വർഷങ്ങൾക്കുശേഷം, ഏകദേശം 2014 മുതൽ, ആളുകൾ ട്രോളുകളിലും, മീംകളിലും അദ്ദേഹത്തിന്റെ ക്ലിപ്പ് വീണ്ടും പോസ്റ്റുചെയ്യാൻ തുടങ്ങി. തുടർന്ന് ബോർജയുടെ ചിരി വൈറലായി. ബോർജയ്ക്ക് ഒരു വിളിപ്പേരും, ആരാധക വൃന്ദയും ഉണ്ടായി.
സ്പാനിഷ് ഹാസ്യനടൻ ജുവാൻ ജോയ ബോർജയുടെ ലോകപ്രശസ്തമായ ചിരി പല ട്രോളുകളിലും, മീം -കളിലും നമ്മൾ എപ്പോഴും കാണാറുണ്ട്. എന്നാൽ, നമ്മെ രസിപ്പിച്ചിരുന്ന ആ ചിരിയുടെ ഉടമ ഇനി ഇല്ല. ബുധനാഴ്ച തന്റെ 65 -ാമത്തെ വയസ്സിൽ അദ്ദേഹം എന്നെന്നേക്കുമായി ലോകത്തോട് വിട പറഞ്ഞു. ചിരി എന്നർത്ഥം വരുന്ന 'എൽ റിസിറ്റാസ്' എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഈ ഹാസ്യനടൻ ഇന്റർനെറ്റിൽ 'സ്പാനിഷ് ലാഫിംഗ് ഗൈ' എന്നറിയപ്പെട്ടു.
സെവില്ലെയിലെ ഹോസ്പിറ്റൽ ഡി ലാ കരിഡാഡിൽ ആരോഗ്യപ്രശ്നങ്ങളാൽ ബോർജ ചികിത്സ നടത്തിക്കൊണ്ടിരിക്കയായിരുന്നു. 2020 -ൽ കാൽ മുറിച്ച് മാറ്റിയതിന് ശേഷം അദ്ദേഹത്തിനായി ഒരു ഇലക്ട്രിക് മൊബിലിറ്റി സ്‌കൂട്ടർ വാങ്ങാൻ ആരാധകർ ധനസമാഹരണ യജ്ഞം സംഘടിപ്പിക്കുകയുണ്ടായി. ഇതിനെ തുടർന്ന് മാർച്ചിൽ അദ്ദേഹം ആരാധകർക്ക് നന്ദി പറഞ്ഞിരുന്നു. പിന്നീട് അസുഖം കൂടിയപ്പോൾ ഇദ്ദേഹത്തെ അതേ നഗരത്തിലെ ഹോസ്പിറ്റൽ വിർജെൻ ഡെൽ റോക്കോയിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് അദ്ദേഹം മരണപ്പെട്ടു.
undefined
"എൽ റിസിറ്റാസ്" ("ദി ഗിഗ്ഗ്ള്സ് ") എന്നറിയപ്പെടുന്ന ബോർജ, 20 വർഷം മുമ്പ് ജീസസ് ക്വിന്റേറോ അവതരിപ്പിച്ച ടെലിവിഷൻ ഷോകളിൽ പ്രത്യക്ഷപ്പെട്ടതിന് ശേഷമാണ് ആദ്യമായി പ്രശസ്തി നേടിയത്. സ്പാനിഷ് ലേറ്റ് നൈറ്റ് ഷോയായ 'റാറ്റോൺസ് കൊളോറാവോസി'ൽ വച്ചാണ് അദ്ദേഹത്തിന്റെ പ്രസിദ്ധമായ ചിരി പിറവി കൊള്ളുന്നത്. അന്ന് അഭിമുഖത്തിൽ ഒരു അടുക്കള സഹായിയായി ജോലി ചെയ്തതിന്റെ മോശം അനുഭവത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. 20 പെയ്ല പാത്രങ്ങൾ ഒറ്റരാത്രികൊണ്ട് കഴുകാൻ നിർബന്ധിതനായ അദ്ദേഹം അത് കടലിൽ ഉപേക്ഷിച്ച കഥ ബോർജ ക്വിന്റേറോയോട് പറഞ്ഞു. എന്നാൽ പിറ്റേദിവസം അത്രതന്നെ പത്രങ്ങൾ വീണ്ടും കരയിൽ വന്നടിഞ്ഞ കാര്യം പറഞ്ഞപ്പോൾ അദ്ദേഹവും ചുറ്റുമുള്ളവരും ഒരുപോലെ നിർത്താതെ ചിരിച്ചു. പല്ലില്ലാത്ത നിർത്താതെ ചിരിക്കുന്ന ബോർജയുടെ മുഖം ഏവരുടെയും ഹൃദയം കവർന്നു. പിന്നീട് 2007 -ൽ ഷോയുടെ യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത ക്ലിപ്പിൽ ആ ചിരി ശ്രദ്ധിക്കപ്പെട്ടു.
വർഷങ്ങൾക്കുശേഷം, ഏകദേശം 2014 മുതൽ, ആളുകൾ ട്രോളുകളിലും, മീംകളിലും അദ്ദേഹത്തിന്റെ ക്ലിപ്പ് വീണ്ടും പോസ്റ്റുചെയ്യാൻ തുടങ്ങി. തുടർന്ന് ബോർജയുടെ ചിരി വൈറലായി. ബോർജയ്ക്ക് ഒരു വിളിപ്പേരും, ആരാധക വൃന്ദയും ഉണ്ടായി. അഭിമുഖത്തെ തുടർന്നാണ് ബോർജ ജന്മനാട്ടിൽ പ്രശസ്തനായതെങ്കിലും, 2014 -ൽ യൂട്യൂബിൽ ക്ലിപ്പ് പ്രത്യക്ഷപ്പെട്ടതിന് ശേഷമാണ് ലോകം അദ്ദേഹത്തെ ശ്രദ്ധിക്കാൻ തുടങ്ങിയത്. പാരഡി വീഡിയോകളിലും, ഹാസ്യ സ്കിറ്റുകളിലും അദ്ദേഹത്തിന്റെ ചിരി പ്രത്യക്ഷപ്പെട്ടു. ഗെയിമിംഗ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ട്വിച്ചിൽ ഇമോട്ടിക്കോണായി ഉപയോഗിക്കുന്നതുൾപ്പെടെ അദ്ദേഹത്തിന്റെ ചിരിക്കുന്ന മുഖം ഇന്ന് ഓൺലൈനിൽ ജനപ്രിയമാണ്. അദ്ദേഹത്തിന്റെ മരണത്തിൽ സ്പാനിഷ് മാധ്യമ പ്രവർത്തകരും സോഷ്യൽ മീഡിയ ഉപയോക്താക്കളും ആദരാഞ്ജലി അർപ്പിച്ചു.