കാലിഫോർണിയയിലെ കാമറൂൺ പാർക്കും അത്തരത്തിലുള്ള ഒരു റെസിഡൻഷ്യൽ എയർപാർക്കാണ്. ഇവിടെ താമസിക്കുന്ന എല്ലാ താമസക്കാർക്കും ഒറ്റ താൽപ്പര്യമേയുള്ളൂ- വിമാനയാത്രയോടുള്ള അവരുടെ സ്നേഹം.
ഇന്നത്തെ കാലത്ത് മിക്കവർക്കും സ്വന്തമായി കാറുകൾ കാണും. ആളുകളുടെ വീട്ടുമുറ്റത്ത് കാറുകളോ ബൈക്കുകളോ ഒക്കെ പാർക്ക് ചെയ്ത് ഇട്ടിരിക്കുന്നത് ഇന്ന് ഒരു സാധാരണ കാഴ്ചയാണ്. എന്നാൽ, കാറുകൾക്ക് പകരം വിമാനങ്ങൾ നിർത്തിയിട്ടിരിക്കുന്ന വീടുകൾ കണ്ടിട്ടുണ്ടോ? കാലിഫോർണിയയിലെ കാമറൂൺ പാർക്കിൽ പോയാൽ ആ അസാധരണമായ കാഴ്ച കാണാം. അവിടെ ഓരോ വീട്ടുകാർക്കും സ്വന്തമായി ഓരോ വിമാനങ്ങൾ ഉണ്ട്. അവിശ്വസനീയമായി തോന്നാമെങ്കിലും അവരുടെ ജീവിതം അങ്ങനെയാണ്. പൈലറ്റുമാർക്കും വ്യോമയാന പ്രേമികൾക്കുമായുള്ള ഒരു ഫ്ലൈ-ഇൻ കമ്മ്യൂണിറ്റിയാണ് അത്. ഒരു വിമാനത്താവളത്തിനടുത്താണ് അത് സ്ഥിതിചെയ്യുന്നത്. അവിടെയുള്ളവർക്ക് വിമാനങ്ങൾ വീടുകളിൽ സൂക്ഷിക്കാനുള്ള അനുവാദമുണ്ട്. അതുകൊണ്ട് തന്നെ ഇവിടെ, കാറുകൾക്ക് പകരം വിമാനങ്ങളാണ് വീടുകൾക്ക് മുന്നിൽ പാർക്ക് ചെയ്യുകയോ അവരുടെ ഹാംഗറുകളിൽ സൂക്ഷിക്കുകയോ ചെയ്യുന്നത്.
undefined
അവിടെ വിമാനങ്ങൾ കാറുകൾ പോലെ സാധാരണമാണ്. ലോകത്ത് ഇതുപോലെ അനവധി റെസിഡൻഷ്യൽ എയർപാർക്കുകൾ ഉണ്ടെങ്കിലും, "ലിവിംഗ് വിത്ത് യുവർ എയർപ്ലെയിൻ" എന്ന സൈറ്റ് അനുസരിച്ച്, കാമറൂൺ എയർപാർക്ക് എസ്റ്റേറ്റുകൾ അതിൽ ഏറ്റവും മികച്ച ഒന്നാണ്. 1963 -ൽ കാമറൂൺ പാർക്ക് വിമാനത്താവളം പണിതപ്പോൾ അതിനൊപ്പം നിർമ്മിച്ചതാണ് ഈ എയർപാർക്ക്. ഇന്ന് അവിടെ 124 വീടുകളുണ്ട്. 100 അടി വീതിയുള്ള റോഡുകളാണ് അവിടെയുള്ളത്. പൈലറ്റുമാർക്ക് വിമാനങ്ങൾ വിമാനത്താവളത്തിൽ നിന്നും അവരുടെ വീട്ടുവാതിൽക്കലേയ്ക്ക് കൊണ്ടുവരാവുന്ന രീതിയിലാണ് അത് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
റോഡിലെ അടയാള ഫലകങ്ങളും മെയിൽബോക്സുകളും മൂന്ന് അടിയിൽ താഴെയായിട്ടാണ് നിർമ്മിച്ചിരിക്കുന്നത്. അവ വിമാനങ്ങളുടെ ചിറകുകളിൽ കയറി കൊരുക്കാതിരിക്കാനാണ് ഈ സംവിധാനം. കൂടാതെ അവിടത്തെ മറ്റൊരു പ്രത്യേകത തെരുവുകളുടെ പേരാണ്. ബോയിംഗ് റോഡ്, സെസ്ന ഡ്രൈവ് തുടങ്ങി തെരുവുകളുടെ പേരുകൾ എല്ലാം ഏവിയേഷനുമായി ബദ്ധപ്പെട്ടതാണ്. വിമാനങ്ങളുള്ള താമസക്കാർക്ക് റിമോട്ടുകൾ സ്വന്തമായിട്ടുണ്ട്. അത് വിമാനത്താവളത്തിലേക്കുള്ള ഇലക്ട്രിക് ഗേറ്റുകൾ തുറക്കാനും ഇഷ്ടാനുസരണം പോകാനും വരാനും അവരെ അനുവദിക്കുന്നു.
എയർ പാർക്കുകളുടെ ഉത്ഭവം രണ്ടാം ലോക മഹായുദ്ധവുമായി ബന്ധപ്പെട്ട് കിടക്കുന്നു. രണ്ടാം ലോകമഹായുദ്ധ സമയത്ത് ഒരു പ്രധാന ശക്തിയായിരുന്നു അമേരിക്ക. 1939 നും 1946 നും ഇടയിൽ അമേരിക്കയിൽ പൈലറ്റുമാരുടെ എണ്ണം 34,000 ൽ നിന്ന് 4,00,000 ആയി ഉയർന്നിരുന്നു. എന്നാൽ യുദ്ധശേഷം, അമേരിക്കയിൽ ധാരാളം എയർഫീൽഡുകൾ ഉപയോഗശൂന്യമായി തീർന്നു. പൈലറ്റുമാരുടെ ജോലിയും പോയി. അതിനാൽ, നിർജ്ജീവമായി കിടന്ന സൈനിക സ്ട്രിപ്പുകൾ ഉപയോഗിക്കുന്നതിനും വിരമിച്ച യുദ്ധ പൈലറ്റുമാരെ പാർപ്പിക്കുന്നതിനും രാജ്യത്തുടനീളം റെസിഡൻഷ്യൽ എയർപാർക്കുകൾ നിർമ്മിക്കാൻ സിവിൽ എയറോനോട്ടിക്സ് അഡ്മിനിസ്ട്രേഷൻ നിർദ്ദേശിച്ചു. അങ്ങനെയാണ് ഫ്ലൈ-ഇൻ കമ്മ്യൂണിറ്റികൾ ആരംഭിക്കുന്നത്. കാലിഫോർണിയയിലെ ഫ്രെസ്‌നോയിലെ സിയറ സ്കൈ പാർക്കായിരുന്നു ആദ്യത്തെ എയർപാർക്ക്. 1946 -ലാണ് ഇത് സ്ഥാപിതമായത്.
കാലിഫോർണിയയിലെ കാമറൂൺ പാർക്കും അത്തരത്തിലുള്ള ഒരു റെസിഡൻഷ്യൽ എയർപാർക്കാണ്. ഇവിടെ താമസിക്കുന്ന എല്ലാ താമസക്കാർക്കും ഒറ്റ താൽപ്പര്യമേയുള്ളൂ- വിമാനയാത്രയോടുള്ള അവരുടെ സ്നേഹം. Thetsoulfamily എന്ന പേരിൽ ഒരു ടിക്ക് ടോക്ക് ഉപയോക്താവ് ഈ സ്ഥലത്തിന്റെ ഒരു വീഡിയോ ചിത്രീകരിച്ചത് അടുത്തിടെ വലിയ വൈറലായി തീർന്നു. ലോകത്ത് 630 -ലധികം റെസിഡൻഷ്യൽ എയർപാർക്കുകളുണ്ടെങ്കിലും, അവയിൽ 610 എണ്ണവും യുഎസിലാണുള്ളത്.