International Women's Day : പെണ്ണു പിറന്നാല്‍പ്പിന്നെ സമൂഹത്തിനൊരു ടെന്‍ഷനാണ്!

By Web Team  |  First Published Mar 8, 2022, 3:04 PM IST

സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള അവബോധം ലോകമാകെ വ്യാപകമാവുന്നതിനിടയിലും കേരളത്തിലെ പെണ്‍ജീവിതം ഏതു വഴിക്കാണ് നീങ്ങുന്നത്. ലോക വനിതാ ദിനത്തില്‍ ഒരന്വേഷണം. ഷാഫിയ ഷംസുദ്ദീന്‍ എഴുതുന്നു


കാലമെത്ര പുരോഗമിച്ചിട്ടും ഒരു സ്ത്രീ എങ്ങനെ ആയിരിക്കണം എന്നതില്‍ സമൂഹം നിശ്ചയിച്ചു വെച്ച ചില തീര്‍പ്പുകള്‍ക്ക് ഇനിയും മാറ്റമുണ്ടായിട്ടില്ല. സമൂഹത്തിന്റെ ഇടപെടലുകളെ ഭയക്കുന്ന, അതിനൊപ്പം താളം തുള്ളുന്ന മാതാപിതാക്കളോ ഭര്‍ത്താവോ  ഭര്‍തൃവീട്ടുകാരോ ഉണ്ടാവുന്നതാണ് ഒരു പെണ്ണിന്റെ ഏറ്റവും വലിയ ശാപം.

 

Latest Videos

undefined

 

ലാല്‍ ജോസ് സംവിധാനം നിര്‍വഹിച്ച നീന എന്ന സിനിമയിലാണ് അവളെ കണ്ടത്. നീന എന്ന കഥാപാത്രം. ദീപ്തി സതിയാണ് അവളെ അവതരിപ്പിച്ചത്. ആണ്‍കുട്ടികളോടൊപ്പം ആണത്തത്തോടെ കളിച്ചു വളര്‍ന്ന നീന എന്ന ഒരു പെണ്‍കുട്ടി. മുഴുവന്‍ സപ്പോര്‍ട്ടുമായി കൂടെ നില്‍ക്കുന്ന അച്ഛന്‍.

പക്ഷേ ഋതുമതിയാവുന്നതോടെ കാര്യം മാറുന്നു. ആ മകളില്‍ അച്ഛന്‍ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുന്നു. അതുവരെ അനുവര്‍ത്തിച്ചു പോന്നിരുന്ന പല ശീലങ്ങളും മാറുന്നു. അവള്‍ക്ക് അനേ:ം പുതിയ വിലക്കുകള്‍ നേരിടേണ്ടി വരുന്നു. ഇതോടെ അവള്‍ തകര്‍ന്നു പോവുന്നു. അതില്‍ നിന്നും ആശ്വാസം കണ്ടെത്താന്‍ അവള്‍ പക്ഷേ ചെന്നുപെട്ടത്, മദ്യപാനത്തിന്റെയും പുകവലിയുടെയും ഇരുണ്ട പുരുഷലോകത്തിലാണ്. 

അച്ഛന്റെയും അമ്മയുടെയും അവഗണന തുടര്‍ന്നതോടെ അവള്‍ ആ ജീവിതത്തില്‍ തന്നെ കാലുറച്ചു നില്‍ക്കാന്‍ തുടങ്ങി. സമൂഹം കല്പിച്ചു കൊടുത്ത നിയമങ്ങളിലേക്ക് മകള്‍ പ്രായപൂര്‍ത്തിയാവുന്നതോടെ അവളെ വലിച്ചിഴച്ചിടാന്‍ ശ്രമിച്ച അച്ഛനാണ് അവിടെ ആ മകളെക്കാള്‍ പരാജയപ്പെട്ടത്.

പതിമൂന്നാം വയസ്സില്‍ തങ്ങളുടെ ഏക മകന്‍ മരണപ്പെട്ടതിനു ശേഷം വീണ്ടും ഭാര്യ ഗര്‍ഭിണിയായപ്പോള്‍ നഷ്ടപ്പെട്ട മകനു പകരം ഒരാണ്‍കുട്ടിയെ പ്രതീക്ഷിച്ചിരുന്ന ദമ്പതികള്‍ക്ക് കിട്ടിയ മകളായിരുന്നു നീന. അതുകൊണ്ട് തന്നെ ആ അച്ഛന്‍ അവളെ ആണ്‍കുഞ്ഞിനെ പോലെ വളര്‍ത്തി. അങ്ങനെ വളരാന്‍ സര്‍വ്വസ്വാതന്ത്ര്യവും കൊടുത്തു എന്ന് പറയാം.
പക്ഷേ പ്രായപൂര്‍ത്തിയായി എന്ന കാരണം പറഞ്ഞ് അവളെ പെട്ടെന്ന് റൂട്ട് മാറ്റി വിടാന്‍ ശ്രമിച്ച അച്ഛന്റെ മനോഭാവം അവളെ തളര്‍ത്തി കളഞ്ഞു. അച്ഛന്‍ അവളില്‍ അടിച്ചേല്‍പ്പിച്ച പെണ്‍ജീവിതത്തെയും അതുവരെ അവളുടെ ഹീറോ ആയിരുന്ന അച്ഛനെ തന്നെയും അവള്‍ വെറുത്തു.

സ്ത്രീപുരുഷഭേദമന്യേ പലരും സമൂഹത്തിന്റെ നിരീക്ഷണങ്ങള്‍ക്ക് പാത്രമാവാന്‍ വിധിക്കപ്പെടാറുണ്ട് എങ്കിലും പലപ്പോഴും ഇരയാക്കപ്പെടുന്നതില്‍ ഏറിയ പങ്കും സ്ത്രീകള്‍ തന്നെയാണ്. എല്ലാവരും ജീവിക്കുന്നതും എല്ലാം തീരുമാനിക്കപ്പെടുന്നതും  സമൂഹം ചോദിക്കുന്ന ചോദ്യങ്ങള്‍ക്കു ഉത്തരം നല്‍കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണ് എന്ന മട്ടിലാണ്.

 

 

പെണ്ണായി പിറന്നാല്‍ അവള്‍ എങ്ങനെയൊക്കെ ആവണം എന്ന് പണ്ടെന്നോ തീരുമാനിക്കപ്പെട്ടിട്ടുണ്ട്. അവള്‍ അടക്കവും ഒതുക്കവും പഠിക്കണം, അടുക്കളപണി പഠിക്കണം, നിശ്ശബ്ദയാവാന്‍ പഠിക്കണം, മറ്റുള്ളവരുടെ ശീലങ്ങള്‍ക്കൊപ്പം അഡ്ജസ്റ്റ് ചെയ്യാന്‍ പഠിക്കണം. അങ്ങനെ ഒരുപാട് അലിഖിത പാഠങ്ങള്‍.

അവളുടെ പ്രതിഭയോ കഴിവോ ഒന്നും സമൂഹത്തിനു നോക്കേണ്ടതില്ല. അവള്‍ വിദ്യാഭ്യാസം നേടിയോ എന്നുള്ളതും സമൂഹത്തിന് ഒരു വിഷയമല്ല. പക്ഷേ  അവള്‍ക്ക് വിവാഹപ്രായം ഏറാന്‍ പാടില്ല. അത് സമൂഹം അനുവദിക്കില്ല. വൈകിപ്പോയാല്‍ ചോദ്യങ്ങളെ കൊണ്ട് വീര്‍പ്പുമുട്ടിച്ച് കണ്ടവന്റെ കയ്യില്‍ അവളെ പിടിച്ചേല്‍പ്പിക്കുന്നത് വരെ സമൂഹം ശ്വാസം വിടില്ല.

അതു കഴിഞ്ഞാല്‍ പിന്നെ അവള്‍ക്കൊരു കുഞ്ഞുണ്ടാവുന്നത് വരെ സമൂഹത്തിന് ആവലാതി ആണ്. പെണ്‍കൊച്ച് മച്ചിയാണോ അല്ലയോ എന്നുറപ്പിക്കാനുള്ള ആവലാതി. ആ ഉത്തരവാദിത്തവും നിറവേറ്റി അവള്‍ കറ കളഞ്ഞ അടുക്കളക്കാരിയായി കണ്ടാല്‍ സമൂഹം കൃതാര്‍ത്ഥരായി. അല്പം കരിയും വിയര്‍പ്പും കൂടെ ഉണ്ടെങ്കില്‍ സഹതാപത്തിന്റെ മേമ്പൊടി വിതറിക്കൊണ്ട് അവളെ മുഴുവനായും സമൂഹം അംഗീകരിക്കും.

എന്നാല്‍ ഇതിനൊക്കെ വിപരീതമായി അവള്‍ പഠനത്തിനും തുടര്‍പഠനത്തിനും മുന്‍തൂക്കം കൊടുത്താല്‍ അവളെ ഈ സമൂഹം  നോട്ടപ്പുള്ളിയായി തിരഞ്ഞെടുക്കും. ജോലിക്ക് പോവുന്നവളായാല്‍, കുഞ്ഞുണ്ടാവാന്‍ വൈകിയാല്‍, വീട്ടില്‍ അടുക്കും ചിട്ടയും കുറഞ്ഞാല്‍.. ഇങ്ങനെ പലതിലും സമൂഹം ഇടപെടും.

കാലമെത്ര പുരോഗമിച്ചിട്ടും ഒരു സ്ത്രീ എങ്ങനെ ആയിരിക്കണം എന്നതില്‍ സമൂഹം നിശ്ചയിച്ചു വെച്ച ചില തീര്‍പ്പുകള്‍ക്ക് ഇനിയും മാറ്റമുണ്ടായിട്ടില്ല. സമൂഹത്തിന്റെ ഇടപെടലുകളെ ഭയക്കുന്ന, അതിനൊപ്പം താളം തുള്ളുന്ന മാതാപിതാക്കളോ ഭര്‍ത്താവോ  ഭര്‍തൃവീട്ടുകാരോ ഉണ്ടാവുന്നതാണ് ഒരു പെണ്ണിന്റെ ഏറ്റവും വലിയ ശാപം.

എല്ലാ ഇടപെടലുകളെയും തൃണവല്‍ക്കരിച്ച് ഒരു സ്ത്രീക്ക്  അവളുടെ ഇച്ഛാനിച്ഛകള്‍ക്കനുസരിച്ച് ജീവിക്കാന്‍ കഴിയണം.
സമൂഹം അല്ല അവളുടെ വിധി നിശ്ചയിക്കേണ്ടത്. ഒരു പരിധി വരെ സമൂഹത്തെ പേടിക്കാത്ത മാതാപിതാക്കളുടെ പിന്തുണയോടെ അവള്‍ സ്വയം തന്നെയാണ്.

അബലകള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ത്രീകള്‍ പക്ഷെ സന്ദര്‍ഭത്തിന് അനുസരിച്ച് എത്രത്തോളം കരുത്താര്‍ജ്ജിക്കാന്‍ പറ്റുമോ അത്രക്കും കരുത്തോടെ ജീവിതത്തെ നേരിടുന്നത് നാം കണ്ടിട്ടുണ്ട്. എന്നും എല്ലാവര്‍ക്കും പുറകിലായി വീടിന്റ പിന്നാമ്പുറത്തെ മുറി എന്ന അടുക്കളമുറിയില്‍ ഒതുക്കപ്പെടുന്ന എത്രയെത്ര സ്ത്രീകളാണ് ഭര്‍ത്താവിന്റെ മരണശേഷം മറ്റൊരു പുരുഷന്റെ സഹായം കൂടാതെ തന്റെ കുടുംബത്തെ മുഴുവന്‍ പോറ്റാനുള്ള ശക്തിയിലേക്ക് പൊടുന്നനെ ഉയരുന്നത്!

ഭാര്യ മരണപ്പെട്ട 'അബലന്‍' അല്ലാത്ത പുരുഷന്മാരില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വം ചിലര്‍ക്ക് മാത്രമേ അങ്ങനെ ഒരു കരുത്ത് കൈവരിക്കാന്‍ ആവുന്നുള്ളു. ഏറ്റവും അടുത്ത ദിവസങ്ങളില്‍ തന്നെ അവന് മറ്റൊരു പെണ്ണിനെ ഒപ്പിക്കാന്‍ വീട്ടുകാര്‍ നെട്ടോട്ടമോടുന്നത് അവന്റെ നിസ്സഹായാവസ്ഥ അറിഞ്ഞിട്ട് തന്നെയാണ്.

ഇത്രയൊക്കെ കണ്ടിട്ടും ഒരു സ്ത്രീക്ക് ചെയ്യാന്‍ കഴിയുന്നതിന് പരിധികള്‍ നിശ്ചയിക്കുന്നവര്‍ അല്ലേ യഥാര്‍ത്ഥ വിഡ്ഢികള്‍?

വിലക്കുകളും വിലങ്ങുതടികളും അതിജീവിച്ചാല്‍ ഓരോ സ്ത്രീകള്‍ക്കും നേടിയെടുക്കാവുന്നതിനു പരിധികള്‍ ഇല്ല. ഓരോ സ്ത്രീജീവിതവും ശോഭിക്കുക തന്നെ ചെയ്യും, അടിച്ചമര്‍ത്താന്‍ ആയുധങ്ങള്‍ ഇല്ലാത്തിടത്തോളം.

ഒരു സ്ത്രീക്കും പുരുഷനെ പോലെയാവണ്ട. പെണ്ണിനെന്നും പെണ്ണായാല്‍ മതി, 'നീ വെറുമൊരു പെണ്ണ്' എന്ന പുച്ഛം കേള്‍ക്കാത്ത പെണ്ണ്. 'നീ ആണിനൊപ്പം ആയിട്ടില്ല' എന്ന പഴി കേള്‍ക്കാത്ത പെണ്ണ്. 'പെണ്ണേ, നീയൊരു പെണ്ണാണ്..' എന്ന് അഭിമാനത്തോടെ മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാന്‍ കൊതിയുള്ള പെണ്ണ്. അതെ, പെണ്ണിനെന്നും പെണ്ണായാല്‍ മതി. കാരണം ആണിനെക്കാള്‍ മഹത്വമുള്ള ജന്മം, ജീവനെ വഹിക്കാന്‍ കഴിവുള്ള ജന്മം, അത് പെണ്ണിന്റെത് തന്നെയാണ്, സംശയമില്ല.

click me!