പത്തു ദിവസത്തോളം താമസിച്ച ഹോസ്പിറ്റല്‍ മുറിയില്‍ നേരം വെളുക്കും മുന്‍പേ വന്നു വാതിലില്‍ തട്ടുന്നവരില്‍ ഒരാള്‍ ആയിരുന്നു അവര്‍. 7 മണിക്ക് മുന്‍പേ ഈ ചേച്ചി എന്തിനാ തിരക്ക് പിടിച്ചു ക്ലീന്‍ ചെയ്യാന്‍ വരുന്നതെന്ന് ഞാന്‍ കണ്ണ് തിരുമ്മികൊണ്ട്, കിടന്ന പായ ചുരുട്ടി മേലെയ്ക്ക് വെച്ചു.
സോഡിയം കുറഞ്ഞു ഓര്‍മ നഷ്ടപ്പെട്ട അച്ഛനോടൊപ്പം കുറച്ചു ദിവസമായി ഞങ്ങള്‍ ആശുപത്രിയിലായിരുന്നു. ഇടയ്ക്ക് അച്ഛന് ന്യൂമോണിയ കൂടുകയും ഐസിയുവില്‍ അഡ്മിറ്റ് ആവുകയും ചെയ്തു. കൂട്ടിരുപ്പുകാരായി അച്ഛന്റെ രണ്ടു മക്കള്‍. ചേട്ടനും ഞാനും. കുടുംബസ്ഥരായതിനു ശേഷം ഞങ്ങള്‍ ഇതുപോലെ മക്കള്‍ എന്ന റോളില്‍ മാത്രമായി ജീവിച്ച കാലം വളരെ അപൂര്‍വമായിരുന്നു. അതുകൊണ്ടു തന്നെ ആശുപത്രിയിലെ ആകാംക്ഷകളും സമ്മര്‍ദ്ദങ്ങളും പല വിധ പ്രയാസങ്ങളും ഒരുമിച്ചു നേരിടുന്നതിനോടൊപ്പം ഞങ്ങള്‍ പലതരം കഥകള്‍ പങ്കുവെക്കുകയും സ്ഥലവും സാഹചര്യവും മറന്നു ചിരിക്കുകയും പ്രായമേശാത്ത കൂട്ട്, കുറുമ്പ് , സ്‌നേഹം, എന്നിവ മനസ്സറിഞ്ഞു ആസ്വദിക്കുകയും ചെയ്തു.
പുറംലോകത്തു നടക്കുന്നതെല്ലാം പരമാവധി മറന്നുകൊണ്ട് ഒരു തുരുത്തില്‍ പെട്ടതുപോലെ ആയിരുന്നു ആ ദിവസങ്ങള്‍. അതുകൊണ്ടു തന്നെ കണ്ണുകളും കാതുകളും ഒന്നുകൂടി തുറന്നു ചുറ്റുമുള്ള മനുഷ്യരെ കാണാന്‍ ശ്രമിച്ചുകൊണ്ടിരുന്നു ഞാന്‍. ഓരോ പുതിയ മനുഷ്യരെ കാണാനും അവരുടെ കഥ കേള്‍ക്കാനും, ഇനി കാണുമോ എന്ന് പോലും അറിയാത്ത അവരോട് അത്രേം സ്‌നേഹത്തോടെ മിണ്ടാനും തൊടാനും എന്തൊരിഷ്ടമാണ് എനിക്കെന്നോ...?
undefined
അച്ഛനെ ഡിസ്ചാര്‍ജ് ചെയ്തു, ഞങ്ങള്‍ ഹോസ്പിറ്റലില്‍ നിന്ന് വീട്ടിലേയ്ക്ക് ഇറങ്ങുന്ന സമയം. കാറ് ഹോസ്പിറ്റല്‍ വരാന്തയോട് ചേര്‍ത്തിട്ട് ചേട്ടന്‍, വീല്‍ചെയറില്‍ ഇരിക്കുന്ന അച്ഛനെ താങ്ങി കാറിനകത്തേയ്ക്ക് ഇരുത്താന്‍ ശ്രമിക്കുന്നു. മൂന്നാംനിലയില്‍ നിന്നും വീല്‍ചെയര്‍ തള്ളി ഇവിടെ വരെ എത്തിച്ച ചേച്ചി ഞങ്ങളെ സഹായിക്കുന്നു. സഞ്ചികള്‍ എടുത്തു വെയ്ക്കുന്നു. അവസാനം കാറില്‍ കയറാന്‍നേരം ഉള്ളിലെ സ്‌നേഹം സഹിക്കാന്‍ വയ്യാതെ ഞാന്‍ അവരെ കെട്ടിപ്പിടിക്കുന്നു. ''ഇനിയും കാണാം ചേച്ചീ'' എന്ന് കൈ പിടിക്കുന്നു. താങ്ക്‌സ് പറയുന്നു. ''ഇനി ഇവിടെ വെച്ചു കാണണ്ട'' എന്നവര്‍ ചിരിയോടെ തിരിച്ചു തൊടുന്നു.
''നീ അവരോട് ഇത്രയും കൂട്ടായോ'' എന്ന് ചേട്ടന്‍ ഡ്രൈവിംഗിന്റെ ഇടയില്‍ പുരികം ഉയര്‍ത്തുന്നു. ''ചേട്ടാ, അവരുടെ കഥ അറിയാമോ,'' എന്ന് ഞാന്‍ ഭാണ്ഡം തുറക്കുന്നു.
മുറി വൃത്തിയാക്കാന്‍ വന്ന പേരറിയാത്ത ചേച്ചി
പത്തു ദിവസത്തോളം താമസിച്ച ഹോസ്പിറ്റല്‍ മുറിയില്‍ നേരം വെളുക്കും മുന്‍പേ വന്നു വാതിലില്‍ തട്ടുന്നവരില്‍ ഒരാള്‍ ആയിരുന്നു അവര്‍. 7 മണിക്ക് മുന്‍പേ ഈ ചേച്ചി എന്തിനാ തിരക്ക് പിടിച്ചു ക്ലീന്‍ ചെയ്യാന്‍ വരുന്നതെന്ന് ഞാന്‍ കണ്ണ് തിരുമ്മികൊണ്ട്, കിടന്ന പായ ചുരുട്ടി മേലെയ്ക്ക് വെച്ചു. രണ്ടു ദിവസത്തെ മാസ്‌കിനകത്തെ പരിചയച്ചിരിക്കു ശേഷമാണ് ഞങ്ങള്‍ മിണ്ടി തുടങ്ങിയത്.
പുലര്‍ച്ചെ വീട്ടിലെ പാചകമൊക്കെ തീര്‍ത്ത് ഉച്ചക്കത്തെയ്ക്ക് ചോറും പൊതിഞ്ഞാണ്, രണ്ടു ബസ് മാറി കേറി, നേരം വെളുക്കുമ്പോ അവര്‍ ഹോസ്പിറ്റലില്‍ എത്തുന്നത്. വീട്ടില്‍ പണിക്ക് പോവാന്‍ വയ്യാത്ത ഭര്‍ത്താവും 25 വയസ്സായ മോനും. ഒരു മോള്‍ ഉണ്ടായിരുന്നത് 6 വയസ്സില്‍ മരിച്ചു പോയി. ആ സ്‌നേഹം കൂടി കൊടുത്തത് കൊണ്ടാവും, മോന് സുഖായി അങ്ങ് ജീവിക്കണം എന്ന് മാത്രമേ ഉള്ളു. വലിയമ്മയ്ക്ക് മക്കള്‍ ഇല്ലാത്തതിനാല്‍ അവരും ഈ മോനെ നല്ലോണം സ്‌നേഹിക്കുന്നു.
ഓണ്‍ലൈന്‍ ആയി സാധനങ്ങള്‍ വാങ്ങുന്നതിന്റെ പൈസ അമ്മ കൊടുക്കണം. ''പഠിപ്പ് കഴിഞ്ഞെങ്കിലും ജോലി ഒന്നും ആയിട്ടില്ല. അതുകൊണ്ട് എനിക്ക് പണി എടുക്കാതെ പറ്റില്ല മോളെ.'' ഇത്രയും കാര്യങ്ങള്‍ ഒക്കെ വളരെ നിസാരമായി പറഞ്ഞുകൊണ്ടിരുന്ന അവര്‍ ഒന്ന് നിര്‍ത്തിയിട്ടു പിന്നെയും പറഞ്ഞു. 'വലിയമ്മയെ ആണ് അവന്‍ 'അമ്മ എന്ന് വിളിക്കുന്നത്. അവര്‍ക്ക് ഒത്തിരി പൈസ ഉണ്ട്. മോന്‍ എന്ത് പറഞ്ഞാലും അവര്‍ വാങ്ങിക്കൊടുക്കും. ഒരിക്കല്‍ ' അമ്മേ എന്ന് വിളിക്കുന്ന കേട്ട് ഞാന്‍ മറുപടി പറഞ്ഞപ്പോ, മോന്‍ തിരുത്തി. ഞാന്‍ നിങ്ങളെ അല്ല വിളിച്ചത് എന്ന്. അവര്‍ തമ്മില്‍ നല്ല സ്‌നേഹമാണ്.''
അവര്‍ പറച്ചില് നിര്‍ത്തി മുറി തുടയ്ക്കല്‍ കഴിഞ്ഞ്, ഉപയോഗിച്ച ഡയപ്പര്‍ അടക്കമുള്ള മാലിന്യക്കൊട്ടയുമായി പുറത്തേയ്ക്ക് പോയി. ഒറ്റവാചകത്തിലേയ്ക്ക് ഭൂതവും ഭാവിയും അടക്കം പല ഫ്രെയിമുകള്‍ ഓടിക്കേറിവരുന്ന അന്ധാളിപ്പില്‍ ഞാന്‍ അങ്ങനെ ഇരുന്നു.
മാസ്‌കിനകത്ത് ഒരു ഭാവവും നമുക്ക് കൃത്യമായി മനസ്സില്‍ ആവില്ലന്നെ.
ഡ്രൈവിംഗിന്റെ ഇടയില്‍ ചേട്ടന്‍ മുഖം തുടച്ചു.
''അവര്‍ക്ക് എന്തേലും കൊടുക്കാമായിരുന്നു ല്ലേ..?''
'അവള്‍ പൈസ കൊടുത്തു. ഞാന്‍ കണ്ടു.'
എന്നെ ചാരികൊണ്ട് അത്രനേരം മിണ്ടാതിരുന്ന അച്ഛന്‍ പറയുന്നു.
ഞങ്ങള്‍ രണ്ടുപേരും ഒരുപോലെ ഞെട്ടുന്നു.
''ചേട്ടാ, അച്ഛന് ഓര്‍മ നല്ലോണം ശരിയായിട്ടാ.''
ചിരിക്കുമ്പോഴും പല കാരണങ്ങള്‍ കൊണ്ട് കണ്ണ് നിറയുന്നല്ലോ .
ചിഞ്ചു
'ഡീ, പിന്നേ നീ താഴേയ്ക്ക് പോയപ്പോ ആ നഴ്‌സിംഗ് സ്റ്റുഡന്റ് വന്നു നിന്നെ അന്വേഷിച്ചു ട്ടാ. കേക്ക് നു താങ്ക്‌സ് പറഞ്ഞു. നീ എപ്പോഴാ അത് വാങ്ങിക്കൊടുത്തത് ?''
''ഏതു കുട്ടി?
നമ്മുടെ റൂമില്‍ പ്രാക്ടിക്കല്‍ എക്‌സാമിനു വന്നില്ലേ? ആ കുട്ടി.''
കഴിഞ്ഞ കുറച്ചു കൊല്ലങ്ങള്‍ ആയിട്ട് പലവട്ടം ആശുപത്രിവാസം വേണ്ടിവന്നതുകൊണ്ട് നഴ്‌സുമാരോടുള്ള എന്റെ സ്‌നേഹവും ബഹുമാനവും കൂടികൂടി വന്നുകൊണ്ടിരുന്നു. ചില്ലറ ചില ദുരനുഭവങ്ങള്‍ ഉണ്ടെങ്കില്‍ കൂടി മനസിന് മാറ്റമൊന്നും വന്നില്ല. അത്രയ്ക്കു ആത്മാര്‍ത്ഥതയും സമര്‍പ്പണവും ക്ഷമയും ആവശ്യമുള്ള ജോലിയാണ് അവര്‍ ചെയ്യുന്നതെന്ന് മനസിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ടന്നേ.
ഈ തവണ ആണെങ്കില്‍ അച്ഛന്‍ പൂര്‍ണ്ണമായും കിടപ്പില്‍ ആയിരുന്നു. വിദ്യാര്‍ത്ഥിനികള്‍ അടക്കമുള്ള നഴ്‌സുമാര്‍ തന്ന സഹകരണത്തിന് നന്ദി പറഞ്ഞാല്‍ ഒന്നും തീരില്ല. ഒരു കേക്ക് എങ്കിലും വാങ്ങി കൊടുക്കണം എന്ന് പെട്ടെന്ന് തോന്നിയ ആശയമാണ്.
കേക്ക് എവിടുന്നു വാങ്ങണം? അപ്പോ ചിഞ്ചുവിനെ ഓര്‍മ വന്നു. ചിഞ്ചു ബി ടെക് കഴിഞ്ഞ മിടുക്കി കുട്ടിയാണ്. മൂന്ന് പെണ്‍കുട്ടികളില്‍ മൂത്തവള്‍. ആ ചേച്ചി ബോധവും അച്ഛന്റെ കഷ്ടപ്പാടിനെ പറ്റിയുള്ള ബോധ്യവും നല്ലോണം ഓര്‍മ ഉള്ളവള്‍. വീട്ടിലേയ്ക്കുള്ള വഴിയുടെ സൗകര്യക്കുറവ്, വീട്ടിലെ സാമ്പത്തികം തുടങ്ങിയ തന്റെതല്ലാത്ത കാരണങ്ങള്‍ കൊണ്ട് അര്‍ഹിക്കുന്ന ഒരാളെ ഒപ്പം കിട്ടാതെ പോയവള്‍.
ഞങ്ങള്‍ ഒരുമിച്ചു ഒരു സ്ഥാപനത്തില്‍ കുറച്ചു കാലം ജോലി ചെയ്തിരുന്നു. സ്‌നേഹിക്കാതിരിക്കാന്‍ കഴിയാത്ത വിധം നന്മയുള്ള ഒരു മോള്‍ ആയതുകൊണ്ട് ഞങ്ങള്‍ എന്തിനും ഒരുമിച്ചു നടന്നു. വിശദീകരിക്കാന്‍ പ്രയാസമുള്ള കാരണങ്ങള്‍ കൊണ്ട് ഓഫീസില്‍നിന്നും എനിക്ക് ഇറങ്ങേണ്ടി വന്നപ്പോള്‍ അവളും ഒപ്പം ഇറങ്ങി. ചേച്ചി ഇല്ലാതെ ഞാന്‍ നില്‍ക്കില്ല എന്ന ഒരു കാരണം മാത്രമേ അവള്‍ക്കുണ്ടായിരുന്നുള്ളു.
ഇപ്പോള്‍ അവള്‍ സമര്‍ഥയായ ഒരു ഹോം ബേക്കര്‍ ആണ്. സ്വന്തമായി പഠിച്ചു അസ്സലായി കേക്കും മിട്ടായിയും ഒക്കെ ഉണ്ടാക്കുന്നു, വില്‍ക്കുന്നു. അനിയത്തിമാര്‍ക്കും, പൊരുതി ജീവിക്കുന്ന മറ്റു സ്ത്രീകള്‍ക്കുമൊക്കെ ജീവിക്കാനും ജയിക്കാനും ഒരു പ്രചോദനം ആവുന്ന നിലയിലേയ്ക്ക് അവള്‍ വളരുന്നത് കണ്ടുനില്‍ക്കയാണ് ഞാന്‍.
ആ മിടുക്കിപ്പെണ്ണ് ഉണ്ടാക്കിയ കേക്ക് ആണ് ഞാന്‍ നഴ്‌സ് കുട്ടികള്‍ക്ക് കൊടുത്തത്.
അനുഗ്രഹങ്ങളെ എണ്ണുക
''അച്ഛനെ കുറച്ചു നാള്‍ ഫിസിയോ തെറാപ്പിക്ക് കൊണ്ട് പോവണം എന്നാ ഡോക്ടര്‍ പറഞ്ഞത്. മൂന്നു ദിവസം ചെയ്തപ്പോ തന്നെ കുറച്ചു സമാധാനം ഉണ്ട്.''
''ആ ചേട്ടാ, അവരുടെ ക്ലിനിക്കില്‍ പോയപ്പോ അപ്പുറത്തൊരു കുട്ടി കിടക്കുന്നത് കണ്ടോ. എന്താ പറ്റിയത് എന്നറിയോ?''
കഴിഞ്ഞ ദിവസം അച്ഛനെ ആശുപത്രിയുടെ മുകളിലത്തെ നിലയില്‍ ഫിസിയോ തെറാപ്പി ചെയ്യുന്ന ഡോക്ടറിന്റെ ക്ലിനിക്കില്‍ കൊണ്ട് പോയിരുന്നു. തെറാപ്പി ചെയ്യുന്നതിന് കുറച്ചു സമയം എടുക്കും എന്ന് പറഞ്ഞതുകൊണ്ട് അടുത്ത് കണ്ട കസേരയില്‍ ചേട്ടന്‍ ഇരുന്നു. ഞാന്‍ ആണെങ്കില്‍ ഒരു സുഹൃത്ത് കാണാന്‍ വരുന്നുണ്ടെന്നു പറഞ്ഞതിനാല്‍ അവന്റെ വിളി കാത്തിരിക്കുകയും ആയിരുന്നു. തൊട്ടപ്പുറത്ത് കട്ടിലില്‍ ഒരു മകന്‍ കിടക്കുന്നുണ്ട്. അരികില്‍ കസേരയില്‍ ആ മകന്റെ ഉമ്മ ഇരിപ്പുണ്ടായിരുന്നു. അവര്‍ എന്നെ വിളിച്ച് കട്ടിലിന്റെ അടിയിലെ സ്റ്റൂള്‍ കാണിച്ചു തന്നിട്ട് അതെടുത്തു ഇരുന്നു കൊള്ളൂ എന്ന് പറഞ്ഞു.
ശ്രദ്ധിച്ചിട്ടുണ്ടോ, ജീവിതത്തിന്റെ സങ്കടാവസ്ഥകളില്‍ കൂടി കടന്നു പോവുന്ന മനുഷ്യര്‍ അവിശ്വസനീയമാം വിധം കരുണ ഉള്ളവരായി തീരുന്നത്. അഞ്ചു മിനുട്ട് മാത്രമാണ് ഞങ്ങള്‍ ഒപ്പം ഉണ്ടായത്. ആ നേരത്ത് അവര്‍ മകന്റെ അവസ്ഥ പങ്കു വെച്ചു. കുതിര്‍ന്ന മണ്‍പാത്രം ഒരു സ്പര്‍ശത്തില്‍ പൊടിഞ്ഞ് നിറഞ്ഞ വെള്ളം ഒഴുകിപോവും പോലെ ഇരുന്നു അത്.
15 വയസ്സുള്ള മകന് ഓണ്‍ലൈന്‍ ക്ലാസ്സില്‍ ഇരിക്കുമ്പോഴൊക്കെ തലവേദന എടുക്കുമ്പോ, പഠിക്കാന്‍ ഉള്ള മടി ആണെന്നാണ് വീട്ടുകാര്‍ കരുതിയത്. പിന്നെ പിന്നെ സഹിക്കാന്‍ വയ്യാത്തവിധം കരഞ്ഞപ്പോ ഹോസ്പിറ്റലിലേക്ക് കൊണ്ട് വന്നു, സ്‌കാന്‍ ചെയ്തപ്പോഴാണ് അറിഞ്ഞത് തലച്ചോറില്‍ ഇന്‍ഫെക്ഷന്‍ ആയെന്നും പെട്ടെന്ന് സര്‍ജറി വേണമെന്നും. സര്‍ജറിക്ക് ഒടുവില്‍ ആ കുട്ടി ശരീരം മുഴുവന്‍ തളര്‍ന്നു സംസാരിക്കാതെ കിടപ്പില്‍ ആയത്രേ. ആറ് മാസത്തെ ചികിത്സക്ക് ശേഷം പാതി അനങ്ങി തുടങ്ങി. മിണ്ടാനും കഴിയും എന്ന അവസ്ഥയിലായി. മൂന്ന് മാസത്തോളമായി ഇവിടെ വന്നു ഫിസിയോ തെറാപ്പി ചെയ്യുന്നു. ചെറിയ മാറ്റം ഉണ്ട്. പ്രതീക്ഷയുണ്ട്.
താഴെ വന്നു കാത്ത് നില്‍ക്കുന്നു എന്ന് അന്നേരം കൂട്ടുകാരന്‍ ഫോണ്‍ വിളിച്ചു. അല്ലെങ്കിലും എനിക്ക് അവരുടെ അടുത്ത് നില്‍ക്കാനോ ഇരിക്കാനോ സാധിക്കുന്നുണ്ടായില്ല. മക്കളുടെ പ്രായം ഓര്‍ത്ത്, ആ മോനും അമ്മയും കടന്നു പോവുന്ന മാനസിക അവസ്ഥകള്‍ ഓര്‍ത്ത് ഉള്ളു വിറച്ചു. പോട്ടെ എന്ന് അവരുടെ കൈ തൊട്ടു കൊണ്ട് വാതില്‍ക്കലേയ്ക്ക് നടക്കുമ്പോ ആ മോനെ നോക്കാതിരിക്കാന്‍ കഴിഞ്ഞില്ല. വാതിലില്‍ കൈ വെച്ച ഞാന്‍ തിരിഞ്ഞു ആ മോന്റെ അടുത്തേയ്ക്ക് ചെന്നു. മുഖത്ത് കൈ തൊട്ടു കൊണ്ട് അവനോട് ചിരിച്ചു. 'വേഗം മാറും കണ്ണാ, മിടുക്കനായി ഓടി നടക്കാന്‍ പറ്റും'.
മാസ്‌ക് വെക്കാത്ത മുഖത്ത് നല്ലൊരു ചിരിയോടെ, പ്രതീക്ഷിക്കാത്ത അത്രയും കരുത്തുള്ള ശബ്ദത്തോടെ അവന്‍ 'ആ' എന്ന് മൂളി. ഞാന്‍ പുറത്തേയ്ക്ക് നടന്നു. ജീവിതത്തില്‍ ഞങ്ങള്‍ ഇനി കാണുകയേ ഇല്ലായിരിക്കും. അതിനൊക്കെ എന്ത് പ്രസക്തി? താഴെ സുഹൃത്ത് നില്‍ക്കുന്നുണ്ടായിരുന്നു. അവന്‍ എന്തോ സങ്കടം പറയാന്‍ വന്നതാണെന്ന് എനിക്കറിയാം. അതൊന്നും അന്വേഷിക്കാതെ ഞാന്‍ ഈ മകനെ പറ്റി പറഞ്ഞുകൊണ്ടിരുന്നു. അവന്റെ പ്രായം, സ്വപ്നങ്ങള്‍, നടക്കാതെ പോവുന്ന ചെറിയ ആഗ്രഹങ്ങള്‍, വേദനകള്‍. നമ്മള്‍ ചെറിയ കാര്യങ്ങള്‍ക്ക് വിഷമിക്കാന്‍ പാടില്ലടാ എന്ന് അവസാനിപ്പിച്ചു.
അവനു പിന്നൊന്നും പറയാന്‍ ഇല്ലായിരുന്നു.
''നിന്നോട് എന്താ മനുഷ്യര്‍ ഇതൊക്കെ പറയുന്നേ? ഇത്ര പെട്ടെന്ന്? ഇന്നലെയും ഒരു കുട്ടിയുടെ കാര്യം പറഞ്ഞല്ലോ?''
സച്ചിന്റെ കഥ
സച്ചിന്‍ എന്നെ കാണാന്‍ ഇന്നലെ ആശുപത്രിയില്‍ വന്നിരുന്നു. ചേച്ചിക്ക് ഒരു സമാധാനം ആയെങ്കിലോ എന്ന് കരുതിയാണ് വന്നതെന്നാണ് അവന്‍ പറഞ്ഞത്. അത് സത്യവുമായിരുന്നു. സച്ചിന്‍ ഒരു മിടുക്കന്‍ കുട്ടിയാണ്. Drawings പ്രിന്റ് എടുക്കുന്നതിന്റെ ഭാഗമായി 4 കൊല്ലമായി ഞാന്‍ അവനെ കാണുന്നു. പ്രിന്റ് എടുക്കുന്ന സ്ഥാപനത്തിലെ ജോലിക്കാരന്‍ എന്ന നിലയില്‍ ഇടയ്ക്കിടെ കാണുന്നത് കൊണ്ടല്ല ഞങ്ങള്‍ കൂട്ടായത്. ചില മുഖങ്ങളില്‍ ചില മനുഷ്യര്‍ ആദ്യ കാഴ്ച്ചയില്‍ കണ്ടെത്തുന്ന ഒരു സ്‌നേഹം ഇവനില്‍ ഉണ്ടായിരുന്നു.
എന്റെ മകള്‍ താമരയെ പറ്റി ബന്ധുവായ ചേച്ചി പറഞ്ഞു കേട്ടിട്ടുണ്ട്.മൂന്ന് 3 വയസ്സുള്ളപ്പോ തന്നെ അവള്‍ കാണുന്ന എല്ലാവരുമായി കൂട്ടാവുമായിരുന്നു. സ്‌നേഹം കൊതിക്കുന്ന ഒരു മുഖവും സ്വഭാവരീതിയുമാണ് ആ കുട്ടിക്ക് ഉള്ളതെന്നാണ് അവര്‍ പറഞ്ഞത്. സച്ചിനെ കണ്ടപ്പോള്‍ എനിക്ക് അങ്ങനെയാണ് തോന്നിയത്. കസ്റ്റമര്‍ എന്നതിനും അപ്പുറത്ത് വലിയ പരിഗണനയും സഹായവും അവന്‍ എപ്പോഴും തന്നിരുന്നു. പിന്നീടാണ് എത്രയോ മടങ്ങ് സ്‌നേഹമാണ് അവന്‍ അര്‍ഹിക്കുന്നതെന്നു എനിക്ക് മനസിലായത്.
ആറ് വയസ്സില്‍ അമ്മ നഷ്ടപ്പെട്ട കുട്ടിയാണ്. ബന്ധുക്കള്‍ കയ്യൊഴിഞ്ഞതുകൊണ്ട് അച്ഛന് തൊഴില്‍ നഷ്ടപ്പെടാതിരിക്കാന്‍ അവനെയും ചേട്ടനെയും അനിയത്തിയേയും അനാഥാലയത്തില്‍ ആക്കേണ്ടി വന്നുവത്രെ. അവിടെയാണ് 16 വയസ്സ് വരെ വളര്‍ന്നത്. അതിന്റെ അപ്പുറത്തേയ്ക്ക് ചോദിയ്ക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോ ഫോട്ടോഷോപ്പ് ഒക്കെ പഠിച്ചു ജോലി ചെയ്തു സ്വന്തം കാലില്‍ നില്‍ക്കുന്നു എന്നറിയാം. വീട്ടുകാര്‍ക്ക് ഒപ്പം ഒരിടത്തു താമസിക്കുന്നു എന്നും. അത് മതി. കൂട്ടുകാരൊപ്പം ബൈക്കില്‍ സച്ചിന്‍ ഹിമാലയത്തില്‍ പോയ ഫോട്ടോ ഫേസ്ബുക്കില്‍ കണ്ടു കണ്ണ് നിറച്ചു നോക്കി ഇരുന്നു ഞാന്‍. ചേട്ടനും കാണിച്ചു കൊടുത്തു. അത്ര ഒക്കെ അറിഞ്ഞാല്‍ പോരെ ഈ കുട്ടിയെ പറ്റി ..?
ആശുപത്രി ഇനി ഓര്‍മ്മ
വീട് എത്താറായി. രാത്രിയാണ്.
ഇരുട്ടൊന്നും കാണുന്നില്ല വഴിയില്‍.
നിറയെ വെളിച്ചമാണ്. വിളക്കുകള്‍ ആണ്. നക്ഷത്രങ്ങളും.