പുരുഷന്മാർ രണ്ട് വിവാഹം കഴിക്കുന്ന ഇന്ത്യൻ ​ഗ്രാമം, കാരണങ്ങൾ വിചിത്രം!

By Web Team  |  First Published Feb 22, 2021, 3:49 PM IST

ഇതിൽ ഏറ്റവും രസകരമായ കാര്യം തന്റെ ഭർത്താവ് രണ്ടാമതും വിവാഹം ചെയ്യുന്നതിൽ ഈ ഭാര്യമാർക്ക് പരാതിയോ, പരിഭവമോ ഇല്ലെന്നതാണ്. അവിടെ വീടുകളിലെല്ലാം ഈ രണ്ട് ഭാര്യമാരും നല്ല സ്വരച്ചേർച്ചയിൽ, സമാധാനപൂർവം തന്നെയാണ് കഴിയുന്നത്. 


രാജസ്ഥാനിലെ ഒരു വിദൂരഗ്രാമത്തിൽ പുരുഷന്മാർ രണ്ടുതവണ വിവാഹം കഴിക്കുന്നു. രാജസ്ഥാനിലെ ബാർമർ ജില്ലയിലാണ് ദേരാസർ ഗ്രാമം. അവിടെ ഏകദേശം അറുന്നൂറോളം ആളുകൾ താമസിക്കുന്നുണ്ട്. ആ ഗ്രാമത്തിൽ താമസിക്കുന്ന മിക്കവാറും എല്ലാ പുരുഷന്മാർക്കും രണ്ട് ഭാര്യമാരുണ്ട്. അതാണ് ആ ​ഗ്രാമത്തിന്റെ പ്രത്യേകത. മിക്കവാറും ഈ രണ്ട് ഭാര്യമാരും വളരെ സ്നേഹത്തോടെയാണ് കഴിയുന്നതും. ഇങ്ങനെ എല്ലാ പുരുഷന്മാരും രണ്ട് തവണ വിവാഹം കഴിക്കുന്നതിന് പിന്നിലെ കാരണമാകട്ടെ ഒരൽപം വിചിത്രം തന്നെയാണ്.  

കുട്ടികളുണ്ടാകണമെങ്കിൽ ഒരു പുരുഷൻ രണ്ടു തവണ വിവാഹം ചെയ്യണമെന്നാണത്രെ അവിടത്തുകാർ വിശ്വസിക്കുന്നത്. പുരുഷന്മാർക്ക് ആദ്യ ഭാര്യയിൽ കുട്ടികളുണ്ടാകില്ലെന്നും, രണ്ടാമത്തെ ഭാര്യയിൽ മാത്രമാണ് കുഞ്ഞുങ്ങൾ ജനിക്കുകയെന്നുമാണ് ഗ്രാമവാസികൾ പറയുന്നത്. ആദ്യത്തെ വിവാഹത്തിന് ശേഷം കുട്ടി ജനിക്കാത്ത നിരവധി വീടുകൾ ഈ ഗ്രാമത്തിൽ ഉണ്ട് പോലും. അങ്ങനെ അവർ വീണ്ടും വിവാഹം കഴിച്ചു, തുടർന്ന് രണ്ടാം ഭാര്യയിൽ കുട്ടികൾ ജനിച്ചു. രണ്ടാമത്തെ വിവാഹത്തിന് ശേഷം മൂന്ന് കുട്ടികൾ ജനിച്ച ഒരാളുമുണ്ട് അവിടെ. ഇത്തരം സംഭവങ്ങൾ എടുത്തുകാട്ടിയാണ് പുരുഷന്മാർക്ക് രണ്ടാം ഭാര്യയിൽ മാത്രമേ കുട്ടികളുണ്ടാകൂ എന്ന് ഗ്രാമീണർ സ്ഥാപിക്കാൻ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ അവിടെ ഒരു പുരുഷന് രണ്ട് വിവാഹം നിർബന്ധമാണ്. കാലങ്ങളായി അവർ ഇങ്ങനെ രണ്ട് വിവാഹം കഴിക്കുന്നത് തുടരുന്നുമുണ്ട്. അതിൽ ആർക്കെങ്കിലും പരാതിയുമില്ല. 

Latest Videos

undefined

ഇവിടെ മിക്ക കുടുംബങ്ങളും ഈ പാരമ്പര്യം പിന്തുടരുന്നു. അതേ സമയം, ഈ ഗ്രാമത്തിൽ ചില ആളുകൾ ഈ ആചാരം പിന്തുടരാൻ മടിച്ച് ഒരു ഭാര്യ മതി എന്ന തീരുമാനത്തിൽ രണ്ടാമതും വിവാഹം കഴിക്കാതെ ജീവിക്കുന്നവരുമുണ്ട്. എന്നാൽ അത്തരക്കാർക്ക് കുട്ടികളില്ല എന്നത് ആശ്ചര്യം നിറഞ്ഞ ഒരു കാര്യമാണ്. ആർക്കും വിശദീകരിക്കാൻ കഴിയുന്നില്ലെങ്കിലും, ഇത്തരം സംഭവങ്ങൾ ഇപ്പോഴും ഗ്രാമത്തിൽ നടക്കുന്നുണ്ട്. ഗ്രാമീണരുടെ അഭിപ്രായത്തിൽ, പലരും ആദ്യത്തെ വിവാഹത്തിനുശേഷം ഒരു കുട്ടിക്കായി വളരെക്കാലം കാത്തിരുന്നു. പക്ഷേ, കുഞ്ഞുങ്ങളുണ്ടായില്ല. ഒടുവിൽ വീണ്ടും വിവാഹം ചെയ്യാൻ നിർബന്ധിതരായി എന്നാണ് പറയുന്നത്. അതിനാൽ രണ്ടാം തവണ വിവാഹം കഴിക്കുന്നത് ഈ ഗ്രാമത്തിൽ ശുഭകരമായ ഒരു കാര്യമായിട്ടാണ് കണക്കാക്കപ്പെടുന്നതും. 

രണ്ടുതവണ വിവാഹം കഴിക്കാൻ മറ്റൊരു വിചിത്രമായ കാരണം കൂടി ഇവിടുത്തുകാർ പറയുന്നുണ്ട്. വീട്ടിലേക്കാവശ്യമായ വെള്ളം കൊണ്ടുവരാൻ സ്ത്രീകൾക്ക് അവിടെ അഞ്ച് കിലോമീറ്ററിലധികം നടക്കണം. ഗർഭിണിയായ ശേഷം ഒരു സ്ത്രീക്ക് എന്തായാലും ഇത്രയധികം യാത്ര ചെയ്യാൻ കഴിയില്ലല്ലോ? അപ്പോൾ അതിനുള്ള പ്രതിവിധിയാണത്രെ പുരുഷന്മാർ രണ്ട് വിവാഹം കഴിക്കുക എന്നത്. ഒരാൾ ഗർഭിണിയാകുമ്പോൾ മറ്റെയാൾ വീട്ടുജോലികൾ ചെയ്യുകയും, വെള്ളം കൊണ്ടുവരാൻ ദീർഘനേരം നടക്കുകയും ചെയ്യുന്നു.  ഇതിൽ ഏറ്റവും രസകരമായ കാര്യം തന്റെ ഭർത്താവ് രണ്ടാമതും വിവാഹം ചെയ്യുന്നതിൽ ഈ ഭാര്യമാർക്ക് പരാതിയോ, പരിഭവമോ  ഇല്ലെന്നതാണ്. അവിടെ വീടുകളിലെല്ലാം ഈ രണ്ട് ഭാര്യമാരും നല്ല സ്വരച്ചേർച്ചയിൽ, സമാധാനപൂർവം തന്നെയാണ് കഴിയുന്നത്. 

എന്നാൽ, അവിടെ ഇപ്പോഴും ഈ രീതി പിന്തുടരുന്നവരുണ്ട് എന്നത് ആശ്ചര്യകരം തന്നെയാണ്. ഭാര്യ ​ഗർഭിണിയാകുമ്പോൾ വീട്ടിൽ ജോലി ചെയ്യാൻ മറ്റൊരാൾ എന്ന നിലയിൽ പോലുമാണ് പലപ്പോഴും ഈ രണ്ടാം വിവാഹം നടക്കുന്നത്. ഇങ്ങനെ ഒക്കെ ആണെങ്കിലും ആ ​ഗ്രാമം ഇതിനെ വളരെ സ്വാഭാവികമായ ഒന്നായി തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. 

click me!