങ്ങി നില്‍ക്കാതെ അടിമുടി പുതുക്കിക്കൊണ്ട് ഒഴുകുന്ന മായാജാലത്തിന്റെ ഒരു നദി. അരനൂറ്റാണ്ടു നീണ്ട ആ മാന്ത്രിക യാത്രയില്‍ ഇപ്പോഴിതാ അപ്രതീക്ഷിതമായ ഒരു വഴിത്തിരിവ് ഉണ്ടായിരിക്കുന്നു. 


കരിയറിലെ ഏറ്റവും തിളങ്ങിനില്‍ക്കുന്ന ഈ വേളയില്‍ പ്രൊഫഷണല്‍ അരങ്ങില്‍നിന്ന് കൂളായുള്ള ഈ റിട്ടയര്‍മെന്റ് വാര്‍ത്തയ്ക്ക് ഒരു മാജിക്കല്‍ ടച്ചുണ്ടായിരുന്നു. ആ നിമിഷം ലോകം മുഴുവന്‍ ആ വാര്‍ത്തയിലേക്ക് കണ്ണുനട്ടു.  തന്നെ നോക്കിനില്‍ക്കുന്ന ലക്ഷക്കണക്കിന് കണ്ണുകള്‍ക്കു മുന്നിലൂടെ പതിയെ, ആ മാന്ത്രിക തൊപ്പി അദ്ദേഹം അഴിച്ചുവെച്ചു. സത്യത്തില്‍ അതു തന്നെയാണ് മുതുകാട് ജീവിതത്തില്‍ കാണിച്ച ഏറ്റവും വലിയ മാജിക്ക്. 

 

Latest Videos

undefined

 

വാഴക്കുന്നം നമ്പൂതിരി മുതല്‍ അനേകം മായാജാലക്കാര്‍ ജാലവിദ്യകളാല്‍ അമ്പരപ്പിച്ചൊരു നാടാണ് കേരളമെങ്കിലും മലയാളിക്ക് മാജിക്കെന്നാല്‍ മുതുകാടാണ്; മജീഷ്യന്‍ ഗോപിനാഥ് മുതുകാട്. അമ്പത്തിയേഴാം വയസ്സിലും സുന്ദരനും പ്രസന്നനും ഊര്‍ജസ്വലനുമായിരിക്കുന്ന 'ചെറുപ്പത്തിന്റെ' മഹേന്ദ്രജാലം. എവിടെയും തങ്ങി നില്‍ക്കാതെ അടിമുടി പുതുക്കിക്കൊണ്ട് ഒഴുകുന്ന മായാജാലത്തിന്റെ ഒരു നദി. അരനൂറ്റാണ്ടു നീണ്ട ആ മാന്ത്രിക യാത്രയില്‍ ഇപ്പോഴിതാ അപ്രതീക്ഷിതമായ ഒരു വഴിത്തിരിവ് ഉണ്ടായിരിക്കുന്നു. 

പ്രൊഫഷണല്‍ മാജിക് വേദികളില്‍ ഇനി നമുക്ക് അദ്ദേഹത്തെ കാണാനാവില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലൂടെ പുറത്തുവന്ന ഈ വാര്‍ത്തയിലൂടെ അദ്ദേഹം ലോകത്തെ വീണ്ടും അമ്പരപ്പിച്ചു. കരിയറിലെ ഏറ്റവും തിളങ്ങിനില്‍ക്കുന്ന ഈ വേളയില്‍ പ്രൊഫഷണല്‍ അരങ്ങില്‍നിന്ന് കൂളായുള്ള ഈ റിട്ടയര്‍മെന്റ് വാര്‍ത്തയ്ക്ക് ഒരു മാജിക്കല്‍ ടച്ചുണ്ടായിരുന്നു. ആ നിമിഷം ലോകം മുഴുവന്‍ ആ വാര്‍ത്തയിലേക്ക് കണ്ണുനട്ടു.  തന്നെ നോക്കിനില്‍ക്കുന്ന ലക്ഷക്കണക്കിന് കണ്ണുകള്‍ക്കു മുന്നിലൂടെ പതിയെ, ആ മാന്ത്രിക തൊപ്പി അദ്ദേഹം അഴിച്ചുവെച്ചു. സത്യത്തില്‍ അതു തന്നെയാണ് മുതുകാട് ജീവിതത്തില്‍ കാണിച്ച ഏറ്റവും വലിയ മാജിക്ക്. 

 

 

വാഴക്കുന്നം എന്ന വഴി

ഏഴാം വയസ്സിലാണ് മലപ്പുറം ജില്ലയിലെ നിലമ്പൂരിലുള്ള കവളമുക്കട്ട എന്ന കുഞ്ഞിഗ്രാമത്തില്‍നിന്നും ഗോപി എന്ന കൗതുകക്കണ്ണുള്ള കുട്ടി, അസാമാന്യ പ്രതിഭാശാലിയായ ഒരു ജാലവിദ്യക്കാരനു പിന്നാലെ നടത്തം തുടങ്ങിയത്. ഹാംലിനിലെ കുഴലൂത്തുകാരനെപ്പോലെ മനുഷ്യരെ പിറകെ നടത്തിച്ച ആ മാജിക്കുകാരന്റെ പേര് വാഴക്കുന്നം വാഴക്കുന്നം നീലകണ്ഠന്‍ നമ്പൂതിരിപ്പാട് എന്നായിരുന്നു. 1903 മുതല്‍ 1983 വരെയുള്ള എട്ടു പതിറ്റാണ്ടുകള്‍, കണ്ണഞ്ചിപ്പിയ്ക്കുന്ന വേഷപ്പകര്‍ച്ചയോ രംഗാവതരണങ്ങളുടെ പളപളപ്പോ ഇല്ലാതെ കേരളക്കരയെ വിസ്മയിപ്പിച്ച മാന്ത്രികനായിരുന്നു വാഴക്കുന്നം. അച്ഛന്‍ കവണഞ്ചേരി കുഞ്ഞുണ്ണിനായരാണ് വാഴക്കുന്നത്തിന്റെ അതിശയകഥകള്‍ ഗോപിയോട് പറയുന്നത്. ആ കഥകളിലൂടെ താന്‍ ഒരു മായാജാലക്കാരനെ സങ്കല്‍പ്പിച്ചുണ്ടാക്കിയതായി പില്‍ക്കാലത്ത് ഒരഭിമുഖത്തില്‍ ഗോപിനാഥ് മുതുകാട് പറയുന്നുണ്ട്. മാന്ത്രികത്തൊപ്പിക്കുള്ളില്‍നിന്നും പറവകെള പുറത്തെടുത്ത് ആകാശലോകങ്ങളിലേക്ക് പറത്തുന്ന ഒരു മാന്ത്രികന്‍. 

പത്താം വയസ്സില്‍ മാജിക്കിന്റെ അമ്പരപ്പിക്കുന്ന ലോകത്തേക്ക് ഗോപി പ്രവേശിച്ചു. നിലമ്പൂര്‍ക്കാരന്‍ കൂടിയായ ആര്‍ കെ മലയത്ത് എന്ന മാന്ത്രികനായിരുന്നു ഗുരു. അരങ്ങുകളില്‍ ഗുരുവിനൊപ്പം സഞ്ചരിച്ച ഗോപി വൈകാതെ മാജിക്കിനായി സ്വയം സമര്‍പ്പിക്കാന്‍ തീരുമാനിച്ചു. വാഴക്കുന്നം അടക്കമുള്ള മായാജാലക്കാരുടെ പാരമ്പര്യം തൊട്ടുമുന്നിലുണ്ടായിരുന്നുവെങ്കിലും അവരാരും ജീവിതത്തില്‍ മുതുകാടിനെ പോലെ വിജയിച്ചിട്ടില്ല. ചുരുക്കം വേദികള്‍ മാത്രം കിട്ടിയിരുന്ന വാഴക്കുന്നത്തിന്റെ കാലത്തുനിന്നും, ലോകമാകെയുള്ള ജനങ്ങള്‍ക്കിടയിലേക്ക് മാജിക്കിനെ എത്തിക്കാന്‍ സാങ്കേതിക വിദ്യയെയും പുതുകാലം മുന്നോട്ടുവെച്ച ദൃശ്യമാധ്യമ, ഡിജിറ്റല്‍  സാദ്ധ്യതകളെയും ഗോപിനാഥ് അതിസമര്‍ത്ഥമായി ഉപയോഗിച്ചു. നിലമ്പൂരിലെ ചെറുഗ്രാമത്തില്‍നിന്നും ലോകത്തിന്റെ തുറസ്സിലേക്ക് നൂതനമായ മായാജാല പ്രകടനങ്ങളെയും സാങ്കേതിക വിദ്യയെയും സമന്വയിപ്പിച്ച് മുതുകാട് നടന്നുകയറി. നിരന്തരം പുതുക്കിക്കൊണ്ടിരിക്കുന്ന ഒരാള്‍ക്കു മാത്രം കഴിയുന്ന വിധത്തില്‍, ഒരു സങ്കേതത്തിലും കുടുങ്ങിപ്പോവാതെ, ഒരിനത്തിലും നിന്നുപോവാതെ, പുതുപുത്തന്‍ സാദ്ധ്യതകള്‍ പരീക്ഷിക്കാന്‍ അദ്ദേഹം ധീരത കാണിച്ചു. അസാധാരണമായ ഭാവനയും ഇച്ഛാശക്തിയും അപാരമായ സാംഘാടന ശേഷിയും മാറുന്ന ലോകെത്തക്കുറിച്ചുള്ള സവിശേഷ ധാരണയും റിസ്‌ക് എടുക്കാനുള്ള ആത്മവിശ്വാസവും ബുദ്ധിപരമായ സംരംഭകത്വവും അതിന് അദ്ദേഹത്തെ തുണച്ചു. 

 

 

വിവാഹ മാജിക്ക് 

അടിമുടി മാജിക്കായിരുന്നു ഗോപിയുടെ ലോകം. കുട്ടിക്കാലം മുതല്‍ മായാജാലം മാത്രം സ്വപ്‌നം കണ്ട ഗോപിനാഥ് വിവാഹത്തിനുപോലും ഒരു മാജിക് ടച്ച് നല്‍കി. സ്വന്തം വിവാഹത്തെക്കുറിച്ച് അദ്ദേഹം പറയുന്ന കഥ രസകരമാണ്. 

മാജിക്കാണ് തൊഴില്‍ എന്നു പറഞ്ഞാല്‍ പെണ്ണു കിട്ടാത്തൊരു കാലത്താണ് മലപ്പുറം ജില്ലയിലെ മേലാറ്റൂര്‍ സ്വദേശിയായ കവിത ആ മായാജാലത്തില്‍ ആകൃഷ്ടയായി ഗോപിനാഥിന്റെ ജീവിതത്തിലേക്ക് ചെന്നത്. ഒരു മാജിക് പരിപാടി ആയിരുന്നു അതിന്റെ അരങ്ങ്. 

നിലമ്പൂരിനടുത്ത് മേലാറ്റൂരിലായിരുന്നു ആ പരിപാടി. അവിടെയൊരു പെണ്ണുകാണല്‍ കഴിഞ്ഞാണ് അദ്ദേഹം പരിപാടിക്കെത്തിയത്. പെണ്ണുകാണലൊക്കെ കണക്കായിരുന്നു. പെണ്ണിനെ ശരിക്കൊന്നു കാണാന്‍പോലും നേരം കിട്ടിയില്ല. പെണ്ണുകാണല്‍ കഴിഞ്ഞതും അരങ്ങിലേക്ക് പാഞ്ഞെത്തി, അദ്ദേഹം. 

ആ മാജിക് പരിപാടിയിലെ ഒരിനം കണ്ണുകെട്ടി ഒരു ബ്ലാക്ക്‌ബോര്‍ഡില്‍ എഴുതിയത് വായിക്കലായിരുന്നു. അതിന് സദസ്സില്‍ നിന്നൊരാള്‍ വരണം. പതിവു പോലെ സദസ്യരെ അതിനായി ക്ഷണിച്ചു. ഒരു പെണ്‍കുട്ടി കടന്നുവന്നു. അവളെ കണ്ടതും മുതുകാട് അത്ഭുതപ്പെട്ടു. രാവിലെ പെണ്ണുകണ്ട അതേ പെണ്‍കുട്ടി!

കറുത്ത തുണി കൊണ്ട് ഗോപിനാഥിന്റെ കണ്ണുകള്‍ മൂടിക്കെട്ടിയ ശേഷം  അവള്‍ ബോര്‍ഡില്‍ മൂന്ന് വാക്കുകള്‍ എഴുതി. അതു കഴിഞ്ഞതും, ബോര്‍ഡിനരികെ കണ്ണുകെട്ടി നിര്‍ത്തിയിരുന്ന മുതുകാട് ആ വാക്കുകള്‍ വായിച്ചു. ''യു ആര്‍ ഗ്രേറ്റ്.'' അതായിരുന്നു ആ വാക്കുകള്‍. പ്രണയം നിറഞ്ഞ ആ വാക്കുകള്‍ക്ക് അതേ ബോര്‍ഡില്‍ അദ്ദേഹം മറുപടി എഴുതി. ''വെല്‍ക്കം ടു മൈ വേള്‍ഡ് ഓഫ് മാജിക്.''

അങ്ങനെയായിരുന്നു വിവാഹം. ആ യാത്ര തുടര്‍ന്നു. മാജിക്കുമായി മുതുകാട് നാടു ചുറ്റുമ്പോള്‍ അദ്ദേഹത്തിന്റെ ജീവിതത്തിനെ ചേര്‍ത്തുപിടിച്ചു, അന്നത്തെ ആ പെണ്‍കുട്ടി. 

 

 

അച്ഛന്‍ മരിക്കുമ്പോള്‍ അരങ്ങില്‍

1964 ഏപ്രില്‍ പത്താം തീയതി കവണഞ്ചേരി കുഞ്ഞുണ്ണിനായരുടേയും മുതുകാട് ദേവകിയമ്മയുടെയും മകനായി ജനിച്ച മുതുകാട് അടിമുടി ഒരു ഫാമിലിമാനാണ്. 

അമ്മയും അച്ഛനും നാല് സഹോദരങ്ങളും അടങ്ങുന്ന കുടുംബത്തിലെ ഇളയ മകന്‍. കര്‍ഷകനായിരുന്നു അച്ഛന്‍. മഞ്ചേരി എന്‍.എസ്.എസ്. കോളേജില്‍ നിന്നു ഗണിതശാസ്തത്തില്‍ ബിരുദം നേടിയ ഗോപി എല്‍ എല്‍ ബിക്ക് ചേര്‍ന്നപ്പോള്‍ അച്ഛന് സന്തോഷമായിരുന്നു. മകന്‍ ഒരഭിഭാഷകന്‍ ആവണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. എന്നാല്‍, മാജിക്ക് തലക്കുപിടിച്ച ഗോപിനാഥ് പഠനം തുടര്‍ന്നില്ല. പാതിവഴിയില്‍ അതു നിര്‍ത്തി മാജിക് പരിപാടികളിലേക്ക് തിരിഞ്ഞു. സാധാരണ ഗതിയില്‍ ഒരു പിതാവിനും സമാധാനം നല്‍കുന്ന ഒരു തീരുമാനമായിരുന്നില്ല അത്. മാജിക്ക് എന്നത് അത്ര ജനപ്രിയമല്ലാത്ത കാലം. മജീഷ്യന്റെ ജോലി ചെയ്ത് ഒരാള്‍ക്ക് കുടുംബം പോറ്റാനും വളരാനും കഴിയുമെന്ന് ഒട്ടുമുറപ്പില്ലാത്ത സാഹചര്യം. എന്നിട്ടും മകന്റെ മാന്ത്രികയാത്രയ്ക്ക് പിതാവ് പിന്തുണ നല്‍കി. ജീവിതകാലം മുഴുവന്‍ മകന്റെ നേട്ടങ്ങളില്‍ അദ്ദേഹം സന്തോഷിച്ചു. 

എന്നാല്‍, അച്ഛന്റെ അവസാന നിമിഷങ്ങളില്‍ തനിക്ക് കൂടെ ഉണ്ടാവാന്‍ കഴിഞ്ഞില്ലെന്ന് മുതുകാട് ഒരഭിമുഖത്തില്‍ ഓര്‍മ്മിക്കുന്നു. അച്ഛന്‍ മരിക്കുമ്പോള്‍ ഗോപിനാഥ് ദൂരെയൊരിടത്തെ മാജിക് അരങ്ങിലായിരുന്നു. സദസ്സിനെ ചിരിപ്പിച്ചും സന്തോഷിപ്പിച്ചും മുതുകാട് കൂടെ നിര്‍ത്തുന്ന നേരത്ത് അച്ഛന്‍ അന്ത്യശ്വാസം വലിക്കുകയായിരുന്നു. മരണത്തിന്റെ പിറ്റേന്നാണ് മായാജാലത്തിരക്കില്‍നിന്നും മകന്‍ വീട്ടിലേക്ക് ഓടിയെത്തിയത്. 

 

 

ജീവിതത്തിലാദ്യം കണ്ട മാജിക്, നടത്തിയത് അമ്മ!

അമ്മയാണ് തന്റെ ശക്തിയെന്ന് ഒരുപാട് അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട് മുതുകാട്. ''അമ്മയ്ക്ക് വേണ്ടി ചെയ്യാന്‍ പറ്റുന്നതിന്റെ മാക്‌സിമം ചെയ്യണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. എന്റെ അമ്മ വളരെ സുഖമായി ജീവിച്ചു വന്ന ഒരാളല്ല . അമ്മയ്ക്ക് വേണ്ടി എന്ത് ചെയ്താലും എനിയ്ക്ക് മതിയാകില്ല''-അദ്ദേഹം പറയുന്നു. 

എന്തു പുരസ്‌കാരം ലഭിച്ചാലും ആ വേദിയില്‍ അമ്മ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ്. ഒരിക്കല്‍ ഒരു അവാര്‍ഡ് കിട്ടിയപ്പോള്‍ മുതുകാട് മനപൂര്‍വ്വം അതിനു പോവാെതനിന്നു. പകരം വേദിയില്‍ ചെന്ന് അവാര്‍ഡ് ഏറ്റുവാങ്ങിയത് അമ്മയായിരുന്നു. അമ്മ വാങ്ങാനുള്ള തന്ത്രമായിരുന്നു മനപൂര്‍വ്വമായി അങ്ങോട്ട ചെല്ലാതിരുന്നത്. 

താനാദ്യം കണ്ട ജീവിതമായാജാലം അമ്മയില്‍നിന്നാണെന്ന് ഒരഭിമുഖത്തില്‍ പറയുന്നുണ്ട് അദ്ദേഹം. കുട്ടിക്കാലത്തെ ഓര്‍മ്മയാണ്. അച്ഛന്‍ പാടത്ത് പണിയെടുക്കുന്ന കാലം. പണിക്കിടയില്‍ അച്ഛന്‍ കഴിച്ചിട്ട് ഓട്ടുകിണ്ണത്തില്‍ ബാക്കി വയ്ക്കുന്ന ആഹാരം കുഞ്ഞു ഗോപിക്കുള്ളതാണ്. ഒരു ദിവസം അച്ഛന്റെ ഭക്ഷണശേഷം ഓട്ടുകിണ്ണം നോക്കിയപ്പോള്‍ അതിലൊരു വറ്റുപോലുമില്ല. സങ്കടം അടക്കാതെ നിലവിളിച്ചുനിന്ന മകനു മുന്നില്‍ അമ്മയെത്തി. കരയുന്നതിന്റെ കാരണം കേട്ടപ്പോള്‍ അമ്മ ചിരിച്ചു. എന്നിട്ട് ഒരു വാഴയില കൊണ്ടുവന്ന് ആ കിണ്ണത്തില്‍ അടച്ചു. അതു കണ്ട് അന്തംവിട്ടുനിന്ന മകന്റെ മുന്നില്‍ പെട്ടെന്ന് അമ്മ ആ വാഴയില തുറന്നു! അതിലതാ ഒരു ചെറിയ കഷണം പുട്ട്! കരച്ചിലും വിശപ്പും മാറ്റുന്ന ആ മായാജാലമാണ് കുഞ്ഞുന്നാളില്‍ ആദ്യം മനസ്സില്‍ പതിഞ്ഞ ഒന്നെന്ന് ആവര്‍ത്തിക്കാറുണ്ട് മുതുകാട്. 

 

 

പരാജയത്തിന്റെ പെട്ടിതുറന്നപ്പോള്‍

ഇന്ത്യയെന്ന വൈവിധ്യത്തിലേക്ക് നാല് വ്യത്യസ്ത യാത്രകള്‍ നടത്തിയിട്ടുണ്ട് മുതുകാട്. വിസ്മയഭാരത യാത്ര, ഗാന്ധിമന്ത്ര, വിസ്മയസ്വരാജ്, മിഷന്‍ ഇന്ത്യ എന്നീ യാത്രകള്‍. ആ യാത്രാനുഭവങ്ങളാണ് പിന്നീട് 'ഇന്ത്യ എന്റെ പ്രണയ വിസ്മയം' എന്ന പുസ്തകമായി മാറിയത്.  കേരളത്തിലെ അരങ്ങുകളില്‍നിന്നും ഇന്ത്യയുടെ വിശാലതയിലേക്കുള്ള ആ പുറപ്പെട്ടുപോക്കിനു പിന്നാലും ഒരു മാജിക്കിന്റെ കഥയുണ്ട്. പരാജയപ്പെട്ട ഒരു ഇന്ദ്രജാല കഥ. 

2001 നവംബറില്‍ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടത്തിയ പ്രൊപ്പല്ലര്‍ എസ്‌കേപ് ആയിരുന്നു ആ മാജിക് പരിപാടി. എന്തു കൊണ്ടോ അതു പരാജയപ്പെട്ടു. അതോടെ ആകെ സങ്കടത്തിലായി. ആളുകളുടെ മുഖത്തുനോക്കാന്‍ പറ്റാത്ത അവസ്ഥ. പിന്നെ ഒന്നുമാലോചിച്ചില്ല, ദില്ലിയിലേക്ക് വണ്ടി കയറി, മുതുകാട്. ഇന്ത്യയെ അറിയാനുള്ള നീണ്ട യാത്രകളുടെ തുടക്കമായിരുന്നു അത്. അറിയാത്ത അനേകം മനുഷ്യരിലേക്ക് ആ യാത്രകള്‍ മുതുകാടിനെ എത്തിച്ചു. അപ്രതീക്ഷിതമായ കൈത്താങ്ങുകളേറെ കിട്ടി. വിചിത്രമായ ജീവിതാവസ്ഥകള്‍ ഏറെ കണ്ടു. മനസ്സിനെ ആനന്ദത്തിലാറാടിച്ച അനുഭവങ്ങളും ആ യാത്രകള്‍ അദ്ദേഹത്തിന് നല്‍കി. 

 

 

നിലമ്പൂര്‍ മുതല്‍ കഴക്കൂട്ടംവരെ

നിലമ്പൂര്‍ ആസ്ഥാനമാക്കി ആരംഭിച്ച മുതുകാട് മാജിക്കല്‍ എന്റര്‍ടെയ്‌നേഴ്‌സ് എന്ന മാജിക്ക് ട്രൂപ്പിലൂടെയാണ് പുറംലോകത്തേക്കുള്ള മുതുകാടിന്റെ മാ്രന്തികയാത്രകള്‍ തുടങ്ങുന്നത്. ഇന്ത്യയിലും വിദേശത്തുമായി നിരവധി വേദികളില്‍ ആ ട്രൂപ്പ് പരിപാടികള്‍ അവതരിപ്പിച്ചു. മായാജാലത്തെ ഒരു പെര്‍ഫോമന്‍സാക്കി മാറ്റിയതില്‍ ഈ സംഘം വലിയ പങ്കുവഹിച്ചു. മലയാളികള്‍ കണ്ണുമിഴിച്ചു കണ്ട ഒട്ടേറെ നൂതന സാദ്ധ്യതകള്‍ ഈ സംഘം മുന്നോട്ടുവെച്ചു. അരങ്ങ് എന്ന സാദ്ധ്യതയെ മുതുകാട് പിന്നീട് ടിവിയിലേക്ക് പറിച്ചു നട്ടു. ലോകമെങ്ങുമുള്ള മലയാളികളുടെ പ്രിയപ്പെട്ട ജാലവിദ്യക്കാരനായി മുതുകാട് മാറുന്നതില്‍ ടിവി പരിപാടികള്‍ ഏറെ സഹായിച്ചിട്ടുണ്ട്. നിരവധി ചാനല്‍ പരിപാടികളുടെ അവതാരകനുമായിട്ടുണ്ട് അദ്ദേഹം. 

ഇതിന്റെയെല്ലാം തുടര്‍ച്ചയായിരുന്നു മാജിക്ക് അക്കാദമി എന്ന സങ്കല്‍പ്പം. അതാണ്, കുട്ടികള്‍ക്ക് വിനോദത്തോടൊപ്പം വിജ്ഞാനവും പകര്‍ന്നു നല്‍കുന്ന മാജിക് പ്ലാനെറ്റ് എന്ന മഹാസംരംഭത്തിലേക്ക് വഴിതെളിയിച്ചത്. 'ഈഫ് യൂ ഡോണ്ട് ബിലീവ് ഇന്‍ മാജിക്, യു വില്‍ നെവര്‍ ഫൈന്‍ഡ് ഇറ്റ്...' എന്നതാണ് തിരുവനന്തപുരം കഴക്കൂട്ടത്തെ കിന്‍ഫ്രായി പാര്‍ക്കിലുള്ള മാജിക് പ്ലാനെറ്റ് മുന്നോട്ടുവെക്കുന്ന ആപ്തവാക്യം. 

കണ്‍കെട്ടുവിദ്യയുടെ അനേകം സാദ്ധ്യതകളിലേക്കാണ് മാജിക് പ്ലാനറ്റ് കുട്ടികളെയും മുതിര്‍ന്നവരെയും കൊണ്ടുപോവുന്നത്. വാഴക്കുന്നം അടക്കമുള്ള മഹാമാന്ത്രികരുടെ ഓര്‍മ്മകളിലാണ് മാജിക് പ്ലാനറ്റിലെ പരിപാടികളുടെ തുടക്കം. പിന്നീട്, മാജിക്കിന്റെ പല കൈവഴികള്‍ കാണികള്‍ക്കു മുന്നില്‍ തുറക്കുന്നു. തെരുവു മായാജാലം മുതല്‍ കണ്‍കെട്ട് വിദ്യവരെയും ഗ്രേറ്റ് ഇന്ത്യന്‍ റോപ് മാജിക് മുതല്‍ ഷേക്‌സ്പിയര്‍ നാടകം വരെയും പല മാതിരി പെര്‍ഫോമന്‍സുകള്‍. മായാജാലത്തിന്റെ അത്ഭുതലോകത്ത് കയറുന്ന ഒരു കാണിയെ വിസ്മയത്തുമ്പത്തേക്ക് കൊണ്ടുപോവുന്ന പ്രൊഫഷണല്‍ മികവാണ് മാജിക് പ്ലാനറ്റിനെ സവിശേഷമായ കാഴ്ചാനുഭവമാക്കി മാറ്റിയത്. 

click me!