യുദ്ധക്കളത്തില്‍ ഉപേക്ഷിക്കപ്പെട്ട കാപ്പിക്കുരു യൂറോപ്പിനെ മാറ്റിമറിച്ച കഥ, കാപ്പി വെറും കാപ്പിയല്ല!

By Suhail Ahammed  |  First Published Oct 14, 2022, 2:12 PM IST

യൂറോപ്പിന്റെ എക്കാലത്തേയും വലിയ ശത്രുവായ ഓട്ടോമന്‍ ഭരണകൂടത്തില്‍ നിന്ന് തന്നെയാണ് കാപ്പി യൂറോപ്പിന്റെ കൈകളിലേക്ക് എത്തിയത്. 


യൂറോപ്പിന് കാപ്പി ഒരു കാലത്ത് സാത്താന്റെ പാനീയമായിരുന്നു. യൂറോപ്യരുടെ ചിന്തകളില്‍ കാപ്പി/ കോഫി പൗരസ്ത്യ  പാനീയമായി ഗണിച്ചിരുന്നു. അതിനൊരു മാറ്റം വന്നത് പോപ്പ് ക്ലെമന്റ് എട്ടാമന്‍ കാപ്പി കരുതുംപോലം ഉപദ്രവകാരിയല്ല  എന്ന് തീര്‍പ്പെഴുതിയതോടെയാണ്.

 

Latest Videos

undefined

 

മഴ, കട്ടന്‍ചായ, ജോണ്‍സണ്‍ മാഷിന്റെ പാട്ട്, ആഹാ അന്തസ്സ്. 

സാമൂഹിക മാധ്യമങ്ങളില്‍ മലയാളികള്‍ ഇട്ടുമടുത്ത സ്റ്റാറ്റസ്. അങ്ങനെ കുറിക്കുന്നവന്റെ ഉള്ളിലാകട്ടെ, ആസ്വാദനത്തിന്റെ ആനന്ദമുണ്ട്. വായിക്കുന്നവന് അത് എളുപ്പം മനസ്സിലാകുന്നതും പതിവ്. 

പക്ഷേ, ചായയുടെ സ്ഥാനത്ത് കാപ്പി എന്നു എഴുതാന്‍ എന്താണ് നമുക്കൊരു മടി? പൊരിമഴയത്ത് വീട്ടുവരാന്തയിലിരുന്നു, ഉമ്മറത്ത് ഇറ്റി വീഴുന്ന മഴത്തുള്ളികളെ നോക്കി, കാപ്പി നുകര്‍ന്നവരുണ്ടെങ്കില്‍ പോലും മഴ, കാപ്പി, ജോണ്‍സണ്‍ മാഷിന്റെ പാട്ട്, ആഹാ അന്തസ്സ് എന്ന സ്റ്റാറ്റസ് ഇടാവാനിടയില്ല എന്നാണ് തോന്നുന്നത്. 

 


 

കാപ്പിക്കഥ
ദിനേനെ ലോകത്ത് 2.25 ബില്യണ്‍ കപ്പ് കാപ്പിയാണ് ജനങ്ങള്‍ വാങ്ങിക്കുടിക്കുന്നത്.  ബിസി 850-ല്‍ യമന്‍കാരായ ആട്ടിടയന്‍മാരാണ് എത്യോപ്യയില്‍ വച്ച് കാപ്പി കണ്ടെത്തിയതത്രെ! പ്രത്യേക തരം ചെടി തിന്ന ആടുകള്‍ക്ക് അസാമാന്യമായ ഉന്‍മേഷം കിട്ടിയത് കണ്ടാണ് അത് കാപ്പിയുടെ കണ്ടെത്തലിലേക്ക് നയിച്ചുവെന്നാണ് ഒരു കഥ.

ശൈഖ് ഉമറെന്നൊരു സഞ്ചാരി വിശപ്പ് സഹിക്കാന്‍ കഴിയാതെ വഴിയില്‍വച്ചു കിട്ടിയ ബീന്‍സുകള്‍ തിന്നു. അത് കാപ്പിക്കുരു ആയിരുന്നുവെന്നും, ക്രമേണ അത് കാപ്പിയുടെ കണ്ടെത്തലിലേക്ക് നയിച്ചുവെന്നുമാണ് തുര്‍ക്കിക്കഥ. 

കാപ്പിക്കഥ യൂറോപ്പിലേക്ക് എത്തുമ്പോള്‍, അതില്‍ കൗതുകമുണ്ട്, തമാശയുണ്ട്. കാപ്പി വെറും കാപ്പിയല്ല. യൂറോപ്പിന് കാപ്പി ഒരു കാലത്ത് സാത്താന്റെ പാനീയമായിരുന്നു. യൂറോപ്യരുടെ ചിന്തകളില്‍ കാപ്പി/ കോഫി പൗരസ്ത്യ  പാനീയമായി ഗണിച്ചിരുന്നു. അതിനൊരു മാറ്റം വന്നത് പോപ്പ് ക്ലെമന്റ് എട്ടാമന്‍ കാപ്പി കരുതുംപോലം ഉപദ്രവകാരിയല്ല  എന്ന് തീര്‍പ്പെഴുതിയതോടെയാണ്.

ആ കാപ്പിക്കഥ ഇങ്ങനെയാണ്:  മറ്റൊരു നാട്ടിലെ വിഭവമായതിനാല്‍ കാപ്പി സാത്താന്റെ കണ്ടെത്തലാണെന്ന് നിരൂപിച്ച് വിലക്കണമെന്ന് അനുയായികള്‍ പോപ്പ് ക്ലെമന്റിനോട് ആവശ്യപ്പെട്ടത്രെ. പെട്ടെന്നൊരു തീര്‍പ്പ് കല്‍പ്പിക്കാതെ പോപ്പ് ഇടപെട്ടു. അദ്ദേഹം കാപ്പി രുചിച്ച് നോക്കി. എന്നിട്ട് അണികളോട് പറഞ്ഞത്രെ,  'സാത്താന്റെ വെള്ളം രുചികരമാണ്. സാത്താനെ നമുക്ക് മാമോദീസ ചെയ്യാം.'

ആസ്വദിച്ചു കുടിക്കാന്‍ കഴിയുന്ന പാനീയമെന്ന് അണികളെ ബോധ്യപ്പെടുത്താനായിരുന്നു പോപ്പിന്റെ വാചകം.

പന്ത്രണ്ടാം നൂറ്റാണ്ടില്‍ എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചുകള്‍ കാപ്പി നിരോധനം നടപ്പിലാക്കിയിരുന്നത്രെ! കാരണം മുസ്ലിം ലോകത്ത് വിശിഷ്യാ സൂഫി സദസ്സുകളില്‍ സത്കാര വിഭവമായിരുന്നത്രെ കാപ്പി. 

 

 

കാപ്പിയുടെ മതം 

മുസ്ലിം ലോകത്ത് പോലും ഒരുകാലത്ത് കാപ്പിയെ കുറിച്ച് തെറ്റിദ്ധാരണ നിലനിന്നിരുന്നു. മത്തു പിടിപ്പിക്കുന്ന പാനീയമാണെന്നും കുടിക്കരുതെന്നും അപൂര്‍വ്വം പണ്ഡിതര്‍ തീര്‍പ്പെഴുതിയിരുന്നത്രെ! .ഓട്ടോമന്‍ ഭരണാധികാരിയായ മുറാദ് നാലാമന്‍ കാപ്പിപ്പേടിയുള്ള ഭരണാധികാരിയായിരുന്നു. കാപ്പി കുടിക്കുന്നവര്‍ ഭരണത്തെ ചോദ്യം ചെയ്യുന്നുണ്ടെന്നും സാമൂഹിക ക്രമത്തെ അത് തകര്‍ക്കുമെന്നും 
അദ്ദേഹം വിശ്വസിച്ചിരുന്നു. ഭരണവീഴ്ചയെ സൂഫികളില്‍ ചിലര്‍ ചോദ്യം ചെയ്തതാവണം അതിന് കാരണം. സൂഫി സദസ്സുകളില്‍ കാപ്പിയായിരുന്നു ഇഷ്ടപാനീയം എന്ന് ചേര്‍ത്തുവായിച്ചാലാണ് മുറാദ് നാലാമന്റെ കാപ്പിപ്പേടിയിലെ കൗതുകം തിളയ്ക്കുന്നത് കാണാനാവുക. 

എന്നാല്‍ തുര്‍ക്കി സുല്‍ത്താന്‍ സുലൈമാന്‍  ഒന്നാമന്‍ കാപ്പി നിരോധനം ആവിയാക്കി. അതോടെ കാപ്പി തുര്‍ക്കിക്കാര്‍ക്ക്  നരകംപോലെ കറുത്തതും മരണംപോലെ കടുപ്പമുള്ളതും പ്രണയംപോലെ മധുരിക്കുന്നതുമായിരിക്കണമെന്നുമായി.

എത്യോപ്യയിലാണ് കാപ്പിയുടെ ഉത്ഭവമെങ്കിലും യമനി കച്ചവടക്കാര്‍ വഴി, കാപ്പി ദൂരമേറെ താണ്ടി പലനാടു വാണു. മക്ക, മദീന, കൈറോ, ബാഗ്ദാദ്, ഡമസ്‌കസ് എന്നിവിടങ്ങളിലേക്കെല്ലാം കച്ചവടക്കാര്‍ വഴി കാപ്പിയെത്തി. അതിന്റെ രുചിയും മണവും പടര്‍ന്നു. 1645-ല്‍ ആദ്യ കോഫി ഹൗസ് വെനീസില്‍ തുറന്നതോടെയാണ്  കാപ്പി സാധാരണക്കാരന്റെ കൂടി പാനീയമാകുന്നത്. 218 കാപ്പിക്കടകളായിരുന്നു അക്കാലത്ത് വെനീസില്‍ തുറന്നത്. 

 

 

വിയന്നയിലെ കാപ്പിക്കട

പിന്നാലെ റോമിലും മിലാനിലും ഉള്‍പ്പെടെ യൂറോപ്പിന്റെ പല ഭാഗങ്ങളില്‍ കാപ്പിക്കടകള്‍ തുറന്നു. 17-ാം നൂറ്റാണ്ടില്‍ ബ്രിട്ടിഷുകാര്‍ ടര്‍ക്കിഷ് ജീവിത ശൈലിയില്‍ നിന്ന് കാപ്പി കടമെടുത്തു. ടര്‍ക്കിഷ് കുളി, ടര്‍ക്കിഷ് പൂക്കള്‍,  ശ്രേണിയിലേക്ക് കാപ്പിയെക്കൂടി അവര്‍ ചേര്‍ത്തുപിടിച്ചു. 
അലപ്പോയില്‍ നിന്ന് ഈസ്റ്റിന്ത്യാ കമ്പനി കാപ്പി ഇറക്കുമതി ചെയ്തു. യൂറോപ്പിന്റെ എക്കാലത്തേയും വലിയ ശത്രുവായ ഓട്ടോമന്‍ ഭരണകൂടത്തില്‍ നിന്ന് തന്നെയാണ് കാപ്പി യൂറോപ്പിന്റെ കൈകളിലേക്ക് എത്തിയത്. 

വിയന്നയിലേക്ക് കാപ്പി എങ്ങനെയെത്തി എന്നതാണ് ഏറ്റവും രസകരമായ റിപ്പോര്‍ട്ട്. 1683 -ലെ വിയന്ന യുദ്ധത്തില്‍ ഓട്ടോമന്‍ ഭരണകൂടത്തിന് അടിതെറ്റി. യുദ്ധസന്നാഹത്തിനായി കൊണ്ടുവന്ന പലതും ഇട്ടെറിഞ്ഞോടി. കൂട്ടത്തില്‍ ചാക്കുകണക്കിന് കാപ്പിക്കുരുവും ഉണ്ടായിരുന്നു. തദ്ദേശിയര്‍ക്ക് ഇതെന്തെന്നു വ്യക്തമായില്ല. ഒട്ടകത്തിനുള്ള തീറ്റയെന്നാണ് പലരും കരുതിയത്. അതിനിടെ, പലഭാഷകള്‍ വശമുള്ളൊരു 
അര്‍മീനിയന്‍ ചാരന്‍ ചാക്കിലുള്ളത് കാപ്പിക്കുരു ആണെന്ന് തിരിച്ചറിഞ്ഞു. വൈകാതെ വിയന്നയില്‍ കോഫി ഷോപ്പ് തുടങ്ങിയത്രെ.

click me!