വേദിയിലെത്തിയ വരൻ ആദ്യം വില്ലിന് മുൻപിൽ നിന്ന് പ്രാർത്ഥിക്കുന്നതായി കാണാം. തുടർന്ന് മുന്നിൽ വച്ചിരിക്കുന്ന വില്ല് കൈകൾ ഉപയോഗിച്ച് ഒടിക്കുന്നു.
ഇന്ന് വിവാഹ ആഘോഷങ്ങളിൽ എന്തെങ്കിലും പുതുമ കൊണ്ടുവരാൻ ശ്രമിക്കുന്നവരാണ് കൂടുതലും. പുതുമയുടെ പേരിൽ ഇന്ന് വരെ കേട്ടിട്ടും കണ്ടിട്ടുമില്ലാത്ത കാര്യങ്ങൾ വരെ ആളുകൾ പരീക്ഷിക്കാൻ തയ്യാറാകുന്നു. ബീഹാറിലെ സരൺ ജില്ലയിൽ കഴിഞ്ഞ ദിവസം നടന്ന വിവാഹവും അത്തരത്തിലുള്ളതായിരുന്നു. രാമായണത്തിൽ ശ്രീരാമൻ വില്ല് ഒടിച്ച് സീതയെ വിവാഹം ചെയ്ത കഥ എല്ലാവർക്കും അറിയാവുന്നതായിരിക്കും. ഇപ്പോഴിതാ ബിഹാറിൽ നിന്നുള്ള വരനും രാമായണത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തന്റെ വധുവിനെ വിവാഹം ചെയ്യുന്നതിന് മുൻപ് ഒരു വില്ല് ഒടിച്ചിരിക്കയാണ്. ഈ സംഭവത്തിന്റെ വീഡിയോയും, ചിത്രങ്ങളും ഇപ്പോൾ സാമൂഹ്യമാധ്യങ്ങളിൽ വൈറലാണ്.
സരൺ ജില്ലയിലെ സോൻപൂർ ബ്ലോക്കിലെ സബാൽപൂരിലാണ് ഈ രസകരമായ വിവാഹ ചടങ്ങ് നടന്നത്. വേദിയിലെത്തിയ വരൻ ആദ്യം വില്ലിന് മുൻപിൽ നിന്ന് പ്രാർത്ഥിക്കുന്നതായി കാണാം. തുടർന്ന് മുന്നിൽ വച്ചിരിക്കുന്ന വില്ല് കൈകൾ ഉപയോഗിച്ച് ഒടിക്കുന്നു. ഇത് കണ്ട് അതിഥികൾ കയ്യടിക്കുന്നതായും ആഹ്ലാദിക്കുന്നതായും കാണാം. അതിന് ശേഷം വരന്റെ നേരെ ആളുകൾ പൂക്കൾ വർഷിക്കാൻ തുടങ്ങി. പിന്നാലെ വധുവിനെയും സ്റ്റേജിലേക്ക് കൊണ്ടുവന്നു.
undefined
ഒടുവിൽ ഇരുവരും പരസ്പരം മാലയണിഞ്ഞു. വില്ല് ഒടിക്കുന്നത് മാത്രമല്ല, എല്ലാ വിവാഹച്ചടങ്ങുകളും സീതയുടെ സ്വയംവര മാതൃകയിലാണ് നടന്നത്. സാമൂഹ്യമാധ്യമങ്ങളിൽ ഇതിനോടകം തന്നെ ആ ചിത്രങ്ങളും, വീഡിയോയും വൈറലായി തീർന്നു. ബീഹാറിലെ ഈ വേറിട്ട കല്യാണം ജില്ലയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു സംഭവമായി മാറി. എന്നിരുന്നാലും, വന്നവരാരും മാസ്ക് ധരിക്കുകയോ, സാമൂഹ്യ അകലം പാലിക്കുകയോ ചെയ്തില്ല. കോവിഡ് മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെയാണ് വിവാഹം നടന്നതെന്നൊരു വിമർശനം ഇതിനോടൊപ്പം ഉയരുന്നുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona