സാമ്പത്തികമായ പ്രതിസന്ധിക്ക് പുറമെ തന്‍റെ വീട്ടില്‍ അമ്മ അനുഭവിച്ചിരുന്ന അതേ ജീവിതത്തിലേക്കാകുമോ വിവാഹം തന്നെക്കൊണ്ട് തള്ളുക എന്ന് താന്‍ ഭയക്കുന്നുവെന്നും അവള്‍ പറയുന്നു.
സിനിമകളെയും സാഹിത്യത്തെയുമെല്ലാം പിന്തുടർന്ന് സ്ത്രീകൾക്ക് വീട്ടിലനുഭവിക്കേണ്ടി വരുന്ന വിവേചനങ്ങളും അടിച്ചമർത്തലുകളുമെല്ലാം വലിയ ചർച്ചയാവുന്നുണ്ട്. സാമൂഹികമാധ്യമങ്ങളിലടക്കം ഈ വിഷയത്തിൽ തുറന്നെഴുത്തുകളും ചർച്ചകളും ഉണ്ടാവുന്നു. ഇന്ത്യയിൽ മാത്രമല്ല, ലോകത്തെല്ലായിടത്തും സ്ത്രീകൾക്ക് വിവേചനം നേരിടേണ്ടി വരുന്നുണ്ട്. അതിനെതിരെ വ്യത്യസ്ത തരത്തിലുള്ള പ്രതികരണവുമുണ്ടാകുന്നു. ദക്ഷിണ കൊറിയയിൽ സ്ത്രീകളിൽ പലരും ഇങ്ങനെയൊരു അടിമത്തമാണെങ്കിൽ വിവാഹവും കുട്ടികളും കുടുംബജീവിതവുമേ വേണ്ട എന്ന തീരുമാനമെടുക്കുകയാണ്.
undefined
കഴിഞ്ഞ ദിവസം ഒരു ദക്ഷിണ കൊറിയന്‍ നഗരത്തിലെ അധികൃതര്‍ ഗര്‍ഭിണികള്‍ക്കായി ഇറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ വലിയ ഒച്ചപ്പാടുകള്‍ സൃഷ്ടിച്ചിരുന്നു. പൂര്‍ണ ഗര്‍ഭിണിയായിരിക്കുമ്പോള്‍ പോലും എങ്ങനെ വീട്ടിലെ കാര്യങ്ങള്‍ നോക്കണമെന്ന തരത്തിലുള്ള തികച്ചും സ്ത്രീവിരുദ്ധമായ നിര്‍ദേശങ്ങള്‍ വിവാദമായതിനെ തുടര്‍ന്ന് അധികൃതര്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ദക്ഷിണ കൊറിയയിലെ കൂടുതല്‍ സ്ത്രീകളും കുഞ്ഞുങ്ങളെ വേണ്ടായെന്ന് വയ്ക്കുന്നതിന് പിന്നിലെ കാരണമെന്താണ് എന്ന ചര്‍ച്ച വീണ്ടും ഉയര്‍ന്നു വരാന്‍ ഈ നിര്‍ദേശങ്ങള്‍ കാരണമായിത്തീര്‍ന്നിട്ടുണ്ട്.
സിയോള്‍ നഗരത്തിലെ പ്രഗ്നന്‍സി ആന്‍ഡ് ചൈല്‍ഡ്ബര്‍ത്ത് ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളാണ് ഓണ്‍ലൈന്‍ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചത്. എന്നാല്‍, ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളിലൊന്നായ ദക്ഷിണ കൊറിയയില്‍ നേരത്തെ തന്നെ ലിംഗവിവേചനം പ്രകടമാണ്. സിയോളിലെ അധികൃതർ പുറത്തിറക്കിയ നിര്‍ദേശങ്ങളിലാവട്ടെ സ്ത്രീകള്‍ പ്രസവത്തിന് പോകുമ്പോള്‍ ഭര്‍ത്താവിന് ആവശ്യമായ ഭക്ഷണവും വസ്ത്രങ്ങളുമെല്ലാം തയ്യാറാക്കി വയ്ക്കണം. അവര്‍ക്ക് ബുദ്ധിമുട്ടുകളൊന്നും തന്നെ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണം തുടങ്ങിയ കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്.
യാഥാസ്ഥിതികമായ കാഴ്ചപ്പാടുകളും പക്ഷപാതപരമായ പെരുമാറ്റങ്ങളുമെല്ലാം ദക്ഷിണ കൊറിയൻ സ്ത്രീകളെ വിവാഹവും കുട്ടികളുമേ വേണ്ട എന്ന തീരുമാനമെടുക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നാണ് പറയുന്നത്. ഇത് രാജ്യത്തിന്‍റെ സാമ്പത്തികമായ ആരോഗ്യത്തെയും ജനസംഖ്യയേയും ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ദക്ഷിണ കൊറിയയിലെ ജനസംഖ്യ ആദ്യമായി കുറഞ്ഞതിന്‍റെ കണക്കുകള്‍ പുറത്തുവന്നത് ഗര്‍ഭിണികള്‍ക്കായുള്ള മാര്‍ഗനിര്‍ദേശം ഇറങ്ങിയതിന് തൊട്ടുമുമ്പാണ്. കഴിഞ്ഞ വര്‍ഷം ഔദ്യോഗികമായി 275,815 ജനനങ്ങളും 307,764 മരണങ്ങളുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
കഴിഞ്ഞമാസമിറങ്ങിയ ഒരു റിപ്പോര്‍ട്ട് കാണിക്കുന്നത് 2015 -ല്‍ വിവാഹിതരായ ദമ്പതികളില്‍ അഞ്ചിലൊരാള്‍ക്ക് ഇനിയും കുഞ്ഞുങ്ങളില്ല എന്നാണ്. സ്റ്റാറ്റിസ്റ്റിക്സ് കൊറിയയുടെ കണക്ക് പ്രകാരം ആ വര്‍ഷം വിവാഹിതരായ 216,008 ദമ്പതിമാരില്‍ 18% പേര്‍ക്കും കുട്ടികളില്ല എന്നാണ് പറയുന്നത്. 2012 -ല്‍ ഇത് 13 ശതമാനത്തില്‍ താഴെ മാത്രമായിരുന്നു.
ദക്ഷിണ കൊറിയയിലെ പല സ്ത്രീകള്‍ക്കും ഇന്ന് ജോലിയുണ്ട്. അതിനാല്‍ പലരും കുട്ടികളുണ്ടാവുന്നതിനോട് താല്‍പര്യം കാണിക്കുന്നില്ല. ജോലിയും കുട്ടികളെ നോക്കലും വീട്ടുപണിയും കൂടി കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടായതിനാലാണ് പലരും കുട്ടികളെ വേണ്ടായെന്ന തീരുമാനത്തിലെത്തുന്നത് എന്ന് സിയോള്‍ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ കിം സിയോങ് കോന്‍ പറഞ്ഞതായി ദ ഗാര്‍ഡിയനെഴുതുന്നു. അതുപോലെ തന്നെ ഗര്‍ഭിണികള്‍ക്ക് ജോലിസ്ഥലത്തും പല പ്രശ്നങ്ങളും നേരിടേണ്ടി വരുന്നുവെന്നതും സ്ഥിതി മോശമാക്കുന്നു. കൂടാതെ ശിശുസംരക്ഷണ സൗകര്യങ്ങളിലധികവും വിശ്വാസയോഗ്യമല്ലാത്തതും വിശ്വാസയോഗ്യമായ ഇടങ്ങള്‍ കുട്ടികളെയേല്‍പ്പിക്കാന്‍ കണ്ടെത്തുക പ്രയാസകരമാകുന്നതിനാലും പലരും കുട്ടികള്‍ വേണ്ട എന്ന തീരുമാനത്തിലെത്താന്‍ കാരണമാവുന്നു.
ചോയ് മി യോണ്‍ എന്ന സിയോളില്‍ നിന്നുള്ള 32 -കാരി ഇങ്ങനെ ഒരു അനുഭവമാണ് പങ്കുവയ്ക്കുന്നത്. ജോലിക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചപ്പോഴാണ് കുടുംബവും ജോലിയും ഒരുമിച്ച് കൊണ്ടുപോകുന്ന കാര്യത്തില്‍ മാറിച്ചിന്തിക്കേണ്ടി വന്നതെന്ന് യോണ്‍ പറയുന്നു. യൂറോപ്പില്‍ ഇന്‍റര്‍നാഷണല്‍ ട്രേഡ് പഠിച്ചശേഷം ഒരുപാട് കൊറിയന്‍ കമ്പനികളില്‍ ജോലി അന്വേഷിച്ചു ചെന്നു. അവിടുത്തെ അഭിമുഖങ്ങളില്‍ ചോദിച്ച കാര്യങ്ങള്‍ അത്ഭുതപ്പെടുത്തി. പലരും വിവാഹിതരാവാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ചു. വിവാഹിതയായാല്‍ ശമ്പളത്തോട് കൂടിയ പ്രസവാവധി നല്‍കേണ്ടി വരും, അത് അവര്‍ക്ക് ബുദ്ധിമുട്ടാവുമെന്നുമാണ് പറഞ്ഞത്. കുഞ്ഞുങ്ങളുണ്ടാകുമോ എന്ന കാര്യത്തില്‍ എനിക്കുറപ്പില്ല. എന്‍റെ ഭാവി ഭര്‍ത്താവ് യാഥാസ്ഥിതികമായി ചിന്തിക്കുന്ന ഒരാളാണെങ്കില്‍ കുട്ടികളുടെ കാര്യവും വീട്ടുജോലിയുമെല്ലാം എനിക്ക് വിട്ടുനല്‍കാന്‍ സാധ്യതയുണ്ട്. ഇവിടുത്തെ പുരുഷന്മാര്‍ മാറുന്നുണ്ട് എന്ന് എനിക്കറിയാം. എന്നാലും അയാള്‍ പഴയപോലെ ചിന്തിക്കുന്ന ഒരാളാണെങ്കിലെന്ത് ചെയ്യും എന്നാണ് യോണ്‍ ചോദിക്കുന്നത്.
ദമ്പതികള്‍ക്ക് പ്രസിഡണ്ട് ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിരുന്നാല്‍ പോലും ഒരു കുടുംബമായി ജീവിക്കുമ്പോള്‍ വേണ്ട കുട്ടികളുടെ ഉന്നതവിദ്യാഭ്യാസത്തിനുള്ള തുക, വീടിന് വേണ്ടുന്ന തുക എന്നിവയൊന്നും അതിലില്ലായെന്ന് സിയോളുകാരിയായ യൂ നാര പറയുന്നു. കുടുംബവും കുട്ടികളുമൊക്കെ ഉണ്ടാകുന്നത് നല്ല കാര്യമാണ്. പക്ഷേ, ഒരുപാട് ചിന്തിച്ചതിന് ശേഷം ഞാനത് വേണ്ട എന്ന് തീരുമാനിച്ചു. അതില്‍ എന്‍റെ ഭാഗത്തുനിന്നും വലിയ ത്യാഗവും വേദനയുമുണ്ട്. എനിക്ക് കുഞ്ഞുങ്ങളോട് വളരെയധികം ഇഷ്ടവുമുണ്ട്. എന്നാല്‍, എന്നെ സംബന്ധിച്ച് എനിക്ക് എത്തിപ്പിടിക്കാനാവാത്ത ആഡംബരമാണ് അവ. അതിനാല്‍ എന്‍റെ മരുമക്കളില്‍ ഞാന്‍ സന്തോഷം കണ്ടെത്തുമെന്നും യൂ നാര പറയുന്നു.
സാമ്പത്തികമായ പ്രതിസന്ധിക്ക് പുറമെ തന്‍റെ വീട്ടില്‍ അമ്മ അനുഭവിച്ചിരുന്ന അതേ ജീവിതത്തിലേക്കാകുമോ വിവാഹം തന്നെക്കൊണ്ട് തള്ളുക എന്ന് താന്‍ ഭയക്കുന്നുവെന്നും അവള്‍ പറയുന്നു. അമ്മ എപ്പോഴും വീട്ടില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നത് താന്‍ കാണാറുണ്ട്. അവര്‍ക്കെപ്പോഴും പണിയായിരിക്കും. പ്രത്യേകിച്ചും അച്ഛന്‍റെ സഹോദരങ്ങള്‍ സന്ദര്‍ശനത്തിനെത്തുമ്പോള്‍ അച്ഛനും അവരും പുറത്ത് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴെല്ലാം പാവം അമ്മ വീട്ടില്‍ പണികളുമായി ഓട്ടമായിരിക്കുമെന്നും നാര പറയുന്നു. സിയോള്‍ നഗരത്തിലെ അധികൃതര്‍ ഗര്‍ഭിണികള്‍ക്ക് നല്‍കിയ ഉപദേശം പുതിയതൊന്നുമല്ല. നിരവധി സ്ത്രീകളും പുരുഷന്മാരും വിശ്വസിക്കുന്നത് സ്ത്രീകള്‍ അങ്ങനെയാണ് പെരുമാറേണ്ടത് എന്ന് തന്നെയാണ്. പലരും പഴയ ആളുകള്‍ പറയുന്നത് തെറ്റാണോ ശരിയാണോ എന്നുപോലും ചിന്തിക്കാതെ അത് പിന്തുടരുകയാണ്, പുതുതലമുറയിലുള്ളവര്‍ പോലും പലപ്പോഴും മാറിച്ചിന്തിക്കുന്നില്ല എന്നും നാര പറയുന്നു.
ഏതായാലും ജോലിയും എല്ലാം ഉപേക്ഷിച്ച് തനിച്ച് വീട്ടുജോലിയും കുട്ടികളെ നോക്കലുമൊന്നും മുന്നോട്ടു കൊണ്ടുപോവാൻ കഴിയില്ല എന്ന തീരുമാനം ദക്ഷിണ കൊറിയയിലെ പല സ്ത്രീകളും എടുക്കുന്നുണ്ട് എന്ന് തന്നെയാണ് മനസിലാവുന്നത്.
(ചിത്രങ്ങൾ പ്രതീകാത്മകം)