സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള അവബോധം ലോകമാകെ വ്യാപകമാവുന്നതിനിടയിലും കേരളത്തിലെ പെണ്‍ജീവിതം ഏതു വഴിക്കാണ് നീങ്ങുന്നത്. ലോക വനിതാ ദിനത്തില്‍ ഒരന്വേഷണം. ദിവ്യ ദിവാകര്‍ എഴുതുന്നു
കൊല്ലപ്പെടുന്ന അവസാന നിമിഷം വരെ, അല്ലെങ്കില്‍ ഹാഷ് ടാഗ് ആയി മാറുന്നതു വരെ ഈ പെണ്‍കുട്ടികള്‍ക്ക് ഇല്ലാത്ത കുറ്റം ഉണ്ടാവില്ല. അതേ സമയം അവരുടെ പീഡകരോ? കണ്ണീരും ദയനീയതയും അഭിനയിച്ച് നന്മയുടെ നിറകുടങ്ങള്‍ ആയി സ്വയം ചിത്രീകരിക്കുന്ന തിരിക്കിലാവും അവര്‍.
undefined
ഉത്രയും വിസ്മയയും നമ്മുടെ വീടുകളില്‍ നിന്ന് എത്ര മാത്രം ദൂരെയാണല്ലേ. പക്ഷെ യഥാര്‍ത്ഥത്തില്‍ ഇവര്‍ നമ്മുടെ വീടുകളില്‍ നിന്ന് അകലെ ആണോ. നമ്മുടെ ഒക്കെ വീടുകളിലില്ലേ ജീവിക്കുന്ന ഉത്രയും വിസ്മയയുമെല്ലാം. വളരെ നിസ്സാരവല്‍കരിച്ച ചിലര്‍. ഏതു നിമിഷവും കൊല ചെയപ്പെട്ടേക്കാവുന്ന, ആത്മഹത്യാ ചെയ്യപ്പെട്ടേക്കാവുന്ന പെണ്‍കുട്ടികള്‍. അല്ലെങ്കില്‍ മനസ്സ് മടുത്തു പോയ ജീവച്ഛവങ്ങള്‍.
പെണ്‍കുട്ടികള്‍ക്ക് സ്വര്‍ണവും പണവുമല്ല, വിദ്യാഭ്യാസമാണ് കൊടുക്കേണ്ടത് എന്ന് നമ്മള്‍ ഉറക്കെ ഉറക്കെ പറയും. എന്നാലോ, നല്ല വിദ്യാഭ്യാസവും ഉയര്‍ന്ന ജോലികളും ഉള്ള പെണ്‍കുട്ടികള്‍ സുരക്ഷിതര്‍ ആണോ?
ഉയര്‍ന്ന ജോലിയും കരിയര്‍ സ്വപ്നങ്ങളും ഉള്ള നമ്മുടെ പെണ്‍കുട്ടികള്‍ക്ക് പോലും സ്ത്രീധനം എന്ന വില്ലനില്‍ നിന്ന് മോചനം ഉണ്ടോ? സ്ത്രീ തന്നെ ധനം എന്നു പറഞ്ഞു വിവാഹം കഴിക്കുമ്പോള്‍ മനസില്‍ അവളുടെ മാതാപിതാക്കളുടെ ആസ്തിയും ജോലിയില്‍ നിന്നുള്ള വരുമാനവും ആണെങ്കില്‍ അവരുടെ ജീവിതം എങ്ങനെ വ്യത്യസ്തമാവും? വിവാഹ പിറ്റേന്ന് മുതല്‍ ആരംഭിക്കുന്ന അത്തരം യുദ്ധങ്ങളോട് പൊരുതുന്ന പെണ്‍കുട്ടികളെ തന്റെടികള്‍ ആയി ചിത്രീകരിക്കുന്നതിനപ്പുറം ഒരിക്കല്‍ എങ്കിലും അവരെ ചേര്‍ത്ത് പിടിച്ചിട്ടുണ്ടോ?
നിന്നോട് ഞാന്‍ ഒന്നും ചോദിച്ചില്ലല്ലോ, വീട്ടുകാര്‍ അല്ലേ അതിനുത്തരവാദി എന്നു പറയുന്ന നിഷ്‌കളങ്കരായ ഭര്‍ത്താക്കന്മാര്‍ ഒരിക്കലും നിഷ്‌കളങ്കര്‍ അല്ല എന്താണ വാസ്തവം. കൊലപ്പെടുത്തുന്നതിനു ഏതാനം മണിക്കൂറുകള്‍ മുന്‍പും ഭാര്യക്ക് ജ്യൂസ് അടിച്ചു കൊടുത്ത ഉത്തമ പുരുഷന്‍ ആയിരുന്നു സൂരജ്. എന്തിനധികം ഭാര്യയുടെ മരണശേഷവും വലിയ വായില്‍ കരഞ്ഞു സഹതാപം പിടിച്ചു പറ്റിയ ഒരാള്‍.
കൊല്ലപ്പെടാന്‍ സാധ്യത ഉണ്ടെങ്കിലും അത്തരം സാഹചര്യങ്ങളില്‍ നിന്ന് അകന്നു മാറി ജീവിതം കരു പിടിപ്പിക്കാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടികളുണ്ട്. അവരെ നോക്കി സഹതാപ തരംഗം സൃഷ്ടിച്ചു വല നെയ്തു കാത്തിരിക്കുന്ന എത്രയോ ആളുകള്‍ ചുറ്റമുണ്ട് , ഒന്നും നടക്കാതെ വരുമ്പോള്‍ അവര്‍ നിങ്ങളെ 'തലയണ മന്ത്രം' സിനിമയിലെ കാഞ്ചന ആക്കും.
വിവാഹ ശേഷവും വിവാഹത്തിന് വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും വിവാഹ ഹാളിന് എ സി ഉണ്ടായിരുന്നില്ലെന്നും ആ എ സി ക്ക് തണുപ്പില്ലായിരുന്നു എന്നുമൊക്കെ കേള്‍ക്കേണ്ടിവരുന്ന എത്രയോ പെണ്‍കുട്ടികളുണ്ട്. വിവാഹ നാളില്‍ ഇട്ട സ്വര്‍ണ്ണമാലയുടെ എണ്ണം കുറഞ്ഞെന്നും സ്വര്‍ണ്ണാഭരണങ്ങള്‍ കുറവാണെന്നും ഒക്കെ പറഞ്ഞു പീഡിപ്പിക്കപ്പെടുന്ന എത്രയോ ആഭ്യസ്ഥവിദ്യരായ എത്രയോ പെണ്‍കുട്ടികള്‍.
എത്ര ലക്ഷങ്ങള്‍ വരുമാനം ഉണ്ടെങ്കിലും, നീ മരുമകള്‍ ആണെങ്കില്‍ നീ ഞങ്ങളുടെ വീട്ടിലെ അടുക്കളക്കാരി മാത്രമാണ് എന്ന ചിറ്റമ്മ നയം മാറാതെ സ്ത്രീത്വത്തെ മഹത്തവത്കരിച്ചിട്ട് എന്ത് കാര്യം?
രസകരമായ മറ്റൊരു കാര്യമുണ്ട്. കൊല്ലപ്പെടുന്ന അവസാന നിമിഷം വരെ, അല്ലെങ്കില്‍ ഹാഷ് ടാഗ് ആയി മാറുന്നതു വരെ ഈ പെണ്‍കുട്ടികള്‍ക്ക് ഇല്ലാത്ത കുറ്റം ഉണ്ടാവില്ല. അതേ സമയം അവരുടെ പീഡകരോ? കണ്ണീരും ദയനീയതയും അഭിനയിച്ച് നന്മയുടെ നിറകുടങ്ങള്‍ ആയി സ്വയം ചിത്രീകരിക്കുന്ന തിരിക്കിലാവും അവര്‍.
ഈ വനിതാ ദിനത്തില്‍ സ്വയം സുരക്ഷ മാത്രമല്ല, കൂടെയുള്ള സഹജീവികളുടെ സുരക്ഷ കൂടി നമുക്ക് ഉറപ്പാക്കാം.