ചങ്ങലയില്‍ ബന്ധിതനായ കുഞ്ഞാലിയെക്കാണാന്‍ ജനം തടിച്ചുകൂടി. മരയ്ക്കാരെയും സഹസൈനികരെയും ബന്ധിച്ച് കപ്പലില്‍ ഗോവയിലേക്ക് കൊണ്ടുപോയി ട്രങ്കോ ജയിലിലടച്ചു. പിന്നീട് വിചാരണ ചെയ്ത് ആള്‍ക്കൂട്ടത്തിന് മുന്നില്‍ വെച്ച് തൂക്കിലേറ്റി. വധിക്കപ്പെട്ട കുഞ്ഞാലിമരയ്ക്കാരുടെ ശരീരം നാല് കഷണങ്ങളായി വെട്ടിമുറിച്ച് ശരീര ഭാഗങ്ങള്‍ പനാജി കടപ്പുറത്ത് പലഭാഗങ്ങളിലായി തൂണുകളില്‍ നാട്ടി നിര്‍ത്തി. തല വെട്ടിയെടുത്ത് ഉപ്പിലിട്ട് കണ്ണൂര്‍ക്ക് കൊണ്ട് വന്ന് കടപ്പുറത്ത് ഒരു മുളങ്കമ്പില്‍ കുത്തി നിര്‍ത്തി പ്രദര്‍ശിപ്പിച്ചു.
ആദ്യം രോഗികള്‍, പിന്നാലെ മുറിവേറ്റവര്‍, നന്നാലുപേര്‍ ഒരു വരിയില്‍. പിന്നെ ആയുധമില്ലാത്ത പടയാളികള്‍. ഒടുക്കം കാര്യക്കാരനായ ചിനാലിയോടൊപ്പം മറ്റു പടത്തലവന്മാരോടും കൂടി ആര്‍ഭാടമായ വേഷത്തില്‍ തന്റെ ഉടവാള്‍ തലകീഴായി പിടിച്ചുകൊണ്ട് കുഞ്ഞാലിയും വന്നു. മരണഭീതി ഒട്ടും പുറത്ത് കാണിക്കാതെ കുഞ്ഞാലി ധീരനായി കാണപ്പെട്ടു. അദ്ദേഹത്തിന്റെ ഉടവാള്‍ എടുത്തുമാറ്റാന്‍ സാമൂതിരി കല്പിച്ചു.
undefined
കുഞ്ഞാലി മരക്കാര്‍ മ്യൂസിയവും സ്മാരകവും
ഉമ്മയുടെ തുണിത്തുകില് പിടിച്ച് കടത്തനാടന്‍ മണ്ണില്‍ നിന്ന് പുതുപ്പണത്തേക്ക് മൈലുകളോളം നടന്നു പോയ ബാല്യസ്മരണയില്‍ നിന്ന് വേണം ഈ ചരിത്രം തുടങ്ങുവാന്‍. കോട്ടക്കടവ് കടന്നു പുതുപ്പണം അങ്ങാടിത്താഴ സ്‌കൂളും കഴിഞ്ഞ് നടന്നാല്‍ മൂരാട് പുഴയുടെ കൈവഴി കരയിലെത്താം. അവിടെനിന്ന് നോക്കിയാല്‍ പുഴയുടെ മറുവശം ഇന്ത്യ കണ്ട ഏറ്റവും വലിയ സമുദ്രാധിപന്റെ കോട്ടഭൂമി വീരമരണ ചരിത്രവുമായി കണ്‍വെട്ടത്ത് കാണാം.
കുഞ്ഞാലിമരക്കാര്‍ മൂന്നാമന്‍ സാമൂതിരിയുടെ സമ്മതത്തോടെയും സഹായത്തോടെയും പണിത പുതുപട്ടണം കോട്ടയുടെ അധീനപ്രദേശത്തിന് മൂന്നരകിലോമീറ്റര്‍ ചുറ്റളവുണ്ടായിരുന്നു. ഈ ഭൂപ്രദേശത്ത് ജനിച്ചു വളര്‍ന്ന ഞാന്‍ കോട്ടക്കടവ് കടക്കുമ്പോള്‍ അവിടെയൊരു കോട്ടയോ കടവോ ഒരിക്കലും കണ്ടിട്ടുണ്ടായിരുന്നില്ല. AD 1571 ല്‍ പണി തുടങ്ങി 1575 ല്‍ പൂര്‍ത്തിയായ പുതുപ്പണം കോട്ടയുടെ നിര്‍മ്മാണത്തില്‍ മുഗള്‍ചക്രവര്‍ത്തിമാരുടെ കരകൗശല വിദഗ്ദര്‍ക്ക് പുറമേ തുര്‍ക്കിയില്‍ നിന്നും ഈജിപ്തില്‍ നിന്നും അതിവിദഗ്ദരായ കോട്ട നിര്‍മ്മാണ ജോലിക്കാര്‍ പങ്കെടുത്തിരുന്നവെന്നാണ് ചരിത്രം.
എഴരയടി വീതിയുള്ള ഇരട്ടച്ചുമരുള്ള കോട്ടക്ക് കരയുടെ ഭാഗത്ത് കിടങ്ങും, തുല്ല്യ അകലത്തിലായി പീരങ്കികള്‍ സ്ഥാപിച്ച കൊത്തളങ്ങളും ഉണ്ടായിരുന്നു. കോട്ടയ്ക്കടുത്തായി അറുപത്തിരണ്ട് ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന ഇരിങ്ങല്‍ പാറയുടെ ഉയരങ്ങളില്‍ നിന്ന് നോക്കിയാല്‍ കടലിലെ ഏതൊരു നൗകയുടെ അനക്കവും കാണാം. ഇരിങ്ങല്‍പാറ മരയ്ക്കാര്‍ സൈന്യത്തിന്റെ വാച്ച്ടവര്‍ ആയിരുന്നു. പോയകാല തലമുറയുടെ മനസ്സില്‍ അതിന്റെ ഉയരം ഇന്നും മിടിപ്പോടെ കിടപ്പുണ്ട്.
കോട്ടക്കലില്‍ നിന്നും അതിവിദൂരമല്ലാതെ കടലില്‍ രണ്ടേക്കറോളം വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന വെള്ളിയങ്കല്ല്. പാറക്കൂട്ടങ്ങളുടെ മറവില്‍ ചെറുതോണികള്‍ ഒളിപ്പിക്കാനും പോര്‍ച്ചുഗീസുകാരുടെ പായക്കപ്പലുകളുടെ പ്രയാണം തിരിച്ചറിയാനും, ആകസ്മികമായ ആക്രമണങ്ങള്‍ക്ക് ഒരുക്കം കൂട്ടാനും കുഞ്ഞാലിമരയ്ക്കാര്‍ വെള്ളിയാങ്കല്ല് ഉപയോഗപ്പെടുത്തിയിരുന്നു. ഭൂമിശാസ്ത്രപരമായി സവിശേഷതകളുള്ള ഈ ഒരു പ്രദേശം മരയ്ക്കാര്‍ കോട്ട കെട്ടാന്‍ തെരഞ്ഞെടുത്തതില്‍ അതിശയിക്കാനില്ല. മൂരാട് പുഴ അറബിക്കടലില്‍ ചെന്ന് ചേരുന്ന അഴിമുഖം കോട്ടയുടെ ഭൂപ്രകൃതിയില്‍ ഉള്‍ചേര്‍ന്നത് പടക്കപ്പലുകളുടെ പോക്ക് വരവിന് സഹായകവുമായി.
നാല് തലമുറകളിലായി സാമൂതിരി രാജവംശത്തിന് സുരക്ഷനല്‍കി വൈദേശിക ആക്രമണത്തില്‍ നിന്നും ദേശത്തെ പരിരക്ഷിച്ചു പോന്നിരുന്ന കുഞ്ഞാലിമരക്കാരുടെ അന്ത്യം കുറിച്ചത് സാമൂതിരിയും കുഞ്ഞാലിമരക്കാരും തമ്മിലുള്ള ആത്മബന്ധവും മതപരമായ പരസ്പരബഹുമാനവും തകര്‍ക്കാന്‍ പോര്‍ച്ചുഗീസുകാര്‍ നടത്തിയ ശ്രമം വിജയിച്ചതു കൊണ്ടായിരുന്നുവെന്ന് ഒരു വിഭാഗം ചരിത്രകാരന്മാര്‍ പറയുന്നു. ഏറ്റവും ആധുനികവല്‍ക്കരിക്കപ്പെട്ട പീരങ്കിപ്പടയുമായി സാമൂതിരി രാജാവിനേക്കാള്‍ ഉയരത്തില്‍ മരയ്കാര്‍ വളരുന്നത് അപകടകരമാണെന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായതാണ് കാരണമെന്നാണ് മറ്റൊരു വിഭാഗം ചരിത്രകാരന്‍മാരുടെ അഭിപ്രായം. ഇന്ത്യന്‍ നേവിയുടെ സതേണ്‍ കമാണ്ടിംഗ് ചീഫും മുന്‍ വൈസ് അഡ്മിറലുമായ എസ് കെ ചന്ദ് ഇതൊരു അന്വേഷണവിഷയമാണ് എന്നാണ് അഭിപ്രായപ്പെട്ടത്.
കുഞ്ഞാലിമരയ്ക്കാര്‍ നാലാമനെതിരെ സാമൂതിരി രാജാവും പോര്‍ച്ചുഗീസുകാരും 1598-ല്‍ ഒന്നിച്ച് പടനയിച്ചപ്പോള്‍ അവര്‍ക്ക് തോറ്റ് പിന്‍വാങ്ങേണ്ടിവന്നു. AD 1600-ല്‍ അവരുടെ രണ്ടാം വരവില്‍ ഉപരോധങ്ങള്‍ക്കടിപ്പെട്ട കുഞ്ഞാലിമരയ്ക്കാര്‍ സാമൂതിരിക്ക് കീഴടങ്ങാന്‍ സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന്, ഒരു കല്ലിന്മേല്‍ മറ്റൊരു കല്ല് കാണാത്തവിധം സാമൂതിരി കോട്ട തകര്‍ത്തു. സാമൂതിരിയുടെയും പോര്‍ച്ചുഗീസുകാരുടെയും പടയാളികള്‍ ഇവിടത്തെ ആയുധങ്ങള്‍ കൊള്ളയടിക്കുകയും മരയ്ക്കാര്‍ നാലാമനെ തടവിലാക്കുകയും ചെയ്തു.
കുഞ്ഞാലി മരയ്ക്കാരുടെ ആദരസൂചകമായി തപാല്‍ വകുപ്പ് പുറത്തിറക്കിയ സ്റ്റാമ്പ്
കുഞ്ഞാലിമാരെക്കുറിച്ച് ഇന്ത്യന്‍ നാവിക സേന
ഇന്ന്, പുതുപ്പണം കോട്ട നിലനിന്നിരുന്ന പ്രദേശത്ത് മരയ്ക്കാര്‍ കുടുംബത്തിന്റെ പിന്‍ഗാമികള്‍ ജീവിച്ചുപോന്ന പഴയ വീട് പുതുക്കിപ്പണിത് മരയ്ക്കാര്‍ മ്യുസിയമായി ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്മെന്റ് നിലനിറുത്തിപ്പോരുന്നു. AD 1524 മുതല്‍ 1600 വരെ നീണ്ടുകിടക്കുന്ന കുഞ്ഞാലി മരക്കാര്‍ വംശത്തിന്റെ സ്തുത്യര്‍ഹമായ സേവനത്തിന് ഇന്ത്യന്‍ നേവി നല്‍കുന്ന ബഹുമതിയാണ് മരക്കാര്‍ കോട്ടയുടെ ഭൂവിടത്തിലേക്ക് കയറിചെല്ലുമ്പോള്‍ നമ്മളെ സ്വാഗതം ചെയ്യുന്നത്.
നേവിയുടെ സ്മാരക സ്തൂപത്തില്‍ ആലേഖനം ചെയ്ത വരികള്‍ ഇങ്ങനെ വായിച്ചു പോവാം:
''മലബാര്‍ തീരചരിത്രത്തില്‍ കുഞ്ഞാലിമരക്കാര്‍മാര്‍ക്ക് സവിശേഷ സ്ഥാനമുണ്ട്. വൈദേശികാധിപത്യത്തിനെതിരായ പോരാട്ടത്തിന്റെ പ്രതീകമായ കുഞ്ഞാലി മരക്കാര്‍മാര്‍ നമ്മുടെ നാവിക ചരിത്രത്തില്‍ നിര്‍ണായകമായ പങ്കുവഹിക്കുകയും ചെയ്തു. 16-ാം നൂറ്റാണ്ടിലെ നാവികചരിത്രത്തില്‍ മാത്രമല്ല, നമ്മുടെ സമ്പന്നമായ നാവിക പാരമ്പര്യത്തിലും തിളങ്ങുന്ന അധ്യായം എഴുതിച്ചേര്‍ത്ത കുഞ്ഞാലിമരക്കാര്‍മാരുടെ ധീരതയ്ക്കുള്ള ഇന്ത്യന്‍ നാവിക സേനയുടെ ആദരവാണ് ഈ സ്തൂപം.''
തടവിലാക്കപ്പെട്ട്, തലമുറിച്ചുമാറ്റി, ഉപ്പിലിട്ട് ഉണക്കി കണ്ണൂരില്‍ മുളങ്കമ്പില്‍ പ്രദര്‍ശിപ്പിച്ചതോട് കൂടി കുഞ്ഞാലിമരക്കാരുടെ ചരിത്രം അവസാനിക്കുന്നില്ല എന്ന് ഇന്ത്യന്‍ നാവികസേന പുതുതലമുറയെ ഓര്‍മ്മപ്പെടുത്തുന്നതാണ് മുകളില്‍ പറഞ്ഞ ആ വരികള്‍.
നാവികസേന മുന്‍ വൈസ് അഡ്മിറല്‍ എസ് കെ ചന്ദ് പറയുന്നു. ''നാലാം നൂറ്റാണ്ടില്‍ നിന്ന് തുടങ്ങുന്ന ഇന്ത്യയുടെ മാരിടൈം ശക്തി പതിനാറാം നൂറ്റാണ്ടില്‍ കുഞ്ഞാലി മരയ്ക്കാര്‍മാരുടെ കാലത്ത് അതിന്റെ പ്രഹരശേഷിയുടെ ഉയരങ്ങളില്‍ എത്തിച്ചേര്‍ന്നു''.
പോര്‍ച്ചുഗീസുകാരുടെ അതിവേഗപായക്കപ്പലുകളില്‍ സാമൂതിരിയുടെ നായര്‍പടയാളികള്‍ അന്നേവരെ കണ്ടിട്ടില്ലാത്ത പടക്കോപ്പുകളും പീരങ്കിപട്ടാളവും ഉണ്ടായിരുന്നു. അവരുടെ ഈ ആയുധശേഷിയെ അതിജയിക്കാന്‍ അതിനേക്കാള്‍ മികച്ച ഒരു സൈനികശേഷി ഉണ്ടാവാതെ തരമില്ല എന്ന് സാമൂതിരി തിരിച്ചറിഞ്ഞെങ്കിലും അതിനുള്ള ഒരു സാഹചര്യം ഉണ്ടായിരുന്നില്ല. പീരങ്കിയുടെ ഉപയോഗം തന്റെ സൈന്യത്തിന് പരിചിതമാക്കാന്‍ സാമൂതിരി രണ്ട് ഇറ്റലിക്കാരെ ഏര്‍പ്പെടുത്തുകയും ചെറിയ കപ്പലുകളില്‍ അത് വിന്യസിക്കുകയും ചെയ്തിരുന്നു.
1506 -ല്‍ അല്‍ഫോന്‍സോ ആല്‍ബുക്കര്‍ക്ക് ഇന്ത്യയില്‍ വന്നതിനുശേഷം പോര്‍ച്ചുഗീസുകാരുടെ കടല്‍ മേധാവിത്വം അതിശക്തമാവുകയും സാമൂതിരിയുടെ ജലനൗകപ്പട അവരുമായുള്ള യുദ്ധത്തില്‍ മുന്നേറാനാവാതെ പരാജയങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് കുഞ്ഞാലിമരയ്ക്കാര്‍ സാമൂതിരിയുടെ അനുഗ്രഹങ്ങളുമായി കടലിലേക്ക് ഇറങ്ങുന്നത്. കാലിക്കറ്റ് സര്‍വകലാശാല മുന്‍ വി സിയും പ്രമുഖ ചരിത്രകാരനുമായ കെ. കെ. എന്‍ കുറിപ്പിന്റെ 'ഇന്ത്യന്‍ നാവിക ചരിത്രം' എന്ന കൃതി അത് വളരെ കൃത്യമായി പറയുന്നുണ്ട്.
സാമൂതിരിയുടെ കരസൈന്യത്തിന്റെ ശക്തി കൊണ്ട് കടലിലൂടെയുള്ള വൈദേശിക ആക്രമണത്തെ പരാജയപ്പെടുത്താന്‍ കഴിയില്ല എന്ന് മനസ്സിലാക്കിയ, കടലിന്റെ ഭാഷ നന്നായി അറിയുന്ന മരയ്ക്കാര്‍ ഒരു നാവികപ്പടക്ക് രൂപം കൊടുക്കുകയായിരുന്നു. ഏറ്റവും ആധുനികമായ ആയുധങ്ങളുമായി കടന്നു വന്ന പോര്‍ട്ടുഗീസുകാരെ മുക്കാല്‍ നൂറ്റാണ്ടോളം കാലം ചെറുത്തുനില്‍പ്പിലൂടെ അകറ്റിനിര്‍ത്തുകയും കണ്ണൂര്‍, വടകര, കോഴിക്കോട് പൊന്നാനി മുതല്‍ ഗുജറാത്തിലെ കച്ച് പ്രദേശം തുടങ്ങി കൊളംബോവരെ ചെന്നെത്തി അവരോട് ഏറ്റുമുട്ടുകയും പല യുദ്ധങ്ങളിലും പരാജയപ്പെടുത്തുകയും ചെയ്ത കുഞ്ഞാലിമരയ്ക്കാര്‍മാരുടെ ചരിത്രം അവിടെനിന്നാരംഭിക്കുന്നു.
മൂരാട് പുഴ
കുഞ്ഞാലിമാരുടെ യുദ്ധതന്ത്രങ്ങള്‍
പോര്‍ച്ചുഗീസുകാരുടെ പീരങ്കിപ്പട നിറഞ്ഞ പായക്കപ്പലുകളുടെ ആക്രമണത്തെ അതിജയിക്കാന്‍ മരക്കാര്‍ തെരഞ്ഞെടുത്തതായിരുന്നു കടലിലെ ഒളിപ്പോര്‍ യുദ്ധം. പോര്‍ച്ചുഗീസുകാരുടെ വലിയ പായക്കപ്പലുകള്‍ക്ക് ദിശമാറി ശത്രുവിനെതിരെ പീരങ്കി ഉതിര്‍ക്കുവാന്‍ high wind velocity -യും കപ്പലുകള്‍ക്ക് കറങ്ങിത്തിരിയാന്‍ കൂടുതല്‍ സീ ഏരിയയും ആവശ്യമാണ് എന്ന് മനസ്സിലാക്കിയ കുട്ടി അലി മരയ്ക്കാര്‍ ഇന്ത്യന്‍ നേവല്‍ ചരിത്രത്തില്‍ War Parades എന്നപേരില്‍ അറിയപ്പെടുന്ന ചെറുജലനൗകകളുടെ ഉപയോഗം പ്രയോഗത്തില്‍ കൊണ്ടുവന്നു. ഇടുങ്ങിയ ജലപാതകളില്‍ പോലും കടന്നു ചെല്ലാനും തുഴത്തോണികളായി ഉപയോഗിക്കാനും സാധിക്കുമാറാവുന്ന ഈ നൗകകള്‍ പോര്‍ച്ചുഗീസുകാരുടെ വലിയ പീരങ്കിക്കുഴലുകള്‍ക്ക് ഒരു large target ആയി നേരിടാന്‍ പറ്റാവുന്നതുമായിരുന്നില്ല. പെട്ടെന്നുള്ള ആക്രമണത്തില്‍ പോര്‍ച്ചുഗീസുകാരുടെ ഒട്ടനവധി പായക്കപ്പലുകള്‍ അഗ്നിക്കിരയായിത്തീര്‍ന്നു. യുദ്ധശേഷിയില്ലാതെ അവര്‍ ഒട്ടേറെ പരാജയങ്ങള്‍ അവര്‍ ഏറ്റുവാങ്ങി.
സാമൂതിരിയും പോര്‍ച്ചുഗീസുകാരും തമ്മില്‍ ചാലിയം കോട്ടക്ക് വേണ്ടി നടന്ന അതിഭീകരമായ യുദ്ധത്തിലായിരുന്നു കുഞ്ഞാലി മരയ്ക്കാരുടെ യുദ്ധതന്ത്രങ്ങള്‍ ഏറ്റവും പ്രകടമായിരുന്നത്. ശതുവിന് ലഭ്യമാവേണ്ട ഭക്ഷണവും യുദ്ധസാമഗ്രികളും പ്രദാനം ചെയ്യുന്ന വിതരണ ശൃംഖല മുറിച്ചുകളയുക, സ്വന്തം രാജ്യത്തിന് ആവശ്യമുള്ള എല്ലാ സാമഗ്രികളും എത്തിച്ചു കൊടുക്കാനാവുന്ന സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തുകക എന്ന ദൗത്യം കുഞ്ഞാലിമരയ്ക്കാര്‍ വിജയകരമായി നടപ്പിലാക്കി.
പത്ത് നാല്‍പത് വര്‍ഷത്തെ പരിശ്രമത്തിനു ശേഷം സാമൂതിരിക്ക് ചാലിയം കോട്ട തിരിച്ചുപിടിക്കാന്‍ സാധിച്ചതില്‍ ഈ ഒരു തന്ത്രത്തിന് വളരെ പ്രാധാന്യമുണ്ടായിരുന്നു. പിടിച്ചെടുത്ത കോട്ട സാമൂതിരി ഇടിച്ചുനിരത്തിയത് മുതലായിരുന്നു ഇന്ത്യയില്‍ പോര്‍ച്ചുഗീസുകാരുടെ പതനം ആരംഭിക്കുന്നത്. പോര്‍ച്ചുഗീസുകാര്‍ക്ക് കണ്ണൂരില്‍ നിന്നും കൊച്ചിയില്‍ നിന്നും കടല്‍ വഴി വരുന്ന എല്ലാ സഹായങ്ങളും തടഞ്ഞുനിര്‍ത്തി ചാലിയത്ത് തമ്പടിച്ചിരുന്ന അവരുടെ സൈന്യത്തിനെ ഒറ്റപ്പെടുത്തി കടലിലൂടെയും കരയിലൂടെയും ആക്രമിച്ചു കീഴടക്കുക എന്നൊരു പദ്ധതിയായിരുന്നു മരക്കാര്‍ അനുവര്‍ത്തിച്ചത്. 1971-ല്‍ പാക്കിസ്താനെതിരായ ആക്രമണത്തില്‍ ഇന്ത്യന്‍ നാവിക സേന ഈ തന്ത്രം വിജയകരമായി ഉപയോഗിച്ചതായി പോര്‍ച്ചുഗീസുകാരുടെ മലബാര്‍ അധിനിവേശ വിഷയത്തില്‍ അവിടെപ്പോയി ഗവേഷണം നടത്തിയ സര്‍ദാര്‍ കെ എം പണിക്കര്‍ "മലബാറും പോര്‍ച്ചുഗീസും" എന്ന പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്.
ഇരിങ്ങലിലെ കുഞ്ഞാലി മരയ്ക്കാര്‍ പള്ളി
കുഞ്ഞാലിമാരുടെ അഭാവം ഉണ്ടാക്കിയ പ്രശ്നങ്ങള്‍
ഇന്ത്യന്‍ നാവികസേനയുടെ പാരമ്പര്യത്തില്‍ കുഞ്ഞാലിമരക്കാരുടെ കര്‍ത്തവ്യം എന്താണെന്ന് പരിശോധിക്കുന്ന സെമിനാറില്‍ ഇന്ത്യന്‍ നേവിയുടെ വൈസ് അഡ്മിറലായിരുന്നു എസ് കെ ചന്ദ് ഓര്‍മ്മിപ്പിച്ചൊരു കാര്യമുണ്ട്. കുഞ്ഞാലി നാലാമന്റെ വീരമരണത്തിന് ശേഷമുള്ള കാലങ്ങളില്‍ ഒരു സമുദ്രസൈനികശേഷിയില്‍ നമുക്ക് എടുത്തുകാണിക്കാന്‍ കാര്യമായൊന്നുമുണ്ടായിരുന്നില്ല എന്നതാണ് അത്.
സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ മാരിടൈം യുദ്ധശേഷിയുടെ കെല്‍പില്ലായ്മ മനസിലാക്കിയ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ പ്രസ്താവനയെ വൈസ് അഡ്മിറല്‍ ആ സെമിനാറില്‍ ഉദ്ധരിക്കുന്നത് ഇങ്ങനെയാണ്: ''ദുര്‍ബലമായ നാവിക സേനാശേഷിയെ ആശ്രയിച്ചുമുന്നോട്ടുപോവാന്‍ നമുക്ക് ഒരിക്കലുമാവില്ല. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആധിപത്യം പുലര്‍ത്തുന്ന ശക്തികളാണ് ആ മേഖലയിലെ സമുദ്രവാണിജ്യം, ഇന്ത്യയുടെ സ്വാതന്ത്രപരമാധികാരവും പോലും നിയന്ത്രിച്ചിരുന്നതെന്ന് മനസ്സിലാക്കണം. ''
ഒരു രാജ്യത്തിന്റെ സമുദ്രാതിര്‍ത്തിയില്‍ ചരക്കുകളുടെ സുഗമമായ നീക്കുപോക്കും ആ രാജ്യത്തിന്റെ സ്വാതന്ത്ര്യവും ശക്തമായ ഒരു നാവികപ്പടയെ ആശ്രയിച്ചിരുന്ന ചരിത്രമാണ് നെഹ്റു ഇവിടെ വെളിവാക്കുന്നത്.
മുക്കാല്‍ നൂറ്റാണ്ടോളം അധിനിവേശത്തിന്റെ കരുത്തിനെ തടയിട്ട കുഞ്ഞാലി മരയ്ക്കാര്‍മാര്‍ ഇന്ത്യന്‍ നാവികപാരമ്പര്യത്തിന് നല്‍കിയ സ്തുത്യര്‍ഹമായ കര്‍ത്തവ്യത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് ആ സെമിനറാില്‍ വൈസ് അഡ്മിറല്‍ എസ് കെ ചന്ദ് ഇങ്ങനെ കൂട്ടിച്ചേര്‍ത്തു. കുഞ്ഞാലിമാരെപ്പോലുള്ള വീരനായകരുടെ ജീവിതവും കാലവും വിശദമായ പഠനത്തിനും വിശകലനത്തിനും വിധേയമാക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടത് ഇക്കാലത്ത് അനിവാര്യമാണ്. നിരവധി എഴുത്തുകാര്‍ കുഞ്ഞാലിമാരുടെ സംഭാവനകളക്കുറിച്ച് പല തരത്തില്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ അവരെല്ലാം സമ്മതിക്കുന്ന ഒരു കാര്യമുണ്ട്-പോര്‍ച്ചുഗീസുകാരെ മലബാര്‍ തീരത്ത് അടുക്കാതാക്കിയ അതിശക്തരായ നാവിക പോരാളികളായിരുന്നു കുഞ്ഞാലി മരക്കാര്‍മാര്‍.
കൊച്ചീരാജാവില്‍ നിന്നും കണ്ണൂരില്‍ നിന്നും എല്ലാ സഹായങ്ങളും ഉണ്ടായിട്ടും AD 1524 മുതല്‍ 1600 വരെ മലബാര്‍ തീരം തങ്ങളുടെ അധീനതയിലാക്കി നിയന്ത്രിച്ചു നിര്‍ത്താനുള്ള പോര്‍ച്ചുഗീസുകാരുടെ ശ്രമത്തെ യഥാര്‍ത്ഥത്തില്‍ അസാധ്യമാക്കിയത് കുഞ്ഞാലിമരയ്ക്കാരുടെ പോരാട്ടങ്ങളുടെ ഫലമായിരുന്നു. അറബിക്കടലിലെ നാവികയുദ്ധത്തിന്റെ ഇതിഹാസ നായകരോടുള്ള ആദരസൂചകമാണ് ഇന്ത്യന്‍ നേവി കുഞ്ഞാലിമരയ്ക്കാര്‍ സ്മാരകത്തിന്റെ മുറ്റത്ത് സ്ഥാപിച്ചിട്ടുള്ള സ്തൂപം. ഇന്ത്യന്‍ നേവിയുടെ മുന്‍ അഡ്മിറല്‍ രാം ദാസ് (Chief of India's Naval Staff) കോട്ടക്കലിലുള്ള കുഞ്ഞാലിമരക്കാരുടെ വീട് സന്ദര്‍ശിക്കുകയും ആ അമൂല്ല്യ സമ്പത്തിന് പരിരക്ഷ നല്‍കുന്നതിനുള്ള ഏര്‍പ്പാട് ചെയ്യുകയും ചെയ്തത് ഇന്ത്യയുടെ നാവിക പാരമ്പര്യത്തില്‍ കുഞ്ഞാലിമരക്കാര്‍ക്കുള്ള പങ്ക് എടുത്ത് കാണിക്കുന്നതാണ്.
നാവിക സേനയുടെ പാഠപുസ്തകം
ചോളരാജാക്കന്മാരായ രാജരാജചോളന്റെയും രാജേന്ദ്രചോളന്റെയും കാലഘട്ടത്തില്‍ (AD 985 - 1044) അവരുടെ സാമ്രാജ്യവികസന നീക്കങ്ങള്‍ തെക്ക് കിഴക്കന്‍ ഏഷ്യയില്‍ ബര്‍മ്മ കടന്ന് ഇന്തോനേഷ്യയിലെ സുമാത്രവരെ എത്തിയത് അവരുടെ നാവികപ്പടയുടെ മുന്നേറ്റത്തിന്റെ ഫലമായിരുന്നു. അതിനു ശേഷം കാര്യമായൊരു സമുദ്രസേനാ പാരമ്പര്യം അവകാശപ്പെടാനില്ലാതിരുന്ന ഇന്ത്യയെ, കടല്‍വഴിവന്നു കീഴടക്കാന്‍ യുറോപ്യന്‍ രാജ്യങ്ങള്‍ക്ക് വളരെ എളുപ്പവുമായിരുന്നു. അത്തരം ഒരു സാഹചര്യത്തിലാണ് സ്വന്തമായി ഒരു നാവികസേന സംഘടിപ്പിച്ച് യുറോപ്യന്‍ ശക്തിയായ പോര്‍ച്ചുഗീസുകാരെ ഏകദേശം എഴുപത്തഞ്ച് വര്‍ഷത്തോളം കാലം ചെറുത്തുനിന്ന് തോല്‍പിച്ച കുഞ്ഞാലിമരയ്ക്കാരുടെ കഥ ഇന്ത്യന്‍ നേവിയുടെ പാഠശാലയിലേക്ക് കയറിവരുന്നത്. പടക്കപ്പലുകളില്‍ നിറക്കേണ്ട ആയുധങ്ങള്‍ പ്രാദേശികമായി ഉണ്ടാക്കുകയും മറ്റൊരു രാജ്യത്തേയോ നാട്ടു രാജാവിനെയോ ആശ്രയിക്കാതെ അതില്‍ സ്വയം പര്യാപ്തത നേടുകയും ചെയ്യേണ്ട ആവശ്യം മരയ്ക്കാര്‍മാര്‍ നിറവേറ്റി. റഡാറും വ്യോമനിരീക്ഷണവും ഇല്ലാതിരുന്ന കാലത്ത് ഇരിങ്ങല്‍പാറയും, വെള്ളിയങ്കല്ലും, വാച്ച് ടവറുകളാക്കിയും പുഴയുടെ കൈവഴികള്‍ നിരീക്ഷണ കേന്ദ്രങ്ങളാക്കിയും അവര്‍ എതിരാളികളെ അതിജയിച്ചു.
സമുദ്രത്തെ നിയന്ത്രിക്കുന്നതിനും ചില പ്രത്യേക മേഖലകളില്‍ കടന്നുവരാനും ആക്രമിക്കാനുമുള്ള ശത്രുക്കളുടെ ശ്രമങ്ങളെ പ്രതിരോധിച്ച നാവികതന്ത്രം വിജയകരമായി നടപ്പിലാക്കിയ കുഞ്ഞാലിമരയ്ക്കാര്‍ അതേ സമയം കടലില്‍ ഗറില്ലായുദ്ധം നടപ്പിലാക്കിയ അതിസാഹസികനുമായിരുന്നു. അടികൊടുത്തോടുക (Hit and run) എന്ന തന്ത്രം നാവിക യുദ്ധതന്ത്രങ്ങള്‍ക്കിടയില്‍ 'Gerre de course' അഥവാ war of the chase എന്നാണ് അറിയപ്പെടുന്നത്. വൈദേശിക ആധിപത്യത്തിനെതിരെ മരയ്ക്കാര്‍മാര്‍ നടത്തിയ ഇരുപത്താറോളം കടല്‍ യുദ്ധങ്ങളിലെ നാവികതന്ത്രങ്ങള്‍ ഇന്നും സമുദ്രസൈന്യം രൂപപ്പെടുത്തുന്നവരുടെ പാഠശാലയാണ്. ഇന്ത്യന്‍ നേവിക്ക് അത് നന്നായി അറിയാമെന്നതാണ് വൈസ് അഡ്മിറലിന്റെ വാക്കുകളില്‍ നിന്നും മനസ്സിലാവുന്നത്.
വെറും കച്ചവടം ലാക്കാക്കി മലബാര്‍ തീരത്ത് വന്നവരായിരുന്നില്ല പോര്‍ച്ചുഗീസുകാര്‍. കടല്‍ യാത്രികരെ ഒരു പ്രകോപനവുമില്ലാതെ ആക്രമിക്കുന്ന പോര്‍ച്ചുഗീസുകാരുടെ ക്രൂരമായ നടപടികള്‍ രേഖപ്പെടുത്തിയത് പോര്‍ച്ചുഗീസ് ചരിത്രകാരന്‍ Gasper Correa രേഖപ്പെടുത്തിയ Lendas da India എന്ന മൂവായിരത്തി അഞ്ഞൂറ് പേജുള്ള കൈയെഴുത്തുപ്രതികളിലാണ്. മക്കയില്‍ നിന്നും ഹജ്ജ് കഴിഞ്ഞുവരുന്ന നാനൂറോളം ഹജ് തീര്‍ത്ഥടാകര്‍ അടങ്ങിയ കപ്പല്‍ വസ്ഗോഡഗാമ കത്തിച്ചത് ഈ രേഖകളില്‍ കാണാം.
ദേശരക്ഷകന്റെ റോളില്‍ ചരിത്രത്തില്‍ ഉടനീളം നിറഞ്ഞു നില്‍ക്കുന്ന കുഞ്ഞാലിമരക്കാര്‍ ഇന്ത്യന്‍ നാവിക സേനയ്ക്ക് ആരായിരുന്നു എന്ന ചോദ്യത്തിന് കേരള പുരാവസ്തു വകുപ്പ് പുറത്തിറക്കിയ പുസ്തകത്തില്‍ വ്യക്തമായ മറുപടി തരുന്നുണ്ട്.
''കുഞ്ഞാലിമരയ്ക്കാര്‍മാരുടെ പതനം ഇന്ത്യയുടെ ചരിത്രത്തില്‍ത്തന്നെ നിര്‍ണ്ണായകമായ ഒരു വഴിത്തിരിവിന് ഇടയാക്കി. പാശ്ചാത്യ നാവികശക്തികളോട് ഏറ്റുമുട്ടാനുള്ള തദ്ദേശീയ കരുത്തിന്റെ അന്ത്യമായിരുന്നു അത്. ആ തകര്‍ച്ചയാണ് യുറോപ്യന്‍ ശക്തികള്‍ക്ക് ഇന്ത്യന്‍ തീരങ്ങളില്‍ യാതൊരു തടസ്സവുമില്ലാതെ വന്നിറങ്ങാനും ആധിപത്യം സ്ഥാപിക്കാനും അവസരമൊരുക്കിയത്.''
കുഞ്ഞാലിമരയ്ക്കാര്‍ നാലാമന്‍ ഉടമ്പടികള്‍ക്ക് വിധേയമായി കീഴടങ്ങിയത് സാമൂതിരിയുടെ മുന്‍പിലാണ്. കറകളഞ്ഞ ദേശസ്നേഹം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പോച്ചുഗീസുകാരെ അവിടെയും മരയ്ക്കാര്‍ പരാജയപ്പെടുത്തി.
കുഞ്ഞാലി മരയ്ക്കാര്‍ സിനിമയില്‍ മോഹന്‍ലാല്‍
അവസാന നിമിഷങ്ങളിലെ കുഞ്ഞാലി
കുഞ്ഞാലി മരയ്ക്കാരുടെ കീഴടങ്ങലിനെ കുറിച്ച് ഫാദര്‍ പിമന്റെ വിവരണം കേരള പുരാവസ്തു വകുപ്പ് പുറത്തിറക്കിയ കുഞ്ഞാലി മരക്കാര്‍ എന്ന പുസ്തകത്തില്‍ വായിക്കാം:
''ആദ്യം രോഗികള്‍, പിന്നാലെ മുറിവേറ്റവര്‍, നന്നാലുപേര്‍ ഒരു വരിയില്‍. പിന്നെ ആയുധമില്ലാത്ത പടയാളികള്‍. ഒടുക്കം കാര്യക്കാരനായ ചിനാലിയോടൊപ്പം മറ്റു പടത്തലവന്മാരോടും കൂടി ആര്‍ഭാടമായ വേഷത്തില്‍ തന്റെ ഉടവാള്‍ തലകീഴായി പിടിച്ചുകൊണ്ട് കുഞ്ഞാലിയും വന്നു. മരണഭീതി ഒട്ടും പുറത്ത് കാണിക്കാതെ കുഞ്ഞാലി ധീരനായി കാണപ്പെട്ടു. അദ്ദേഹത്തിന്റെ ഉടവാള്‍ എടുത്തുമാറ്റാന്‍ സാമൂതിരി കല്പിച്ചു. പിന്നീട് കുഞ്ഞാലിയെ പിടിച്ചുകെട്ടാനുള്ള ആജ്ഞ നല്‍കാന്‍ പടനായകനോട് ആഗ്യം കാണിച്ചു. അത് നടന്നപ്പോള്‍ നായര്‍ പട പ്രതിഷേധിച്ചു. തന്റെ കല്പനപ്രകാരമാണ് കുഞ്ഞാലിയെ കൈമാറുന്നതെന്ന് സാമൂതിരി വിശദീകരിച്ചു. പിന്നീട് പോര്‍ച്ചുഗീസ് പടനായകന്‍ രാജാവിനെ കോട്ടയ്ക്കകത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയും കൂറിനുള്ള പ്രതിഫലമായി തോക്കുകള്‍ ഒഴികെയുള്ള ഉപഹാരങ്ങള്‍ നല്‍കുകയും ചെയ്തു. തോക്കുകള്‍ അവര്‍ തുല്യമായി പങ്കിട്ടു. അഡ്മിറലിന്റെ ഔദാര്യം രാജാവിനെ സന്തുഷ്ടനാക്കി. മേല്‍ക്കോയ്മ ഉണ്ടായിട്ടുപോലും രാജാവിനെയോ അദ്ദേഹത്തിന്റെ നാടിനെയോ ഇങ്ങനെ, അടിമപ്പെടുത്താന്‍ പോര്‍ച്ചുഗീസുകാര്‍ ആഗ്രഹിച്ചില്ല. പിറ്റേ ശനിയാഴ്ച, മാര്‍ച്ച് പതിനെട്ടിന് ദൈവത്തോടുള്ള നന്ദിസൂചകമായി അഡ്മിറല്‍ കന്യാമറിയത്തിനുവേണ്ടി കുര്‍ബ്ബാന സംഘടിപ്പിച്ചു. അവസാനം സമാധാന-സഖ്യ ഉടമ്പടികള്‍ പുതുക്കുകയും തോക്കുകള്‍ തുല്ല്യമായി പങ്ക് വെക്കുകയും ചെയ്തശേഷം ഒരു നഗരത്തോളം വലിപ്പമുള്ള കോട്ട ഇടിച്ചു നിരത്തി. സൂര്യചന്ദ്രന്മാര്‍ ഉള്ള കാലത്തോളം അവിടെ മാപ്പിളമാരെ വാഴിക്കില്ലെന്ന് സാമൂതിരി ഒരു പൊന്‍തകിടില്‍ അഡ്മിറലിന് പട്ടയമെഴുതിക്കൊടുക്കുയും അഥവാ അവരെ കാണുകയാണെങ്കില്‍ കൊന്നൊടുക്കാനുള്ള അനുവാദം നല്‍കുകയും ചെയ്തു.
ചങ്ങലയില്‍ ബന്ധിതനായ കുഞ്ഞാലിയെക്കാണാന്‍ ജനം തടിച്ചുകൂടി. മരയ്ക്കാരെയും സഹസൈനികരെയും ബന്ധിച്ച് കപ്പലില്‍ ഗോവയിലേക്ക് കൊണ്ടുപോയി ട്രങ്കോ ജയിലിലടച്ചു. പിന്നീട് വിചാരണ ചെയ്ത് ആള്‍ക്കൂട്ടത്തിന് മുന്നില്‍ വെച്ച് തൂക്കിലേറ്റി. വധിക്കപ്പെട്ട കുഞ്ഞാലിമരയ്ക്കാരുടെ ശരീരം നാല് കഷണങ്ങളായി വെട്ടിമുറിച്ച് ശരീര ഭാഗങ്ങള്‍ പനാജി കടപ്പുറത്ത് പലഭാഗങ്ങളിലായി തൂണുകളില്‍ നാട്ടി നിര്‍ത്തി. തല വെട്ടിയെടുത്ത് ഉപ്പിലിട്ട് കണ്ണൂര്‍ക്ക് കൊണ്ട് വന്ന് കടപ്പുറത്ത് ഒരു മുളങ്കമ്പില്‍ കുത്തി നിര്‍ത്തി പ്രദര്‍ശിപ്പിച്ചു.
ഇന്ത്യയുടെ നാവിക പാരമ്പര്യം പതിനാറാം നൂറ്റാണ്ടില്‍ ഉപ്പിലിട്ട് അവസാനിപ്പിക്കുന്നത് കണ്ട അതേ നാട്, തോളോട് തോള്‍ ചേര്‍ന്ന് ഒരു രാജ്യമായി ബ്രിട്ടീഷുകാരന്റെ അധിനിവേശത്തിനെതിരെ ഒരു നൂറ്റാണ്ടിലേറെ പൊരുതേണ്ടി വന്നു.