അവന്‍, ഏതോ സിനിമയില്‍ ഞാന്‍ കണ്ട രജനികാന്ത്!

By Web Team  |  First Published Feb 16, 2023, 1:43 PM IST

മദ്യപനായ പിതാവിന്റെ മര്‍ദ്ദനത്തില്‍നിന്നും അമ്മയെയും കുഞ്ഞനുജനെയും രക്ഷപ്പെടുത്തി ബംഗളുരുവില്‍ വേസ്റ്റ് പെറുക്കി കിട്ടുന്ന പണം കൊണ്ട് അവരെ ജീവിപ്പിക്കുന്ന 12 വയസ്സുകാരന്‍. പ്രശസ്ത കഥാകൃത്ത് വി കെ ദീപ എഴുതിയ ഹൃദയസ്പര്‍ശിയായ അനുഭവക്കുറിപ്പ് 
 


നാട്ടില്‍ സ്‌കൂളില്‍ പോയിരുന്നോ ചോദിച്ചപ്പോ അവന്‍ അറപ്പുള്ള എന്തോ കേട്ടപോലെ മുഖം ചുളിച്ചു. ഏതോ കാലത്തെ സ്‌കൂള്‍ ഓര്‍മ്മ പറഞ്ഞു.  'അവിടെ എപ്പളും അടിക്കും ചീത്ത പറയും. എന്റെ കുപ്പായം കീറിയതല്ലേ, എനിക്ക്  നാറ്റം അല്ലേ.. ക്ലാസ്സില്‍ ചാക്ക് വിരിച്ചിട്ടാണ് ഇരുന്നിരുന്നത്. നിലത്തിരിക്കുന്ന എന്നെ ടീച്ചറും  കുട്ടികളും വെറുതെയും ചവിട്ടും..' ഏതോ ഒരു ജാതിയുടെ പേര് പറഞ്ഞു സങ്കടത്തോടെ അവന്‍ പറഞ്ഞു ഞങ്ങള്‍ അതാ..

 

Latest Videos

 

undefined

സമയം രാത്രി പത്തു മണി കഴിഞ്ഞു.

ബാംഗ്ലൂര്‍ കമേഴ്സ്യല്‍ സ്ട്രീറ്റില്‍  ഞാനും ലക്ഷ്മി ചേച്ചിയും ഒരിടത്ത് ഇരുന്നു സ്വസ്ഥമായി വായ്‌നോക്കുന്നു. മക്കള്‍ ഒരിക്കലും തീരാത്ത ഷോപ്പിംഗിലും. 

അവരെയും കാത്തിരിക്കുമ്പോള്‍, ആളുകള്‍ പതിയെ  ഒഴിഞ്ഞു തുടങ്ങുന്ന കച്ചവടവീഥിയിലേക്ക് പന്ത്രണ്ടു വയസ്സ് തോന്നിക്കുന്ന ബാലന്‍ കേറിവന്നു. കടകളില്‍ നിന്നും ഒഴിവാക്കി നിരത്തിലേക്ക് ഇറക്കി വെച്ച വേസ്റ്റ് തിരഞ്ഞ്, അവന്റെ കയ്യിലെ വലിയ ചാക്കില്‍ കാര്‍ഡ്‌ബോര്‍ഡ് ചട്ടകള്‍ നിറയ്ക്കുന്നു.

അവനൊപ്പം ഉള്ള മറ്റു കുട്ടികള്‍ അവര്‍ക്ക് ആവശ്യം ഉള്ളത് എടുത്തു ബാക്കി വേസ്റ്റ് അവിടെ തന്നെ ഇടുമ്പോള്‍ ഇവന്‍ അവന്റെ ആവശ്യം കഴിഞ്ഞുള്ളത് വേസ്റ്റ്് ബിന്നില്‍ ഇടുന്നത് കണ്ട കൗതുകത്തില്‍ ഞാന്‍ അവനെ നോക്കി ചിരിച്ചു.

അവന്‍ തിരിച്ചു ചിരിച്ചപ്പോള്‍ പെട്ടെന്ന്  എനിക്ക് എന്തോ ചില സിനിമകളിലെ രജനീകാന്തിനെ ഓര്‍മ്മ വന്നു..

അവനോടു വീട് എവിട്യാ ചോദിച്ചപ്പോ കുറെ ദൂരയാന്ന് പറഞ്ഞു. കന്നഡ അല്ല. നല്ല തെളിച്ചമുള്ള ഗ്രാമീണത ഇല്ലാത്ത ഹിന്ദിയില്‍ ആണ് സംസാരം.

അമ്മയും ഒരു അനിയനും ആണ് അവനു ഉള്ളത്. ബീഹാര്‍ സ്വദേശികള്‍ ആണ്. മദ്യപനായ പിതാവിന്റെ മര്‍ദ്ദനം സഹിക്കാന്‍ ആവാതെ രോഗി ആയ അമ്മയെയും  അനിയനെയും കൂട്ടി അവന്‍ ട്രെയിനില്‍ കേറിയതാണ്. അമ്മ അവരെയും കൂട്ടി കേറിയതല്ല. അവന്‍ അവരെ വലിച്ചു കേറ്റി പോന്നതാത്രെ. ഞാന്‍ പന്ത്രണ്ട് വയസുള്ള ആ രക്ഷിതാവിനെ ആദരവോടെ നോക്കി.

ടി ടി പിടിച്ചു ഇറക്കിവിട്ടത് ബാംഗ്ലൂരില്‍.  നാട്ടില്‍ സ്‌കൂളില്‍ പോയിരുന്നോ ചോദിച്ചപ്പോ അവന്‍ അറപ്പുള്ള എന്തോ കേട്ടപോലെ മുഖം ചുളിച്ചു. ഏതോ കാലത്തെ സ്‌കൂള്‍ ഓര്‍മ്മ പറഞ്ഞു.  'അവിടെ എപ്പളും അടിക്കും ചീത്ത പറയും. എന്റെ കുപ്പായം കീറിയതല്ലേ, എനിക്ക്  നാറ്റം അല്ലേ.. ക്ലാസ്സില്‍ ചാക്ക് വിരിച്ചിട്ടാണ് ഇരുന്നിരുന്നത്. നിലത്തിരിക്കുന്ന എന്നെ ടീച്ചറും  കുട്ടികളും വെറുതെയും ചവിട്ടും..' ഏതോ ഒരു ജാതിയുടെ പേര് പറഞ്ഞു സങ്കടത്തോടെ അവന്‍ പറഞ്ഞു ഞങ്ങള്‍ അതാ..

സ്വാതന്ത്ര്യത്തിനു മുന്‍പ് ഉള്ള തന്റെ സ്‌കൂള്‍ ജീവിതത്തെ കുറിച്ച് അംബേദ്കറും ഇത് തന്നെ ആണ് ഓര്‍മ്മക്കുറിപ്പില്‍ പറഞ്ഞിരുന്നത്. പക്ഷേ ചവിട്ടു കിട്ടി എന്ന് പറഞ്ഞിരുന്നില്ല. ഈ ഇന്ത്യയില്‍ അവനു ഇപ്പോഴും  കിട്ടിയത് ചാക്ക് തന്നെ. കൂട്ടത്തില്‍ ചവിട്ടും.

കയ്യിലുള്ള കച്ചറ ചാക്ക് നിറഞ്ഞാല്‍ അവനെ പോലുള്ള കുട്ടികള്‍ ഒരു സ്ഥലത്ത് ഒന്നിച്ചു ചേരും. മുതലാളിയുടെ വണ്ടിവന്നു അവരെ കേറ്റിക്കൊണ്ടു പോകും.. അവിടെനിന്നും കാശ് വാങ്ങി അവന്റെ ഗലിയില്‍ എത്തുമ്പോള്‍ പുലര്‍ച്ചെ 3 മണി കഴിയും. രാത്രി 8മണിക്ക് കച്ചറ പെറുക്കാന്‍ ഇറങ്ങുന്ന അവന്‍ വീട്ടില്‍ എത്തി ഭക്ഷണം കഴിക്കുന്ന നേരമാണത്.

ഏതൊക്കെയോ സിനിമകളില്‍ ഹീറോകളുടെ ബാല്യം കാണിക്കുമ്പോള്‍ ഉള്ള നിശ്ചയദാര്‍ഢ്യം അവന്റെ മുഖത്ത് ഉണ്ട്.

അനിയനെ പറ്റി ചോദിച്ചപ്പോള്‍ അവന്‍ പൂ പോലെ വിടര്‍ന്നു. നൂറു നാവ്. അവന്‍ രണ്ടാം ക്ലാസ്സില്‍ ആണ്.. നന്നായി പഠിക്കും. ചിത്രം വരക്കും നല്ല വികൃതി ആണ്. തമാശക്കാരനാണ് എന്നൊക്കെ.

അനിയന്‍ സ്‌കൂളില്‍ പോകുന്നുണ്ടോ ചോദിച്ചപ്പോ അവന്‍ ഒരു  ടീച്ചറെ കുറിച്ചാണ് ആദ്യം പറഞ്ഞത്. ഒരു ടീച്ചര്‍ ഇവിടെ ഗലിയില്‍ വന്നു അവന്റെ അനിയനെയും മറ്റു കുട്ടികളെയും സ്‌കൂളില്‍ കൊണ്ടു പോയെത്രെ. ആ കുട്ടികളെ ആരെങ്കിലും  കളി ആക്കിയാല്‍ ടീച്ചര്‍ അവരെ ചീത്ത പറയും. അവന്‍ ആഹ്ലാദത്തോടെ പറഞ്ഞു. അനിയനു ബുക്കും കുപ്പായവും ഒക്കെ ആ ടീച്ചര്‍ ആണ് വാങ്ങിയതത്രെ.. അനിയനു സ്‌കൂളില്‍ പോവാന്‍ വലിയ ഇഷ്ടമാണ്.

എന്നും വൈകീട്ട് 5 മുതല്‍ 6 വരെ ടീച്ചര്‍ ഇവനെയും ടീച്ചറുടെ വീട്ടിലേക്ക് വരുത്തി പഠിപ്പിക്കുന്നുണ്ട്. 'എനിക്ക് ഇപ്പോ ഇംഗ്ലീഷ് ഒക്കെ വായിക്കാന്‍ അറിയും' -അവന്‍ ലജ്ജയോടെ പറഞ്ഞു. ഞാന്‍ ചൂണ്ടിക്കാണിച്ച കടയുടെ പേര് അവന്‍ ഒറ്റയടിക്ക് വായിച്ചു..

പകല്‍, ടീച്ചര്‍ അവനു  തരപ്പെടുത്തിക്കൊടുത്ത 'വീട്' എന്ന ചായിപ്പിന്റെ ഉടമയുടെ കടയില്‍ വാടകക്ക് പകരം ജോലി ചെയ്യണം.

കച്ചറ പെറുക്കിയാല്‍ അവനു  100 രൂപ ആണ് കൂലി. എത്ര കൂടുതല്‍ പെറുക്കിയാലും അതേ കിട്ടൂ. കുറഞ്ഞാല്‍ പൈസ കുറയുകയും ചെയ്യും.100 രൂപയില്‍ നിന്നും 80 രൂപ അമ്മക്ക് കൊടുക്കും 20 രൂപ അവന്‍ എടുക്കും.

'അതെന്തിനാ ഇരുപതു രൂപ നിനക്ക്' എന്ന് ചോദിച്ചപ്പോള്‍, 'അനിയന്‍ വലുതായാല്‍ പഠിക്കാന്‍ പൈസ വേണം, അതിനാണ് എന്നായിരുന്നു മറുപടി. അങ്ങനെ അവന്‍ കൂട്ടി വെച്ച പൈസ ആരോ കട്ടെടുത്തത്  അറിഞ്ഞ  ടീച്ചര്‍ അവനെയും അമ്മയെയും ചേര്‍ത്ത് ബാങ്കില്‍ ഒരു അക്കൗണ്ട് തുടങ്ങി കൊടുത്തിട്ടുണ്ട്.
പകലത്തെ അവന്റെ കഴുതപണിക്ക് കാശില്ല. രാത്രിയിലെ കച്ചറ പെറുക്കല്‍ കൊണ്ടാണ് അവന്‍ അവരെ ജീവിപ്പിക്കുന്നത്..

പകല്  മുഴുവന്‍  കാശില്ലാ കഴുതപണി. രാത്രി മുഴുവന്‍ ഈ ജോലി. 'ന്റെ കുഞ്ഞേ.. ന്റെ കുഞ്ഞേ..'   എന്ന് ഉള്ളില്‍ ഉയരുന്ന കരച്ചില്‍ക്കൊടുങ്കാറ്റിനെ ചങ്ങലക്കിട്ട് ഞാന്‍ ആ പന്ത്രണ്ടു വയസുകാരനെ ചേര്‍ത്തു പിടിച്ചു. അവന്‍ അമ്പരപ്പില്‍ നോക്കി.

ഷോപ്പിംഗില്‍ അറ്റം കണ്ട പേഴ്‌സില്‍ ഉണ്ടായിരുന്ന 500 രൂപ കയ്യില്‍ വെച്ച് കൊടുക്കുമ്പോള്‍ ഇതു എത്രയാ അറിയോ ചോദിച്ചതും അവന്‍ പറഞ്ഞു 'മേരാ പാഞ്ച് ദിന്‍ കി കമായി'. അവന്റെ അഞ്ച് ദിവസത്തെ രാത്രി അധ്വാനഫലം. അല്‍പം മുമ്പ് 700 രൂപക്ക് വാങ്ങിയ ചെരുപ്പ് എന്റെ കാലില്‍ കിടന്ന് പൊള്ളി.

എനിക്കറിയാം ആ 500 അവന്‍ ബാങ്കില്‍ കൊണ്ടുപോയി ഇടുകയേ ഉളളൂ. അവന്‍ ഏതോ സിനിമയില്‍ ഞാന്‍ കണ്ട രജനികാന്ത് ആണ്.

മക്കള്‍ ഷോപ്പിംഗ് കഴിഞ്ഞു വന്നു. മടക്കടാക്‌സി ബുക്ക് ചെയ്തതിനു കാത്തുനില്‍ക്കുമ്പോള്‍ അവന്‍ പിന്നെയും മറ്റൊരു വഴിയിലൂടെ എന്റെ വന്നു മുന്നില്‍ പെട്ടു..

'ആദ്യം തന്ന പൈസ നീ സൂക്ഷിച്ചു വെച്ചോ ഇതു വീട്ടിലെ ആവശ്യത്തിനും അനിയനും നിനക്കും എന്തേലും വാങ്ങാനും എടുത്തോ..'- ന്നും പറഞ്ഞു ഞാന്‍ കുറച്ചൂടെ പൈസ കൊടുത്തു..

'എനിക്കൊന്നും വേണ്ട. ഇതോണ്ട് ഞാന്‍ അമ്മയെ ഡോക്ടറെ കാണിക്കും'- അവന്‍ പറഞ്ഞു.

അവന്റെ കീറിയ പാന്റിന്റെ പോക്കറ്റ് ഓട്ടയില്ലല്ലോ എന്ന് തപ്പി നോക്കി പൈസ കടലാസില്‍ പൊതിഞ്ഞു ആ കടലാസ് പൊതി ഒരു സേഫ്റ്റി പിന്‍ കൊണ്ട്  ഞാന്‍ അവന്റെ പാന്റിനോട് ചേര്‍ത്ത് പിന്‍ ചെയ്തു കൊടുത്തു.

ഞങ്ങള്‍ക്ക് ഉള്ള യൂബര്‍ടാക്‌സി ഒരു മിനിറ്റില്‍ എത്തും എന്ന് മോള്‍ ഫോണ്‍ നോക്കി വിളിച്ചു പറഞ്ഞു.

അവന്റെ കവിളത്തു തട്ടി രണ്ടാമതും യാത്ര പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു.

'ജിന്ദഗി ബര്‍ യാദ് രഹേഖ ദീദി ആപ്‌കൊ...'

ഞാന്‍ കരഞ്ഞു.

ഒരു ചെരിപ്പോ ഡ്രസ്സോ വാങ്ങുമ്പോള്‍ ഞാന്‍ കൊടുക്കുന്ന പൈസക്ക് ആണ് അവന്‍ ജീവിതകാലം മുഴുവന്‍ എന്നെ ഓര്‍ക്കും എന്ന് പറയുന്നത്..

അതിലും വലിയ എത്രയോ പൈസയും സ്‌നേഹവും എന്റെ  ജീവിതവും സമയവും നല്‍കി, ഞാന്‍ സ്‌നേഹിച്ച പലരും ദുഷിപ്പ് പറഞ്ഞിട്ടുള്ളതും തള്ളിപ്പറഞ്ഞിട്ടുള്ളതും ഞാന്‍ ചെയ്തു കൊടുത്ത ഒന്നും ഓര്‍മയില്ലാത്തപോലെ നടിച്ചതുമായ  അനുഭവങ്ങള്‍ കരിനീലിച്ചു കിടക്കുന്ന എന്റെ ജീവിതത്തില്‍, 'എന്റെ  കുഞ്ഞേ, നിന്റെ ഓര്‍മ്മയില്‍ ഞാന്‍ ഉണ്ടാവും' എന്ന് നീ പറയുന്നത് കേള്‍ക്കുമ്പോള്‍ കരയുകയല്ലാതെ ഞാന്‍ എന്ത് ചെയ്യാന്‍...

കാര്‍ വന്നു. ഞങ്ങള്‍  കേറുമ്പോള്‍ അവന്‍ ചിരിച്ചു കൈവീശി കാണിച്ചു മറികടന്നു പോയി. മൂത്തമോള്‍ പേഴ്സ് തുറന്നു അവനു എന്തോ കൊടുക്കുന്നത് കണ്ടു. എത്ര എന്ന് ഞാന്‍ ചോദിച്ചില്ല.

'ചെറിയൊരു കുട്ടി. എത്ര വലിയ ചാക്ക് ആണ് ഏറ്റുന്നത്... പാവം... അമ്മ എന്താ അവനോടു ചോദിച്ചോണ്ട് നിന്നിരുന്നത്'- അവള്‍ ചോദിച്ചു..

നെഞ്ച് കനത്ത് എനിക്കപ്പോള്‍ അതിനു മറുപടി പറയാന്‍ കഴിഞ്ഞില്ല.

ഇത്രയും വാരിവലിച്ചു എഴുതാന്‍ കാരണം ഞാന്‍ അവനു ചെയ്ത കേവലം അതിതുച്ഛം ആയ സഹായത്തെ കുറിച്ചു വിളിച്ചു പറയാന്‍ അല്ല.

വെറും ഒരു ഏഴാം ക്ലാസുകാരന്‍ കുഞ്ഞന്‍ തോറ്റു കൊടുക്കാതെ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന രീതിയും, കാശ് കൈകാര്യം ചെയ്യുന്ന വിധവും പറയാന്‍ ആണ്. എനിക്കൊന്നും അവന്റെ കാല് തൊടാന്‍ പോലും  യോഗ്യത ഇല്ലെന്നു വിളിച്ചു പറയാന്‍ വേണ്ടി ആണ്. അവന്‍ ആണ്  അക്ഷരംപ്രതി  രക്ഷകര്‍ത്താവ് എന്ന് പറയാന്‍ വേണ്ടി ആണ്.

അതിനൊക്കെ അപ്പുറം അവന്റെ അനിയന്റെ ടീച്ചറേ കുറിച്ചു പറയാന്‍ ആണ്. ആ ടീച്ചറെക്കുറിച്ചു പറയാന്‍  വേണ്ടി മാത്രം ആണ്.

എന്തൊരു ഗ്രേറ്റ് ലേഡി ആണ് അവര്‍. ദൈവവും ദൈവാoശം ഉള്ളവരും, ദൈവത്തിന്റെ അനുയായികളും, ആരാധനാലയങ്ങളില്‍ അല്ല, ഇവര്‍ക്കൊക്കെ ഒപ്പം ഇങ്ങനെ ആണ്. പല വേഷത്തില്‍, പല രൂപത്തില്‍..

ആ ടീച്ചറുടെ, എനിക്ക് അജ്ഞാത ആയ ആ ദൈവസ്ത്രീയുടെ കാലില്‍  മനസ്സു കൊണ്ട് ഉള്ളു നിറഞ്ഞ ആദരവോടെ തൊട്ടു വന്ദിക്കുന്നു. അവരുടെ ദീര്‍ഘായുസ്സിനും ആരോഗ്യത്തിനും  ഉള്ളു നൊന്ത് പ്രാര്‍ത്ഥിക്കുന്നു.

എന്റെ കുഞ്ഞു രജനീകാന്തേ നീയും വിജയിച്ചു വാഴ്ക.

click me!