ഷെര്‍ലക് ഹോംസിന്റെ വീട്. ലണ്ടന്‍ വാക്ക്. നിധീഷ് നന്ദനം എഴുതുന്ന യാത്രാക്കുറിപ്പുകള്‍ തുടരുന്നു.
ഇവിടെനിന്നാണ് ഇന്ദ്രജാലങ്ങളും മന്ത്രവാദങ്ങളും പഠിപ്പിക്കുന്ന ഹോഗ്വാര്‍ഡ് എന്ന മാന്ത്രിക വിദ്യാലയത്തിലേക്ക് ഹാരി പോട്ടറും കൂട്ടരും ഹോഗ്വാര്‍ഡ് എക്‌സ്പ്രസ്സില്‍ യാത്രയാരംഭിക്കുന്നത്. അകത്തേക്ക് ഇടിച്ചു കയറിയ നിലയില്‍ ഹാരിയുടെ ട്രോളി ഇപ്പോഴും ചുവരോട് ചേര്‍ന്ന് കാണാം.. അകത്തിപ്പോള്‍ ഹോഗ്വാര്‍ഡ് എക്‌സ്പ്രസ്സ് ചൂളം വിളിക്കുന്നുണ്ടാവുമോ?
undefined
ഇനിയൊരിക്കല്‍ കൂടി ലണ്ടനിലേക്ക് ട്രെയിന്‍ കയറുന്നത് രണ്ടു അതിമാനുഷരുടെ അടയാളങ്ങള്‍ തേടിയാണ്.. പ്രശസ്തിയില്‍ സ്രഷ്ടാക്കളെ അതിലംഘിച്ച സൃഷ്ടികള്‍ - ഷെര്‍ലക് ഹോംസും ഹാരി പോട്ടറും. ഇവരിരുവരും കഥാപാത്രങ്ങള്‍ മാത്രമാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കാത്ത ഒരുപാടുപേര്‍ കാണും ലോകമെമ്പാടും.
ചിലരങ്ങനെയാണ്, കഥകളും കെട്ടുകഥകളും മിത്തുകളും ഐതിഹ്യങ്ങളും യാഥാര്‍ഥ്യത്തില്‍ സമര്‍ത്ഥമായി ലയിപ്പിച്ചൊരു കഥ പറയും. ഒടുവില്‍ കഥയേത്, കെട്ടുകഥയേത് എന്ന് വേര്‍തിരിച്ചറിയാന്‍ വയ്യാതാവും. ഇരു നൂറ്റാണ്ടുകളില്‍ പിറവി കൊണ്ടതെങ്കിലും ഷെര്‍ലക് ഹോംസിലും ഹാരി പോട്ടറിലും നമുക്കത് കാണാം. ഈ രണ്ടു കഥാപാത്രങ്ങളോടും കൂട്ടിവായിക്കുന്ന ചിലയിടങ്ങളുണ്ട് ലണ്ടനില്‍-അവിടേക്കാണ് ഇന്നത്തെ യാത്ര.
ബേക്കര്‍ സ്ട്രീറ്റ്
വാട്ടര്‍ലൂ സ്റ്റേഷനില്‍ നിന്ന് ലണ്ടന്‍ ട്യൂബിലെ ബ്രൗണ്‍ നിറത്തിലുള്ള ബേക്കര്‍ലൂ ലൈനില്‍ കയറിയാല്‍ അഞ്ചാമത്തെ സ്‌റ്റേഷന്‍ ആണ് ബേക്കര്‍ സ്ട്രീറ്റ്. ലണ്ടന്‍ നഗരത്തിന്റെ ചരിത്രത്തിലേക്ക് ഒരുപാടൊരുപാട് സംഭാവനകള്‍ നല്‍കിയൊരു തെരുവാണ്. നൂറ്റാണ്ടുകള്‍ക്കിപ്പുറവും പ്രൗഢി തെല്ലും മങ്ങാത്തൊരിടം. എങ്കിലും '221 B' എന്നൊരൊറ്റ അഡ്രസില്‍ ആണ് ലോകം ബേക്കര്‍ സ്ട്രീറ്റിനെ എന്നുമോര്‍ക്കുന്നത്.
സ്‌റ്റേഷന് പുറത്തിറങ്ങിയപ്പോഴതാ ഭീമാകാരനായൊരു മനുഷ്യന്‍ റോഡരികില്‍. തിരിച്ചറിയാന്‍ തെല്ലും പ്രയാസമില്ല. ഇന്‍വെര്‍നെസ്സ് ക്യാപ് ധരിച്ചു കയ്യിലൊരു പൈപ്പുമായി നില്‍ക്കുന്ന ഷെര്‍ലക് ഹോംസ് തന്നെ. ഹോംസിന്റെ ഇത്തരമൊരു പൂര്‍ണകായ പ്രതിമ സ്ഥാപിക്കാന്‍ ഇതിലും മികച്ചൊരിടമില്ല.
സ്റ്റേഷന് മുന്നിലെ അണ്ടര്‍പാസ് അതിമനോഹരമാണ്. ഓറഞ്ച് - ഐവറി നിറങ്ങളില്‍ ഒരു സഹസ്രാബ്ദക്കാലത്തെ ബേക്കര്‍ സ്ട്രീറ്റിന്റെ ചരിത്രം ഇവിടെ വിവരിക്കുന്നു. 1086 ല്‍ ജേതാവായ വില്യമിന്റെ (William the Conqueror) domesday book പ്രകാരം 50 -ല്‍ താഴെയാണ് ഇവിടുത്തെ ജനസംഖ്യ. ബ്രിട്ടനിലെ ആദ്യത്തെ ജനസംഖ്യാ കണക്കെടുപ്പാണത്. പിന്നെ 1400 -ല്‍ സെിന്റ് മേരീസ് ചര്‍ച്ച് സ്ഥാപിക്കപ്പെടുകയും വിശുദ്ധ മേരിയെ വഹിക്കുന്ന ഇടം എന്ന അര്‍ത്ഥത്തില്‍ St Mary by the bourne എന്നത് മാര്‍ലെബണ്‍ എന്നായി പരിണമിക്കുകയും ചെയ്തു. പിന്നീട് 1530 കളില്‍ രാജാവായ ഹെന്റി എട്ടാമന്റെ നായാട്ടു പ്രദേശമായിരുന്ന ഇടമാണ് പില്‍ക്കാലത്തു റീജന്റ്‌സ് പാര്‍ക്ക് ആക്കി മാറിയത്. 1755 ല്‍ ഈ തെരുവ് ഇത് രൂപകല്‍പ്പന ചെയ്ത വില്യം ബേക്കറിന്റെ പേരില്‍ ബേക്കര്‍ സ്ട്രീറ്റ് എന്ന് പുനര്‍നാമകരണം ചെയ്യപ്പെടുകയുണ്ടായി. അതിനു ശേഷം തോമസ് ലോര്‍ഡ് എന്ന വ്യവസായി ഇവിടെ ലോഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടും മാര്‍ലെബണ്‍ ക്രിക്കറ്റ് ക്ലബും (എംസിസി) സ്ഥാപിച്ചു. അത് പിന്നീട് ലോക ക്രിക്കറ്റിന്റെ മെക്കയായി മാറി.
1810 -ല്‍ ബേക്കര്‍ സ്ട്രീറ്റില്‍ സ്ഥാപിച്ച ഹിന്ദുസ്ഥാനി കോഫീ ഷോപ് ആണ് ലണ്ടനിലെ ആദ്യത്തെ ഇന്ത്യന്‍ ഭക്ഷണശാല.. പിന്നീട് 1828 -ല്‍ ലോകത്തിലെ പഴക്കമേറിയ മൃഗശാല, അടുത്ത വര്‍ഷം ലണ്ടനിലെ ആദ്യത്തെ ബസ് റൂട്ട്, 1835 -ല്‍ മെഴുകു മ്യൂസിയമായ മാഡം ടുസോഡ്, 1863 -ല്‍ ലോകത്തെ ആദ്യത്തെ ഭൂഗര്‍ഭ സ്റ്റേഷന്‍ ആയ ബേക്കര്‍ സ്ട്രീറ്റ് സ്റ്റേഷന്‍ എന്നിങ്ങനെ ഈ തെരുവിന്റെ ചരിത്രം പറഞ്ഞാല്‍ തീരില്ല. അങ്ങനെയിരിക്കെയാണ് ആര്‍തര്‍ കോനന്‍ ഡോയല്‍ തന്റെ A study in scarlet` എന്ന നോവലില്‍ ബേക്കര്‍ സ്ട്രീറ്റില്‍ താമസിക്കുന്ന ഷെര്‍ലക് ഹോംസ് എന്ന അതിപ്രശസ്തനായ സ്വകാര്യ കുറ്റാന്വേഷകന്റെ കഥ പറയുന്നത്. അതില്‍ പിന്നിങ്ങോട്ട് '221B' ബേക്കര്‍ സ്ട്രീറ്റ് എന്നത് ഇവിടുത്തെ ഏറ്റവും പ്രസിദ്ധമായ മേല്‍വിലാസമായി മാറി.
1887 ല്‍ ആര്‍തര്‍ കോനന്‍ ഡോയല്‍ ഷെര്‍ലക് ഹോംസിന്റെ വീടിന് 221B എന്ന് നമ്പറിടുമ്പോള്‍ ഇവിടുത്തെ വീട്ടു നമ്പര്‍ അത്രത്തോളം ഉണ്ടായിരുന്നില്ല. പിന്നീട് 1932 ല്‍ ബേക്കര്‍ സ്ട്രീറ്റ് നമ്പറുകള്‍ പുനഃക്രമീകരിച്ചപ്പോള്‍ 219 മുതല്‍ 227 വരെയുള്ള ബേക്കര്‍ സ്ട്രീറ്റ് നമ്പറുകള്‍ അബ്ബെ നാഷണല്‍ ബില്‍ഡിങ് സൊസൈറ്റിയുടേതായി.. അതോടെ അക്കാലത്തു ഷെര്‍ലക് ഹോംസിന്റെ പേരില്‍ വന്നുകൊണ്ടിരുന്ന എഴുത്തുകള്‍ കൈകാര്യം ചെയ്യാനായി മാത്രം ഒരു സെക്രട്ടറിയെ അവര്‍ക്ക് പ്രത്യേകം നിയമിക്കേണ്ടി വന്നു. പിന്നീട് നീണ്ട 15 വര്‍ഷത്തെ നിയമയുദ്ധത്തിനൊടുവില്‍ ഈ അഡ്രസ്സിന്റെ ഉടമസ്ഥാവകാശം ഷെര്‍ലക് ഹോംസ് മ്യൂസിയം നേടിയെടുക്കുകയും ഇതേ ബ്ലോക്കിലെ ഷെര്‍ലക് ഹോംസ് മ്യൂസിയത്തിന് പുറത്ത് '221ബി ബേക്കര്‍ സ്ട്രീറ്റ്' എന്ന നീല ഫലകം സ്ഥാപിക്കുകയും ചെയ്തു. അബ്ബെ ഹൌസ് 2005 -ല്‍ ഇവിടുത്തെ പ്രവര്‍ത്തനം അവസാനിപ്പിച്ചതില്‍ പിന്നെ ഈ അഡ്രസ്സിന് ആരും അവകാശവാദം ഉന്നയിച്ചിട്ടില്ലാത്തതിനാല്‍ 237 -നും 241 -നും ഇടയിലുള്ള ഹോംസ് മ്യൂസിയമാണ് ഇപ്പോഴത്തെ 221 B.
ആര്‍തര്‍ കോനന്‍ ഡോയലിന്റെ രചനകള്‍ പ്രകാരം ഡോക്ടര്‍ വാട്‌സന്റെതാണ് 221 B എന്ന അപാര്‍ട്‌മെന്റ്. തന്റെ സഹമുറിയനായ ഷെര്‍ലക് ഹോംസിനെപ്പറ്റി അദ്ദേഹം വിവരിക്കുന്നതായാണ് ഹോംസ് കഥകളുടെ കഥാഖ്യാനരീതി.. അതോടെ ഡോയല്‍ കഥയിലെ ഡോക്ടര്‍ വാട്‌സണ്‍ ആയി മാറുന്നു. ഫോറന്‍സിക് സയന്‍സിലും കുറ്റാന്വേഷണത്തിലും യുക്തിപരമായ അപഗ്രഥനത്തിലും അസാമാന്യ കഴിവുള്ള ഹോംസ് പ്രസിദ്ധമായ 'സ്‌കോട്‌ലാന്റ് യാര്‍ഡി'ന്റെയടക്കം കേസുകള്‍ അന്വേഷിക്കുന്ന സ്വകാര്യ ഡിക്റ്റക്റ്റീവ് ആണ്. സൃഷ്ടിക്കപ്പെട്ടതിലിന്നോളം സ്റ്റേജിലും സിനിമയിലും ഷോകളിലുമായി ഇരുപത്തി അയ്യായിരത്തിലധികം തവണ പുനഃസൃഷ്ടിക്കപ്പെട്ട ഹോംസിനാണ് ഇത്തരത്തിലെ ഗിന്നസ് റെക്കോര്‍ഡ്. ഇന്നും ലോകമെമ്പാടുമുള്ള ആരാധകര്‍ക്ക് ഷെര്‍ലക് ഹോംസ് ഒരു യഥാര്‍ത്ഥ മനുഷ്യനായിരുന്നു എന്ന് വിശ്വസിക്കാനാണിഷ്ടം.
പ്ലാറ്റ്‌ഫോം 9 3/4
കിങ്സ് ക്രോസ് സെയിന്റ് പാന്‍ക്രാസ് സ്റ്റേഷനിലേക്ക് ട്രെയിന്‍ കയറുമ്പോള്‍ ഒറ്റ ലക്ഷ്യമേ മുന്നിലുള്ളൂ. കേട്ടാല്‍ വിചിത്രമെന്നു തോന്നുന്ന ആ പ്ലാറ്റ്ഫോം ഒന്ന് കാണണം. പ്ലാറ്റ്‌ഫോം നമ്പര്‍ 9 3/4. 'യൂറോസ്റ്റാര്‍' എന്ന യൂറോപ്പിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കുള്ള കവാടമെന്ന നിലയില്‍ അതി ബൃഹത്തായ റെയില്‍വേ സ്റ്റേഷന്‍ ആണ് കിങ്സ് ക്രോസ് സെയിന്റ് പാന്‍ക്രാസ്. ട്യൂബ് സ്റ്റേഷന് പുറത്തു കടന്ന് ഇടതു വശത്തെ റോഡ് മുറിച്ചു കടന്ന് വേണം കിങ്സ് ക്രോസ് റയില്‍വേ സ്റ്റേഷനിലേക്ക് പ്രവേശിക്കാന്‍.
അതിവിശാലവും മനോഹരവുമായ സ്റ്റേഷന്‍ ആണിത്. യൂറോപ്യന്‍ യാത്രക്കാരുടെ തിരക്ക് ആവശ്യത്തിലേറെയുണ്ട്. ഓരോ പ്ലാറ്റഫോം പിന്നിടുമ്പോഴും ആവേശം കൂടിക്കൊണ്ടിരിക്കുന്നു. ഒടുവില്‍ പ്ലാറ്റ്‌ഫോം ഒമ്പതിനും പത്തിനും ഇടയിലെ തേന്‍ നിറമുള്ള ഇഷ്ടികച്ചുവരില്‍ ഒരു കറുത്ത ബോര്‍ഡ്. പ്ലാറ്റ്‌ഫോം 9 3/4. ഇവിടെനിന്നാണ് ഇന്ദ്രജാലങ്ങളും മന്ത്രവാദങ്ങളും പഠിപ്പിക്കുന്ന ഹോഗ്വാര്‍ഡ് എന്ന മാന്ത്രിക വിദ്യാലയത്തിലേക്ക് ഹാരി പോട്ടറും കൂട്ടരും ഹോഗ്വാര്‍ഡ് എക്‌സ്പ്രസ്സില്‍ യാത്രയാരംഭിക്കുന്നത്. അകത്തേക്ക് ഇടിച്ചു കയറിയ നിലയില്‍ ഹാരിയുടെ ട്രോളി ഇപ്പോഴും ചുവരോട് ചേര്‍ന്ന് കാണാം.. അകത്തിപ്പോള്‍ ഹോഗ്വാര്‍ഡ് എക്‌സ്പ്രസ്സ് ചൂളം വിളിക്കുന്നുണ്ടാവുമോ?
ഗ്രിഫിന്‍ഡറിന്റെ സ്‌കാര്‍ഫും ധരിച്ച് ഇവിടെ നിന്നും 9 3/4 പ്ലാറ്റ്‌ഫോമിലേക്ക് കയറുന്ന ഫോട്ടോയെടുക്കാം. തികച്ചും സൗജന്യമായിത്തന്നെ. പക്ഷെ അതിനായി ചിലപ്പോള്‍ മണിക്കൂറുകളോളം വരി നില്‍ക്കേണ്ടി വന്നേക്കാം. ഫോട്ടോ എടുക്കാനുള്ള വരി പ്ലാറ്റ്‌ഫോമും കടന്നു പുറത്തേക്കങ്ങനെ നീണ്ടു നീണ്ടു പോകുകയാണ്. പ്ലാറ്റ്‌ഫോമിലേക്ക് കയറുന്ന സ്വന്തം ഫോട്ടോയെന്ന ഉദ്യമം തല്‍ക്കാലം ഉപേക്ഷിച്ചു വരിയില്‍ മുന്നില്‍ നിന്ന ചിലരുടെ ഫോട്ടോ പകര്‍ത്തി. ഇനി തൊട്ടടുത്ത ഹാരി പോട്ടര്‍ ഷോപ്പിലേക്ക്. പോട്ടര്‍ ആരാധകരുടെ നിരന്തര അഭ്യര്‍ത്ഥന മാനിച്ചു തുറന്ന ലോകത്തിലെ ആദ്യത്തെ പോട്ടര്‍ ഷോപ്പാണിത്. ഹാരി പോട്ടറോട് ബന്ധമുള്ള എന്തും ഇവിടെ കാണാം. വിലയ്ക്ക് വാങ്ങാം.
ഹാരിയുടെയും കൂട്ടുകാരി ഹെര്‍മയോണിയുടെയും മാന്ത്രിക വടികള്‍, ഗ്രിഫിന്‍ഡര്‍ മുദ്രയുള്ള പേന, കീ ചെയിന്‍, സ്‌കാര്‍ഫ്, മഗ് തുടങ്ങിയവ, ഗോള്‍ഡന്‍ സ്നിച്ചിന്റെ കീ ചെയിന്‍, ഹോഗ്വാര്‍ഡ് കോട്ടയുടെ ത്രിമാന കണ്ണാടി രൂപം, ഹോഗ്വാര്‍ഡ് എക്‌സ്പ്രസ്സ്‌ന്റെ വിവിധ മോഡലുകള്‍, ഹാരിയുടെ ടീഷര്‍ട്ടുകള്‍ തുടങ്ങി എല്ലാമെല്ലാം ഇവിടെ കിട്ടും.. കൂട്ടത്തില്‍ ഏറ്റവും വിറ്റു പോകുന്നത് ഹാരിപോട്ടറിന്റെ മുഴുവന്‍ സീരീസുമുള്ള ബോക്‌സ് സെറ്റ് തന്നെ.
1997 ല്‍ പുറത്തിറങ്ങിയതിലിന്നോളം സര്‍വകാല പുസ്തക വില്‍പനാ റെക്കോര്‍ഡുകളും ഭേദിച്ച് കൊണ്ടാണ് ഹാരിപോട്ടര്‍ സീരീസിന്റെ പടയോട്ടം. ഇന്നുവരെ എണ്‍പതിലധികം ഭാഷകളിലായി അമ്പതു കോടിയിലധികം ഹാരി പോട്ടര്‍ പുസ്തകങ്ങള്‍ വിറ്റഴിഞ്ഞിട്ടുണ്ടെന്നാണ് കണക്ക്. ജെ കെ റൗളിംഗ് എന്ന യുവ എഴുത്തുകാരി എഴുതിയ ഈ മാന്ത്രിക നോവല്‍ സീരീസിലെ പ്രധാന കഥാപാത്രങ്ങള്‍ ഹാരി പോട്ടര്‍ എന്ന കുട്ടി മാന്ത്രികനും 'ഹോഗ്വാര്‍ഡ് സ്‌കൂള്‍ ഓഫ് വിച്ച്ക്രാഫ്റ്റ് ആന്‍ഡ് വിസാര്‍ഡറി' യിലെ ഹാരിയുടെ സഹപാഠിയായ ഹെര്‍മയോണി ഗ്രാന്‍ജറും റോണ്‍ വീസ്ലിയുമാണ്. വോള്‍ഡ്‌മോര്‍ട് എന്ന ദുര്‍മന്ത്രവാദിയുമായുള്ള ഹാരിയുടെ ഏറ്റുമുട്ടലുകള്‍ ആണ് ഹാരിപോട്ടര്‍ കഥകളുടെ കഥാതന്തു.. ഈ സഹസ്രാബ്ദത്തില്‍ പുറത്തിറങ്ങിയ അവസാന നാല് ലക്കങ്ങളും നിലവിലെ റെക്കോര്‍ഡുകള്‍ തകര്‍ത്തപ്പോള്‍ അവസാന സീരീസ് ആയ 'ഡെത്ലി ഹാലോസ്'ന്റെ ഒരു കോടി പത്തുലക്ഷം കോപ്പികളാണ് ഒറ്റദിവസം കൊണ്ട് യു എസില്‍ മാത്രം വിറ്റഴിഞ്ഞത്..
മാന്ത്രികരല്ലാത്ത സാധാരണ ജനങ്ങളായ 'മഗിള്‍സിന് മാന്ത്രികരുടെ ലോകം മനസിലാകണമെന്നില്ല. അതിനാല്‍ ഈ ഷോപ്പിനകത്ത് കയറുമ്പോള്‍ നിങ്ങള്‍ സ്വയം 11 വയസ് മാത്രമുള്ളൊരു മകന്ത്രികനാകണം. അപ്പോള്‍ നിങ്ങള്‍ക്ക് മന്ത്രികവടിയില്‍ അത്ഭുതം കൂറാനാകും. ഹോഗ്വാര്‍ഡിലെ മന്ത്രികക്കോട്ടയിലെ വളയങ്ങള്‍ കാണാനാകും. അതിവേഗത്തില്‍ മൂളിപ്പറക്കുന്ന ഗോള്‍ഡന്‍ സ്‌നിച്ചിനെ കാണാം. ഹോഗ്‌സ്മീഡിലേക്കുള്ള ഹോഗ്വാര്‍ഡ് എക്‌സ്പ്രസ് ട്രെയിന്‍ യാത്രയില്‍ സ്‌കോട്‌ലാന്റ് താഴ്വരയിലെ ഗ്ലെന്‍ഫിനന്‍ വയഡക്ട് (കമാനാകൃതിയിലുള്ള തീവണ്ടിപ്പാലം) കാണാനാകും. പക്ഷെ എല്ലാം ചുറ്റിനടന്നുകണ്ടു തിരിച്ചിറങ്ങുമ്പോള്‍ നിങ്ങള്‍ മഗിള്‍സ് ലോകത്തേക്ക് തിരികെ പ്രവേശിക്കുകയായി.
അപ്പോള്‍ 9 3/4 പ്ലാറ്റ്‌ഫോമിലുള്ള ഹോഗ്വാര്‍ഡ് എക്‌സ്പ്രസ് നമ്മുടെ കാഴ്ചയ്ക്ക് അപ്പുറമുള്ള ലോകത്തായിരിക്കും.. ഹോഗ്വാര്‍ഡ് കോട്ട ഒരു സ്വപ്നം പോലെ തോന്നിക്കും..