കൈയിൽ പണമൊന്നുമില്ലാതെയാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ അമ്പലം കമ്മിറ്റി ആരംഭിച്ചതെങ്കിലും, പതിയെ ആവശ്യത്തിനുള്ള പണം സ്വരൂപിക്കാൻ അവർക്കായി.
കർണാടകയിലെ പുത്തൂരി(Puttur)നടുത്തുള്ള സർവേ ഗ്രാമം സാമുദായിക സൗഹാർദ്ദത്തിന്റെ മാതൃകയാവുകയാണ്. മംഗലാപുരത്ത് നിന്ന് 65 കിലോമീറ്റർ അകലെയുള്ള ഈ ഗ്രാമത്തിലെ ഹിന്ദു-മുസ്ലിം നിവാസികൾ 800 വർഷം പഴക്കമുള്ള യെലിയ ശ്രീ വിഷ്ണുമൂർത്തി ക്ഷേത്ര(Yelia Sri Vishnumurthy temple)ത്തിന്റെ പുനരുദ്ധാരണത്തിനായി ഒത്തുചേർന്നു.
മുൻപ് നിരവധി തവണ ക്ഷേത്രം പുനരുദ്ധരിക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും, അതൊന്നും വിജയം കണ്ടില്ല. ഇപ്പോൾ മതപരമായ അതിരുകൾ ഭേദിച്ച് ഗ്രാമം മുഴുവൻ ഒറ്റക്കെട്ടായി ക്ഷേത്രം നിർമിക്കാൻ മുന്നോട്ട് വന്നിരിക്കയാണ്. "നവീകരണ ജോലികളുമായി മുന്നോട്ട് പോകാൻ മുൻപും പലതവണ മുസ്ലിം ജനത ഞങ്ങളോട് ആവശ്യപ്പെട്ടിരുന്നു. 2019 -ൽ ഒരു ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി രൂപീകരിച്ചിരുന്നു. അതിനുശേഷം പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു” കമ്മിറ്റിയുടെ ട്രഷറർ പ്രസന്ന റായ് എസ് പറഞ്ഞു.
undefined
ഗ്രാമത്തിലെ ജനസംഖ്യയുടെ ഏകദേശം 30% മുസ്ലീങ്ങളും 50% ഹിന്ദുക്കളുമാണ്. ഭൂരിഭാഗം ജനങ്ങളും ഇടത്തരക്കാരാണ്. ജാതിമത ഭേദ്യമന്യേ നൂറുകണക്കിന് ആളുകൾ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പുനരുദ്ധാരണരത്തിനുള്ള ചെലവുകൾ എല്ലാവരും തുല്യമായി പങ്കിടും. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി നിരവധി വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളും അവർ ആരംഭിച്ചു. ക്ഷേത്രത്തിന്റെ മതിൽ പണിയാൻ ഏകദേശം 75,000 രൂപ ചെലവ് വന്നു. അതുപോലെ കിണർ നിർമ്മിക്കേണ്ടി വന്നപ്പോൾ, സംഭാവന നല്കാൻ ആഗ്രഹിക്കുന്നവരോട് ഓരോ റിങ്ങുകൾ സ്പോൺസർ ചെയ്യാൻ ആവശ്യപ്പെട്ടതായി പ്രസന്ന വിശദീകരിച്ചു. കൂടാതെ, മേൽക്കൂര ചെമ്പോല പതിക്കാൻ 1 ചതുരശ്ര അടിക്ക് 1,000 രൂപയാണ് ചിലവ്. അതിലേയ്ക്ക് താല്പര്യമുള്ളവർക്ക് സംഭാവന നൽകാമെന്നും ക്ഷേത്രം കമ്മിറ്റി അറിയിക്കുകയുണ്ടായി.
കൈയിൽ പണമൊന്നുമില്ലാതെയാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ അമ്പലം കമ്മിറ്റി ആരംഭിച്ചതെങ്കിലും, പതിയെ ആവശ്യത്തിനുള്ള പണം സ്വരൂപിക്കാൻ അവർക്കായി. വാട്‌സ്ആപ്പ് ഗ്രൂപ്പുകളും, സംഭാവനകളും വഴി 2 കോടി രൂപ സമാഹരിക്കാൻ കമ്മിറ്റിക്ക് കഴിഞ്ഞു. വർഷങ്ങളായി സർവേ ഗ്രാമം ഐക്യത്തോടെയാണ് ജീവിക്കുന്നത്. "ഞങ്ങൾ ഉറൂസ് ആഘോഷങ്ങളിൽ പങ്കെടുക്കും, തിരിച്ച് മുസ്ലീംകൾ ക്ഷേത്ര ആഘോഷങ്ങളിലും പങ്കുചേരും" പ്രസന്ന പറഞ്ഞു. 2019 -ൽ ഒരു കമ്മിറ്റി രൂപീകരിച്ചതിന് ശേഷമാണ് ക്ഷേത്ര പ്രവർത്തനങ്ങൾ ആരംഭിച്ചതെന്നും നവീകരിച്ച യേലിയ വിഷ്ണുമൂർത്തി ക്ഷേത്രം സാംസ്കാരിക കേന്ദ്രമായി വികസിപ്പിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും പ്രസന്ന കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം, ഗ്രാമവാസികളായ അബ്ബാസ് മജലുഗദ്ദേ, അദ്ദേഹത്തിന്റെ സഹോദരൻ മജലുഗദ്ദെ അബൂബക്കർ കൂടുരസ്‌തെ, അദ്ദേഹത്തിന്റെ അനന്തരവൻ പുട്ടു ബേരി എന്നിവരുടെ ഉടമസ്ഥതയിലുള്ള മൂന്നേക്കർ സ്ഥലം ഒരു സീസണിൽ കൃഷിക്കായി ഗ്രാമീണർക്ക് വിട്ടു കൊടുത്തിരുന്നു. അതിൽ നിന്ന് കിട്ടിയ ആദായവും ക്ഷേത്ര പുനരുദ്ധാരണ പദ്ധതിയുടെ ചെലവിലേക്കാണ് നീക്കിവച്ചത്. നവീകരിച്ച ക്ഷേത്രത്തിലെ ബ്രഹ്മകലശോത്സവം ഫെബ്രുവരി ആറ് ഞായറാഴ്ചയാണ് നടന്നത്.