മോണ്ടിനെഗ്രോയിലെ മിക്കവരും മടിയന്മാരാണെന്ന് പൊതുവേ ഒരു സംസാരമുണ്ട്. അതിനെ സ്വയം ട്രോളുന്നതിന് വേണ്ടിയാണ് ഇങ്ങനെ ഒരു മത്സരം തന്നെ സംഘടിപ്പിച്ചിരിക്കുന്നത്.
മോണ്ടിനെഗ്രോ എന്ന സ്ഥലത്ത് വർഷം തോറും ഒരു പ്രത്യേകതരം മത്സരം നടക്കാറുണ്ട്. കേൾക്കുമ്പോൾ വിചിത്രം എന്ന് തോന്നാവുന്ന മത്സരമാണ്. വേറൊന്നുമല്ല, ഒരേ കിടപ്പ് കിടക്കണം. എത്രനേരം അങ്ങനെ വെറുതെ കിടക്കുന്നു എന്നതാണ് വിജയിയെ കണ്ടെത്തുന്നത്. ഈ വിചിത്രമായ മത്സരത്തിന്റെ 12 -ാമത്തെ ചാമ്പ്യനായി മാറിയിരിക്കുന്നത് സർക്കോ പെജനോവിച്ച് എന്ന യുവാവാണ്. എന്നാലും എത്രനേരമെന്ന് വെച്ച് ഒരാൾ വെറുതെ കിടക്കും അല്ലേ? എന്നാൽ, 60 മണിക്കൂർ ഒരേ കിടപ്പ് കിടന്നു കൊണ്ടാണ് ഇയാൾ ഈ കിരീടം സ്വന്തമാക്കിയിരിക്കുന്നത്.
തന്റെ വിജയത്തെക്കുറിച്ച് പ്രാദേശിക വാർത്താ ഏജൻസിയായ ഗ്ലാസ് സബീലയോട് സംസാരിച്ച പെജനോവിച്ച് പറഞ്ഞത് ഇങ്ങനെ: "ഇത് ബുദ്ധിമുട്ടുള്ള കാര്യമൊന്നുമായിരുന്നില്ല. ഞാൻ വാം അപ്പ് പോലും ചെയ്തിരുന്നില്ല." മത്സരത്തിലെ ഏറ്റവും വലിയ ബുദ്ധിമുട്ടുള്ള സമയം കുടുംബക്കാർ വരുന്നതാണ് എന്നും പെജോനവിച്ച് പറയുന്നു. ആ സമയത്ത് എഴുന്നേൽക്കാതിരിക്കുക എന്നത് ഭയങ്കര പ്രയാസമുള്ള കാര്യമാണ്.
undefined
ഒമ്പത് പേരാണ് മത്സരത്തിനുണ്ടായിരുന്നത്. എന്നാൽ, ഒന്നാമത്തെ ദിവസം അവസാനിക്കാറായപ്പോൾ തന്നെ അതിൽ ഏഴ് പേരും മത്സരമെല്ലാം മതിയാക്കി എഴുന്നേറ്റ് പോയി. പെജനോവിച്ചും വുക് കോൾജെൻസിക് എന്നയാളും മൂന്നാം ദിവസവും തളരാതെ മത്സരത്തിൽ പിടിച്ച് നിന്നു.
മോണ്ടിനെഗ്രോയിലെ മിക്കവരും മടിയന്മാരാണെന്ന് പൊതുവേ ഒരു സംസാരമുണ്ട്. അതിനെ സ്വയം ട്രോളുന്നതിന് വേണ്ടിയാണ് ഇങ്ങനെ ഒരു മത്സരം തന്നെ സംഘടിപ്പിച്ചിരിക്കുന്നത്. മണിക്കൂറുകളോളം ഒരേ കിടപ്പ് കിടക്കുന്നതിലുള്ള ബുദ്ധിമുട്ടുകൾ കാണിച്ച് കൊണ്ട് പെജനോവിച്ച് സംഘാടകരോട് ആവശ്യപ്പെട്ടത് ഏകദേശം 30,000 രൂപയാണ്. അത് മാത്രമല്ല, സ്പോൺസർമാർ വേറെയും കുറേ സമ്മാനങ്ങൾ ഇയാൾക്ക് അനുവദിച്ചിട്ടുണ്ട്. മികച്ച റെസ്റ്റോറന്റുകളിൽ നിന്നുമുള്ള ഭക്ഷണം, ഗ്രാമത്തിലെ താമസം എന്നിവയൊക്കെ അതിൽ പെടുന്നു.
എന്നാലും, പെജനോവിച്ചിന്റെ വിജയം 2021 -ൽ സ്ഥാപിച്ച റെക്കോഡിനേക്കാൾ കുറവായിരുന്നു. അന്നത്തെ വിജയി വെറുതെ കിടന്നത് 117 മണിക്കൂറാണ്. അതായത്, ആകെ നാല് ദിവസവും 21 മണിക്കൂറും. അത്രനേരം കിടന്നുകൊണ്ട് ദുബ്രാവ്ക അക്സിക്ക് എന്ന സ്ത്രീയാണ് മുമ്പ് റെക്കോർഡ് സ്ഥാപിച്ചിരിക്കുന്നത്. ഏതായാലും അന്ന് അവർ അത്രയും മണിക്കൂർ റെക്കോർഡിട്ടതിനെ തുടർന്ന് മത്സരത്തിന്റെ നിയമത്തിലും ചില മാറ്റങ്ങളൊക്കെ ഉണ്ടാക്കി. എട്ട് മണിക്കൂർ കഴിയുമ്പോൾ ടോയ്‍ലെറ്റിൽ പോവാനായി ഒരു ചെറിയ ബ്രേക്ക് അനുവദിക്കും.
എന്ത് വിചിത്രമായ മത്സരമാണ് അല്ലേ?