Chola era bracelet : ചോളകാലഘട്ടത്തിലെ സ്വർണ ബ്രേസ്‍ലെറ്റ്, ഇനിയും നിധി കണ്ടെത്താനുണ്ട് എന്ന് ​ഗവേഷകർ

By Web Team  |  First Published Mar 3, 2022, 2:19 PM IST

വരും മാസങ്ങളിൽ തുടർഖനനങ്ങളിൽ സമാനമായ കൂടുതൽ നിധികൾ പുറത്തുവരുമെന്നും ഇത് ചോള രാജവംശത്തിന്റെ സാമ്പത്തിക അഭിവൃദ്ധിയെയും, സാംസ്കാരിക സമ്പന്നതയെയും കുറിച്ച് കൂടുതൽ തെളിവ് നൽകുമെന്നും പുരാവസ്തു ഉദ്യോഗസ്ഥർ പറഞ്ഞു. 


ചോള കാലഘട്ടത്തിലെ(Chola era) സ്വർണവും ചെമ്പും കൊണ്ട് നിർമ്മിച്ച ഒരു ബ്രേസ്‍ലെറ്റ്(Bracelet) തമിഴ്നാട്ടിലെ മാളി​ഗൈമേടിൽ(Maligaimedu in Tamil Nadu) നിന്ന് പുരാവസ്തുഗവേഷകർ കണ്ടെത്തി. അതിന്റെ ഭാരം 7.920 ഗ്രാം. കൂടാതെ, 4.9 സെന്റീമീറ്റർ നീളവും 4 മില്ലിമീറ്റർ കനവുമുണ്ട് ഇതിന്. എന്നാൽ, തകർന്ന നിലയിലാണ് ഇത് ഗവേഷകർക്ക് കണ്ടെത്താനായത്. അതുകൊണ്ട് തന്നെ ആഭരണത്തിന്റെ നാലിലൊന്ന് മാത്രമേ ഖനനം ചെയ്യാൻ കഴിഞ്ഞിട്ടുള്ളൂ. രാജേന്ദ്ര ചോളൻ ഒന്നാമന്റെ തലസ്ഥാനമായിരുന്നു ഗംഗൈകൊണ്ടചോളപുരം. ഗംഗൈകൊണ്ടചോളപുരത്തിന് അടുത്തുള്ള മാളിഗൈമേട്ടിൽ സംസ്ഥാന പുരാവസ്തു വകുപ്പ് നടത്തിയ രണ്ടാം ഘട്ട ഖനനത്തിനിടെയാണ് ഈ അമൂല്യവസ്തു കണ്ടെത്തിയത്.  

രണ്ടാംഘട്ട ഖനനത്തിൽ കണ്ടെത്തിയ ആദ്യത്തെ വിലയേറിയ വസ്തുവാണിത്. "ഈ കങ്കണത്തിന്റെ നാലിലൊന്ന് മാത്രമേ കണ്ടെത്താൻ കഴിഞ്ഞുള്ളൂ. ചോള രാജവംശത്തിന്റെ സമ്പത്തിനെ വ്യക്തമായി സൂചിപ്പിക്കുന്നതാണ് ഈ ആഭരണം” ടൂറിസം സെക്രട്ടറി  ബി. ചന്ദ്രമോഹൻ ദി ഹിന്ദുവിനോട് പറഞ്ഞു. അതേസമയം ബ്രേസ്‍ലെറ്റിലെ ചെമ്പ് തുരുമ്പെടുത്ത നിലയിലാണ് കണ്ടെത്തിയത്. വരും മാസങ്ങളിൽ തുടർഖനനങ്ങളിൽ സമാനമായ കൂടുതൽ നിധികൾ പുറത്തുവരുമെന്നും ഇത് ചോള രാജവംശത്തിന്റെ സാമ്പത്തിക അഭിവൃദ്ധിയെയും, സാംസ്കാരിക സമ്പന്നതയെയും കുറിച്ച് കൂടുതൽ തെളിവ് നൽകുമെന്നും പുരാവസ്തു ഉദ്യോഗസ്ഥർ പറഞ്ഞു. 

Latest Videos

undefined

2021 -ലാണ് മാളിഗൈമേട്ടിൽ ആദ്യഘട്ട ഖനനം നടക്കുന്നത്. ഖനനത്തിൽ, ഒരു രാജകൊട്ടാരത്തിന്റെ ഇഷ്ടികയുടെ രൂപത്തിലുള്ള അവശിഷ്ടങ്ങളും അലങ്കരിച്ച മേൽക്കൂര ഓടുകളും കണ്ടെത്തിയിരുന്നു. കൂടാതെ, മാളിഗൈമേട്ടിൽ മുൻപ് നടന്ന ഖനനത്തിൽ ചെമ്പ് നാണയങ്ങളും, ആനക്കൊമ്പും, ചെമ്പ് വസ്തുക്കളും, ഇരുമ്പ് ആണികളും, ചില്ല് കൊണ്ടുള്ള മണികളും, വളകളും, അലങ്കരിച്ച കല്ലുകളും, ചൈനീസ് പാത്രങ്ങളും കണ്ടെത്തിയിരുന്നു. കൂടാതെ, ഈ സൈറ്റിൽ നിന്ന് പോർസലൈൻ പോലുള്ള ചൈനീസ് സാധനങ്ങളുടെ സാന്നിധ്യവും  പുരാവസ്തു ഗവേഷകർ കണ്ടെത്തിയതായി അവകാശപ്പെടുന്നു. പ്രദേശത്തിന്റെ ചൈനയുമായുള്ള വ്യാപാരത്തിന്റെ സൂചനയായി ഗവേഷകർ ഇതിനെ കാണുന്നു.

2021-ൽ മാളിഗൈമേട്ടിൽ നടന്ന ആദ്യഘട്ട ഉത്ഖനനത്തിൽ, അവിടെ നിന്ന് കുഴിച്ചെടുത്ത ഇരുമ്പ് ആണികൾക്കും മേൽക്കൂരയിലെ ഓടുകൾക്കും 1000 വർഷത്തിലേറെ പഴക്കമുണ്ടെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലെ കീഴടിയിൽ നടന്ന ഖനനത്തിൽ ഒന്നിലധികം ടെറാക്കോട്ട വളയങ്ങളുള്ള കിണറുകളുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു, ഈ കിണറുകൾക്ക് 2000 വർഷത്തിലേറെ പഴക്കമുണ്ടെന്ന് പുരാവസ്തു ഗവേഷകർ പ്രസ്താവിച്ചിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ ആദ്യഘട്ടത്തിന്റെ തിരശ്ശീല വീണതിന് ശേഷം, കേന്ദ്ര ഉപദേശക സമിതിയുടെ അനുമതിയെത്തുടർന്ന് ഈ വർഷം ഫെബ്രുവരി 11 -ന് രണ്ടാം ഘട്ട ഖനന പ്രവർത്തനങ്ങൾ പുനഃരാരംഭിച്ചു.    

click me!