കവി, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, സംവിധായകന്‍. ഇന്ത്യയുടെ കലാസാംസ്‌കാരികഭൂമികയില്‍ സ്വന്തം ഇടം അടയാളപ്പെടുത്തിയ ഗുല്‍സാറിന് ഇന്ന് പിറന്നാള്‍. ഗുല്‍സാറിന്റെ കലാജീവിതത്തെക്കുറിച്ച് പി ആര്‍ വന്ദന എഴുതുന്നു
നവതിയിലേക്ക് കാലുനീട്ടിയിരിക്കുന്ന ഈ കാരണവര്‍ സമകാലികര്‍ക്ക് ഇടയില്‍ വ്യത്യസ്തനാണ്. പുതിയ കാലത്തിനും രീതിക്കും ഒത്ത് സ്വയം പരിഷ്‌കരിക്കാനോ പുതിയ ആളുകള്‍ക്കായി വഴിമാറി കൊടുക്കാനോ പറയേണ്ട കാര്യങ്ങള്‍ പറയാതിരിക്കാനോ മടികാണിച്ചില്ല എന്നതാണ് ആ അനന്യത. വീട്ടില്‍ നിരനിരയായുള്ള പുരസ്‌കാരങ്ങളുടെ തിളക്കത്തിനപ്പുറമാണ് ഗുല്‍സാര്‍ എന്ന സാംസ്‌കാരികബിംബം
undefined
കവി, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, സംവിധായകന്‍...ഇന്ത്യയുടെ കലാസാംസ്‌കാരികഭൂമികയില്‍ ഗുല്‍സാര്‍ എന്ന അടയാളപ്പെടുത്തലിനോളം വൈവിധ്യം അവകാശപ്പെടാവുന്ന വ്യക്തികള്‍ അധികമുണ്ടാവില്ല. സാമൂഹികരാഷ്ട്രീയരംഗങ്ങളിലെ ഉള്‍ക്കാഴ്ച, കാലത്തിനനുസരിച്ച് പരിഷ്‌കരിച്ചു കൊണ്ടേയിരിക്കുന്ന വിനോദസങ്കല്‍പങ്ങള്‍, വാദപ്രതിവാദങ്ങളും പാദസേവയും ഒരു പോലെ വേണ്ടെന്നുവെച്ചുള്ള ഒറ്റയാന്‍ നില്‍പ്, നേട്ടങ്ങളുടെ പട്ടികക്കു മുന്നിലും ഒരു ചെറുചിരിയോടെയുള്ള വിനയം, താന്‍ തെരഞ്ഞെടുത്ത മാധ്യമത്തിലൂടെ ലവലേശം ഭയമില്ലാതെ പറയുന്ന നിലപാട്. ഇതെല്ലാം ചേര്‍ന്ന് വരച്ചിടാവുന്ന ഗുല്‍സാര്‍ എന്ന പ്രൗഢത്വത്തിന് ഇന്ന് പിറന്നാള്‍.
അവിഭക്ത പഞ്ചാബിലെ ഝലം ആണ് ജന്മസ്ഥലം. 1934 ഓഗസ്റ്റ് 18ന്. അന്നിട്ട പേര് സംപൂരണ്‍സിങ് കര്‍ല. പഠനകാലത്തെ ടാഗോര്‍ കൃതികളുടെ വായനയാണ് അക്ഷരങ്ങളാല്‍ ഉണ്ടാക്കാന്‍ കഴിയുന്ന അതിരുകളില്ലാത്ത ലോകത്തെ കുറിച്ചുള്ള ജിജ്ഞാസ ഉള്ളില്‍ നിറക്കുന്നത്. അപരനെയും വേദനയെയും കുറിച്ചുള്ള മനസ്സിലാക്കുന്നത് വിഭജനത്തിന്റെ മുഴുവന്‍ മുറിവുകളും ഏറ്റുവാങ്ങിയ ഹൃദയത്തില്‍ നിന്നും ഓര്‍മകളില്‍ നിന്നും. ജന്മനാട് വിട്ട് ബോംബെയിലേക്ക് കുടുംബമാകെ ചേക്കേറുന്നു. പഠനം നിലക്കുന്നു, വയര്‍ കത്താതിരിക്കാനുള്ള പണം പ്രധാനമാകുന്നു. ചെയ്ത പണികളുടെ കൂട്ടത്തില്‍ അന്നും ഇന്ന് ഓര്‍ക്കുമ്പോഴും ഏറ്റവും പ്രിയം പെയിന്റിങ്ങ്.
പുരോഗമന എഴുത്തുകാരുടെ കൂട്ടായ്മകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് വേറൊരു കാഴ്ച സമ്മാനിച്ചു. ബിമല്‍ റോയിയും ശൈലേന്ദ്രയും ആദ്യവഴികാട്ടികളായി. സാഹിത്യവും സിനിമയും ജീവിതവും എല്ലാം ബന്ധിതമായിരുന്ന അവരുടെ ലോകം ആ യുവാവിന് ആകര്‍ഷകമായിരുന്നു. ബിമല്‍ റോയ് ഒരു സൃഷ്ടിയുടെ സമയത്ത് അനുഭവിക്കുന്ന വേദനയും ആശങ്കകളും ആസ്വാദ്യതയും പറയുന്ന രവി പാര്‍ എന്ന പുസ്തകം ഗുല്‍സാറിന്റെ മനസ്സിലാക്കലിന്റെ തെളിവാണ്. സ്വാംശീകരിക്കലിന്റേയും. ബിമല്‍ റോയിയുടെ ബന്ദിനി (1963) എന്ന ചരിത്രപ്രശസ്തമായ സിനിമയില്‍ പാട്ടുകളെഴുതിയ ശൈലേന്ദ്ര ഒരു പാട്ടെഴുതാന്‍ ആവശ്യപ്പെട്ടു. ഗുല്‍സാര്‍ എഴുതി, മോരാ ഗോരാ അംഗ് ലേലെ...ലത മങ്കേഷ്‌കറുടെ സ്വരമാധുരിക്കൊപ്പം നൂതന്‍ ചുണ്ടനക്കി. അവിടെ പിറന്നത് ബോളിവുഡിലെ എക്കാലത്തേയും മനോഹരമായ ഗാനങ്ങളിലൊന്ന് മാത്രമായിരുന്നില്ല. ദശാബ്ദങ്ങളോളം ഹിന്ദി സിനിമക്കൊപ്പം നടന്ന ഒരു പ്രതിഭ കൂടിയായിരുന്നു.
എസ് ഡി ബര്‍മനൊപ്പം ഹിന്ദിസിനിമാപാട്ടിനൊപ്പം യാത്ര തുടങ്ങിയ ഗുല്‍സാര്‍ പിന്നീട് പല തലമുറ സംഗീതസംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. പുരസ്‌കാരനിറവും ശ്രോതാക്കളുടെ പ്രീതിയും ആവോളം നേടി. മുസാഫിര്‍ ഹു യാരോ, ഹം നേ ദേഖാ ഹെ ഉന്‍ ആംഖോം മേ, ദില്‍ തോ അബ് ബി ബച്ചാ ഹേ ജീ, കജ് രാരേ, മേനെ തേരെ ലിയെ , തേരെ ബിനാ സിന്ദഗി സേ,ജയ് ഹോ തുടങ്ങി നിരവധി പാട്ടുകള്‍. ദേശീയപുരസ്‌കാരവും ഫിലിംഫെയര്‍ പുരസ്‌കാരവും ഓസ്‌കറും ഗ്രാമിയും വരെ അദ്ദേഹത്തെ തേടിയെത്തി.
ഹൃഷികേശ് മുഖര്‍ജിയുടെ ആശീര്‍വാദ് (1968)എന്ന സിനിമയില്‍ ഗാനങ്ങള്‍ക്ക് പുറമെ സംഭാഷണവും എഴുതിയാണ് മറ്റൊരു വാതില്‍ കൂടി ഗുല്‍സാര്‍ തുറന്നത്. ആദ്യസംവിധാനസംരംഭം 1971-ലാണ്. മേരേ അപ്‌നെ. പരിചയ്, കൗഷിഷ്, അചാനക്, ആന്ധി,ഖുഷ്ബു, മൗസം, ഇജാസത്ത്, മാച്ചിസ് തുടങ്ങി ഇരുപതിലധികം സിനിമകള്‍ക്ക് ഗുല്‍സാര്‍ സംവിധായകന്റെ കയ്യൊപ്പ് ചാര്‍ത്തി.
തീര്‍ന്നില്ല. മിര്‍സ ഗാലിബ് ആയി നസിറുദ്ദീന്‍ ഷാ എത്തിയ ടെലിവിഷന്‍ പരമ്പര ഒരുക്കി. ഹിന്ദി സാഹിത്യകാരന്‍ പ്രേംചന്ദിന്റെ കഥകള്‍ ആസ്പദമാക്കിയും പരമ്പര ചെയ്തു. ജംഗിള്‍ബുക്ക്, ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ്, ഹലോ സിന്ദഗി തുടങ്ങിയ ജനപ്രിയപരമ്പരകള്‍ക്കായി സംഭാഷണവും പാട്ടുകളുമെഴുതി.
തിരശ്ശീലയിലെ ഈ സജീവത കവിതയുടേയും ഗസലുകളുടേയും ലോകത്ത് വിരഹിക്കുന്നതിന് ഗുല്‍സാറിന് തടസ്സമായിരുന്നില്ല. മൂന്ന് വരിയുള്ള ഖണ്ഡികകള്‍ അടങ്ങിയ ഉറുദു കവിതാരചന, ത്രിവേണി, അദ്ദേഹം ജനപ്രിയമാക്കി.
സിഖ് വിരുദ്ധകലാപം പോലെയുള്ള സാമൂഹികരാഷ്ട്രീയ പ്രശ്‌നങ്ങളുടെയും വിഷയങ്ങളുടെയും പശ്ചാത്തലത്തില്‍ സിനിമകളെടുക്കാനോ പാട്ടുകളൊരുക്കാനോ അദ്ദേഹം മടിച്ചില്ല. ഉറുദുവിലേയും ഹിന്ദിയിലേയും പദസമ്പത്ത് കയ്യില്‍ അമ്മാനമാടുമ്പോഴും കാലത്തിനൊത്ത് ഭാഷാരീതികള്‍ മാറ്റാന്‍ അദ്ദേഹത്തിന് ശങ്കിച്ചുനിന്നതേയില്ല. സിനിമയുടെ വേഗം കൂടിയെന്നും രീതികള്‍ മാറിയെന്നും പറഞ്ഞ് സിനിമാസൃഷ്ടിയുടെ ലോകത്ത് നിന്ന് മാറിനില്‍ക്കാന്‍ ഒരു പ്രയാസവും തോന്നിയില്ല.
എഴുതിയ ഒരു പാടു പുസ്തകങ്ങളും ഏതവസരത്തിലും മനസ്സിലോടിയെത്തുന്ന എണ്ണമറ്റ പാട്ടുകളും പ്രേക്ഷകരെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സിനിമകളുമെല്ലാം ഗുല്‍സാര്‍ നമുക്ക് തന്ന സമ്മാനങ്ങളാണ്. ന നവതിയിലേക്ക് കാലുനീട്ടിയിരിക്കുന്ന ഈ കാരണവര്‍ സമകാലികര്‍ക്ക് ഇടയില്‍ വ്യത്യസ്തനാണ്. പുതിയ കാലത്തിനും രീതിക്കും ഒത്ത് സ്വയം പരിഷ്‌കരിക്കാനോ പുതിയ ആളുകള്‍ക്കായി വഴിമാറി കൊടുക്കാനോ പറയേണ്ട കാര്യങ്ങള്‍ പറയാതിരിക്കാനോ മടികാണിച്ചില്ല എന്നതാണ് ആ അനന്യത. വീട്ടില്‍ നിരനിരയായുള്ള പുരസ്‌കാരങ്ങളുടെ തിളക്കത്തിനപ്പുറമാണ് ഗുല്‍സാര്‍ എന്ന സാംസ്‌കാരികബിംബം.