എനിക്ക് പതിനാറു വയസ്സുള്ളപ്പോഴാണ് ഉമ്മച്ചി മൂന്നാമതും ഗര്‍ഭിണിയായത്. അനിയത്തി ഒന്‍പതിലായിരുന്നു അപ്പോള്‍. ദേഷ്യമോ സങ്കടമോ ഒക്കെ ഞങ്ങളെ അന്ന് പിടിച്ചുകുലുക്കി. ഞങ്ങളുടെ സന്തോഷങ്ങള്‍ക്ക് മേല്‍ എന്തോ അരുതായ്ക വന്ന് കൂടുവെച്ചു. ഞങ്ങള്‍ പരസ്പരം ഉള്ളുരുകിയ സങ്കടങ്ങളും ദേഷ്യവും പറഞ്ഞുതീര്‍ത്തു.
അവന് മൂന്ന് ഉമ്മമാരുണ്ട്, ഞങ്ങള്‍ സഹോദരിമാരും ഒരുമ്മയും. ഇന്ന് എന്റെ ചിറകാണവന്‍, എന്റെ സ്വപ്നങ്ങളിലേക്ക് പറക്കാന്‍ എനിക്കേറെ ധൈര്യം നല്‍കി എനിക്ക് കൂട്ടാകുന്നവന്‍.
undefined
''ഡീയെ ഞാനിനി എങ്ങനെയാണ് സ്‌കൂളില്‍ പോകുക? നാണക്കേട് കാരണം എനിക്ക് തലയുയര്‍ത്താന്‍ പറ്റുന്നില്ല.''
'ശരിയാ ഇത്താ ആകെ ടെന്‍സ്ഡ് തന്നെയാണ്, സീന്‍ വല്ലാതെ കോണ്‍ട്രയാണ്.''
എനിക്ക് പതിനാറു വയസ്സുള്ളപ്പോഴാണ് ഉമ്മച്ചി മൂന്നാമതും ഗര്‍ഭിണിയായത്. അനിയത്തി ഒന്‍പതിലായിരുന്നു അപ്പോള്‍. ദേഷ്യമോ സങ്കടമോ ഒക്കെ ഞങ്ങളെ അന്ന് പിടിച്ചുകുലുക്കി. ഞങ്ങളുടെ സന്തോഷങ്ങള്‍ക്ക് മേല്‍ എന്തോ അരുതായ്ക വന്ന് കൂടുവെച്ചു. ഞങ്ങള്‍ പരസ്പരം ഉള്ളുരുകിയ സങ്കടങ്ങളും ദേഷ്യവും പറഞ്ഞുതീര്‍ത്തു.
എന്നാല്‍, ആ അവസ്ഥ നീണ്ടുനിന്നില്ല. ചിന്തകള്‍ മാറി. ദിവസങ്ങള്‍ കഴിയുന്തോറും ഉമ്മയുടെ കാര്യങ്ങളില്‍ ഞങ്ങള്‍ക്ക് ഏറെ ശ്രദ്ധയുണ്ടായി. ഉമ്മയുടെ സ്‌നേഹവും കരുതലും വീതിക്കപ്പെടുമോ എന്ന ഭീതിയും, ചുറ്റുമുള്ളവര്‍ ഞങ്ങളെ കളിയാക്കുമോ എന്ന ചിന്തയും, ഞങ്ങള്‍ക്കിടയില്‍ ഒരാളിനെ സ്വീകരിക്കാനുള്ള വൈമനസ്യവുമല്ല പിന്നെ ഞങ്ങളെ അലട്ടിയത്. ഉമ്മാക്ക് എന്തെങ്കിലും ആപത്ത് വരുമോ എന്നുള്ള ഭയമായിരുന്നു.
ഉമ്മയില്ലായ്മയെ കുറിച്ച് ഒരു നിമിഷം ചിന്തിക്കാന്‍ പോലും കഴിയില്ലായിരുന്നു.
ഞങ്ങള്‍ക്ക് ഉമ്മയെ ഏറ്റവും കൂടുതല്‍ ആവശ്യമുള്ള സമയം കൂടിയായിരുന്നു അത്.
പിന്നെ ഞങ്ങളുടെ ഓരോ നിമിഷവും കുഞ്ഞുവാവയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു, പ്രാര്‍ത്ഥനയായിരുന്നു. ഉമ്മച്ചി ഹോസ്പിറ്റലില്‍ അഡിമിറ്റായി. ക്ലാസ്സിലെ കുട്ടികളോടൊക്കെ ഉമ്മ അഡ്മിറ്റാണ് എന്ന് പറഞ്ഞു. എന്താണ് കാരണമെന്ന് ചോദിച്ചപ്പോള്‍ യൂട്രസിന്റെ സര്‍ജറി ആണെന്നും പറഞ്ഞു.
ഉമ്മയുടെ ഡെലിവറി കഴിഞ്ഞു. ഞങ്ങള്‍ക്ക് ഒരു കുഞ്ഞുവാവയെ ലഭിച്ചു, ഞാനാണ് ആദ്യം അവനെ കൈയിലേക്ക് വാങ്ങിയത്, പൂപോലുള്ള കുഞ്ഞികൈകളില്‍ ഉമ്മകൊടുത്തത്, മുഹമ്മദ് സഫിന്‍ മുസ്തഫ എന്ന് പേര് വിളിച്ചത്. ആ നിമിഷം എന്റെ ശരീരത്തിലൂടെ വല്ലാത്തൊരു കുളിര്‍ കടന്നുപോയി. രക്തം രക്തത്തെ തിരിച്ചറിഞ്ഞ ആ അനുഭൂതി വര്‍ണ്ണനകള്‍ക്ക് അതീതമാണ്.
കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ ഉമ്മച്ചിയും വാവയും വീട്ടിലെത്തി. ഞങ്ങളുടെ നിമിഷങ്ങള്‍ അവന് ചുറ്റും പറന്നുനടന്നു, അവന്റെ കരച്ചില്‍ ഞങ്ങളുടെ കാതിന് ഇമ്പമായി. സമ്മാനങ്ങളുമായി എന്റെ സുഹൃത്തുക്കളും അദ്ധ്യാപകരും വീട്ടിലേക്ക് വന്നു. അവരെ കണ്ടപ്പോള്‍ ഞാനാകെ വിളറി. എന്ത് പറയണമെന്നറിയാതെ പതുങ്ങി നില്‍ക്കുമ്പോള്‍ അവര്‍ എന്നോട് പറഞ്ഞു, 'സിസേറിയന്‍ എന്നത് യൂട്രസിന്റെ സര്‍ജറി തന്നെയാണ്, സഫി കള്ളമൊന്നും പറഞ്ഞില്ലല്ലോ! എന്റെ അനിയന്‍ അവരുടെയുമായി.'
ഞങ്ങളുടെ ഓരോ ദിവസങ്ങളും അവനെ ചുറ്റിപ്പറ്റിയായി. ചിരിയും കളിയും മനസ്സ് നിറച്ചു. കുഞ്ഞിക്കാലുകള്‍ തറയില്‍ ചവിട്ടി ഞങ്ങളിലേക്ക് പിച്ച നടന്ന ആ ദിവസം, ഞങ്ങളുടെ കണ്ണില്‍ നക്ഷത്രങ്ങള്‍ പൂവിട്ട കാഴ്ചയുടെ വസന്തം നിറച്ചു. 'ത്താ 'എന്ന കൊഞ്ചല്‍ ഞങ്ങളുടെ ഖല്‍ബില്‍ തേന്മഴ പെയ്യിച്ചു.
അവന് മൂന്ന് ഉമ്മമാരുണ്ട്, ഞങ്ങള്‍ സഹോദരിമാരും ഒരുമ്മയും. ഇന്ന് എന്റെ ചിറകാണവന്‍, എന്റെ സ്വപ്നങ്ങളിലേക്ക് പറക്കാന്‍ എനിക്കേറെ ധൈര്യം നല്‍കി എനിക്ക് കൂട്ടാകുന്നവന്‍.
എന്റെ മിടിപ്പാണവര്‍. ഓരോ നിമിഷവും പരസ്പരം സ്നേഹം കൊണ്ട് എനിക്ക് താങ്ങാകുന്നവര്‍. എന്റെ കൂടെപ്പിറപ്പുകള്‍.