2018 -ലാണ് ബ്രിസ്റ്റോൾ സർവകലാശാല ഈ ‘സയൻസ് ഓഫ് ഹാപ്പിനെസ്’ കോഴ്‌സ് ആരംഭിച്ചത്. വിദ്യാർത്ഥികൾക്കിടയിൽ വർധിച്ചു വന്ന മാനസികാരോഗ്യ പ്രതിസന്ധിയായിരുന്നു ഇത്തരമൊരു കോഴ്സ് ആരംഭിക്കാനുണ്ടായ പ്രേരണ.
എല്ലാവരും ജീവിതത്തിൽ സന്തോഷം ആഗ്രഹിക്കുന്നവരാണ്. പക്ഷേ, ഇന്നത്തെ ജീവിത സാഹചര്യങ്ങൾ അതിനൊരു വെല്ലുവിളിയാവുകയാണ്. ഈ സാഹചര്യത്തിലാണ് ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റി ഒരു കോഴ്സ് വളരെയേറെ പ്രാധാന്യം അർഹിക്കുന്നത്. എങ്ങനെ ജീവിതത്തിൽ സന്തോഷം കൊണ്ടുവരാം എന്നതിനെ കുറിച്ച് പഠിപ്പിക്കുന്ന ഒരു കോഴ്‌സാണ് അവർ വാഗ്ദാനം ചെയ്യുന്നത്. സന്തോഷത്തിനെ കുറിച്ച് പഠിക്കാൻ ഒരു കോഴ്‌സോ, ഇതൊക്കെ പഠിപ്പിക്കാൻ സാധിക്കുന്ന കാര്യമാണോ എന്നൊക്കെ പലരും ചിന്തിക്കുന്നുണ്ടാകും. എന്നാൽ, യഥാർത്ഥത്തിൽ സന്തോഷത്തിന്റെ ഈ കോഴ്സ് പഠിക്കുന്നത് അത് നേടുന്നതിനുള്ള ഒരു നല്ല മാർഗമാണെന്ന് അടുത്തിടെ നടന്ന ഒരു സർവേ പറയുന്നു.
undefined
‘സയൻസ് ഓഫ് ഹാപ്പിനെസ്’ എന്ന ഈ തകർപ്പൻ കോഴ്‌സ് വിദ്യാർത്ഥികൾക്ക് സന്തോഷത്തോടെ ഇരിക്കാനുള്ള ടെക്‌നിക്കുകൾ പഠിപ്പിക്കുന്നു. പ്രോഗ്രാമിൽ ചേർന്നിട്ടുള്ള വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തിൽ പ്രകടമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്നാണ് ഡാറ്റ സൂചിപ്പിക്കുന്നത്. സന്തുഷ്ടരായിരിക്കാനുള്ള മാർഗ്ഗങ്ങൾ പഠിപ്പിക്കുന്ന ഇത്തരത്തിലെ ആദ്യത്തെ കോഴ്‌സാണ് ഇത്. “സയൻസ് ഓഫ് ഹാപ്പിനെസ്സ്” കോഴ്‌സ് പൂർത്തിയാക്കിയ ഒന്നാം വർഷ വിദ്യാർത്ഥികൾ, ഇത് എടുത്തിട്ടില്ലാത്ത കൂട്ടുകാരേക്കാൾ കൂടുതൽ ഉത്സാഹമുള്ളവരാണെന്ന് സർവ്വേ കണ്ടെത്തി.
മൂന്ന് മാസത്തെ കോഴ്‌സ് രണ്ട് ഭാഗങ്ങളിലായിട്ടാണ് നടത്തുന്നത്, ഒന്ന് അക്കാദമിക്, മറ്റൊന്ന് പ്രായോഗികം. മനഃശാസ്ത്രത്തെക്കുറിച്ചും സന്തോഷത്തിന്റെ ന്യൂറോ സയൻസിനെക്കുറിച്ചും വിദ്യാർത്ഥികൾക്ക് അധ്യാപകർ പ്രഭാഷണങ്ങൾ നടത്തുന്നു. അത് കൂടാതെ കാരുണ്യ പ്രവർത്തനങ്ങൾ നടത്തുക, അപരിചിതരുമായി ചാറ്റുചെയ്യുക, അനുഭവം ആസ്വദിക്കാൻ സമയമെടുക്കുക, വ്യായാമം ചെയ്യുക, നന്നായി ഉറങ്ങുക, നന്ദി പറഞ്ഞുകൊണ്ടുള്ള കത്ത് എഴുതുക തുടങ്ങിയ പ്രായോഗിക ജോലികൾ വിദ്യാർത്ഥികളും നിർവഹിക്കേണ്ടതുണ്ട്. മുതിർന്ന വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള “ഹാപ്പി ഹബുകൾ” എന്ന് വിളിക്കുന്ന സെഷനുകളിൽ, സോഷ്യൽ മീഡിയ സന്തോഷത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും, ഏകാന്തത രോഗപ്രതിരോധവ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചും, ശുഭാപ്തിവിശ്വാസം ആയുർദൈർഘ്യം എങ്ങനെ വർദ്ധിപ്പിക്കുമെന്നതിനെക്കുറിച്ചും ചർച്ച ചെയ്യപ്പെടുന്നു. തങ്ങളുടെ മാനസികാരോഗ്യത്തെക്കുറിച്ച് അവബോധം ഉണർത്താൻ ഓരോ ആഴ്ചയും ഒരു ഓൺലൈൻ ജേണലിൽ വിദ്യാർത്ഥികൾ എഴുതേണ്ടതുണ്ട്.
പരീക്ഷകളൊന്നുമില്ലെങ്കിലും, കോഴ്‌സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് 20 അക്കാദമിക് ക്രെഡിറ്റുകൾ വീതം നൽകപ്പെടും, അവർക്ക് ഒന്നാം വർഷം ജയിക്കേണ്ടതിന്റെ ആറിലൊന്ന്. എന്നാൽ, അതിലും പ്രധാനമായി, ഇതുവരെ കോഴ്‌സ് എടുത്ത വിദ്യാർത്ഥികളിൽ പലരും തങ്ങൾക്ക് സന്തോഷം തോന്നുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്നു. കോഴ്‌സ് നടത്തുന്ന പ്രൊഫസർ ബ്രൂസ് ഹൂഡ് പറഞ്ഞു: “ഉള്ളടക്കം വളരെ ആകർഷകമായതിനാൽ വിദ്യാർത്ഥികൾ പ്രഭാഷണങ്ങൾ ആസ്വദിക്കുമെന്ന് എനിക്കറിയാമായിരുന്നു. എന്നാൽ, കോഴ്സ് അവരുടെ മാനസിക ക്ഷേമത്തിൽ നല്ല സ്വാധീനം ചെലുത്തുന്നത് കണ്ട് ഞാൻ അമ്പരന്നു.”
2018 -ലാണ് ബ്രിസ്റ്റോൾ സർവകലാശാല ഈ ‘സയൻസ് ഓഫ് ഹാപ്പിനെസ്’ കോഴ്‌സ് ആരംഭിച്ചത്. വിദ്യാർത്ഥികൾക്കിടയിൽ വർധിച്ചു വന്ന മാനസികാരോഗ്യ പ്രതിസന്ധിയായിരുന്നു ഇത്തരമൊരു കോഴ്സ് ആരംഭിക്കാനുണ്ടായ പ്രേരണ. മാനസികാരോഗ്യ പ്രശ്നങ്ങളുടെ പേരിൽ കുപ്രസിദ്ധമായ ഒരു യൂണിവേഴ്സിറ്റി നഗരമാണ് ബ്രിസ്റ്റോൾ. 2017 -ൽ ഉയർന്ന ആത്മഹത്യകൾക്ക് ഈ നഗരം സാക്ഷിയായി. ദേശീയ ശരാശരിയേക്കാൾ മൂന്ന് മടങ്ങ് കൂടുതൽ സമയം മാനസികാരോഗ്യ സേവനങ്ങൾ ലഭ്യമാക്കാൻ വിദ്യാർത്ഥികൾ കാത്തിരിക്കേണ്ടി വന്നിരുന്നു. തുടർന്ന് യുകെയിലുടനീളമുള്ള കൗമാരക്കാരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റി ആരംഭിച്ചതാണ് ഈ കോഴ്‌സ്.
കോഴ്സ് ആരംഭിച്ച് മൂന്ന് വർഷത്തിന് ശേഷം, യൂണിവേഴ്സിറ്റി നടത്തിയ കോഴ്സിനെ കുറിച്ചുള്ള ഒരു അക്കാദമിക് പഠനത്തിൽ ഇത് എടുത്ത വിദ്യാർത്ഥികളുടെ മാനസികാരോഗ്യം മെച്ചപ്പെട്ടു എന്ന് കണ്ടെത്തി. പകർച്ചവ്യാധിക്കു മുമ്പും ശേഷവും ഇത് നല്ല മാറ്റങ്ങൾ ഉണ്ടാക്കി. 2019 അവസാനത്തോടെ ഇത് എടുത്ത ആദ്യത്തെ കൂട്ടർക്ക് ഒരു നിയന്ത്രണ ഗ്രൂപ്പിനേക്കാൾ ഉയർന്ന മാനസികാരോഗ്യമുണ്ടെന്ന് പഠനം കണ്ടെത്തി. കൊവിഡ് പ്രതിസന്ധിയുടെ ആദ്യഘട്ടത്തിൽ കോഴ്സ് എടുത്തവർ, സന്തോഷം അനുഭവിച്ചില്ലെങ്കിലും ഒരു നിയന്ത്രണ ഗ്രൂപ്പിനേക്കാൾ കൂടുതൽ ഊർജ്ജസ്വലരായിരുന്നു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കാരണം മൂന്നാമത്തെ കോഴ്‌സ് ഒരു ഓൺലൈൻ കോഴ്‌സായിരുന്നു. അതിൽ പങ്കെടുക്കുന്നവർക്ക് മാനസികക്ഷേമം മെച്ചപ്പെട്ടതായി റിപ്പോർട്ടു ചെയ്യപ്പെട്ടു. 2018 -ൽ കോഴ്സ് ആരംഭിച്ചതിനുശേഷം ബ്രിസ്റ്റോൾ സർവകലാശാലയിൽ നിന്ന് ആയിരത്തോളം കുട്ടികളാണ് ഇതിനകം ഇതിൽ ചേർന്നത്.
(ചിത്രങ്ങൾ പ്രതീകാത്മകം)