നാഗസാക്കിക്കു പകരം അണുബോംബിടാന്‍ തീരുമാനിക്കപ്പെട്ടത്  ഈ നഗരമായിരുന്നു, എന്നിട്ടുമത് രക്ഷപ്പെട്ടു!

By Nasee Melethil  |  First Published Jan 27, 2020, 5:50 PM IST

ദേശാന്തരം. ക്യോതോയുടെ മനോഹരവീഥികളിലൂടെ ഒരു മലയാളി എഴുത്തുകാരി നടത്തിയ യാത്ര. നസീ മേലേതില്‍ എഴുതുന്നു
 


അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്


Latest Videos

undefined

 

എട്ടു വര്‍ഷങ്ങള്‍ക്കു മുമ്പേയുള്ള വസന്ത കാലത്തിനു ശേഷം ക്യോതോ കാണുന്നത് ഈ കഴിഞ്ഞ  വര്‍ഷമാണ്. തലസ്ഥാനമായ ടോക്യോയില്‍ നിന്നും 450 കിലോമീറ്റര്‍ പടിഞ്ഞാറോട്ടു മാറി പസഫിക് തീരത്താണ് ക്യോതോയുടെ സ്ഥാനം. ജപ്പാന്‍ സ്വന്തം ഹൃദയം സൂക്ഷിച്ചു വച്ചിരിക്കുന്നത് ക്യോതോയിലാണെന്നു വായിച്ചതെവിടെയായിരുന്നു?.
 
1896 വരെ ഒരായിരം കൊല്ലത്തോളം ജപ്പാന്റെ തലസ്ഥാനമായിരുന്നു പടിഞ്ഞാറന്‍ ജപ്പാനിലെ ഈ പുരാതന നഗരം. പ്രശാന്തി കളിയാടുന്ന ദേവാലയങ്ങളും, നിശ്ശബ്ദമായ ഇടവഴികളും, പരമ്പരാഗത ശൈലിയിലുള്ള വീടുകളും, നടക്കുമ്പോള്‍ രാപ്പാടി സംഗീതം മൂളുന്ന തറയുള്ള അന്തപുരങ്ങളും തുടങ്ങി എത്ര കണ്ടാലും മതിവരാത്തത്ര കാല്‍പനിക സൗന്ദര്യം ക്യോതോക്കു സ്വന്തം! ഒരു പത്തഞ്ഞൂറു കൊല്ലം പിന്നിലെ ജാപ്പനീസ് തെരുവുകളും ജീവിതവും അനുഭവിച്ചറിയണമെങ്കില്‍ ക്യോതോ കഴിഞ്ഞേ ജപ്പാനിലെ വേറൊരു സ്ഥലവും വരൂ. ഇതൊന്നും കൂടാതെ 30 -തോളം കോളേജുകളും യൂണിവേഴ്സിറ്റികളും കൂടെയുണ്ട് ഇവിടെ. അതു കൊണ്ടാണെന്നു  തോന്നുന്നു ചെറിപ്പൂക്കളുടെ സ്വന്തം വസന്ത കാലത്തും, മേപ്പിളിലകള്‍ ചുവന്നു തുടുക്കുന്ന ശിശിരത്തിലും, മഴത്തുള്ളികള്‍ തണുത്തുറഞ്ഞു മഞ്ഞു മണികളായി ഉതിര്‍ന്നു വീഴുന്ന ശൈത്യകാലത്തും കൊടുങ്കാറ്റുകളുടെയും ചാറ്റല്‍ മഴയുടെയും വേനല്‍കാലത്തും കാലഭേദമില്ലാതെ ക്യോതോ സഞ്ചാരികളെ  കൊണ്ട് നിറയുന്നത്.

 

..................................................

നസീ മേലേതില്‍ പകര്‍ത്തിയ ക്യോതോയുടെ മനോഹര കാഴ്ചകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം 
..................................................

 
മൂന്നു വശങ്ങളിലും പര്‍വ്വതങ്ങളാല്‍ ചുറ്റപ്പെട്ട, ഒരു വശത്തു അല്‍പം മാറി കടലുമുള്ള ക്യോതോ, ഭൂമി ശാസ്ത്രപരമായി നോക്കിയാല്‍ ജപ്പാനിലെ സുരക്ഷിതമായ സ്ഥലങ്ങളിലൊന്നാണ്. കടലില്‍ നിന്നും വ്യക്തമായ ദൂരത്തില്‍ കിടക്കുന്ന ക്യോതോയെ സുനാമി, ടൈഫൂണ്‍ കൊടുങ്കാറ്റുകള്‍ എന്നിവ ബാധിക്കാന്‍ സാധ്യത കുറവാണ്. ചൈനയിലെ ടാങ് രാജവംശ തലസ്ഥാനമായിരുന്ന ഷിയാന്‍ പോലെ ഒരു ഗ്രിഡ് പാറ്റേണിലാണ് ക്യോതോ നഗരം സ്ഥാപിതമായത്.
 
പതിനൊന്നാം നൂറ്റാണ്ടില്‍ ഒരു എഴുത്തുകാരി, സ്ത്രീ വായനക്കാര്‍ക്കായി എഴുതിയ, ലോകത്തെ ലക്ഷണമൊത്ത ഏറ്റവും ആദ്യത്തെ നോവല്‍ ആയ 'ഗഞ്ചിയുടെ കഥ' അഥവാ 'The Tale of Genji' ക്യോതോയുടെ  പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ്. ക്യോതോ കറങ്ങി കാണാന്‍ ഏഴോളം ട്രെയിന്‍ സര്‍വീസുകളെയോ ലോക്കല്‍ ബസുകളെയോ അല്ലെങ്കില്‍ സൈക്കിളുകളെയോ ആണ് വിനോദ സഞ്ചാരികള്‍ ആശ്രയിക്കുന്നത്.
 
രണ്ടാം ലോക യുദ്ധാന്ത്യത്തില്‍ നാഗസാക്കിക്കു പകരം ബോംബിടാന്‍ പരിഗണയിലുണ്ടായിരുന്ന നഗരമായിരുന്നുവത്രേ ക്യോതോ. ക്യോതോയില്‍ മധുവിധു ആഘോഷിച്ച  യുദ്ധ സെക്രട്ടറി ഹെന്റി സ്റ്റിംസണ്‍ അവസാന നിമിഷം ഈ സാംസ്‌കാരിക നഗരത്തെ പട്ടികയില്‍ നിന്നും വെട്ടിക്കളയുകയായിരുന്നു. അങ്ങനെ നാഗസാക്കിയുടെ കണ്ണീര്‍ തുള്ളികള്‍ ക്യോതോയുടെ മഹാഭാഗ്യമായി മാറി. രേഖപ്പെടുത്തി വെച്ച ചരിത്രത്തില്‍ യുദ്ധങ്ങളും കലാപങ്ങളും തൊടാതെ നിന്ന ഏക രാജ നഗരമാണ് ക്യോതോ. രണ്ടായിരത്തോളം ബുദ്ധ-ഷിന്റ്റൊ ദേവാലയങ്ങളുടെ ഇരിപ്പിടമായ ക്യോതോയില്‍ മാത്രം പതിനേഴോളം യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലങ്ങള്‍ ഉണ്ട്. അതൊക്കെയും  കണ്ടു തീര്‍ക്കാന്‍ ഇനിയുമെത്ര യാത്രകള്‍ വേണ്ടി വരുമോ എന്തോ?
 
1997 -ല്‍ ക്യോതോയില്‍ നടന്ന ഉച്ചകോടിയിലാണ് ആഗോള താപനം കുറക്കുന്നതിനായി വികസിത രാജ്യങ്ങള്‍ അന്തരീക്ഷത്തിലെ ഹരിത ഗൃഹ വാതക സാന്ദ്രത കുറക്കുക തുടങ്ങിയ നടപടികള്‍ ഉള്‍പ്പെട്ട ക്യോതോ പ്രോട്ടോകോള്‍ നിലവില്‍ വന്നത്.

 

..................................................

നസീ മേലേതില്‍ പകര്‍ത്തിയ ക്യോതോയുടെ മനോഹര കാഴ്ചകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം 
..................................................


 
ഹിഗാഷിയാമ-യിലെ  മലഞ്ചെരുവിലെ കിയോമിസു ദേവാലയത്തിനു ചുറ്റുമുള്ള വിശാലമായ, പൂര്‍ണ്ണമായും  മരംകൊണ്ടുണ്ടാക്കിയ മുറ്റത്തു ഒരൊറ്റ ആണി പോലും ഇല്ലത്രെ. അരാശിയാമയിലെ കൊടും വേനലിലും  കുളിര്‍മ്മയുടെ തണലായി ഇടതൂര്‍ന്നു നീണ്ട മുളംകാടുകളുടെ സംഗീതം അനിര്‍വ്വചനീയമാണ്. ഫുഷിമി ഇനാരിയിലെ പതിനായിരം ചുവന്ന ഗൈറ്റിടനാഴികളും, സമീപത്തെ കുളത്തില്‍ കണ്ണാടി നോക്കി നില്‍ക്കുന്ന സുവര്‍ണ്ണ ക്ഷേത്രവും, നിജോ കൊട്ടാരസമുച്ചയങ്ങളിലെ സമുറായ് ഓര്‍മ്മകളും, ഒരു നൂറായിരം ജാപ്പനീസ് ഉദ്യാനങ്ങളും, പഴമ മണക്കുന്ന ഇടുങ്ങിയ തെരുവുകളിലെ  കളിമണ്‍ പത്രങ്ങളും ശില്‍പങ്ങളും പയറുപുഴുക്കു മധുരങ്ങളും, ചുടു നീരുറവുകളുടെ കുളിക്കടവുകളും, കിമോണോ അണിഞ്ഞൊരുങ്ങിയെത്തിയ സൗന്ദര്യവസന്തവും, നടക്കുന്നതിനിടക്ക് ഉരുമ്മി നിന്ന മാന്‍ കുട്ടികളും... സ്വര്‍ഗ്ഗത്തിന്റെ ഒരു ഭാഗം അടര്‍ന്നു വീണതായിരിക്കുമോ ക്യോതോ?
 
കാമോനദിക്കരയിലെ സ്വര്‍ണ്ണസായന്തനത്തില്‍  ചെറിപ്പൂക്കള്‍ വരച്ചിട്ട കളിമണ്‍ കപ്പിലെ കോഫിയിലേക്ക് കാലംതെറ്റി പഴുത്ത ഒരു മേപ്പിളില അടര്‍ന്നു വീണു. ഇടതു വശത്തെ  വൈക്കോല്‍ കൊണ്ടുണ്ടാക്കിയ തത്താമി നിലത്തു കുനിഞ്ഞിരുന്ന് ഗീഷാ*ചമയമണിഞ്ഞ ഒരു ജാപ്പനീസ് പെണ്‍കുട്ടി തന്റെ  മെലിഞ്ഞുനീണ്ട  കൈവിരലുകള്‍ പുറത്തിട്ടു ഗ്രീന്‍ ടീ ഒഴിച്ച് കൊടുക്കുന്നുണ്ടായിരുന്നു. ഓഫീസിലെ ചിരിക്കുമ്പോള്‍ മാത്രം നാണമൊഴുകുന്ന കണ്ണുകളുള്ള ഇതോ-സാന്‍ ക്യോതോ വരെ ചെന്നാണത്രെ മൂന്നരകൊല്ലക്കാലം മനസ്സിലൊളിപ്പിച്ച പ്രണയം തുറന്നു പറഞ്ഞത്.
 
കണ്ണടച്ചിരുന്നപ്പോള്‍ കണ്ടു, ഇനിയുമൊരു മാസത്തില്‍ ക്യോതോ ശിശിരത്തിന്റെ ചുവപ്പും മഞ്ഞയുമണിയുന്നത്. തിരിച്ചു പോവണ്ടേ , പൂച്ചക്കണ്ണന്‍ കണ്ണിറുക്കി. പ്രണയത്തിന്റെ, ഓര്‍മ്മകളുടെ ക്യോതോ  എന്റെ ഹൃദയത്തോട് മന്ത്രിച്ചു. 'കണ്ണടച്ചിരുന്നാല്‍ മതി, എന്നെ കാണാം'.  അടുത്ത യാത്ര വരെ മനസ്സില്‍ സൂക്ഷിക്കാന്‍ ഒരു നൂറു ക്യോതോ കാഴ്ചകള്‍

..................................................

നസീ മേലേതില്‍ പകര്‍ത്തിയ ക്യോതോയുടെ മനോഹര കാഴ്ചകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം 

..................................................

 

ദേശാന്തരം: മുഴുവന്‍ കുറിപ്പുകളും ഇവിടെ വായിക്കാം

click me!